ഋഷിതുല്യ'നായ ശ്രീമാൻ രജത് കുമാറിനെ സർക്കാർ ബോധവൽക്കരണ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നതിനെ സംബന്ധിച്ച വാർത്ത കണ്ടു.

Vaisakhan Thampi

2018

'ഋഷിതുല്യ'നായ ശ്രീമാൻ രജത് കുമാറിനെ സർക്കാർ ബോധവൽക്കരണ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നതിനെ സംബന്ധിച്ച വാർത്ത കണ്ടു. അശാസ്ത്രീയവും സാമൂഹ്യവിരുദ്ധവുമായ പ്രചരണങ്ങൾ നടത്തുന്നു എന്നതാണ് കാരണം. പക്ഷേ ഇത്തരം ജുഗാഡ് നടപടികൾക്കപ്പുറം തീരെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു അടിസ്ഥാന പ്രശ്നമുണ്ട്. അത് രജത്കുമാർമാരല്ല, അവർക്ക് 'ഡിമാൻഡ്' കിട്ടുന്ന ഒരു സാമൂഹ്യ സാഹചര്യമാണ്. രജത് കുമാറാദികൾ പറയുന്ന മണ്ടത്തരങ്ങൾ മഹത്തരമായി കണക്കാക്കുന്ന ഒരു വൻ ജനാവലി ഇവിടെ ഉണ്ട് എന്നതാണ് മറ്റെല്ലാ പ്രശ്നങ്ങളിലും പ്രതിഫലിക്കുന്നത്. ആ തായ് വേരിലാണ് ചികിത്സ വേണ്ടത്. ജ്യോത്സ്യവിശ്വാസം ഇല്ലാതാക്കാൻ ജ്യോത്സ്യൻമാരെ നിരോധിച്ചതുകൊണ്ട് കാര്യമില്ല. സത്യവും മണ്ടത്തരവും വേർതിരിക്കാൻ കഴിയുന്ന, ശാസ്ത്രബോധമുള്ള ഒരു പൊതുജനം ഉണ്ടാകേണ്ടതുണ്ട്. തീർച്ചയായും, അത് എളുപ്പമോ പെട്ടെന്ന് നടക്കുന്നതോ ആയ കാര്യമല്ല. പക്ഷേ കൃത്യമായി അതിനെ തന്നെ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ തുടങ്ങുകയോ, കുറഞ്ഞത് അതൊരു ആവശ്യമാണെന്ന് തിരിച്ചറിയുകയോ എങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഈ അവസരത്തിൽ പഴയൊരു പോസ്റ്റ് ആവർത്തിക്കുന്നു:

പാണ്ഡിത്യത്തിന്റെ ലക്ഷണം എന്താണ്? പല വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികമായ അറിവാണോ? അല്ല, മറിച്ച് കനത്ത ആത്മവിശ്വാസമാണ്. എന്ത് വങ്കത്തരവും ആയിക്കോട്ടെ, തപ്പാതെ മുക്കാതെ നിർത്താതെ ഒഴുക്കോടെ പറയാൻ കഴിഞ്ഞാൽ നിങ്ങൾ ഭയങ്കര അറിവുള്ള ആളാണെന്ന് ജനം കരുതിക്കോളും. നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന മിക്ക പണ്ഡിതശിങ്കങ്ങൾക്കും കൈമുതലായിരിക്കുന്നത് ഈ ഒരു ക്വാളിറ്റി മാത്രമാണ്. കല്യാണവീടുകൾ, മരണവീടുകൾ തുടങ്ങി ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ചെന്നാൽ ഇത്തരം ലോക്കൽ പണ്ഡിതശ്രേഷ്ഠരെ അടുത്ത് നിരീക്ഷിക്കാൻ കഴിയും. ചമ്മന്തി ഉണ്ടാക്കുന്നത് മുതൽ പ്രപഞ്ചോൽപ്പത്തി വരെ എന്ത് വിഷയത്തിലും ഇവർക്ക് ആധികാരിക സ്വരമായിരിക്കുമെങ്കിലും, പൊതുവിൽ ആയുർവേദം/ആരോഗ്യം, ജ്യോതിഷം, ആദ്ധ്യാത്മികപുരാണങ്ങൾ എന്നിവയിലായിരിക്കും കൂടുതൽ ഊന്നൽ. നാട്ടുകാർക്കിടയിൽ ഈ വിഷയങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ് എന്നതാകാം കാരണം. 'നാല്പാമരം എന്ന മരത്തിന്റെ പട്ട ക്യാൻസറിനെ ചെറുക്കുന്നതിന് ഉത്തമമാണ്' എന്ന് ഒരു പണ്ഡിതൻ ഉച്ചത്തിൽ പ്രസ്താവിക്കുന്നതും അത് കേട്ട് ചുറ്റുമുള്ളവർ കോരിത്തരിക്കുന്നതും കണ്ടിട്ടുണ്ട്. ആയുർവേദപ്രകാരം നാല്പാമരം എന്നത് ഒറ്റ മരമല്ല, നാല് വെവ്വേറെ മരങ്ങളാണ് എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തിന്! പണ്ഡിതന് ലവലേശം സംശയമില്ലല്ലോ. വെറുതേ അറിവുള്ളവരെ ചോദ്യം ചെയ്ത് 'ഗുരുത്വദോഷം' ഉണ്ടാക്കണ്ടാന്ന് വെച്ചു. ഇത്തരം പ്രാദേശിക പണ്ഡിതർ മാത്രമല്ല, ജേക്കബ് വടക്കൻചേരി, ശ്രീനിവാസൻ, തുടങ്ങിയ ആരോഗ്യവിദഗ്ധർ മുതൽ കോംപ്ലാൻ, ഹാർപിക് തുടങ്ങിയ വൻകിട ഉൽപ്പന്നങ്ങൾ വരെ ഈ 'confident claim' ജാലവിദ്യ ഉപയോഗിക്കുന്നുണ്ട്. 99.68% അണുക്കളേയും കൊല്ലുന്നു എന്നൊക്കെയുള്ള തള്ളലിന്റെ ബലം അത്ര വലുതാണ്. ഈ കണക്കൊക്കെ എവിടുന്ന് വരുന്നു എന്നാരും ചോദിക്കില്ല. എവിടോ കേട്ടൊരു വാചകം ഓർമ്മ വരുന്നു - "The problem with this world is that the intelligent people are always in doubt while the stupids are too damn confident"