അടുത്തിടെ ഒരു കുട്ടി രസകരമായ ഒരു ചോദ്യം ചോദിച്ചു- എന്തുകൊണ്ടാണ് ബഹിരാകാശത്തെ ശൂന്യത (വാക്വം) നമ്മുടെ അന്തരീക്ഷവായുവിനെ വലിച്ചെടുക്കാത്തത്?
Vaisakhan Thampi
2018
അടുത്തിടെ ഒരു കുട്ടി രസകരമായ ഒരു ചോദ്യം ചോദിച്ചു- എന്തുകൊണ്ടാണ് ബഹിരാകാശത്തെ ശൂന്യത (വാക്വം) നമ്മുടെ അന്തരീക്ഷവായുവിനെ വലിച്ചെടുക്കാത്തത്? എത്ര പേർ ഇതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട് എന്നറിയില്ല. പക്ഷേ സ്വാഭാവിക കൗതുകം നശിച്ചിട്ടില്ലാത്ത കുട്ടികളിൽ നിന്നല്ലാതെ ഇത്തരം ചോദ്യങ്ങൾ അധികം കേൾക്കാറില്ല.
ഉത്തരത്തിലേയ്ക്ക് വരാം. വാക്വം ക്ലീനർ ഉപയോഗിച്ച് പൊടിപടലങ്ങളെ വലിച്ചെടുക്കുന്ന കാഴ്ചയാണ് ചോദ്യത്തിന് പിന്നിലെ പ്രചോദനം എന്ന് വ്യക്തം. ആ ഉപകരണം ഹോസിനുള്ളിൽ ഒരു വാക്വം ഉണ്ടാക്കുകയും അതിനെ തുടർന്ന് ഹോസിന് വെളിയിൽ നിന്നും വായു അതിനുള്ളിലേയ്ക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നതായി എല്ലാവർക്കും അറിയാം. അങ്ങനെയെങ്കിൽ ബാഹ്യാകാശത്ത് നിലനിൽക്കുന്ന, അതിലും ശക്തമായ ഒരു വാക്വത്തിന്റെ വലിവ് നമ്മുടെ അന്തരീക്ഷത്തിനെയും വലിച്ചെടുക്കേണ്ടതല്ലേ?
എന്നാൽ വാക്വം ക്ലീനർ പുറമേ നിന്ന് ഒന്നിനേയും വലിച്ചെടുക്കുന്നില്ല എന്നതാണ് സത്യം. ശരിയായ അർത്ഥത്തിൽ അത് ഒരു 'വാക്വം' ഉണ്ടാക്കുന്നു പോലുമില്ല. അത് ആകെ ചെയ്യുന്നത് ഹോസിനുള്ളിലെ വായുമർദ്ദം ഒരല്പം കുറയ്ക്കലാണ്. അല്പമെന്ന് വച്ചാൽ പുറത്തെ അന്തരീക്ഷമർദ്ദത്തെക്കാൾ ഏതാണ്ട് 20% മാത്രം കുറവ്. വായുമർദ്ദമെന്നത് ഒരു പ്രത്യേക വിസ്താരത്തിൽ വായു പ്രയോഗിക്കുന്ന ബലമാണ്. അടുത്തടുത്ത രണ്ട് ഭാഗങ്ങളിൽ മർദ്ദവ്യത്യാസം ഉണ്ടായാൽ സ്വാഭാവികമായും അവിടങ്ങളിൽ പ്രയോഗിക്കപ്പെടുന്ന ബലങ്ങളിൽ ഒരു അസന്തുലനം ഉണ്ടാകുകയും, മർദ്ദം കൂടിയ ഭാഗത്ത് നിന്ന് മർദ്ദം കുറഞ്ഞ ഭാഗത്തേയ്ക്ക് ഒരു ബലപ്രയോഗം അനുഭവപ്പെടുകയും ചെയ്യും. വായുവിൽ ഈ ബലപ്രയോഗം പ്രകടമാകുന്നത് കാറ്റ് എന്ന വായുപ്രവാഹത്തിന്റെ രൂപത്തിലാണ്. ഈ കാറ്റാണ് ഹോസിനകത്തേയ്ക്കും വീശുന്നത്. ചുരുക്കത്തിൽ ഹോസിലെ വാക്വം വായുവിനെ വലിക്കുന്നതല്ല, മറിച്ച് ഹോസിലെ മർദ്ദം കുറഞ്ഞ ഭാഗത്തേയ്ക്ക് പുറത്തുനിന്നും അന്തരീക്ഷവായു തള്ളിക്കയറുന്നതാണ് നാം കാണുന്നത്. അത് 'വലിവ'ല്ല, 'തള്ളലാ'ണ്.
മർദ്ദം എന്നാൽ ഒരുതരം ബലപ്രയോഗം ആണെന്ന് പറഞ്ഞല്ലോ. ഇനി എവിടന്നാണ് അന്തരീക്ഷവായുവിന് ഈ ബലപ്രയോഗം നടത്താനുള്ള ശേഷി ലഭിയ്ക്കുന്നത്? അത് വായുവിന്റെ തന്നെ ഭാരം കൊണ്ട് ലഭിയ്ക്കുന്നതാണ്. ഭാരമുള്ള ഒരു ഇഷ്ടിക എടുത്ത് ചുമലിൽ വച്ചാൽ അതിനടിയിൽ അതിന്റെ ഭാരം കാരണം ശരീരത്തിന് ഒരു മർദ്ദം അനുഭവപ്പെടുമല്ലോ. ഒറ്റനോട്ടത്തിൽ തോന്നിയില്ലെങ്കിൽ പോലും അന്തീക്ഷവായുവിനും ഗണ്യമായ ഭാരമുണ്ട്. മറ്റേത് വസ്തുവിനും എന്നപോലെ അന്തരീക്ഷവായുവിനും ഭാരം ലഭിയ്ക്കുന്നത് ഭൂമി അതിനെ ഗുരുത്വബലം വഴി ആകർഷിക്കുന്നത് കൊണ്ട് തന്നെ. അതേ കാരണം കൊണ്ടാണ് ഈ വാതകപടലത്തിന് ഭൂമിയോട് ഒട്ടിനിൽക്കാൻ കഴിയുന്നതും. ഭൂമിയിലെ ഏത് സ്ഥലമെടുത്താലും അതിന് തൊട്ടുമുകളിലുള്ള അന്തരീക്ഷവായുവിന്റെ ഭാരത്തിന് ആനുപാതികമായിട്ടായിരിക്കും അവിടെ അന്തരീക്ഷമർദ്ദം. അതാണ് പർവതങ്ങളുടെ മുകളിലേയ്ക്ക് ചെല്ലുന്തോറും അന്തരീക്ഷമർദ്ദം കുറഞ്ഞുവരുന്നത്.
ചുരുക്കത്തിൽ, വാക്വത്തിന് ഒന്നിനേയും വലിച്ചെടുക്കാനുള്ള ശേഷിയില്ല, അന്തരീക്ഷം ഭൂമിയുടെ കേന്ദ്രത്തിലേയ്ക്കുള്ള ഗുരുത്വാകർഷണം കാരണം അതിനോടൊട്ടി നിൽക്കുന്ന വാതകപടലമാണ് എന്നീ കാര്യങ്ങൾ ചേർത്ത് വായിച്ചാൽ നമ്മുടെ ചോദ്യത്തിനുള്ള ഉത്തരമായി.