മെട്രോ സ്റ്റേഷനുകളിലാണ് അത് ഏറ്റവും നന്നായി പ്രകടമാകുന്നത്;
Vaisakhan Thampi
2018
മെട്രോ സ്റ്റേഷനുകളിലാണ് അത് ഏറ്റവും നന്നായി പ്രകടമാകുന്നത്; ട്രെയിനിൽ നിന്നിറങ്ങി പരന്ന് നീങ്ങുന്ന ആൾക്കൂട്ടം പെട്ടെന്ന് ഒരിടത്തേയ്ക്ക് ഞെരുങ്ങും! കാലനക്കാതെ പടിയിറങ്ങാനോ കയറാനോ സഹായിക്കുന്ന എസ്കലേറ്ററുകളാണ് ഇന്നത്തെ ഏറ്റവും വലിയ 'ക്രൗഡ് പുള്ളറു'കൾ. ആൾത്തിരക്കുള്ള മാളുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഒക്കെ തിങ്ങിഞെരുങ്ങുന്ന എസ്കലേറ്ററുകളും ആൾച്ചുറ്റിൽ മറയ്ക്കപ്പെടുന്ന ലിഫ്റ്റുകളും ഒഴിഞ്ഞുകിടക്കുന്ന പടിക്കെട്ടുകളും സാധാരണ കാഴ്ചയാണ്. പടിക്കെട്ടുകളിൽ തെന്നിയും തെറിച്ചും കാണപ്പെടുന്ന ആ ന്യൂനപക്ഷത്തിൽ പെടാനാണ് ഈയുള്ളവൻ പരമാവധി ശ്രമിക്കാറുള്ളത്. പക്ഷേ അതിന് കാരണം ആൾക്കൂട്ടത്തിൽ വെറൈറ്റി ആകാനുള്ള ശ്രമമല്ല.
മനുഷ്യൻ എന്ന് പൊതുവിലും ഹോമോ സാപിയൻസ് എന്ന് ശാസ്ത്രഭാഷയിലും വിളിക്കപ്പെടുന്ന ജീവി ഭൂമിയിൽ ഉരുത്തിരിഞ്ഞിട്ട് ലക്ഷക്കണക്കിന് വർഷങ്ങളായി. അലഞ്ഞുനടന്ന് കിട്ടാവുന്ന കായ്കനികൾ പെറുക്കിത്തിന്നും കൊല്ലാവുന്ന ജീവികളെ കൊന്നുതിന്നും ഒക്കെയാണ് നമ്മൾ അതിജീവനം തുടങ്ങിയത്. അന്നുമുതൽ ഇതുവരെയുള്ള ചരിത്രത്തിൽ ഒരിടത്ത് വാസമുറപ്പിച്ച് അവരവർക്ക് വേണ്ട ആഹാരം സ്വയം ഉണ്ടാക്കാനുള്ള കഴിവ് (കൃഷി) ആർജിച്ചിട്ട് പോലും പതിനായിരത്തോളം വർഷമേ ആയിട്ടുള്ളൂ. പണ്ട് മതിയായ ഊർജവും പോഷകവും അടങ്ങിയ ഭക്ഷണം തരപ്പെടുക എന്നത് ഒരു ആഡംബരം തന്നെയായിരുന്നു. അത് തന്നെ എത്ര അലഞ്ഞാലാണ്, എത്ര ജീവികളുടെ പിറകേ ഓടിയാലാണ് സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകുക! മധുരമുള്ള ആഹാരത്തോടുള്ള പ്രിയം തന്നെ, പഞ്ചസാര എന്ന സമ്പുഷ്ടമായ ഊർജസ്രോതസ്സിന് അനുകൂലമായി പരിണാമപരമായി നമ്മുടെ ജനിതകത്തിൽ ഉൾച്ചേർന്നതാണ്. രുചി എന്നത് പലപ്പോഴും ഗുണകരമായ ആഹാരവസ്തുക്കളുടെ ഒരു സൂചന ആയിരുന്നു. രുചിയും മധുരവും നോക്കി ഭക്ഷണം ഇഷ്ടപ്പെട്ട ആളുകൾ അന്ന് കൂടുതൽ നന്നായി അതിജീവിച്ചതുകൊണ്ടാകണം, അവരുടെ പിൻതലമുറക്കാരായ നമ്മളും ആ ഇഷ്ടം പങ്ക് വെയ്ക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ കുറച്ചുകാലത്തിനിടെ ആഹാരം നമുക്കൊരു വെല്ലുവിളിയേ അല്ലാന്ന് മാത്രമല്ല, നമുക്കത് എല്ലാക്കാലത്തും ആവശ്യത്തിലധികം കിട്ടുന്ന സ്ഥിതിയെത്തിയിരിക്കുന്നു. പക്ഷേ പരിണാമപരമായി കിട്ടിയിട്ടുള്ള ഇഷ്ടാനിഷ്ടങ്ങളൊന്നും നമുക്ക് മാറിയിട്ടില്ല, മാറാനുള്ള സമയവും ആയിട്ടില്ല. ഇന്നത്തെ പ്രശ്നം ഇങ്ങനെ ആവശ്യത്തിലധികമായി അകത്തേയ്ക്കെടുക്കുന്ന ഊർജം ശരീരത്തിൽ പല രൂപത്തിൽ കെട്ടിക്കിടക്കുന്നു എന്നതാണ്. അത് കൊഴുപ്പായും രക്തത്തിലെ അധിക പഞ്ചസാരയായും ഒക്കെ നാനാവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആഹാരത്തിന് വേണ്ടി അലയുന്നതും, സഞ്ചാരത്തിന് വേണ്ടിയും ഇരപിടിയൻ മൃഗങ്ങളിൽ നിന്നും രക്ഷപ്പെടാനും കാലും കൈയും ആയാസപ്പെടുത്തുന്നതും ഒന്നും ഇന്ന് നമ്മുടെ 'ജീവിതശൈലി'യുടെ ഭാഗമല്ല. ആ ശൈലിയിൽ ആകെ അവശേഷിക്കുന്നത് രുചിയും മധുരവും നോക്കി പരമാവധി ആഹാരം കഴിയ്ക്കാനുള്ള ഇഷ്ടവും പരമാവധി കുറച്ച് മാത്രം ഊർജം ചെലവാക്കുന്നതിനുള്ള ശ്രമവുമാണ്. അങ്ങനെ 'ജീവിതശൈലീരോഗങ്ങൾ' ഒരു ഫാഷനായി മാറിയിരിക്കുന്നു.
അകത്തേയ്ക്കെടുക്കുന്ന ആഹാരത്തിൽ ശരീരനിർമാണത്തിനും പ്രവർത്തനത്തിനും ആവശ്യമായ പോഷകങ്ങളും ശരീരത്തിന്റെ ദൈനംദിന ആവശ്യത്തിനുള്ള ഊർജവും മാത്രം ഒഴിച്ച് ബാക്കിയുള്ളത് 'കത്തിച്ച്' കളയേണ്ടതുണ്ട്. മണ്ണ് കിളയ്ക്കാനും തേങ്ങ വെട്ടാനും ഒക്കെ പോകുന്നവർക്ക് അക്കാര്യത്തിൽ ടെൻഷൻ വേണ്ട. നല്ലപോലെ ഊർജം ചെലവാകുന്ന പ്രവൃത്തികൾ അവരുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാണ്. എന്നാൽ കായികാധ്വാനം കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ ജോലികൾ ചെയ്യുന്നവരുടെ കാര്യം അങ്ങനല്ല. ആഹാരം കഴിയ്ക്കൽ ആവശ്യത്തിലധികവും ഊർജം ചെലവാക്കൽ ആവശ്യത്തിൽ കുറവും ആണെങ്കിൽ രോഗിയാകാൻ വേറെ മാർഗം അന്വേഷിക്കേണ്ടതില്ല. വ്യായാമം തന്നെയാണ് ഇവിടെ ഏറ്റവും നല്ല പോംവഴി. ലോകാരോഗ്യസംഘടനയുടെ കണക്കിൽ ഒരാഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം നമുക്കാവശ്യമുണ്ട്. പക്ഷേ ഒരു ടിപ്പിക്കൽ ആധുനികമനുഷ്യൻ എന്ന നിലയിൽ വ്യായാമത്തിന് മാത്രമായി സമയം കണ്ടെത്താനുള്ള ശ്രമമൊന്നും തന്നെ ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിന്നില്ല എന്നതാണ് എന്റെ അനുഭവം. അതിനെ തുടർന്നാണ് ദൈനംദിന പ്രവൃത്തികളുടെ ഇടയിൽ തന്നെ പരമാവധി കായികാധ്വാനം ഉൾപ്പെടുത്താൻ ശ്രമിച്ചത്. ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ പരമാവധി ഒഴിവാക്കുക, നടക്കാവുന്ന ദൂരങ്ങളിൽ നടന്നുതന്നെ പോകുക, വൈകുന്നേരത്തെ ചുറ്റിക്കറങ്ങൽ നടത്തത്തിലൂടെ ആക്കുക എന്നിവയൊക്കെ അതിൽ പെടും. ഇപ്പോഴും മധുരപ്രിയവുമായി കനത്ത യുദ്ധം നടത്തേണ്ടിവരാറുണ്ട് എന്നത് വേറെ കാര്യം.
ഇത്രയും ഇവിടെ പറഞ്ഞത്, ഇതൊന്നും അറിയില്ല എന്ന കാരണം കൊണ്ട് ആരും രോഗിയായി മാറരുത് എന്ന ഉദ്ദേശ്യത്തിൽ മാത്രമാണ്. അല്ലാതെ ഇതൊരു ഉപദേശമല്ല. എന്റെ ജീവിതമല്ല എന്റെ സന്ദേശം, ഞാൻ പഠിച്ച കാര്യങ്ങളാണ്