ഇന്ന് മാതൃഭൂമിയിൽ, 'നോക്കിനിന്നാൽ പാൽ തിളയ്ക്കാൻ വൈകുമോ?' എന്ന പേരിൽ വന്നൊരു ലേഖനം കുറേപേർ മെസ്സേജ് അയച്ച് തന്നിട്ട് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടിരുന്നു.

Vaisakhan Thampi

June 13, 2017

ഇന്ന് മാതൃഭൂമിയിൽ, 'നോക്കിനിന്നാൽ പാൽ തിളയ്ക്കാൻ വൈകുമോ?' എന്ന പേരിൽ വന്നൊരു ലേഖനം കുറേപേർ മെസ്സേജ് അയച്ച് തന്നിട്ട് അഭിപ്രായം പറയാൻ ആവശ്യപ്പെട്ടിരുന്നു. അവരിൽ ചിലർ ചോദിച്ചത്, 'ഇതൊക്കെ സത്യമാണോ?' എന്നായിരുന്നു. പിന്നീട് സമയം കിട്ടിയപ്പോഴാണ് ലിങ്ക് തുറന്ന് നോക്കിയത്. അത് എഴുതിയിരിക്കുന്നത് നല്ല ശാസ്ത്രലേഖനങ്ങൾ എഴുതാറുള്ള Joseph Antony ആണെന്ന് കണ്ടപ്പോൾ ആശ്വാസമായി, എന്തായാലും ഉഡായിപ്പാവില്ല. പക്ഷേ ആ ലേഖനം ഒരു നിരൂപണം ആവശ്യപ്പെടുന്നുണ്ട് എന്ന് തോന്നി.

ശ്രീ. ജോസഫ് ആന്റണി തികച്ചും നല്ല ഉദ്ദേശ്യത്തോടെയാണ് എഴുതിയത് എങ്കിലും പലരും അത് തെറ്റായ രീതിയിലാണ് മനസിലായിരിക്കുന്നത് എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. ഒരുപക്ഷേ ആ തലക്കെട്ട് തന്നെയാകണം പ്രധാനവില്ലൻ. ക്വാണ്ടം സീനോ പ്രഭാവം (Quantum Zeno effect) എന്ന വിചിത്ര പ്രതിഭാസത്തെയാണ് ലേഖനം പരിചയപ്പെടുത്തുന്നത് എങ്കിലും, അതിനോട് യാതൊരു രീതിയിലും ബന്ധമില്ലാത്ത ഒരു അടുക്കള സാഹചര്യം പറഞ്ഞാണ് അത് തുടങ്ങുന്നത്. വായനക്കാരുടെ ശ്രദ്ധയാകർഷിക്കാൻ പറ്റിയ കൌതുകകരമായ ഒരു ഉദാഹരണം തന്നെയാണ് അത്. പക്ഷേ "ഭൗതികശാസ്ത്രത്തിലെ വിചിത്രമായ ഒരു പ്രതിഭാസത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഇത്" എന്ന വാചകം, ക്വാണ്ടം സീനോ പ്രഭാവത്തെ പാൽ തിളയ്ക്കുന്ന അടുക്കളപ്രതിഭാസവുമായി കൂട്ടിവായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. ലേഖകൻ അത് ഉദ്ദേശിച്ചിട്ടില്ല എങ്കിൽപ്പോലും.

