പോളിന്യകള്‍

ദ്രാവകരൂപത്തിലുള്ള ജലം കിട്ടാക്കനിയായ ഹിമഭൂമികളിലെ ജലസ്രോതസ്സുകളാണ് പോളിന്യകള്‍. 1974 ല്‍, NOAA ല്‍ (National Oceanic and Atmospheric Administration) ലഭിച്ച ഉപഗ്രഹചിത്രങ്ങളില്‍ നിന്ന്, തെക്കേ അമേരിക്കയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന, ഉറഞ്ഞ് കിടക്കുന്ന വെഡ്ഡല്‍ (Weddell) കടലില്‍ 3,50,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ജലം നിറഞ്ഞ ഇടം കണ്ടെത്തി. 'പോളിന്യ' (Polynya) എന്നറിയപ്പെടുന്ന, ഉറഞ്ഞ സമുദ്രങ്ങളില്‍ കണ്ടെത്തിയ ഈ ജലമേഖല തുടര്‍ന്നും മൂന്ന് ശൈത്യകാലത്തോളം നിലനിന്നു. അന്റാര്‍ട്ടിക്കയിലെ വെഡ്ഡല്‍ സമുദ്രത്തില്‍ ശൈത്യകാലത്തുണ്ടാകുന്ന ഹിമപ്പരപ്പില്‍ ചില അവസരങ്ങളില്‍ തടാകസമാനമായ അതിവിസ്തൃത 'സുഷിരങ്ങള്‍' രൂപം കൊള്ളാറുണ്ട്. 2016, 2017 വര്‍ഷങ്ങളില്‍ ഇപ്രകാരം പ്രത്യക്ഷപ്പെട്ട അതിവിസ്തൃത സുഷിരം ശാസ്തജ്ഞന്‍മാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഇത്തരം 'സുഷിരങ്ങള്‍ 'സമുദ്രഹിമപാളികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും അന്റാര്‍ട്ടിക്കയിലെ സമുദ്രഹിമപാളിയില്‍ തികച്ചും അപ്രതീക്ഷിതമായി കണ്ടെത്തിയ ഈ 'വന്‍ സുഷിരം' ആദ്യമായി നിരീക്ഷണ വിധേയമാക്കപ്പെട്ടു. 'പോളിന്യകള്‍' എന്ന് ഇവ നാമകരണം ചെയ്യപ്പെട്ടു. പോളിന്യ എന്ന റഷ്യന്‍ പദത്തിനര്‍ത്ഥം 'മഞ്ഞ് പാളിയിലെ ദ്വാരം' എന്നാണ്. ദ്രാവകരൂപത്തിലുള്ള ജലം കിട്ടാക്കനിയായ ഹിമഭൂമികളിലെ ജലസ്രോതസ്സുകളാണിവ.

അന്റാര്‍ട്ടിക്ക തീരങ്ങളില്‍ നിന്നകന്ന് ഉറഞ്ഞ കിടക്കുന്ന സമുദ്രത്തില്‍ ഒരു പ്രത്യേക മേഖലയില്‍ തന്നെ പോളിന്യകള്‍ രൂപീകരിക്കപ്പെടുന്നതായി കാണപ്പെട്ടിട്ടുണ്ട്. അതേ മേഖലയിലെ ഏറ്റവും വലിയ പോളിന്യകള്‍ രൂപം കൊണ്ടത് 1974,1975,1976 വര്‍ഷങ്ങളിലായിരുന്നു. തുടര്‍ച്ചയായ മൂന്ന് ശൈത്യകാലങ്ങളില്‍ അന്തരീക്ഷ താപനില ഖരാങ്കത്തേക്കാള്‍ വളരെ താഴ്ന്ന അവസ്ഥയിലായിരുന്നപ്പോള്‍ പോലും ഈ മേഖല ഹിമവിമുക്തമായി നിലകൊണ്ടു. ഈ പ്രദേശത്തിന്റെ വിസ്തൃതി ഏകദേശം ന്യൂസിലന്‍ഡിന്റെ അത്രയുമുണ്ടായിരുന്നു.

അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിന്റെ 80 ശതമാനവും സമുദ്രജലം ഉറഞ്ഞുണ്ടായ ഹിമപാളികളാണ്. ഹിമപാളിയില്‍ നിന്ന് തള്ളി നില്‍ക്കുന്ന ഘടനകള്‍ വഴി ഇവ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഉറപ്പിക്കപ്പെട്ടതുപോലെ സ്ഥിതി ചെയ്യുന്നു. ഇപ്രകാരം സമുദ്ര അടിത്തട്ടില്‍ ഉറച്ചുനില്‍ക്കുന്ന ഹിമപാളികളാണ് ഉയര്‍ന്ന തലത്തില്‍ നിന്ന് സമുദ്രത്തിലേക്കുള്ള ഹിമപ്രവാഹത്തെ മന്ദീഭവിപ്പിക്കുന്നത്. ഹിമപാളികളുടെ അടിയിലൂടെ പ്രവഹിക്കുന്ന ചൂടേറിയ ജലപ്രവാഹം മൂലം കനമേറിയ ഐസ് പാളികളുടെ അടിഭാഗം ഉരുകിയൊലിക്കാനിടയാവുന്നു. ഈ പ്രക്രിയ തുടരുമ്പോള്‍ വന്‍ ഹിമപാളികള്‍ തകര്‍ന്ന് ഉരുകിയൊലിക്കുകയും അത് സമുദ്രനിരപ്പുയരുന്നതിന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ, ഹിമഖണ്ഡങ്ങള്‍ ഉരുകി പിന്‍വലിയുകയോ തകര്‍ന്നടിയുകയോ ചെയ്യുന്ന ഘട്ടങ്ങളില്‍ കരഭാഗത്തുള്ള ഹിമശേഖരം അതിവേഗം സമുദ്രത്തിലെത്തപ്പെടാനിടയാവുകയുംചെയ്യുന്നു. ഇത് വഴിയും സമുദ്ര നിരപ്പ് ഉയരുന്നതിന്റെ വേഗത വര്‍ധിക്കുന്നു.

ചൂടേറിയ ശുദ്ധജലം ലവണാംശമേറിയ തണുത്ത ജലത്തെ അപേക്ഷിച്ച് കൂടുതല്‍ പ്‌ളവന ക്ഷമത ഏറിയതാണ്. ഈ സവിശേഷത മൂലം ശുദ്ധജലം സമുദ്രത്തിന്റെ ഉപരിതലത്തിലെത്തപ്പെടുന്നു. ചൂടേറിയ ശുദ്ധജലസാന്നിധ്യം മൂലം തല്‍പ്രദേശത്തെ മഞ്ഞുരുകി -പോളിന്യകള്‍- രൂപം കൊള്ളുന്നു. എല്ലാ വര്‍ഷവും ഏകദേശം ഒരേ സ്ഥാനത്ത് തന്നെയാണ് പോളിന്യകള്‍ രൂപം കൊള്ളാറുള്ളത്. ചൂടേറിയ ശുദ്ധജലപ്രവാഹങ്ങള്‍ക്ക് ഏറെക്കുറെ സ്ഥിരമായ പാതയും എത്തിച്ചേര്‍ന്ന് നിലകൊള്ളുന്ന സ്ഥിരസ്ഥാനവും ഉണ്ടെന്ന് വേണം അനുമാനിക്കാന്‍. അന്റാര്‍ട്ടിക്ക, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ ഭൂപ്രദേശങ്ങളിലെ ഹിമപാളികളില്‍ പോളിന്യ രൂപീകരണം നടക്കുന്നുണ്ട്.

