ലോകത്തിലെ ഏറ്റവും ചെറിയ ദിനോസർ

മ്യാൻമാറിൽ നിന്ന് ഏറ്റവുമൊടുവിലായി കണ്ടെത്തിയ ഒരു ഫോസിൽ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയാണ്. പക്ഷിക്കു സമാനമായ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും ചെറിയ ദിനോസറിന്റെ ഫോസിലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. കുന്തിരിക്ക പശയ്ക്ക്‌ ഉള്ളിലായാണ് തള്ളവിരലിലെ നഖത്തിനോളം മാത്രം വലുപ്പമുള്ള ദിനോസറിന്റെ തലയുടെ ഫോസിൽ ലഭിച്ചത്.

99 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിൽ ആവാം ഇതെന്നാണ് കണക്കുകൂട്ടൽ. ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ചെറിയവയായ ബീ ഹമ്മിങ്ബേർസിനോളം വലുപ്പം മാത്രമാണ് ഈ ദിനോസർ ഫോസിലിന് ഉള്ളത്. തലയുടെ ഏറ്റവും പിൻഭാഗം മുതൽ കൊക്ക് പോലെ തോന്നിക്കുന്ന ഭാഗം വരെ അളന്നാൽ 1.5 സെൻറീമീറ്റർ മാത്രമാണ് ഫോസിലിന്റെ നീളം.

തൂവലുകൾ ഉള്ള ദിനോസറുകളായ ആർക്കിയോപ്റ്ററിക്സ്, ജെഹോലോർനിസ് എന്നിവയുമായി അകന്ന ബന്ധമുള്ളതാണ് പുതിയതായി കണ്ടെത്തിയ ദിനോസർ. ഏറ്റവും ചെറിയ ദിനോസർ എന്ന് കരുതപ്പെടുന്ന പുതിയ ഇനത്തിനും തൂവലുകൾ ഉള്ള ചിറകുകൾ ഉണ്ടായിരുന്നിരിക്കാം എന്നാണ് ഗവേഷകർ കരുതുന്നത്. എന്നാൽ ഇതു സംബന്ധിച്ച് നിഗമനത്തിലെത്തുന്നത് കൂടുതൽ ഫോസിലുകൾ കണ്ടെത്തേണ്ടത് ആവശ്യമാണ്.

ബീ ഹമ്മിങ് ബേർഡിന് സമാനമായ രൂപം ആണെങ്കിലും ഈ ദിനോസർ പക്ഷികൾ തേൻ കുടിക്കുന്നവ ആയിരുന്നില്ല എന്നാണ് നിഗമനം. ഫോസിലിന്റെ മുകളിലെ താടിയെല്ലിൽ മൂർച്ചയേറിയ 40 പല്ലുകൾ കണ്ടെത്തി. സാമാന്യത്തിലധികം വലുപ്പമുള്ള കണ്ണുകളാണ് ഇവയ്ക്കുള്ളത്. ഈ പ്രത്യേകതകൾ എല്ലാം കാരണം കണ്ണ്, പല്ല്, പക്ഷി എന്നിവയുടെ ലാറ്റിൻ പദങ്ങൾ കൂട്ടിച്ചേർത്ത് ഒകുലുഡെന്റാവിസ് (Oculudentavis) എന്ന പേരാണ് ഈ കുഞ്ഞൻ ദിനോസറുകൾക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്നത്.

ഇന്നു ജീവിച്ചിരിക്കുന്ന ഒരു ജീവികൾക്കും ഒകുലുഡെന്റാവിസിന്റെതിന് സമാനമായ പ്രത്യേകതകൾ ഇല്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കണ്ടെത്തലാണ് ഇതെന്ന് സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പാലിയന്റോളജിസ്റ്റായ റയാൻ കാർനേയ് പറയുന്നു. ഇത്രയും ചെറിയ ഫോസിലുകൾ കണ്ടെത്തുന്നത് അത് സാധാരണഗതിയിൽ ലഭിക്കാറില്ല. കുന്തിരിക്ക പശയ്ക്കുള്ളിൽ അകപ്പെട്ടതിനാലാണ് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷവും കേടുപാടുകൾ കൂടാതെ ഫോസിൽ ലഭിച്ചത് എന്ന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഓഫ് ലോസാഞ്ചൽസ് കൗണ്ടിയിലെ ഡോക്ടർ ലൂയിസ് ഷിയാപ്പെ പറയുന്നു. ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന ചെറുജീവികളെ കുറിച്ചുള്ള പഠനങ്ങളിൽ വെളിച്ചം വീശുന്നതിനു ദിനോസർ ഫോസിലിന്റെ കണ്ടെത്തൽ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source:Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝 In Telegram👉🏻☣️ ടെലിബ്ലോഗർ☣️