പൊതുവേ ക്വാണ്ടം ഫിസിക്സിനെക്കുറിച്ചുള്ള പോപ്പുലർ സയൻസ് ലേഖനങ്ങൾ വായിക്കുമ്പോൾ, നൂൽപ്പാലത്തിലൂടെ നടക്കുന്നൊരു ഫീലാണ് എനിക്ക്. ഏത് നിമിഷവും പൊട്ടി താഴെവീഴാം. പ്രത്യേകിച്ചും നമ്മുടേത് പോലെ കപടശാസ്ത്രക്കാരും വെളിപാടുപണ്ഡിതരും അരങ്ങ് തകർക്കുന്ന ഒരു സമൂഹത്തിൽ ക്വാണ്ടം ഫിസിക്സ് പരിചയപ്പെടുത്തുന്നത് കൈവിട്ടൊരു കളിയാണ്. കണികയാണോ തരംഗമാണോ എന്ന് തീർപ്പ് കല്പിക്കാൻ കഴിയാത്ത വിധം രണ്ടിന്റേയും സ്വഭാവം കാണിക്കുന്ന വസ്തുക്കൾ (Dual nature), ഒരേസമയം ഊർജത്തിന്റേയും സമയത്തിന്റേയും നിർണയം കൃത്യമായി കണക്കാക്കാൻ കഴിയാത്ത പരിമിതി (Uncertainty principle), നിരീക്ഷിക്കുമ്പോൾ സ്വഭാവം മാറുന്ന പ്രതിഭാസങ്ങൾ (Observer effect), തുരക്കുകയോ ചാടിക്കടക്കുകയോ ചെയ്യാതെയുള്ള മതിലുചാട്ടം (Quantum tunneling) എന്നിങ്ങനെ ഒരുമാതിരിപ്പെട്ട കൂടോത്രപരിപാടികളെല്ലാം ഉൾപ്പെട്ടതാണ് ക്വാണ്ടം ഫിസിക്സ്. അത് വിചിത്രമാണ്, സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തതാണ്. എന്നാൽ ഇത്തരം കാര്യങ്ങളുടെ മറപിടിച്ച് ആത്മാവും മരണാനന്തരജിവിതവും ഒക്കെ നൈസായി 'സയന്റിഫിക്കാ'ക്കി മാറ്റുന്ന ഫ്രോഡ് പരിപാടി ഇന്ന് തകൃതിയായി പലയിടത്തും നടക്കുന്നുണ്ട്. അവർക്കും കേൾക്കുന്നവർക്കും പിടികിട്ടിയിട്ടില്ലാത്ത, കിട്ടാൻ സാധ്യതയില്ലാത്ത, കാര്യങ്ങളായതുകൊണ്ട് വില്പനസാധ്യക കൂടും. പക്ഷേ സത്യം പറഞ്ഞാൽ, ഇലക്ട്രോണോ പ്രോട്ടോണോ പോലെ ഒരു കണിക ചാടുന്നതും കണ്ട് നമ്മൾ ചാടിയിട്ട് കാര്യമില്ല. സബറ്റോമിക കണികകളുടെ ലോകത്ത് മാത്രമേ മിക്ക ക്വാണ്ടം വിചിത്രനിയമങ്ങൾക്കും പ്രസക്തിയുള്ളൂ. ഇലക്ട്രോണിന് തരംഗമായും കണികയായും പെരുമാറാനുള്ള കഴിവുണ്ട് എന്നതുകൊണ്ട്, ഒരു മനുഷ്യനോ കാറിനോ ഒരിയ്ക്കലും തരംഗമായി പടരാനാകില്ല. നിത്യജീവിതത്തിൽ നാം നേരിട്ട് കാണുന്ന ഒന്നിനും ഒരു ക്വാണ്ടം പ്രതിഭാസമാകാൻ കഴിയില്ല. It's a totally different game. അത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാൻ ഈ പോസ്റ്റ് മതിയാകില്ല എന്നൊരു കുഴപ്പമുണ്ട്. എന്തിനധികം, സ്കൂൾ ക്ലാസിലേ പഠിക്കുന്ന ആറ്റത്തിന്റെ ഘടന എന്ന വിഷയം പോലും ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ ഒതുക്കാനാവാത്തതാണ്. അതുകൊണ്ട് അത്തരം സാഹസങ്ങൾക്കൊന്നും ഇവിടെ മുതിരുന്നില്ല. (ക്വാണ്ടം പ്രതിഭാസങ്ങളെ വിശദമായി വിവരിക്കുന്ന ഒരു പുസ്തകം എന്റേതായി ഇറങ്ങാനുണ്ട്)

മാതൃഭൂമി പോലെ ഒരു പ്രമുഖമാധ്യമത്തിൽ വന്നതുകൊണ്ട് ഒരുപാട് പേർ പ്രസ്തുത ലേഖനം വായിച്ചിരിക്കും. അതുമായി ബന്ധപ്പെട്ട ഒരു നുറുങ്ങ് കൂടി ഇവിടെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാനിപ്പിക്കാം. Quantum Zeno effect ആദ്യമായി കണ്ടെത്തിയത് ഈ.സി.ജി. സുദർശൻ അല്ല. അദ്ദേഹമാണ് ആദ്യമായി ആ പ്രതിഭാസത്തെ ഒരു Zeno paradox-ഉമായി ബന്ധിപ്പിച്ചത് എന്നതാണ് കൂടുതൽ ശരി. അതിന് മുൻപ് Alan Turing ഇത് പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാൽ Turing paradox എന്നൊരു പേര് കൂടി ഈ പ്രതിഭാസത്തിനുണ്ട്.

വാൽക്കഷണം:

കണ്ണുതെറ്റുമ്പോൾ തിളച്ചുതൂവുന്ന പാലിന് ക്വാണ്ടം സീനോ പ്രഭാവവുമായല്ല, മർഫി നിയമവുമായാണ് കൂടുതൽ ബന്ധം. അതേപ്പറ്റി മുൻപ് എഴുതിയത്-

https://goo.gl/nNCbXh