ഫള്‍ഗുറൈറ്റ്സ്

ശക്തമായ മിന്നല്‍ ഭൂമിയില്‍, അതായത് നിലത്തു പതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളാണ് ഫള്‍ഗുറൈറ്റ്സ്. ഇവ മണലിലും, മണ്ണിലും രൂപപ്പെടാറുണ്ട്. മണലിലാണെങ്കില്‍ പുറത്തേക്കും, മണ്ണിലാണെങ്കില്‍ ഭൂമിക്കടിയിലേക്കുമാണ് ഇവ പൊതുവെ രൂപം കൊള്ളുക. മിന്നലിലുണ്ടാകുന്ന കനത്ത ചൂടില്‍ മണ്ണോ മണലോ ഉരുകിയാണ് ഇവയുണ്ടാകുന്നത്. ഉള്ളു പൊള്ളയായ ഗ്ലാസ് കൊണ്ട് നിര്‍മിച്ച തുരങ്കം പോലെയാണ് ഇവ കാണപ്പെടുക. പുറമെ മണ്ണോ, മണലോ കൊണ്ടു മൂടിയിരിക്കുമെങ്കിലും പൊള്ളയായ വശത്തിനു ചുറ്റും പ്രകൃത്യാ നിർമിക്കപ്പെടുന്ന ഗ്ലാസ്സ് അഥവാ പളുങ്ക് പോലയാണ് ഇവ കാണപ്പെടുക.

മരിച്ച് പോയ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന അവയുടെ ശാരീരിക അവശിഷ്ടങ്ങളെയാണ് ഫോസിലുകള്‍ എന്നു വിളിക്കുന്നത്. അങ്ങനെ നോക്കിയാല്‍ മിന്നലുകളുട ഫോസിലുകള്‍ എന്ന ഫള്‍ഗുറൈറ്റ്സുകള്‍ക്കുള്ള വിളിപ്പേരും തെറ്റല്ല. കാരണം ഓരോ മിന്നലിന് അനുസരിച്ച് ഓരോ ഫള്‍ഗുറൈറ്റ്സും വ്യത്യാസപ്പെട്ടിരിക്കും. അതായത് ഫള്‍ഗുറൈറ്റ്സുകളെ നിരീക്ഷിച്ചാല്‍ ഒരു മിന്നലിന്‍റെ ശക്തിയും, ഗതിയും, താപനിലയും, ആഘാതവുമെല്ലാം ഗവേഷകര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും.

ഏതെങ്കിലും ബീച്ചില്‍ ചെന്ന് അല്‍പം ആഴത്തില്‍ കുഴിച്ചാല്‍ തീര്‍ച്ചായും നിങ്ങള്‍ക്ക് ഒരു ഫള്‍ഗുറൈറ്റ്സ് കണ്ടെത്താന്‍ സാധിക്കുമെന്ന് ഈ വിഷയത്തിലെ വിദഗ്ധനായ ഫ്ലോറിഡ സര്‍വകലാശാലയിലെ മാര്‍ട്ടിന്‍ ഉമാന്‍ പറയുന്നു. അതേസമയം ബീച്ചുകളിലും മറ്റും ഫള്‍ഗുറൈറ്റ്സ് എന്ന പേരില്‍ പ്രചരിക്കുന്ന മീറ്ററുകള്‍ ഉയരമുള്ള മണ്‍ശില്‍പ്പങ്ങള്‍ വ്യാജങ്ങളാണെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും വിചിത്രമായ ആകൃതിയിലുള്ള മരത്തടിയിലോ മറ്റോ മണല്‍ പൊതിഞ്ഞ് വച്ചെടുക്കുന്ന ചിത്രങ്ങളാണിവ.

ഫള്‍ഗുറൈറ്റ്സ് ഭൂമിയ്ക്ക് വെളിയിലേക്ക് കാണപ്പെടുമെങ്കിലും അതിന് ഏതാനും മില്ലീമീറ്ററുകള്‍ മാത്രം ഉയരമേ കാണൂ. ബാക്കി ഭാഗും മുഴുവന്‍ ഭൂമിയിക്ക് അടിയിലാകും ഉണ്ടാകുക. ഭൂമിക്കടിയിലേക്ക് പല മീറ്ററുകള്‍ ആഴത്തില്‍ ഇവ കാണപ്പെട്ടേക്കാം. ഒരു തുരങ്കം പോലയാണ് ഇവ നിലനില്‍ക്കുക.മിന്നല്‍ കടന്നു പോകുന്ന വഴിയുടെ രൂപമായിരിക്കും ഫള്‍ഗുറൈറ്റ്സിനും ഉണ്ടാകുക എന്നും മാര്‍ട്ടിന്‍ വിശദീകരിക്കുന്നു.
1990 കളുടെ തുടക്കത്തില്‍ ഫ്ലോറിഡയില്‍ കണ്ടെത്തിയ ഫള്‍ഗുറൈറ്റ്സ് ആണ് ഇതുവരെയുളള്ളവയില്‍ ഏറ്റവും വലുത്. 4.9 മീറ്റര്‍ അഥവാ 16 അടിയാണ് ഈ ഫള്‍ഗുറൈറ്റ്സിന്‍റെ നീളം. ലോകത്ത് ഏറ്റവും അധികം ഫള്‍ഗുറൈറ്റ്സുകള്‍ രൂപം കൊള്ളുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഫ്ലോറിഡ. ഇതിന് കാരണം ഇവിടെ ഏല്‍ക്കുന്ന ഇടിമിന്നലുകളുടെ എണ്ണത്തിലെ ഉയര്‍ന്ന സാന്ദ്രതയാണ്. ഒരു ദിവസം ഒരു ചതുരശ്ര കിലോമീറ്ററില്‍ 10 മുതല്‍ 16 വരെ മിന്നലുകള്‍ ഫ്ലോറിഡയില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍.

Source:Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️