ചഡ്ഡി ബനിയൻ ഗ്യാങ്
തൊണ്ണൂറുകളിൽ ഗുജറാത്തിൽ നിന്നായിരുന്നു ചഡ്ഡി ബനിയൻ എന്ന പേരിൽ ഒരു കൊള്ള സംഘത്തെ പറ്റി വന്ന വാർത്ത ആദ്യമായി ശ്രദ്ധയിൽ പെടുന്നത്. പിന്നീട് അത്തരം വാർത്തകളൊന്നും അധികം വന്നിരുന്നില്ലെങ്കിലും ഉത്തരേന്ത്യൻ പട്ടണങ്ങളിൽ ചഡ്ഡി ബനിയൻ കൊള്ള സംഘം നിരവധി കവർച്ചകൾ നടത്തിയിരുന്നുവെങ്കിലും എവിടെയും ആരും പിടിക്കപ്പെടാത്തത് കൊണ്ട് ഈ സംഘത്തിന്റെ പേര് വാർത്താ മാധ്യമ ശ്രദ്ധ നേടിയില്ല.
1998 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ലക്ഷ്മൺ ഗെയ്ക്‌വാദിന്റെ 'ഉചല്യ' എന്ന മറാത്തി നോവൽ അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. ജന്മനാ കുറ്റവാളികളെന്ന് ബ്രിട്ടീഷ് സർക്കാർ ചാപ്പ കുത്തിയ നിരവധി നാടോടി ഗോത്രത്തിൽ ഒരു ഗോത്രമാണ് മഹാരാഷ്ട്രയിലെ പാർധി ഗോത്രം. പൊതുസമൂഹത്തിൽ ഇടം കിട്ടാതെ തിരസ്‌കൃതരും നിഷ്‌കാസിതരുമായി ജീവിക്കേണ്ടിവന്ന മനുഷ്യരുടെ ജീവിതസത്യമാണ് ഉചല്യ എന്ന ആത്മകഥാ ശൈലിയിൽ എഴുതിയ നോവൽ.
1871 ൽ ബ്രിട്ടീഷുകാർ കൊണ്ട് വന്ന ക്രിമിനൽ ട്രൈബ്സ് ആക്ട് ന്റെ കീഴിൽ പാർധി സമൂഹത്തെ കൂടി ഉൾപ്പെടുത്തിയതോടെ ഈ ഗോത്രത്തിന്റെ ജീവിതം നരകതുല്യമാവുകയായിരുന്നു. പൊതുസമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് പോയ ഇവരുടെ അതിജീവനം ഏറെ ക്ലേശകരമായിരുന്നു. പിന്നീട് അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ 1952 ൽ ജനദ്രോഹപരമായ കാടൻ നിയമത്തിന്റെ പരിധിയിൽ നിന്ന് ഈ ഗോത്രത്തെ ഒഴിവാക്കുകയും സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരാൻ ശ്രമം നടത്തുകയുമുണ്ടായി. നാടോടി ഗോത്ര സമൂഹമായി പരിഗണിച്ചു പട്ടികജാതിയിൽ ഉൾപ്പെടുത്തിയിരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും
പാർധി സമൂഹത്തിൽ പെടുന്നവരിൽ അധികവും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരായിരുന്നു. നാടോടി സമൂഹമായി മാറിയത് കൊണ്ട് തന്നെ കുടിലോ ജീവിത സൗകര്യമോ ഇല്ലാതെ കഴിയാനായിരുന്നു വിധി. സർക്കാർ ആനുകൂല്യങ്ങളോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇവർ സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജീവിത സാഹചര്യത്തിൽ ജീവിക്കുന്നവരായിരുന്നു. ഗ്രാമങ്ങളിലും കുറ്റിക്കാടുകളിലും മറ്റും വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന ഇവരിൽ ചിലർ അറിയപ്പെടുന്ന തസ്‌കര സംഘമായി മാറി.
പകൽ പൈജാമയും കുർത്തയുമണിഞ്ഞു കൂലിപ്പണി തേടിയും ഭിക്ഷയാചിച്ചും കറങ്ങി നടക്കുന്ന ചെറുസംഘം കൊള്ളയടിക്കാനുള്ള സ്ഥലവും പരിസരവും സൂക്ഷമതയോടെ വീക്ഷിക്കും. രാത്രിയുടെ അന്ത്യയാമങ്ങളിൽ നാലോ അഞ്ചോ പേർ ഉൾപ്പെടുന്ന സംഘം കവർച്ച നടത്തുന്ന രീതിയാണ് ഇവരുടേത്. വെറും അടിവസ്ത്രവും (കച്ച) ബനിയനും മാത്രമായിരിക്കും ഇവരുടെ കവർച്ചാ വേഷം. ഇതിൽ നിന്നാണ് ഈ സംഘം 'ചഡ്ഡി ബനിയൻ ഗ്യാംഗ്' അറിയപ്പെട്ടത്. ദേഹമാസകലം എണ്ണയോ കരി ഓയിലോ തേച്ചു പിടിപ്പിക്കുന്നതും ഇവരുടെ രീതിയാണ്. പിടിക്കപ്പെട്ടാൽ പെട്ടെന്ന് വഴുതി മാറാനാണീ സൂത്രം ഉപയോഗിക്കുന്നത്. കത്തിയും കമ്പിപ്പാരയും മുളക്പൊടിയുമൊക്കെയായി കവർച്ചയ്ക്ക് ഇറങ്ങുന്ന ഇവരുടെ മുമ്പിൽ വീട്ടുകാർ പെട്ടാൽ അക്രമിക്കാനും ഇവർ മുതിരാറുണ്ട്.
കവർച്ചയ്ക്കിടയിൽ ജീവൻ എടുത്ത സംഭവങ്ങളും ഉണ്ടായതോടെ അധികൃതർ ഉണർന്ന് പ്രവർത്തിച്ചുവെങ്കിലും ഈ സംഘത്തെ പിടികൂടാൻ അധികൃതർക്ക് സാധിച്ചില്ല. നാടോടി സംഘമായത് കൊണ്ട് തന്നെ ഒരു പ്രദേശത്തും തങ്ങാറില്ലാത്തതും മേൽ വിലാസമോ തെളിവുകളോ ഇല്ലാത്ത കാരണത്താൽ പലപ്പോഴും ഇവർ രക്ഷപ്പെടുകയും ചെയ്യും. 2016 ൽ മുംബൈയിലെ ഗോവണ്ടിയിൽ ആൾത്താമസമില്ലാത്ത അപ്പാർട്ട്മെന്റിൽ കവർച്ചയ്‌ക്കെത്തിയപ്പോൾ ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന സി സി ടി വി യിൽ ഇവരുടെ ചിത്രം തെളിഞ്ഞത് താഴെ മുറിയിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരൻ കാണുകയുണ്ടായി. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വൻ പോലീസ് സന്നാഹമെത്തി കവർച്ചയ്‌ക്കെത്തിയ ആറു പേരിൽ നാല് പേരെ കീഴടക്കുകയും ചെയ്തത് മാത്രമാണ് ചഡ്ഡി ബനിയൻ സംഘത്തിൽ നിന്ന് പിടിയിലായ ആദ്യ കേസ് ഉണ്ടാവുന്നത്.
സംഘത്തിലെ മറ്റുള്ളവരെയും കണ്ടെത്തി ഈ ഗോത്രത്തെ മൊത്തത്തിൽ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ സർക്കാർ സംവിധാനം ശ്രമിച്ചു കൊണ്ട് വരികയാണെന്ന് മഹാരാഷ്ട്ര സർക്കാരിന്ന് കീഴിലുള്ള പിന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ അറിയിച്ചത് ആശാവഹമാണ്.
Credit: സിദ്ദീഖ് പടപ്പിൽ