പല സുഹൃത്തുക്കളും എങ്ങനെയാണ് ഇത്രേം നീളത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്തുകൂട്ടുന്നത് എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്.

Vaisakhan Thampi

2017

പല സുഹൃത്തുക്കളും എങ്ങനെയാണ് ഇത്രേം നീളത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്തുകൂട്ടുന്നത് എന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇത് വായിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും അതൊരു കൌതുകമായിരിക്കില്ല. പക്ഷേ ഇപ്പോഴും മലയാളം ടൈപ്പിങ് ഒരു മെനക്കേട് ആയി കരുതുന്ന കുറച്ചുപേരെങ്കിലും ഉണ്ട് എന്നത് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എങ്ങനെയാണ് മലയാളം ടൈപ്പ് ചെയ്യുന്നത് എന്നൊതൊരു പോസ്റ്റാക്കാം എന്ന് കരുതി. ഇത് കൊണ്ട് രണ്ട് കാര്യങ്ങൾ മുന്നിൽ കാണുന്നുണ്ട്- ഒന്ന് കുറച്ചുപേർക്കെങ്കിലും അത് ഗുണകരമായേക്കാം, രണ്ട് ഞാൻ ഉപയോഗിക്കുന്നതിനെക്കാൾ നല്ല ടൈപ്പിങ് മെതേഡ് വല്ലതും ഉണ്ടെങ്കിൽ ആരെങ്കിലും കമന്റ് ചെയ്യുന്നത് വഴി എനിക്കും അത് പഠിയ്ക്കാം.

ഞാൻ മൊബൈലും കമ്പ്യൂട്ടറും മാറിമാറി ഉപയോഗിച്ചാണ് ലേഖനങ്ങൾ എഴുതുന്നത്. യാത്രകൾക്കിടയിൽ മൊബൈലും വീട്ടിൽ കമ്പ്യൂട്ടറും. രണ്ടിന്റേയും കണ്ടന്റ് ഗൂഗിൾ സർവീസ് വഴി സിങ്ക് ചെയ്തിട്ടുമുണ്ട്.

മൊബൈലിൽ മലയാളം ടൈപ്പിങ്ങിന് Google Handwriting Input ആണ് ഉപയോഗിക്കുന്നത്. ഒരുപക്ഷേ മലയാളം ടൈപ്പിങ്ങിലെ ഒരു വിപ്ലവം എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ആപ്പിനെ. സ്ക്രീനിൽ വിരല് കൊണ്ട് എഴുതുന്ന കാര്യങ്ങളെ യൂണിക്കോഡ് ലിപികളാക്കി മാറ്റുകയാണ് ഇത് ചെയ്യുന്നത്. മറ്റുള്ളവർ ഇതിനെ എങ്ങനെ കാണുന്നു എന്നറിയില്ല. പക്ഷേ ഞാൻ നീണ്ടയാത്രകളിൽ ഒരുപാട് നെടുങ്കൻ ലേഖനങ്ങൾ ഇതുപോലെ മൊബൈൽ സ്ക്രീനിൽ 'എഴുതി'ക്കൂട്ടിയിട്ടുണ്ട്.

കമ്പ്യൂട്ടറിൽ വിൻഡോസ്, ഉബുണ്ടു എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ മാറിമാറി ഉപയോഗിക്കാറുണ്ട്. രണ്ടിലും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തന്നെ ഭാഗമായുള്ള മലയാളം ടൈപ്പിങ് ആണ് ഉപയോഗിക്കുന്നത്. പലരും ഇപ്പോഴും മലയാളം ടൈപ്പിങ്ങിന് ഇടനില സോഫ്റ്റുവെയറുകൾ ഉപയോഗിക്കുന്നുണ്ട്. അതായത് MS-Word ലോ, ബ്രൌസറിൽ ഫെയ്സ്ബുക്ക് പേജിലോ ഒക്കെ മലയാളം ടൈപ്പ് ചെയ്യാൻ 'വരമൊഴി', TypeIt തുടങ്ങിയ സോഫ്റ്റുവെയറുകളിൽ ആദ്യം ടൈപ്പ് ചെയ്ത് കോപ്പി-പേസ്റ്റ് ചെയ്യുന്ന രീതിയാണ് അവർ ഉപയോഗിക്കുന്നത്. തീർച്ചയായും ഇത് വലിയ അധികവേലയാണ്, പ്രത്യേകിച്ച് മലയാളം കംപ്യൂട്ടിങ് ഇത്രയൊക്കെ വളർന്ന ഈ കാലത്ത്. വിൻഡോസിൽ Language Settings-ൽ മലയാളം ഒരു ഭാഷയായി സെറ്റ് ചെയ്യാനാകും. അത് വെച്ച് എവിടെയും - അത് ഫെയ്സ്ബുക്ക് കമന്റ് ബോക്സോ വേഡോ പവർപോയിന്റോ ഏതുമാകാം - നേരിട്ട് തന്നെ മലയാളം ടൈപ്പ് ചെയ്യാം. നിരവധി ഭംഗിയുള്ള യൂണികോഡ് മലയാളം ഫോണ്ടുകൾ ലഭ്യമായതിനാൽ, ഇഷ്ടമുള്ളവ സെറ്റ് ചെയ്താൽ ദൃശ്യഭംഗിയും ഗാരന്റീഡ്! ടൈപ്പ് ചെയ്യുന്ന ഭാഷ അങ്ങോട്ടുമിങ്ങോട്ടും ചറപറാ മാറ്റി മലയാളം വരികൾക്കിടയിൽ English വാക്ക് (ദാ ഇതുപോലെ) ടൈപ്പ് ചെയ്യാനും പുല്ല് പോലെ സാധിക്കും.

