മരക്കങ്കാരു

സാധാരണ കങ്കാരുക്കള്‍ മരം കയറുന്നവയല്ല. എന്നാല്‍ മരം കയറുന്നതില്‍ മിടുക്കന്മാരായ ഒരിനം കങ്കാരുവുണ്ട് - മരക്കങ്കാരു (Tree kangaroo). ജീവിതത്തിന്റെ കൂടുതല്‍ ഭാഗവും മരങ്ങളില്‍ കഴിയുന്നവയാണ് ഇവ. ന്യൂഗിനിയയിലെ മഴക്കാടുകളിലും വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലുമാണ് ഇവയെ കാണപ്പെടുന്നത്. കാലിലെ വളഞ്ഞുകൂര്‍ത്ത നഖങ്ങളാണ് മരത്തില്‍ കയറാന്‍ ഇവയെ സഹായിക്കുന്നത്. 37 മുതല്‍ 70 ഇഞ്ച് വരെ നീളം വെക്കാറുണ്ട് മരക്കങ്കാരുക്കള്‍. ചുവപ്പു കലര്‍ന്ന തവിട്ടനിറത്തിലാണ് പുറംഭാഗം. ഇളംനിറമുള്ള വയറും മഞ്ഞ നിറമുള്ള മുഖവും ചുവന്ന ചെവികളും കാലുകളും ഉണ്ട്. നീളമുള്ള വാല്‍ മറ്റൊരു പ്രത്യേകതയാണ്.

മരത്തിന്റെ മുകളിലേക്ക് വേഗത്തില്‍ കയറാനും ബാലന്‍സ് ചെയ്യാനും ഈ കങ്കാരുവിന് കഴിയുന്നു. പകല്‍സമയങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. ഇലകളും പഴങ്ങളും ചെറിയ പക്ഷികളും പച്ചക്കറികളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പൈത്തണുകളും കാട്ടുനായ്ക്കളുമാണ് മരക്കങ്കാരുവിന്റെ പ്രധാന ശത്രുക്കള്‍. 18 മാസം പ്രായമാകുമ്പോഴാണ് മരക്കങ്കാരു സ്വതന്ത്രമായ ജീവിതം നയിക്കാന്‍ തുടങ്ങുന്നത്. 20 വര്‍ഷം വരെ ജീവിക്കാന്‍ കഴിവുള്ളവയാണ് മരക്കങ്കാരുക്കള്‍. വളരെ നിശബ്ദമായി ജീവിക്കുന്നവയാണ് ഇവ. ഏകദേശം 12 വ്യത്യസ്ത ഇനം മരക്കങ്കാരുക്കളുണ്ട്. അതില്‍ 2 ഇനത്തെ മാത്രമാണ് വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയില്‍ കാണുന്നത്. ബാക്കി ഇനങ്ങളെ പ്രധാനമായും കാണാന്‍ കഴിയുന്നത് ന്യൂ ഗിനിയ ദ്വീപുകളിലാണ്.

Source:Mathrubhumi

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️