March 3, 2020

പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ!

Vaisakhan Thampi

2017

പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ!

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം."

"എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?"

"ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്".

"ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!"

"വായിച്ചു. പിന്നില്ലാതെ?"

"നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?"

"അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?"

"എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?"

"എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ലേ. ചേട്ടനാ പുസ്തകം ഒന്ന് വായിച്ച് നോക്കണം. സൂപ്പറാ."

"പോടാ അവിടുന്ന്. മാവോ സേ തൂങ്ങായിരുന്നു ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്തതെന്നും എബ്രഹാം ലിങ്കണായിരുന്നു ആദ്യത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെന്നുമൊക്കെ പറഞ്ഞ് ഒരു ചരിത്രപുസ്തകം തുടങ്ങിയാല്‍ അത് മുഴുവന്‍ വായിച്ചിട്ട് വേണോ അത് പൊട്ടത്തരമാണെന്ന് മനസിലാക്കാന്‍? തമാശ വായിക്കാനാണെങ്കില്‍ വല്ല 'ബോബനും മോളിയും' വാങ്ങി വായിച്ചാല്‍ പോരേ?"

"ഉം... ചേട്ടന്‍ പറയുന്നതും ശരിയാ."

"ഇത്രയും വലിയ മണ്ടത്തരം പറഞ്ഞ് തുടങ്ങുന്ന പുസ്തകം നിന്നെപ്പോലൊരാള്‍ കുത്തിയിരുന്ന് 1800 പേജും വായിച്ചുതീര്‍ത്തു എന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ്. നിനക്കിത്ര കോമണ്‍ സെന്‍സില്ലേടാ?"

"പക്ഷേ ചേട്ടാ ഒരു സംശയം..."

"എന്താ?"

"ഇന്നാളൊരു ദിവസം ഒരു ചാനല്‍ ചര്‍ച്ചയിലിരുന്ന് ചേട്ടന്‍ പറയുന്ന കേട്ടല്ലോ, പഠിക്കാതെ ഒന്നിനേയും വിമര്‍ശിക്കരുതെന്ന്?"

"ഏത് ചര്‍ച്ച?"

"മറ്റേ ജ്യോതിഷപ്രവചനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഒരു യുക്തിവാദിയോട് ചേട്ടന്‍ പറഞ്ഞായിരുന്നു, ജ്യോതിഷം പഠിക്കാതെ അതിനെ വിമര്‍ശിക്കരുതെന്ന്."

"അതെ, അത് ഞാന്‍ പറഞ്ഞതാ. പഠിക്കാതെ ഒന്നിനേയും വിമര്‍ശിക്കാന്‍ പാടില്ല. അയാള്‍ ജ്യോതിഷത്തെക്കുറിച്ച് നേരെ പഠിക്കാതെയാ വിമര്‍ശിച്ചത്."

"പക്ഷേ ചേട്ടാ അയാള് പറഞ്ഞത് ജ്യോതിഷത്തില്‍ പറയുന്നപോലെ ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊന്നും നമ്മുടെ ഭാവിയെ സ്വാധീനിക്കില്ല എന്നും അതുകൊണ്ട് തന്നെ ഗ്രഹനിലയൊക്കെ നോക്കി വിവാഹപ്പൊരുത്തം തീരുമാനിക്കുന്നതും മുഹൂര്‍ത്തം നോക്കലുമൊക്കെ അശാസ്ത്രീയമാണ് എന്നുമാണ്. അതിന് മറുപടിയായി ചേട്ടന്‍ ഒരു സംസ്കൃതശ്ലോകം ചൊല്ലിക്കൊടുത്തിട്ട് ജ്യോതിഷം പഠിച്ചിട്ട് വിമര്‍ശിക്കാന്‍ ഉപദേശിച്ചു."

"അതെ. അതിലെന്താ കുഴപ്പം?"