കംപ്യൂട്ടറിൽ മലയാളലിപി വരുത്താൻ പ്രധാനമായും രണ്ട് ടൈപ്പിങ് രീതികളുണ്ട്. ഇതിൽ ഫൊണറ്റിക് ടൈപ്പിങ്ങാണെന്ന് തോന്നുന്നു കൂടുതൽ പേരും തെരെഞ്ഞെടുക്കുന്നത്. 'ആന' എന്നതിന് കീബോർഡിൽ aana എന്ന് ടൈപ്പ് ചെയ്യുന്ന രീതിയാണത്. ടൈപ്പിങ് സോഫ്റ്റുവെയർ അതിനെ മലയാളം ലിപിയിലേക്ക് മാറ്റും. ഞാനും തുടക്കത്തിൽ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ ടൈപ്പ് ചെയ്ത വാക്കുകൾ എഡിറ്റ് ചെയ്യേണ്ടിവരുന്ന ഘട്ടത്തിലും അത്ര സാധാരണമല്ലാത്ത വാക്കുകൾ -പ്രത്യേകിച്ച് കൂട്ടക്ഷരങ്ങൾ ഉള്ളവ- ടൈപ്പ് ചെയ്യേണ്ടിവരുമ്പോഴും ഇത് വലിയ തലവേദന ആയിരുന്നു. പിന്നീടാണ് ഇൻസ്ക്രിപ്റ്റ് ഉപയോഗിച്ചുള്ള ടൈപ്പിങ്ങിലേക്ക് മാറിയത്. അത് പ്രകാരം 'ആന' എന്നത് ടൈപ്പ് ചെയ്യുന്നത് Ev എന്നാണ്. പലരും ഈ രീതി തെരെഞ്ഞെടുക്കാൻ മടിക്കുന്നത് ഇതേ കാരണം കൊണ്ടാണ്. 'ആ' വരാൻ E യും 'ന' വരാൻ v യും ടൈപ്പ് ചെയ്യണം എന്നറിയേണ്ടിവരും. അതായത് ഇവിടെ കീബോർഡ് ലേയൌട്ട് മനഃപാഠമാക്കുക എന്നത് ഒരു പ്രാഥമിക ആവശ്യമാണ്. പക്ഷേ കേൾക്കുമ്പോൾ തോന്നുന്ന അത്ര വലിയ കാര്യമൊന്നുമല്ല അത്. കഷ്ടിച്ച് ഒരാഴ്ച കൊണ്ട് ഇത് താനേ വിരലുകൾക്ക് വഴങ്ങും. വാക്കുകളിൽ തിരുത്തൽ വരുത്താനുള്ള സാധ്യത, അമർത്തുന്ന കീകളുടെ എണ്ണത്തിലെ കുറവ് എന്നിവ നീണ്ട ടൈപ്പിങ്ങിൽ ഒരുപാട് അധ്വാനം ലാഭിയ്ക്കും.

ഇതുവരെ പറഞ്ഞത് പൊതുവായ രണ്ട് ടൈപ്പിങ് രീതികളെ കുറിച്ചാണ്. ഇത് രണ്ടും ഉപയോഗിക്കുന്നതിന് പലതരം ടൈപ്പിങ് ടൂളുകൾ ലഭ്യമാണ്. ഇതിൽ നാലഞ്ച് വർഷം മുൻപ് ഞാൻ ഉപയോഗിച്ചിരുന്ന ഫൊണറ്റിക് ടൈപ്പിങ് ഉപകരണം 'Microsoft Indic Language Input' ടൂൾ ആണ്. അതിന് ശേഷമാണ് ഇൻസ്ക്രിപ്റ്റ് രീതിയിലുള്ള ടൈപ്പിങ്ങിലേക്ക് കടന്നത്. അതും ആദ്യം അതിനായുള്ള സോഫ്റ്റുവെയർ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷമായിരുന്നു ഉപയോഗിച്ചിരുന്നത്. വിൻഡോസ് 10-ലേക്ക് വന്ന ശേഷം, അതിൽ ഡീഫോൾട്ടായി വരുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡ് തന്നെ ഉപയോഗിക്കാൻ തുടങ്ങി. പക്ഷേ അതിൽ ഇപ്പോ ഒരു ചെറിയ കല്ലുകടി ഉള്ളത്, 'കൌ' എന്നെഴുതുമ്പോൾ 'ഔ' ചിഹ്നത്തിൽ അധികമായി കയറിവരുന്ന 'െ' ചിഹ്നമാണ് (NB: ഇവിടെ ആർക്കേലും സഹായിക്കാൻ പറ്റുമോ? പണ്ട് ഉപയോഗിച്ചിരുന്ന ഇൻസ്ക്രിപ്റ്റ് സോഫ്റ്റുവെയർ Win-10 ൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നുമില്ല) പക്ഷേ തത്കാലം അഡ്ജസ്റ്റ് ചെയ്യാവുന്ന പ്രശ്നമേയുള്ളൂ. ഉബുണ്ടുവിലെ കാര്യമാണെങ്കിൽ, അതിൽ തന്നെ ലഭ്യമായ ഡീഫോൾട്ട് മലയാളം കീബോർഡ് ഉപയോഗിച്ച് വളരെ സുന്ദരമായി ടൈപ്പ് ചെയ്യാനാകുന്നുണ്ട്.

ഇപ്പറഞ്ഞതൊക്കെ സാധ്യതകളെ കുറിച്ച് മാത്രമാണ്. ഇതൊക്കെ ആദ്യമായി കേൾക്കുന്ന ആർക്കെങ്കിലും ഇതിൽ ഏതെങ്കിലും കാര്യം എങ്ങനെ പ്രാവർത്തികമാക്കാം എന്നറിയണമെങ്കിൽ അത് അടുത്ത ഘട്ടത്തിലാകാം.