ബസ്സാണോ ട്രെയിനാണോ നിങ്ങൾക്കിഷ്ടം?

Vaisakhan Thampi

2017

ബസ്സാണോ ട്രെയിനാണോ നിങ്ങൾക്കിഷ്ടം?

എന്തായാലും എനിക്ക് ബസ് യാത്രകളോട് പ്രേമമുണ്ടെന്നാണ് തോന്നുന്നത്. അതൊരല്പം ഇറാഷണൽ ആയതുകൊണ്ടാണ് പ്രേമം എന്ന വാക്ക് ഉപയോഗിച്ചത്. ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ട്രെയിനോ ബസ്സോ എന്നൊരു ചർച്ച വന്നാൽ വേറൊന്നും ആലോചിക്കാതെ ഞാൻ ബസ് തെരെഞ്ഞെടുക്കും. ദീർഘദൂര യാത്രകളിൽ പ്രത്യേകിച്ചും, ബസിന്റെ പല പോരായ്മകളും ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്:

1. സമയം കൂടുതലെടുക്കും.

2. ടിക്കറ്റ് നിരക്ക് ബസിന് കൂടുതലാണ്.

3. ട്രെയിനിനെ അപേക്ഷിച്ച് ചാടിയും കുലുങ്ങിയും വളഞ്ഞും തിരിഞ്ഞും പരുക്കനായ യാത്രയാണ് ബസിലേത്.

4. ടോയ്ലറ്റിൽ പോകാനുള്ള സൗകര്യം ബസിലില്ല.

5. ട്രെയിനിലെ പോലെ അകത്ത് ചായയും കടിയുമൊന്നും വാങ്ങാൻ കിട്ടില്ല.

ഇതൊക്കെ തത്വത്തിൽ സമ്മതിച്ചാൽ പോലും, പ്രയോഗത്തിൽ എന്റെ വോട്ട് ബസ്സിനേ പോകൂ. അതിന് ചില വ്യക്തിപരമായ കാരണങ്ങൾ ഉണ്ട്:

1. ട്രെയിനിൽ എനിക്ക് ബോറടിക്കും. ബസാണെങ്കിൽ ഒരേ റോഡാണെങ്കിൽ പോലും ഓരോ തവണയും പുതിയ കാഴ്ചകളാണ്. ട്രെയിനിലോ? എന്നും ഒരേ കാഴ്ച തന്നെ.

2. ബസ് കടന്നുപോകുന്നത് പട്ടണപ്രദേശങ്ങളിലൂടെയാണ് എന്നതിനാൽ മിക്കവാറും ഫോണിന് റെയിഞ്ച് കാണും. ട്രെയിൻ മിക്കവാറും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെ പോകുന്നതിനാൽ കവറേജ് മോശമായിരിക്കും.

3. ട്രെയിനിലെ, അപരിചിതരെ മുഖാമുഖം നോക്കി ദീർഘനേരം ബ്ലിങ്കസ്യാന്ന് ഇരിക്കുന്ന പരിപാടി എനിക്ക് വല്യ പാടാണ്.

4. ബസ് ബ്ലോക്കിൽ പെട്ടാൽ, എത്ര നേരം വൈകും എന്നതിനെ പറ്റി ഒരു ഏകദേശ ധാരണ നമുക്ക് തന്നെ കിട്ടും. ട്രെയിൻ എവിടെങ്കിലും പിടിച്ചിട്ടാൽ, എന്തിനാണെന്നോ എപ്പഴാണ് എടുക്കുകയെന്നോ ഒരു പിടിയും കിട്ടില്ല. ആ അനിശ്ചിതത്വം എനിക്ക് അസഹ്യമാണ്. കുറച്ചുനേരത്തെ അനിശ്ചിതത്വമായാൽ പോലും, നിശ്ചയമുള്ള നീണ്ട തടസത്തേക്കാൾ ബുദ്ധിമുട്ടാണ് (എനിക്ക്).

പറഞ്ഞുവരുമ്പോൾ, ഒരു സൂപ്പർഫാസ്റ്റിന്റെ നടുക്ക് വലതുഭാഗത്തെ ഒരു സൈഡ് സീറ്റ് കിട്ടിയാൽ എന്റെ യാത്ര കുശാൽ! വേറെ എന്ത് അസൗകര്യവും ഞാൻ സഹിക്കും.

ഇനി പറയൂ, എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ?