March 18, 2020

Canon R5 8K വീഡിയോ റെക്കോർഡിങ്ങ് ക്യാമറ വരുന്നു.......

ഫുള്‍ഫ്രെയിം മിറര്‍ലെസ് ശ്രേണിയിലെ തലവന്‍ ക്യാമറയായ ഇഒഎസ് ആര്‍5vന്റെ (EOS R5) നിര്‍മ്മാണം തുടങ്ങയിരിക്കുന്നതായി ജാപ്പനീസ് ക്യാമറ നിര്‍മ്മാണ ഭീമനായ ക്യാനന്‍ അറിയിച്ചു. ക്യാമറാ ബോഡിയില്‍ തന്നെയുള്ള സ്റ്റബിലൈസേഷന്‍, 8കെ റെസലൂഷനുള്ള വിഡിയോ റെക്കോഡുചെയ്യാനുള്ള ശേഷി, സൈലന്റ് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 20 സ്റ്റില്‍ ഫോട്ടോകള്‍ പകര്‍ത്താനുള്ള കഴിവ്, മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 12 ഫ്രെയിം ഷൂട്ടുചെയ്യാനുള്ള ശേഷി, ഇരട്ട കാര്‍ഡ് സ്ലോട്ട് തുടങ്ങിയവയാണ് മുഖ്യ ഫീച്ചറുകള്‍. പുതിയതായി നിര്‍മ്മിച്ച സീമോസ് സെന്‍സറായിരിക്കും ഇതിന്റെ കേന്ദ്രം. ഇതിന് 40 എംപി റെസലൂഷന്‍ ആയിരിക്കാനാണു വഴി.


ശരിക്കും 8കെ വരുമോ?


ഹെഡ്‌ലൈന്‍ ഫീച്ചറായ 8കെ വിഡിയോ എങ്ങനെയാണ് കമ്പനി അവതരിപ്പിക്കുക എന്ന കാര്യത്തെക്കുറിച്ച് ഇനിയും തര്‍ക്കം നിലനില്‍ക്കുന്നു. സെന്‍സറിന്റെ ഒരു ഭാഗം മാത്രം ഉപയോഗപ്പെടുത്തിയായിരിക്കുമോ ഇതു ചെയ്യുക, അതോ സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിക്കുമോ, സെക്കന്‍ഡില്‍ 15 ഫ്രെയിം മാത്രമേ ഷൂട്ടു ചെയ്യുകയുള്ളോ, 2x ഓവര്‍ സാംപിള്‍ഡ് 4കെ ആണോ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല. എന്നാല്‍, 8കെ വിഡിയോയില്‍ നിന്ന് ഹൈ റെസലൂഷന്‍ സ്റ്റില്‍ ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കാമെന്ന് പറയുന്നുണ്ട്. 8കെ വിഡിയോ പ്രോസസ് ചെയ്ത്, 4കെയെക്കാള്‍ ഭേദപ്പെട്ട വിഡിയോ സൃഷ്ടിക്കാമെന്നും പറയുന്നു. എന്നാല്‍, ഇത്തരമൊരു ക്യാമറ നിര്‍മ്മിക്കാന്‍ വന്‍ വെല്ലുവിളികളായിരിക്കും ക്യാനന്‍ നേരിടേണ്ടിവരിക. 8കെ വിഡിയോ റെക്കോഡു ചെയ്യുമ്പോള്‍ ഡേറ്റാ വന്‍തോതില്‍ സൃഷ്ടിക്കപ്പെടും. ക്യാമറ ചുട്ടുപൊള്ളുന്ന രീതിയില്‍ വരെ ചൂടാകാം. ഇതെല്ലാം സാങ്കേതികമായി വന്‍ വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്യാനന്‍ ഈ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് നേരിടുക എന്നത് കണ്ടറിയേണ്ട കാര്യങ്ങളാണ്.


