100 വയസ്സുകാരൻ ഡിയാഗോയിക്ക് ഇനി വിശ്രമകാലം
തന്റെ വർഗം നിലനിർത്തുന്നതിനായി ആറു പതിറ്റാണ്ടുകളായി പ്രജനന പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന ഡിയാഗോ എന്ന ആമ ഭീമന് ഇനി വിശ്രമകാലം. ഗാലപ്പഗോസ് ആമകളുടെ എണ്ണം വിരലിലെണ്ണാവുന്നതായി ചുരുങ്ങിയ കാലത്ത് അവയുടെ വംശം നിലനിർത്തുന്നതിനായി ഗാലപ്പഗോസ് നാഷണൽ പാർക്കിൽ എത്തിച്ചതായിരുന്നു ഡിയാഗോയെ. ഇത്രയും കാലം പ്രജനനത്തിനു വേണ്ടി മാത്രം അവിടെ പാർപ്പിച്ചിരുന്ന ആമയെ എസ്പാനോളയിലെ ജനവാസമില്ലാത്ത ദ്വീപിലേക്കാണു തിരികെ വിട്ടത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ ഗാലപ്പഗോസ് ആമകളിൽ രണ്ട് ആൺ ആമകളും രണ്ട് പെൺ ആമകളും മാത്രമാണ് അവശേഷിച്ചിരുന്നത്. ഇതേതുടർന്ന് 1960-കളിൽ അവയുടെ വംശം നിലനിർത്തുന്നതിനായി ഡിയാഗോയെ നാഷണൽ പാർക്കിൽ എത്തിക്കുകയായിരുന്നു. ഇന്ന് ഗാലപ്പഗോസ് ആമകളുടെ 2000 ആയി ഉയർന്നിട്ടുണ്ട്. അവയിൽ 800 കുഞ്ഞുങ്ങളുടെയും പിതാവ് ഡിയാഗോ ആണ്.
നൂറു വയസ്സ് പ്രായമാണ് ഡിയാഗോയിക്കുള്ളത്. 80 കിലോഗ്രാം തൂക്കവും 35 ഇഞ്ചോളം നീളവുമുണ്ട്. ഡിയാഗോ അടക്കം 25 ഗാലപ്പഗോസ് ആമകളെയാണ് ഇപ്പോൾ നാഷണൽ പാർക്കിൽ നിന്നും തിരികെ അയച്ചിരിക്കുന്നത്. എസ്പാനോള ദ്വീപിലേക്ക് അയക്കുന്നതിനു മുൻപ് 25 ആമകളെയും ക്വാറന്റീനിൽ ആക്കിയിരുന്നു. ഗാലപ്പഗോസ് നാഷണൽ പാർക്കിലെ ചെടികളുടെയും മരങ്ങളുടെയും വിത്തുകൾ അവ ദ്വീപിലേക്ക് വഹിക്കാതെ പോകാൻ വേണ്ടിയായിരുന്നു ക്വാറന്റീൻ കാലം.
വംശനാശം സംഭവിക്കാതെ തന്റെ വർഗത്തെ നിലനിർത്തുന്നതിനായി മാത്രം ആറുപതിറ്റാണ്ട് നാഷണൽ പാർക്കിൽ കഴിഞ്ഞ ഡിയാഗോയെ തിരിച്ചയക്കുന്നതോടെ ഒരു വലിയ അധ്യായത്തിന് അവസാനം കുറിക്കുകയാണെന്ന് ഇക്വഡോറിലെ പരിസ്ഥിതി മന്ത്രിയായ പൗലോ പ്രോവനോ പറയുന്നു.