പോളിന്യകളുടെ പ്രകൃതവും സ്വാധീനവും

ഭൂമിയുടെ ഇരു അര്‍ധഗോള ങ്ങളിലും കാലാവസ്ഥാ കാരണങ്ങളാല്‍ കനമേറിയ ഹിമപാളികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ ദ്രാവകവസ്ഥയില്‍ ജലം കാണപ്പെടുന്ന മേഖലകളാണ് പോളിന്യകള്‍. വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഖരരൂപത്തിലുള്ള ഐസ് പാളികള്‍ പോളിന്യകളില്‍ കാണപ്പെടുന്നത്. ചെറിയ വിസ്തൃതിയുള്ളവ തൊട്ട് ലക്ഷക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയുള്ള പോളിന്യകള്‍ ഉണ്ട്. കനമേറിയ സമുദ്രഹിമപാളികളില്‍ കാണുന്ന ജലപൂരിതമായ വന്‍ സുഷിരങ്ങള്‍ എന്നതിലുപരി സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും പര്യയനവ്യവസ്ഥകളെ സൂക്ഷ്മമായി സ്വാധീനിക്കുന്നവകൂടിയാണ് പോളിന്യകള്‍. അതിശീതമേഖലകളില്‍ കാണപ്പെടുന്ന പക്ഷികള്‍, സസ്തനികള്‍ തുടങ്ങിയവ ശരത്കാലം അതിജീവിക്കുന്നത് പോളിന്യകള്‍ വഴിയുള്ള ഭൗതിക സവിശേഷതകള്‍ കൊണ്ടാണ്.

Image: John Sonntag/NASA

അണ്ഡാകൃതിയിലോ, വൃത്താകൃതിയിലോ ചിലപ്പോള്‍ പ്രത്യേകിച്ച് ആകൃതിയൊന്നുമില്ലാതെയോ ഇവ കാണാറുണ്ട്. സമുദ്രഹിമം രൂപം കൊള്ളുന്ന പ്രക്രിയ തടസ്സപ്പെടുകയോ അഥവാ ഉണ്ടായാല്‍ തന്നെ ദ്രുതഗതിയില്‍ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നതുകൊണ്ടാണ് ദ്രവജലം തുറന്ന അവസ്ഥയില്‍ ഇത്തരം ഹിമ പാളികളില്‍ കാണപ്പെടുന്നത്. പോളിന്യ രൂപീകരണ പ്രക്രിയയില്‍ ഹിമം എപ്രകാരം ഉരുകി ദ്രവകാവസ്ഥ പ്രാപിക്കുന്നു എന്ന രീതിയെ അടിസ്ഥാനമാക്കി രണ്ട് തരത്തിലുള്ള പോളിന്യകള്‍ ഉണ്ട്. പ്രത്യക്ഷ താപ പ്രേരിത പോളിന്യകള്‍, ലീന താപ പ്രേരിത പോളിന്യകള്‍ എന്നിവയാണ് അവ.

തീരത്തോടടുത്ത് കാണപ്പെടുന്നവ, ശീതകാലത്ത് കാണപ്പെടുന്നവ എന്നിങ്ങനെ രണ്ടു തരത്തിലുള്ള പോളിന്യകളുമുണ്ട്. തീരമേഖലയോട് സമൃദ്ധമായി ബന്ധപ്പെട്ട് നില്‍ക്കുന്നവയുമായ ഹിമപാളികളില്‍ കാണപ്പെടുന്നവയാണിവ. പുറം കടലില്‍ കാണപ്പെടുന്ന പോളിന്യകളാണ് രണ്ടാമത്തെ വിഭാഗം. വിസ്താരമേറിയവയും താരതമേന്യ കൂടുതല്‍ കാലം നിലനില്‍ക്കുന്നവയുമാണിവ. ആഴക്കടലില്‍ നിന്നുള്ള ചൂടേറിയ ജലത്തിന്റെ മേല്‍ത്തള്ളല്‍ വഴിയാണ് ഇവ രൂപം കൊള്ളുന്നത്. അന്റാര്‍ട്ടിക്കയിലെ വെഡ്ഡല്‍ (ണലററലഹഹ) കടലില്‍ സ്ഥിതി ചെയ്യുന്ന വിസ്തുതമായ പോളിന്യ ഇതിനുദാഹരണമാണ്.

