പഴയൊരു സംഭവകഥയാണ്. ഊഹിക്കാവുന്ന കാരണങ്ങളാൽ പേരുകളും സ്ഥലവുമൊന്നും പറയുന്നില്ല.

Vaisakhan Thampi

2018

പഴയൊരു സംഭവകഥയാണ്. ഊഹിക്കാവുന്ന കാരണങ്ങളാൽ പേരുകളും സ്ഥലവുമൊന്നും പറയുന്നില്ല.

ഹോസ്റ്റൽ വാസത്തിനിടെ സ്ഥിരമായി ടെറസിൽ പോയി ആകാശം നോക്കി കിടക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്. അതുപോലെ ഒരു ദിവസം പതിവുപോലെ ടെറസിൽ കയറിയപ്പോഴുണ്ട്, ഒരു പതിഞ്ഞ സംഭാഷണം. അരണ്ട നിലാവെളിച്ചത്തിൽ നോക്കിയപ്പോൾ രണ്ട് സഹവാസികൾ തന്നെയാണ്. ഒരാൾ വാട്ടർ ടാങ്കിൽ തല ചാരി കിടപ്പുണ്ട്, അടുത്തയാൾ തൊട്ടടുത്ത് താടി കാൽമുട്ടിൽ താങ്ങി തറയിലിരിക്കുന്നു. എന്തോ കാര്യം ഗഹനമായി ചർച്ച ചെയ്യുകയാണ്. സൗകര്യത്തിനായി നമുക്കവരെ തത്കാലം കിടപ്പവനെന്നും ഇരിപ്പവനെന്നും വിളിക്കാം. എന്നെ കണ്ടപ്പോൾ തന്നെ മിസ്റ്റർ കിടപ്പവൻ പറഞ്ഞു, "ആ തമ്പീ, വാ ഇരിക്ക്"

"എന്താ രണ്ടുപേരും കൂടി സീരിയസ് ചർച്ച?"

"അല്ലെടാ ഞാനാ അപൂർവരാഗങ്ങൾ സിനിമയുടെ കാര്യം പറയുകയായിരുന്നു"-(ആ സിനിമ ഇറങ്ങിയ സമയമാണ്)-"തമ്പി അത് കണ്ടിരുന്നോ?"

"ഞാൻ കണ്ടില്ല. അല്ലാ, നീയത് ഇതുവരെ വിട്ടില്ലേ?" (NB: അന്നും ഇന്നും ഞാനാ സിനിമ കണ്ടിട്ടില്ല. മിസ്റ്റർ കിടപ്പവൻ ആ സിനിമ കണ്ടതും, അതുമായി ബന്ധപ്പെട്ട് കിട്ടുന്നവരോടെല്ലാം ചർച്ചയ്ക്കും തർക്കത്തിനും പോകുന്നതും ആ നാട്ടിലാകെ പാട്ടായിക്കഴിഞ്ഞിരുന്നു. ഇതാ ഞാനും അതിൽ ചെന്ന് പെട്ടിരിക്കുന്നു!)

"ഓ അത്ര സംഭവോന്ന്വല്ല. സംഗതി എന്താച്ചാൽ, ഒരു പെൺകുട്ടി തന്നെ ചതിച്ച ആൺകുട്ടികളോട് റിവഞ്ച് ആയിട്ട് അതിലൊരുത്തനോട് പ്രേമം നടിച്ചിട്ട് തിരിച്ച് വഞ്ചിക്കുന്നതാ കഥ"(അങ്ങനെന്തോ ആണ്)"അവസാനം അവൻ അവളുടെ മുന്നിൽ വച്ച് ആത്മഹത്യ ചെയ്യുന്നതാണ് ക്ലൈമാക്സ്"

"ഓഹോ", ഞാൻ കേട്ടതായി രേഖപ്പെടുത്തി.

"അല്ലാ, എന്റെ സംശയം അതല്ല. സംഗതി അവള് അവനോട് റിവഞ്ചെടുത്തതാ. പക്ഷേ സത്യത്തിൽ എന്താ സംഭവിച്ചത്? അവനിനി എന്തേലും പ്രശ്നമുണ്ടോ? അവൻ മരിച്ചല്ലോ. പക്ഷേ ആ പെണ്ണ് ഇനിയും ജീവിക്കണ്ടവളല്ലേ? അവൾക്കിനി മനസ്സമാധാനമായിട്ട് ജീവിക്കാൻ പറ്റുമോ?"

കേട്ടതൊന്നും വെറുതേയല്ല എന്നെനിക്ക് മനസിലായി. എന്തെങ്കിലും പറയും മുൻപ് കിടപ്പവൻ പിന്നേം വാചാലനായി.

"അല്ല തമ്പീ, നീ തന്നെ പറ. അവൾക്കിനി മനസ്സമാധാനം ഉണ്ടാകുവോ? ഞാൻ കുറേ നേരമായിട്ട് ഇക്കാര്യം പല രീതിയിലും പറഞ്ഞുനോക്കി, ഇവൻ പക്ഷേ സമ്മതിക്കുന്നില്ല"

ഞാൻ മിസ്റ്റർ ഇരിപ്പവനെ നോക്കി. അവന് വല്യ കുലുക്കമില്ല. "എന്നിട്ട് നീയെന്ത് പറഞ്ഞെഡേയ്?"- ഞാൻ ചോദിച്ചു.

"അല്ലണ്ണാ, ഞാൻ എത്ര പറഞ്ഞിട്ടും ഈ ചേട്ടന് മനസിലാവണില്ല. അല്ലാ, അണ്ണൻ തന്നെ പറ. ഇതൊക്കെ ഷൂട്ടിങ് തീരണ വരെയല്ലേ ഉള്ളൂ. അത് കഴിഞ്ഞാ ഇതൊക്കെ ആരെങ്കിലും ആലോചിക്കുവോ? ആ പെണ്ണിപ്പോ വേറെ ഏതെങ്കിലും സിനിമേല് അഭിനയിക്കേരിക്കും. അല്ലേ? ഞാനെത്ര പറഞ്ഞിട്ടും ഈ ചേട്ടൻ സമ്മതിച്ച് തരണില്ല"

തമാശയായിട്ടൊന്നുമല്ല, ഇരിപ്പവൻ കട്ട സീരിയസ്സായിട്ടാണ് പറയുന്നത്. അപ്പോ അതാണ് ചർച്ച അവസാനിക്കാത്തത്! ഇങ്ങനെ രണ്ടുപേര് തമ്മിൽ ഒരു ഡിസ്കഷൻ നടത്തിയാൽ അത് എവിടെ ചെന്ന് നിൽക്കുമെന്ന് ആർക്കും പറയാനാകില്ല്ലല്ലോ. എന്തായാലും ഞാൻ ഫോൺ വന്നതുപോലെ അഭിനയിച്ച് രംഗത്തുനിന്ന് സ്കൂട്ടായി.

(ആധാർ വിവരങ്ങൾ അഞ്ചടി കനമുള്ള മതില് കെട്ടി സംരക്ഷിച്ചിരിക്കുകയാണ് എന്ന അറ്റോണി ജനറലിന്റെ വാദം കേട്ടപ്പോൾ എനിക്കീ സംഭവം ഓർമ്മ വന്നു. ഇനിയിപ്പോ ഡേറ്റയിൽ വൈറസ് കേറാതിരിക്കാൻ പതഞ്ജലിയുടെ പിണ്ണതൈലം വാങ്ങി പൂശിയെന്നോ മറ്റോ കേൾക്കേണ്ടിവരുമോ എന്തോ!)