വര്‍ക്ക് ഫ്രം ഹോം; ജോലി ചെയ്യുന്ന കംപ്യൂട്ടറില്‍ പോണ്‍സൈറ്റുകള്‍ കാണുന്നവര്‍ സൂക്ഷിക്കുക

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് പലസ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചത്. പല കമ്പനികളും അതിനായി വേണ്ട കംപ്യൂട്ടറുകളും സ്വന്തം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാനുള്ള സോഫ്റ്റ് വെയറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും അവര്‍ക്ക് നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരില്‍ പകുതിയിലധികം പേരും ഓഫീസ് ജോലികള്‍ക്കായി ഉപയോഗിക്കുന്ന അതേ കംപ്യൂട്ടറില്‍ തന്നെ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 18 ശതമാനം പേരും കമ്പനിയില്‍ നിന്നും കൊടുത്ത കംപ്യൂട്ടറില്‍ തന്നെ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണ്. 33 ശതമാനം പേര്‍ ഓഫീസ് ജോലികള്‍ക്കായി ഉപയോഗിച്ചുവരുന്ന സ്വന്തം കംപ്യൂട്ടറില്‍ പോണ്‍ കാണുന്നുണ്ട്.

എന്നാല്‍ ജീവനക്കാര്‍ അവര്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളിലും മറ്റ് ഉള്ളടക്കങ്ങളിലും ശ്രദ്ധചെലുത്തിയില്ലെങ്കില്‍ അത് വ്യാപകമായ മാല്‍വെയര്‍ ഭീഷണികള്‍ക്ക് വഴിവെക്കുമെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീ പറയുന്നു.

അതേസമയം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 31 ശതമാനം ആളുകള്‍ അവര്‍ നേരത്തെ ജോലിക്കായി ചിലവഴിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇപ്പോള്‍ ചിലവഴിക്കുന്നുണ്ട്. എങ്കിലും 46 ശതമാനം ആളുകള്‍ പ്രത്യേകിച്ചും ഐടി ജീവനക്കാര്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വ്യക്തിജീവിതത്തില്‍ സമയം ചിലവഴിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ക്ക് ഫ്രം ഹോം ആരംഭിച്ചതിന് ശേഷം മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുന്നവരാണ് 55 ശതമാനം പേര്‍. ഓഫീസ് ജോലികള്‍ ചെയ്യുന്ന അതേ കംപ്യൂട്ടറില്‍ തന്നെയാണ് വാര്‍ത്തകളും വായിക്കുന്നത്.

ജോലിക്കായി വ്യക്തിപരമായി ഉപയോഗിച്ചിരുന്ന പല സേവനങ്ങളും ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. 42 ശതമാനം പേരും തന്റെ സ്വന്തം ഇമെയില്‍ അക്കൗണ്ടുകളാണ് ഇപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പേഴ്‌സണല്‍ മെസഞ്ചറുകളും ഔദ്യോഗിക ആശയ വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുമുണ്ട്.

Source:Mathrubhumi

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️