പോളിന്യകളുടെ രൂപീകരണം, പ്രകൃതം, കാലാവസ്ഥയിലുള്ള സ്വാധീനം എന്നിവ ഇനിയും പൂര്‍ണ്ണമായി അറിയേണ്ടതുണ്ട്. പുറം കടലിലെ പര്യവേഷകര്‍ പലപ്പോഴും പോളിന്യകളെ മറ്റൊരു സമുദ്രമെന്ന രീതിയിലാണ് വിശ്വസിച്ചിരുന്നത്. വിവിധ പോളിന്യകള്‍ വിസ്തൃതിയില്‍ വ്യത്യസ്തമാണ്. ഉള്‍ക്കടലുകളോളം വലിപ്പമുള്ള പോളിന്യകളുമുണ്ട്. ആര്‍ട്ടിക് മേഖലയിലെ ചീൃവേ ംമലേൃ എന്നറിയപ്പെടുന്ന പോളിന്യയുടെ വിസ്തീര്‍ണ്ണം 85000 ചതുരശ്ര കിലോമീറ്റര്‍ ആണ്. അന്റാര്‍ട്ടിക്കയിലെ ണലററലഹഹ ലെമ എന്ന പോളിന്യക്കാവട്ടെ 350000 ചതുരശ്ര കിലോമീറ്റര് വിസ്തീര്‍ണ്ണമുണ്ട്. ചില പോളിന്യകള്‍ വര്ഷങ്ങളോളം സ്ഥിരമായി നിലനിക്കാറുണ്ട്. എന്നാല്‍, മറ്റ് ചിലവയാകട്ടെ ഓരോ വര്ഷവും ഒരേ സ്ഥലത്ത് ഒരേ സമയത്ത് പ്രത്യക്ഷപ്പെടുന്നവയാണ്. ഇവ ക്രമേണ ചുരുങ്ങി ഇല്ലാതാവുകയും ചെയ്യുന്നു.

വിവിധ പോളിന്യകള്‍ വിസ്തൃതിയില്‍ വ്യത്യസ്തമാണ്. ഉള്‍ക്കടലുകളോളം വലിപ്പമുള്ള പോളിന്യകളുമുണ്ട്. ആര്‍ട്ടിക് മേഖലയിലെ North water എന്നറിയപ്പെടുന്ന പോളിന്യയുടെ വിസ്തീര്‍ണ്ണം 85,000 ചതുരശ്ര കിലോമീറ്റര് ആണ്. അന്റാര്‍ട്ടിക്കയിലെ weddell sea പോളിന്യക്കാവട്ടെ 3,50,000 ചതുരശ്ര കിലോമീറ്റര് വിസ്തീര്‍ണ്ണമുണ്ട്. ചില പോളിന്യകള്‍ വര്‍ഷങ്ങളോളം സ്ഥിരമായി നിലനില്‍ക്കാറുണ്ട്. എന്നാല്‍, മറ്റ് ചിലവയാകട്ടെ ഓരോ വര്‍ഷവും ഒരേ സ്ഥലത്ത് ഒരേ സമയത്ത് പ്രത്യക്ഷപ്പെടുന്നവയാണ്. ഇവ ക്രമേണ ചുരുങ്ങി ഇല്ലാതാവുകയും ചെയ്യുന്നു.

പോളിന്യകളും ആഗോള കാലാവസ്ഥയും

ആഗോള കാലാവസ്ഥയില്‍ പോളിന്യകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഉറഞ്ഞ് കിടക്കുന്ന വിശാല സമുദ്രമേഖലകളില്‍ മഞ്ഞുരുകി ദ്രവജലം പേറുന്ന ഇത്തരം 'വന്‍ സുഷിരങ്ങളിലൂടെ' സമുദ്രത്തില്‍ നിന്നുള്ള സംഭരിത താപം അന്തരീക്ഷത്തിലേക്ക് വിമോചിതമാവുന്നു. ഇതുവഴി കാറ്റിന്റെ പ്രകൃതം, ഉഷ്ണമേഖലയില്‍ ലഭിക്കുന്ന വര്ഷപാതം എന്നിവയിലും സ്വാധീനം ചെലുത്തപ്പെടുന്നു. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ബൃഹത്തായ പോളിന്യകള്‍ വഴി അന്തരീക്ഷത്തില്‍ ചൂടേറാനിടവരുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ കാറ്റുകളുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാവുകയും മധ്യരേഖാ പ്രദേശത്തെ മഴപ്പാത്തി ദക്ഷിണ ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശൈത്യകാലത്ത് ദക്ഷിണ സമുദ്ര (southern ocean) ഉപരിതലം മഞ്ഞ് പാളികളാല്‍ ആവൃതമായിരിക്കും.