"ചേട്ടന്‍ ചൊല്ലിയ ശ്ലോകം ഏതോ പുരാതന പുസ്തകത്തില്‍ ഗ്രഹങ്ങള്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു എന്ന അര്‍ത്ഥം വരുന്നതായിരുന്നു. അത് തെറ്റും അശാസ്ത്രീയവുമാണെന്ന് ഉറപ്പുള്ള ഒരാള്‍ ജ്യോതിഷപുസ്തകങ്ങള്‍ മൊത്തം വായിച്ചിട്ട് വേണോ ജ്യോതിഷത്തെ വിമര്‍ശിക്കാന്‍? അതോ. ഞാന്‍ വായിച്ച പുസ്തകത്തെക്കുറിച്ച് ചേട്ടന്‍ ഇത്തിരി നേരത്തെ പറഞ്ഞ കമന്റ് തിരിച്ചെടുക്കുകയാണോ?"

"എന്തിന് തിരിച്ചെടുക്കണം? ഗ്രഹങ്ങള്‍ മനുഷ്യജീവിതത്തെ ഉറപ്പായിട്ടും സ്വാധീനിക്കുന്നുണ്ട്."

"അതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ലല്ലോ ചേട്ടാ. ജ്യോതിഷം പണ്ട് ഗ്രഹങ്ങളാണെന്ന് കരുതിയ സൂര്യനും ചന്ദ്രനും ഇന്ന് ഗ്രഹങ്ങളേയല്ല എന്ന് ശാസ്ത്രം തെളിയിച്ചു. ശാസ്ത്രം പിന്നീട് കണ്ടുപിടിച്ച യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ച് ജ്യോതിഷത്തില്‍ പറയുന്നുമില്ല. ഗ്രഹനിലയില്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭര്‍ത്താവിനെ കൊല്ലുമെന്ന് പറയപ്പെട്ടിരുന്ന ചൊവ്വയില്‍ മനുഷ്യന്‍ തന്നെ നിര്‍മിച്ച പേടകമിറങ്ങിയില്ലേ? പ്രായം കണക്കാക്കാന്‍ ഉപയോഗിച്ചിരുന്ന ഗ്രഹനില നോക്കിയാല്‍ അതിന്റെ ഉടമസ്ഥന്‍ ആണാണോ പെണ്ണാണോ, ജീവനോടെയുണ്ടോ മരിച്ചുപോയോ എന്നൊന്നും പറയാന്‍ പറ്റില്ലെന്നിരിക്കേ, അതുവച്ച് മുഴുവന്‍ ഭാവിയും ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ കുട്ടികളുടേയോ വരെ ഭാവിയും പ്രവചിക്കാം എന്ന് പറഞ്ഞാല്‍ അതൊക്കെ ശാസ്ത്രത്തിന് എതിരാണല്ലോ."

"ശാസ്ത്രം എല്ലാക്കാര്യത്തിലും ശരിയാകണമെന്നില്ല. ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഈ യുക്തിവാദികള്‍ എന്തിനും ഏതിനും ശാസ്ത്രം ശാസ്ത്രം എന്നുപറഞ്ഞ് നിലവിളിക്കുകയാണ്. അതും മറ്റൊരു വിശ്വാസം മാത്രമാണ്."

"ചേട്ടന്‍ എത്രകാലം ശാസ്ത്രം പഠിച്ചിട്ടുണ്ട്?"

"ഞാന്‍ പ്ളസ് ടൂ വരെ സയന്‍സാ പഠിച്ചത്."

"പ്ളസ് ടൂ കഴിഞ്ഞും ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേഷന്‍, റിസര്‍ച്ച് എന്നൊക്കെ പറഞ്ഞ് കുറേ ആളുകള്‍ ശാസ്ത്രം പഠിക്കുന്നുണ്ടല്ലോ! അതും പലപല വിഷയങ്ങളില്‍. അപ്പോ ചേട്ടന്‍ ശാസ്ത്രം മൊത്തം പഠിച്ചിട്ടാണോ ശാസ്ത്രത്തെ വിമര്‍ശിക്കുന്നത്?"

"അത് പിന്നെ, യുക്തിവാദികള്‍ ശാസ്ത്രം മൊത്തം പഠിച്ചിട്ടാണോ അതിനുവേണ്ടി വാദിക്കുന്നത്?"

