ഏറ്റവും കൂടുതൽ രോഗികൾ മരിക്കുന്നത് മോഡേൺ മെഡിസിൻ പിൻതുടരുന്ന ആശുപത്രികളിലാണ് എന്നറിയുമോ?

Vaisakhan Thampi

2017

ഏറ്റവും കൂടുതൽ രോഗികൾ മരിക്കുന്നത് മോഡേൺ മെഡിസിൻ പിൻതുടരുന്ന ആശുപത്രികളിലാണ് എന്നറിയുമോ? ഒരു സംശയവുമില്ല, ശരിയാണ്. ഹോമിയോ, ആയുർവേദ ആശുപത്രികളിലൊന്നും രോഗികളുടെ മരണം അത്ര സാധാരണമല്ല. അതിന് കാരണം പക്ഷേ അവിടെയെല്ലാം രോഗങ്ങളെ പുഷ്പം പോലെ ഇല്ലാതാക്കും എന്നതല്ല. മരിക്കാൻ പോകുന്നത്ര പ്രശ്നമുള്ളവരെ ആരും ഇപ്പറഞ്ഞ സ്ഥലങ്ങളിലോട്ട് കൊണ്ടുപോകില്ല എന്നതാണ്. വലിയ വായിൽ രാസവസ്തൂന്നും മരുന്നുമാഫിയാന്നുമൊക്കെ വിളിച്ചുകൂവിയാലും, കൈവിട്ടുപോകുമെന്ന് തോന്നിയാൽ വണ്ടി നേരെ മോഡേൺ മെഡിസിനിലോട്ട് തന്നെ വിടും. അതിന് അവസാനത്തെ ഉദാഹരണമാണ്, ഇപ്പോ പക്ഷാഘാതം വന്ന് കസ്തൂർബാ മെഡിക്കൽ കോളേജിൽ മരുന്നുമാഫിയയ്ക്ക് തലവെച്ചിരിക്കുന്ന ഡോ. ബി.എം.ഹെഗ്ഡേ. എത്ര മനുഷ്യരെയാണ് അങ്ങേർ ഇതിനകം പറഞ്ഞ് വഴിതെറ്റിച്ചിട്ടുണ്ടാകുക! എന്തൊക്കെയാണ് ആധുനിക വൈദ്യത്തിനെതിരേ എഴുതിപ്പിടിപ്പിച്ചിരുന്നത്! എന്തായാലും സുഖമായി തിരിച്ചുവരട്ടെ. അതുകഴിഞ്ഞ് ഇനിയെന്താ പറയാനുള്ളത് എന്ന് കേൾക്കണമല്ലോ.

നുറുങ്ങ്: തിരുവനന്തപുരം ആയുർവേദ കോളജിൽ ഒരു ആംബുലൻസ് കിടക്കുന്നത് കണ്ട് കൌതുകത്തോടെയാണ് ചോദിച്ചത്, ഇവിടെ ഇതിന്റെ ആവശ്യമുണ്ടോ എന്ന്. ജീവനക്കാരൻ വളരെ ലളിതമായി ഉത്തരം പറഞ്ഞു- "ഇത് ഇങ്ങോട്ട് രോഗികളെ കൊണ്ടുവരാനല്ല, ഇവിടന്ന് സീരിയസ് ആകുന്നവരെ പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ളതാ!"