Image: NASA

ഭൂമദ്ധ്യ രേഖാപ്രദേശത്ത് നിന്നെത്തുന്ന ഉത്തര അറ്റ്‌ലാന്റിക്കിലെ സമുദ്രജല പ്രവാഹങ്ങള്‍ ഈ മഞ്ഞ് പാളികളുടെ അടിയിലൂടെ ഒഴുകിയെത്തുമ്പോള്‍ അവയുരുകാനിടയാകുകയും, ജലം നിറഞ്ഞ പോളിന്യകള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. ഇപ്രകാരം ചൂടേറിയ ജലം സമുദ്രോപരിതലത്തിലെത്തപ്പെടുന്ന ജലസംവഹന പ്രക്രിയയാണിത്. സമുദ്രജലതാപം അന്തരീക്ഷത്തിലേക്ക് വിമോചിതമാക്കുന്ന തുറന്ന ഇടങ്ങളാണ് പോളിന്യകള്‍ എന്ന് പറയാം. ഇതുമൂലം പോളിന്യകളുടെ സമീപസ്ഥ അന്തരീക്ഷമേഖലകളിലെയും, മൊത്തം ദക്ഷിണാര്‍ദ്ധഗോളത്തിലെ സമുദ്രോപരിതലത്തിലും താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി കാണപ്പെടുന്നു.

ഉത്തര-ദക്ഷിണ അര്‍ദ്ധഗോളങ്ങളിലെ താപനിലയില്‍ നിലനില്‍ക്കുന്ന അന്തരം കാറ്റിന്റെ ഗതിയിലും പ്രകൃതത്തിലും മാറ്റം വരുത്തുന്നു. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ പശ്ചിമവാതങ്ങളുടെ ശക്തി ക്ഷയിക്കുന്നതും വാണിജ്യ വാതങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതമാറ്റങ്ങള്‍ക്കും കാരണം ഇതാണ്. ശക്തിയേറിയ ചുഴലിക്കാറ്റുകള്‍, വര്‍ഷപാതം, മേഘ സാന്നിധ്യം എന്നിവയെ സ്വാധീനിക്കുന്നവയാണ് ഇത്തരം കാറ്റുകള്‍. സാധാരണ ഗതിയില്‍ 'ഉഷ്ണമേഖലാ മഴപ്പാത്തി' (ITCZ) എന്നറിയപ്പെടുന്ന മേഖലയില്‍ അതിശക്തമായ മഴ ലഭിക്കാറുണ്ട്. എന്നാല്‍, അന്റാര്‍ട്ടിക്കമേഖലയില്‍ ബൃഹത്തായ ഒരു പോളിന്യ രൂപീകരണം നടക്കുന്ന പക്ഷം ഭൂമധ്യമേഖലയിലെ ഈ മഴപാത്തിക്ക് ദക്ഷിണ ദിശയിലേക്ക് ഏതാനും ഡിഗ്രി സ്ഥാന ചലനം സംഭവിക്കുന്നതായും 20 -30 വര്ഷങ്ങളോളം തല്‍ സ്ഥാനത്ത് നിലകൊള്ളുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഇന്തോനേഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്കയിലെ സഹാറ മരുപ്രദേശം എന്നിവങ്ങളിലെ ജല ലഭ്യതയെ പ്രതികൂലമായി ബാധിക്കാറുണ്ട്.

സ്വാഭാവിക കാലാവസ്ഥ വ്യതിയാനം എന്ന നിലയില്‍ പരിഗണിക്കാമെങ്കിലും മേല്‍ ഭൂവിഭാഗങ്ങളിലെ അതീവ ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം മഴക്കുറവും, അതുവഴി ജലദൗര്‍ലഭ്യവും സൃഷ്ടിക്കാന്‍ ഈ സാഹചര്യത്തിനാവും. കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളില്‍ പോളിന്യ രൂപീകരണം വിരളമാണ്. താപനം ഏറുന്ന സാഹചര്യങ്ങളില്‍ സമുദ്രഹിമം ഉരുകി സമുദ്രത്തിലെ ഉപരിതലത്തില്‍ പുതിയ ജലം വന്ന് ചേരുന്നു. താരതമ്യേന സാന്ദ്രത കുറഞ്ഞ ഈ ശുദ്ധജലം താഴെ തട്ടില്‍ സ്ഥിതി ചെയ്യുന്ന സാന്ദ്രതയേറിയ ജലവുമായി കൂടി കലരാനുള്ള പ്രവണത കുറവാണ്.