ക്യാനന്‍ ഇഒഎസ് ആര്‍, ആര്‍പി തുങ്ങിയ ക്യാമാറകളെക്കാള്‍ എന്തുകൊണ്ടും നിലവാരം ഉയര്‍ന്ന ക്യാമറയായിരിക്കും ആര്‍5. ഇഒഎസ് ആര്‍ ഉപയോക്താക്കളെ ചൊടിപ്പിച്ച M-Fn ബാര്‍ പുതിയ ക്യാമറയില്‍ ഉണ്ടായിരിക്കുകയില്ലെന്നും പറയുന്നു. (അതേസമയം, നിക്കോണിന്റെ അടുത്ത പ്രധാന മിറര്‍ലെസ് ക്യാമറ ഉയര്‍ന്ന റെസലൂഷനുള്ള ഒന്നായിരിക്കുമെന്നാണ് അറിയുന്നത്. Z9 എന്ന പേരില്‍ ആയിരിക്കാം ഈ ക്യാമറ ഇറങ്ങുക. പ്രതീക്ഷിക്കുന്നത് 61 എംപി സെന്‍സറാണ്. 6കെ വിഡിയോ ഷൂട്ടു ചെയ്‌തേക്കുമെന്നും ഇരട്ട മെമ്മറി കാര്‍ഡുകള്‍ സ്വീകരിക്കുമെന്നും പറയുന്നു.)
ക്യാനന്റെ പുതിയ ലെന്‍സുകള്‍
ആരെയും കൊതിപ്പിക്കുന്ന ലെന്‍സുകളാണ് ക്യാനന്റെ മിറര്‍ലെസ് ശ്രേണിയുടെ സവിശേഷത. പക്ഷേ, അവയില്‍ മിക്കതിനും തുടക്കക്കാര്‍ക്കും മറ്റും താങ്ങാനാകാത്ത വിലയുമായിരുന്നു. എന്നാലിപ്പോഴിതാ വിലകുറഞ്ഞ ലെന്‍സുകള്‍ അവതരിപ്പിക്കുകയാണ് ക്യാനന്‍. ആര്‍എഫ് മൗണ്ടിനായി ഇറക്കിയിരിക്കുന്ന പുതിയ ആര്‍എഫ് 24-105 എഫ്4-7.1 ഐഎസ് എസ്ടിഎം (RF 24-105mm F4-7.1 IS STM) ലെന്‍സിന് 400 ഡോളറായിരിക്കും വില.

ഈ ലെന്‍സിന് 5 സ്‌റ്റോപ് വരെ സ്റ്റബിലൈസേഷന്‍ കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റെപ്പിങ് മോട്ടര്‍ പിടിപ്പിച്ചിരിക്കുന്നതിനാല്‍ താരതമ്യേന നിശബ്ദമായ ഓട്ടോഫോക്കസും കിട്ടും. ഇത് വിഡിയോ ഷൂട്ടര്‍മാര്‍ക്ക് ഉപയോഗപ്രദമായിരിക്കും. താമസിയാതെ ഇഒഎസ് ആര്‍പി ബോഡിയടെ കിറ്റ് ലെന്‍സായിരിക്കും ഇത്. കോംബോ ആയി വാങ്ങുമ്പോള്‍ വില വീണ്ടും കുറയും.
പുതിയ ആര്‍എഫ് 100-500 ലെന്‍സ്
പുതിയ ആര്‍എഫ് 100-500 ലെന്‍സും (RF 100-500mm F4.5-7.1 L IS USM) രണ്ട് ആര്‍എഫ് ടെലി കണ്‍വേര്‍ട്ടറുകളും (1.4X, 2X) താമസിയാതെ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
ക്യാനന്‍ 850ഡി


ക്യാനന്റെ റെബല്‍ സീരിസിലുളള ഇഒഎസ് റെബല്‍ 850ഡി (T8i) ഡിഎസ്എല്‍ആര്‍ ക്യാമറയും പുറത്തിറക്കി. 24-എംപി സീമോസ് സെന്‍സറുള്ള ഈ ക്യാമാറയ്ക്ക് മികച്ച ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. ഡിജിക് 8 പ്രോസസര്‍, സെക്കന്‍ഡില്‍ 7 ഫോട്ടൊ എടുക്കാനുള്ള കഴിവ്, ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, 4കെ വിഡിയോ റെക്കോഡിങ് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഫ്‌ളിപ് ഔട്ട് ചെയ്യാവുന്ന സ്‌ക്രീന്‍ ഇതിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. ഇന്‍സ്റ്റാഗ്രാം തലമുറയെ ആകര്‍ഷിക്കാനായി വെര്‍ട്ടിക്കല്‍ വിഡിയോ ഷൂട്ടിങും സാധ്യമാക്കിയിട്ടുണ്ട്. നാളിതുവരെ ഇറങ്ങിയിരിക്കുന്നതില്‍വച്ച് ഏറ്റവും കരുത്തുറ്റ റെബല്‍ ക്യാമറയാണിത്. ബോഡിക്കു മാത്രം 749 ഡോളറായിരിക്കും വില.

Canon R not R5 only for familiar with design