June 18, 2020

സോംബി ഫയര്‍

ഇതാദ്യമായി ഈ വര്‍ഷമല്ല സോംബി ഫയര്‍ എന്നു വിളിക്കപ്പെടുന്ന ആര്‍ട്ടിക്കിലെ കാട്ടുതീയുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ വരെ വലിയ തോതില്‍ സൈബീരിയയിലെ പുല്‍മേടുകളില്‍ ഈ കാട്ടുതീ പടര്‍ന്നിരുന്നു. ഇതില്‍ ജൂണ്‍ മാസത്തില്‍ മാത്രമുണ്ടായ കാട്ടുതീയില്‍ 50 മെഗാ ടണ്‍ കാര്‍ബണാണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടത്. ഇത്ര വ്യാപകമായ തോതില്‍ കാട്ടുതീ ഉണ്ടായെന്നു മാത്രമല്ല ആ കാട്ടുതീ അണയാതെ ഒരു വര്‍ഷത്തോളം തുടര്‍ന്നു എന്ന കണ്ടെത്തലാണ് ഈ കാട്ടുതീക്ക് സോംബി ഫയര്‍ എന്ന പേര് നല്‍കിയതും.

പുറമെ മനുഷ്യന്‍റെ രൂപമുണ്ടെങ്കിലും ഉള്ളില്‍ നരഭോജികളെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാങ്കല്‍പിക ജീവികളാണ് സോംബികള്‍. അതുകൊണ്ട് തന്നെയാണ് ഈ കാട്ടുതീക്കും സോംബി എന്ന പേരു നല്‍കിയത്. ഏതാണ്ട് 6 മാസത്തിലധികം പുറമെ മഞ്ഞു മൂടിയെന്ന് തോന്നിച്ചുവെങ്കിലും ഉള്ളില്‍ തീ സജീവമായിരുന്നു. ഇങ്ങനെ ഉള്ളില്‍ ഒളിച്ചിരുന്ന ശേഷം അനുകൂലസമയത്ത് പുറത്തു ചാടിയതോടെയാണ് ഈ വിനാശകാരിയയ കാട്ടുതീയെ സോംബി എന്ന് വിളിച്ചതും.

ഏപ്രില്‍ മാസത്തില്‍ പ്രത്യേക കാരണങ്ങളില്ലാതെ തന്നെ കാട്ടുതീ സൈബീരിയന്‍ ആര്‍ട്ടിക് മേഖലയില്‍ പടര്‍ന്നതോടെയാണ് ഇതിനു പിന്നില്‍ അന്വേഷവുമായി ഗവേഷകര്‍ രംഗത്തെത്തിയത്. മനുഷ്യരുടെ ഇടപെടലോ, ഇടിമിന്നല്‍ പോലുള്ള പ്രകൃതി പ്രതിഭാസങ്ങളോ ഇല്ലാതെ കാട്ടുതീ ഉണ്ടാകില്ല. ഏപ്രില്‍ മാസത്തില്‍ മഞ്ഞു മാറിയ ഉടന്‍ തന്നെ ഈ കാരണങ്ങളൊന്നും തന്നെ ആര്‍ട്ടിക് മേഖലയില്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റ് കാരണങ്ങളെക്കുറിച്ച് അന്വേഷണമാരംഭിച്ചത്.

ഈ അന്വേഷണത്തിലാണ് ശൈത്യകാലത്ത് മേഖലയെ മൂടിയ മഞ്ഞുപാളിക്കടയില്‍ ഈ കാട്ടുതീ ഒളിച്ചിരുന്നിരിക്കാമെന്ന നിഗമനത്തിലേക്ക് ഗവേഷകരരെത്തിയത്. ഈ കാട്ടുതീ പിന്നീട് ശൈത്യകാലത്ത് വരണ്ടു കിടന്ന സൈബീരിയയിലെ ബോറിയല്‍ കാടുകളില്‍ പടര്‍ന്നു പിടിച്ചുവെന്നും ഇവര്‍ കണക്കു കൂട്ടുന്നു. ഇതിന് തെളിവായി ചില സാറ്റ‌ലെറ്റ് ദൃശ്യങ്ങളും ഗവേഷകര്‍ക്ക് പഠന സമയത്ത് ലഭിച്ചിട്ടുണ്ട്. മഞ്ഞുകാലത്തിന് ശേഷം ഈ മേഖലയില്‍ കാട്ടുതീ വീണ്ടും രൂപപ്പെടുന്നതിന് കാരണമായത് മഞ്ഞുപാളിയുടെ അടിയിലുണ്ടായിരുന്ന തീയാണെന്ന സൂചനകളാണ് ഈ സാറ്റ്‌ലെറ്റ് ദൃശ്യങ്ങളും നല്‍കുന്നത്.

കോപ്പര്‍നിക്കസ് അറ്റ്മോസ്ഫിയര്‍ മോണിട്ടറിങ് സര്‍വീസിലെ ഗവേഷകനായ മാര്‍ക്ക് പാരിങ്ടണിന്‍റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്. കഴിഞ്ഞ വേനലില്‍ വ്യാപകമായ കാട്ടുതീയാണ് മേഖലയിലുണ്ടായതെന്ന് വ്യക്തമാക്കുന്ന മാര്‍ക്ക് പാരിങ്ടണ്‍ ആര്‍ട്ടിക്കില്‍ രൂപപ്പട്ടിട്ടുള്ള സവിശേഷ കാലാവസ്ഥാ സാഹചര്യമാകാം മഞ്ഞുപാളികള്‍ക്കിടയില്‍ കാട്ടുതീയുടെ അംശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ കാരണമായതന്നു ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം ഈ വര്‍ഷം മാത്രമല്ല വരും നാളുകളിലും തുടര്‍ക്കഥയായേക്കാമെന്ന ആശങ്കയും മാര്‍ക്ക് പാരിങ്ടണ്‍ മുന്നോട്ടു വയ്ക്കുന്നു.

ഇതാദ്യമായല്ല സോംബി ഫയര്‍ എന്ന പ്രതിഭാസം കണ്ടെത്തുന്നത്. മുന്‍പ് അലാസ്കയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പരിസ്ഥിതി വിഭാഗം അധ്യാപകനായ തോമസ് സ്മിത്ത് ഇതിനെ സംബന്ധിച്ച് സൂചന നല്‍കുന്ന സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വേനല്‍ക്കാലത്തിന്‍റെ അവസാനം തീയുടെ അവസാന നാളികള്‍ അപ്രത്യക്ഷമാകുന്ന മേഖലയില്‍ നിന്ന് തന്നെയാണ് അടുത്ത വേനല്‍ക്കാലം ആരംഭിച്ച് വൈകാതെ തീ ഉദ്ഭക്കുന്നതെന്ന് ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. അതായത് മഞ്ഞുപാളികളുടെ അടിയില്‍ കനല്‍ അണയാതെ കിടക്കുന്നു എന്ന നിഗമനത്തിലേക്കു തന്നെയാണ് ഈ തെളിവു നയിക്കുന്നത്.

അതേസമയം അലാസ്കയിലും ഇത്തരം പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് ഈ സോംബി ഫയര്‍ പ്രതിഭാസത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. മാത്രമല്ല കാരണം എന്തായാല്‍ തന്നെയും ശൈത്യമേഖലകളില്‍ പോലും കാട്ടുതീ വർധിക്കുന്നു എന്നത് ആശങ്കാനകമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Source:Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻☣️ ടെലിബ്ലോഗർ☣️ In Telegram