ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് 'സള്ളി' (Sully).
Vaisakhan Thampi
2018
ക്ലിന്റ് ഈസ്റ്റ്വുഡ് സംവിധാനം ചെയ്ത സിനിമയാണ് 'സള്ളി' (Sully). പക്ഷികളെ ഇടിച്ചതിനെ തുടർന്ന് എൻജിൻ തകരാറായ അമേരിക്കൻ വിമാനത്തെ 155 യാത്രക്കാരുമായി ഹഡ്സൺ നദിയിലേയ്ക്ക് 'ഇടിച്ചിറക്കിയ' ചെസ്ലി സളൻബെർഗറാണ് (സള്ളി) അതിലെ കേന്ദ്രകഥാപാത്രം. പക്ഷികളെ ഇടിച്ച ശേഷം തൊട്ടടുത്ത എയർപോർട്ടിലേയ്ക്ക് പറന്ന് അവിടെ ലാൻഡ് ചെയ്യുന്നതിന് പകരം വാട്ടർ ലാൻഡിങ് തെരെഞ്ഞെടുത്ത സള്ളി നൂറുകണക്കിന് ആളുകളുടെ ജീവൻ വെച്ച് കളിയ്ക്കുകയായിരുന്നു എന്ന ആരോപണം ഉയർന്നു. അതിനെ തുടർന്നുണ്ടായ അന്വേഷണമാണ് സിനിമയുടെ വിഷയം.
(ഈ പോസ്റ്റിന്റെ ഉള്ളടക്കം സിനിമയുടെ സ്പോയിലറാണ് എന്നറിയിക്കട്ടെ) വിമാനാപകടം നടന്നു കഴിഞ്ഞു. പൈലറ്റ് ആ സാഹചര്യം കൈകാര്യം ചെയ്തത് ശരിയായ രീതിയിലായിരുന്നോ എന്നതാണ് ചോദ്യം. പക്ഷികളെ ഇടിച്ച് എൻജിൻ തകരാറായ ശേഷം തൊട്ടടുത്ത എയർപോർട്ടിലേയ്ക്ക് പറന്നെത്താൻ സാവകാശമുണ്ടായിരുന്നില്ല എന്നതാണ് സള്ളിയുടെ വാദം. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി സമാനമായ സാഹചര്യങ്ങൾ കൃത്രിമമായി സിമുലേറ്റ് ചെയ്തശേഷം മറ്റ് പൈലറ്റുമാർ കൈകാര്യം ചെയ്തപ്പോഴൊക്കെ വിമാനം സുരക്ഷിതമായി എയർപോർട്ടിലിറക്കാനായി. ചില ഡ്രൈവിങ് സ്കൂളുകൾ ഡ്രൈവിങ് പഠിപ്പിക്കാൻ ഒരു കാറിന്റെ ഉള്ളിലെ എല്ലാ സജ്ജീകരണങ്ങളും, പുറത്തെ റോഡ്, കുഴികൾ, ട്രാഫിക് സിഗ്നൽ, തുടങ്ങിയ സാഹചര്യങ്ങളും സൃഷ്ടിക്കുന്നത് പോലെ തന്നെയാണത്. വിമാനം പറക്കുന്ന ഉയരം, അതിന്റെ വേഗം, അവിടത്തെ അന്തരീക്ഷസ്ഥിതി എന്നിങ്ങനെ എല്ലാ വിശദാംശങ്ങളും കൃത്രിമമായി സൃഷ്ടിച്ച ശേഷം പൈലറ്റുമാർ വിമാനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിശോധിക്കുന്നു. വിമാനം പറക്കുന്നു, പക്ഷികളെ ഇടിക്കുന്നു, തിരിച്ച് എയർപോർട്ടിലേയ്ക്ക് പറക്കുന്നു, ലാൻഡ് ചെയ്യുന്നു... പരീക്ഷിക്കപ്പെട്ട എല്ലാ പൈലറ്റുമാരും ഇത് വിജയകരമായി ചെയ്യുന്നു. തിരിച്ച് എയർപോർട്ടിലെത്താൻ സാവകാശമില്ലായിരുന്നു എന്ന് വാദിക്കുന്ന സള്ളി സ്വാഭാവികമായും പ്രതിക്കൂട്ടിലാകുമല്ലോ.
ഈ ഘട്ടത്തിലാണ് മിക്കവരും ആലോചിക്കാതെ പോകുകയോ അവഗണിക്കുകയോ ചെയ്യാൻ സാധ്യതയുള്ള ഒരു കാര്യം സള്ളി ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണ സമിതി സിമുലേറ്ററിൽ പരീക്ഷിയ്ക്കുന്ന എല്ലാ പൈലറ്റുമാരും, ഏത് തരം അപകടമാണ് സംഭവിക്കാൻ പോകുന്നത് എന്ന് മുൻകൂട്ടി അറിയാവുന്നവരാണ്. പക്ഷികളെ ഇടിയ്ക്കുമെന്നും ഇടിച്ചു കഴിഞ്ഞാൽ എന്തുചെയ്യണമെന്നും അവർക്കറിയാം. അന്വേഷണ സമിതി എത്ര പേരെ വച്ച് പരീക്ഷിച്ചാലും അക്കാര്യത്തിൽ മാറ്റമില്ല. പക്ഷേ സള്ളിയ്ക്കും, കോ-പൈലറ്റ് ജഫ്രി സ്കൈൽസിനും അതായിരുന്നില്ല അവസ്ഥ. പക്ഷികളെ ഇടിയ്ക്കുന്ന നിമിഷം വരെ അതൊരു സാധാരണ ഫ്ലൈറ്റായിരുന്നു അവർക്ക് (സള്ളി നാല്പത് വർഷത്തോളം അനുഭവ പരിചയമുള്ള ഒരു പൈലറ്റായിരുന്നു). എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസിലാവാനും അടുത്ത് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനും അവർക്കൽപ്പം സമയം വേണമായിരുന്നു. സള്ളിയുടെ ഈ വാദം അനുസരിച്ച് സിമുലേറ്ററിൽ 'റിയാക്ഷൻ ടൈം' എന്ന നിലയിൽ ഒരല്പം സമയതാമസം കൂടി ചേർത്ത് പരീക്ഷണം ആവർത്തിച്ചു. ഏതാനം സെക്കന്റുകളുടെ ആ താമസം സിമുലേറ്ററിൽ വിമാനം ലാൻഡ് ചെയ്യാനാവാത്ത അവസ്ഥയിലേക്കാണ് നയിച്ചത്.
നടന്നുകഴിഞ്ഞ ദുരന്തങ്ങളെ പിന്നിലേയ്ക്ക് നോക്കി ജഡ്ജ് ചെയ്യുമ്പോൾ ഇക്കാര്യം കൂടി ഓർമ്മിക്കുന്നത് നന്നായിരിക്കും. പലരും അത് മറക്കുന്നു, അത്രയേ പറയാൻ ഉദ്ദേശിച്ചുള്ളൂ.