മഞ്ഞുരുകലും പോളിന്യകളും

താപം, ലവണത്വം, എന്നിവയാല്‍ നിയന്ത്രിതമായ ജലപര്യയന പ്രക്രിയയോട് ബന്ധപ്പെട്ട് കിടക്കുന്ന ഘടനകളാണ് പോളിന്യകള്‍. ഹിമ ഭിത്തിയാല്‍ ചുറ്റപ്പെട്ട, ജലം നിറഞ്ഞ പ്രദേശങ്ങളാണിവ. ഇവയുടെ ഒരു ഭാഗത്ത് വന്‍കരയില്‍ നിന്നുള്ള ഹിമവും മറുഭാഗത്ത് സമുദ്രജലം ഉറഞ്ഞുണ്ടായ ഹിമവുമായിരിക്കും. പോളിന്യകളിലെ ജലം, ലവണത്വവും തണുപ്പും ഏറുന്ന ഘട്ടത്തില്‍ അത് സമുദ്രത്തിന്റെന താഴേക്ക് താഴാനിടയാവുന്നു. മാത്രമല്ല, പുറത്തുനിന്നുള്ള ചൂടേറിയ ജലത്തിന്റെകടന്നു കയറ്റത്തെ പ്രതിരോധിക്കാനും ഈ അവസ്ഥയിലുള്ള ജലത്തിന് കഴിയും. എന്നാല്‍, പോളിന്യകളിലേക്ക് പുറത്ത് നിന്ന് ശുദ്ധജലം എത്തിച്ചേരുന്ന അവസ്ഥയില്‍ അവയിലെ ജലത്തിന്റെ ലവണത്വം കുറയുകയും പുറമെനിന്നുള്ള ജലത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനാവാതെ വരികയും ചെയ്യുന്നു. തല്‍ഫലമായി കൂടുതല്‍ മഞ്ഞുരുകാനിടയാവുന്നു.

അന്റാര്‍ട്ടിക്കയിലെ ചില മേഖലകളില്‍ മഞ്ഞ് പാളികള്‍ ഉരുകിയെത്തുന്ന ശുദ്ധജലം മൂലം സമുദ്രജലത്തിന് ചൂടേറുകയും ലവണത്വം കുറയുകയും ചെയ്യുന്ന അവസ്ഥ ഇപ്പോഴേ തന്നെയുണ്ട്. സമുദ്രജലത്തിന് ചൂടേറുമ്പോള്‍ അന്റാര്‍ട്ടിക്ക മേഖലയിലെ ഐസ് പാളികള്‍ കൂടുതലായി ഉരുകുകയും അതുവഴി സമുദ്രജലനിരപ്പ് ഉയരുകയും ചെയ്യുന്നു. ലവണാംശം കുറയുന്നത് ജലപര്യയനത്തെ തടസ്സപ്പെടുത്തുന്നു. അതുവഴി താപ/ കാര്‍ബണ്‍ ഡയോക്സൈഡ് സംഭരണം എന്നിവയും മന്ദീഭവിക്കപ്പെടുന്നു. ഇത് ആഗോള കാലാവസ്ഥയെ ബാധിച്ചേക്കാം. ഇതിന്‍ പ്രകാരം അന്റാര്‍ട്ടിക്ക മേഖലയിലുണ്ടാകുന്ന പ്രാദേശിക വ്യതിയാനങ്ങള്‍ക്ക് പോലും ആഗോള പ്രത്യാഘാതങ്ങള്‍ ഉളവാക്കുവാനാകും. പോളിന്യകളിലെ ജലം സാധാരണ ഗതിയില്‍ അതിലവണത്വ സ്വഭാവം ഉള്ളവയാണ്. ലവണത്വം മൂലം സാന്ദ്രതയേറിയ ഈ ജലം സമുദ്രങ്ങളുടെ അടിത്തട്ടിലേക്ക് താഴുന്നതും പോളിന്യകളില്‍ നടക്കുന്ന സവിശേഷ പ്രക്രിയയാണ്.

സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കും തിരിച്ചും കാര്‍ബണ്‍ ഡയോക്സൈഡ്, ഡൈ മീതൈല്‍ സള്‍ഫൈഡ് തുടങ്ങിയ വാതകങ്ങളുടെ വിനിമയം നടക്കുന്ന അതിപ്രധാന മേഖലകളാണ് പോളിന്യകള്‍. മറ്റു ചില നിരീക്ഷണങ്ങള്‍ പ്രകാരം ഡൈമീതൈല്‍ സള്‍ഫൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ്, മീതൈല്‍ ഹാലൈഡുകള്‍ തുടങ്ങിയ വാതകങ്ങളുടെ സ്രോതസ്സ് കൂടിയാണ് പൊളിന്യകള്‍. മാത്രമല്ല, സസ്യപ്ലവകങ്ങളില്‍ നിന്ന് പ്രകാശ സംശ്ലേഷണം വഴി ഉണ്ടാകുന്നതും, അന്തരീക്ഷത്തില്‍ നിന്ന് ലയിച്ചു ചേരുന്നതുമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സംഭരണികളായി വര്‍ത്തിക്കുന്നതും പോളിന്യകളാണ്.

ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളില്‍ സര്‍വസാധാരണമാണ് പോളിന്യകള്‍. തീരത്തോടടുത്ത പോളിന്യകള്‍ പൊതുവെ ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ളവയാണ്. ഇതുവഴി കാര്‍ബണ്‍ഡയോക്സൈഡ് തോതിനെ കുറക്കുവാനും ഇതിനാവുന്നു. ഈ സവിശേഷത മൂലം അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സിഡറിന്റെ പ്രമുഖ ആഗിരണികള്‍ എന്നും അവയെ വിശേഷിപ്പിക്കാം. ജൈവ- ഭൗമ -രാസ സ്വഭാവ സവിശേഷതകളില്‍ വിവിധ പോളിന്യകള്‍ അവയുടെ വിസ്തൃതി , അവ നിലനില്‍ക്കുന്ന കാലയളവ് എന്നിവക്കനുസരിച്ച് വ്യത്യസ്തമാണ്. അന്റാര്‍ട്ടിക് മേഖലയില്‍ ഉണ്ടായിരുന്ന വെഡ്ഡല്‍ പോളിന്യ, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ്, ക്ലോറോഫ്‌ലൂറോ കാര്ബണുകള്‍ എന്നിവയുടെ ഒരു സുപ്രധാന ആഗിരണിയായിരുന്നു. അഗാധ സമുദ്രതലങ്ങളില്‍ മേല്‍ വാതകങ്ങളുടെ വന്‍ തോതിലുള്ള ബന്ധനം സാധ്യമാക്കുന്നതിനും ഈ പോളിന്യ സുപ്രധാന പങ്ക് വഹിച്ചു. തീരദേശപോളിന്യകളില്‍ ചിലതിന് അന്തരീക്ഷ കാര്‍ബണ്‍ ഡയോക്സൈഡിനെ ആഴക്കടലില്‍ എത്തിക്കുന്നത്തില്‍ അതിപ്രധാനമായ പങ്കുണ്ട്. പോളിന്യകളില്‍ കാണപ്പെടുന്ന സസ്യപ്ലവകങ്ങളുടെ പ്രവര്‍ത്തന ശേഷി, അവയിലെ സവിശേഷ സാഹചര്യങ്ങളാല്‍ നിയന്ത്രിതമാണ്. കനത്ത മഞ്ഞ് പാളികളില്‍ ഉള്ളതിനേക്കാള്‍ സസ്യ പ്ലവകങ്ങളുടെ വളര്‍ച്ച, പെരുകല്‍ എന്നിവയുടെ നിരക്ക് പോളിന്യകളിലാണ് കൂടുതല്‍.

Credit: ഡോ. ഗോപകുമാര്‍ ചോലയില്‍

Follow👉🏻☣️ ടെലിബ്ലോഗർ☣️

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️