"അതൊരു ന്യായീകരണമോണോ? പോരാത്തേന്, യുക്തിവാദികള്‍ ശാസ്ത്രത്തിന് എല്ലാമറിയാമെന്നോ അതുവെച്ച് എന്തും ചെയ്യാമെന്നോ എല്ലാ കാര്യങ്ങളും വിശദീകരിക്കാമെന്നോ അവകാശപ്പെടുന്നില്ലല്ലോ. യുക്തിപരമായ തീരുമാനം എടുക്കാന്‍ ശാസ്ത്രമാണ് ഏറ്റവും ആശ്രയിക്കാവുന്നത് എന്നല്ലേ പറയുന്നത്. ചേട്ടനും നിത്യജീവിതത്തില്‍ യുക്തി ഉപയോഗിക്കുന്ന ആളല്ലേ?"

"ഏഹ്?"

"ഞാനിപ്പോ വരുന്ന വഴിയ്ക്ക് പറക്കുന്ന ആനയെ കണ്ടു എന്നുപറഞ്ഞാല്‍ ചേട്ടന്‍ വിശ്വസിക്കുമോ? ഇല്ല. കാരണം ചേട്ടന്‍ യുക്തി ഉപയോഗിച്ച് അത് തെറ്റാണെന്ന് മനസിലാക്കും. (NB: പറക്കുന്ന ആനേന്റെ കഥ ഇവിടെ:

http://goo.gl/qb6ZTz

) ഇങ്ങനെ എത്രയോ കാര്യങ്ങളില്‍ ചേട്ടന്‍ ദിവസവും യുക്തി പ്രയോഗിക്കുന്നു!"

"അനിയാ, മനുഷ്യന്റെ യുക്തിയ്ക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതിനെ എല്ലാ കാര്യങ്ങളിലും പ്രയോഗിക്കാന്‍ കഴിയില്ല."

"ശരിയാ. യുക്തിയ്ക്ക് പരിമിതികളുണ്ട് എന്ന് സമ്മതിച്ചേ പറ്റൂ."

"കണ്ടാ, അതാണ് പോയിന്റ്!"

"പക്ഷേ ചേട്ടാ ഒരു സംശയം. ഈ യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങളും യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളും തമ്മില്‍ എങ്ങനെ തിരിച്ചറിയും?"

"ഏഹ്?"

"ചേട്ടന്‍ പറഞ്ഞില്ലേ യുക്തി എല്ലാ കാര്യത്തിലും പ്രയോഗിക്കാന്‍ കഴിയില്ലായെന്ന്? എന്റെ സംശയം ഇതാണ്, ഒരു പ്രത്യേക കാര്യത്തില്‍ യുക്തി പ്രയോഗിക്കാമോ ഇല്ലയോ എന്ന് എങ്ങനെ തീരുമാനിക്കും? അതിനുള്ള മാനദണ്ഡങ്ങള്‍ എങ്ങനെയാണ്? യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങളുടേയും നിരക്കാത്ത കാര്യങ്ങളുടേയും ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?"

"അതായത്... അത് പിന്നെ.. ഹ്..."

"ഞാന്‍ ചുമ്മാ ചോദിച്ചെന്നേയുള്ളൂ ചേട്ടാ, ഒന്ന് പഠിച്ചിരിക്കാലോ എന്ന് കരുതി. ചേട്ടന്‍ സമയം കിട്ടുമ്പോ മറുപടി തന്നാല്‍ മതി. തന്നില്ലേലും കുഴപ്പമില്ല. പോയിട്ടിത്തിരി പണിയുണ്ട്. പിന്നെക്കാണാം, ബൈ."

(പൊതുതാത്പര്യാര്‍ത്ഥം പ്രസിദ്ധപ്പെടുത്തുന്നത്: ഈ പോസ്റ്റിന് കീഴില്‍ ഇതിലെ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന് ചര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടില്ല. ഏതെങ്കിലും കമന്റുകള്‍ ക്രൂരമായി അവഗണിക്കപ്പെടുകയോ അറ്റകൈയ്ക്ക് ഡീലീറ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നപക്ഷം ചൊവ്വാദോഷമോ ശനിയുടെ അപഹാരമോ ആയിക്കണ്ട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു)