യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-1)


അനില്‍കുമാര്‍ . വി. അയ്യപ്പന്‍

ക്രിസ്‌ത്യാനികള്‍ക്കെതിരെയുള്ള ബൈബിള്‍ വിമര്‍ശകന്‍മാരുടെ -പ്രത്യേകിച്ച്‌ ദാവാ പ്രസംഗകരുടെ- ഇഷ്‌ടവിഷയങ്ങളിലൊന്നാണ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി. മത്തായിയിലും ലൂക്കോസിലുമുള്ള വംശാവലികളില്‍ ‘വ്യത്യാസങ്ങള്‍’ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നും അതുകൊണ്ട്‌ തന്നെ അത്‌ വിശ്വസനീയമല്ലെന്നും അവര്‍ പുരപ്പുറത്ത്‌ കയറി നിന്ന്‌ വിളിച്ചു കൂവും! ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ‘മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞു നില്‍ക്ക, ഇവ നിഷ്‌പ്രയോജനവും വ്യര്‍ത്ഥവുമല്ലോ’ (തീത്തോ.3:9) എന്നും “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥക്കല്ല, തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളേയും അന്തമില്ലാത്ത വംശാവലികളേയും ശ്രദ്ധിക്കരുതെന്നും’ (1.തിമൊ.1:3) ദൈവവചനത്തില്‍ ഉള്ളതിനാല്‍ വംശാവലിയെ കൂടുതല്‍ വിലയിരുത്താനോ ആഴത്തില്‍ പഠിക്കാനോ ശ്രമിച്ചു കാണാറില്ല.

മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട്‌ വേദഭാഗങ്ങളും ബൈബിളിലെ യേശു ക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചല്ല, ആദിമസഭയുടെ അംഗങ്ങളായിത്തീര്‍ന്ന യെഹൂദന്‍മാര്‍ ‘അബ്രഹാമിന്‍റെ മക്കള്‍’ എന്ന തങ്ങളുടെ വംശപാരമ്പര്യത്തെ പൊക്കിപ്പിടിക്കാന്‍ കൊണ്ടുവന്നിരുന്ന വംശാവലികളെക്കുറിച്ചാണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കാന്‍ പറ്റും. കാരണം, ‘വംശാവലി’ എന്ന്‌ ഏകവചനത്തിലല്ല, ‘വംശാവലികള്‍’ എന്ന്‌ ബഹുവചനത്തിലാണ്‌ പറഞ്ഞിരിക്കുന്നത്‌ . അന്തമില്ലാത്ത വംശാവലികള്‍ എന്ന പദപ്രയോഗവും ശ്രദ്ധിക്കേണ്ടതുണ്ട്‌ . യേശുക്രിസ്‌തുവിന്‍റെ വംശാവലിക്ക്‌ ഒരു ആരംഭമുള്ളതുപോലെത്തന്നെ ഒരു അന്തവുമുണ്ട്‌ . തന്‍റെ മരണത്തോടെ ആ വംശാവലി അവസാനിച്ചു. എന്നാല്‍ യെഹൂദന്മാരുടെ വംശാവലികള്‍ക്ക്‌ അന്തമില്ല. കാരണം, പുതിയ തലമുറ ഉണ്ടാകുമ്പോള്‍ അവരുടെ പേരുകള്‍ ഈ വംശാവലികളില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ഈ വംശാവലികള്‍ക്ക്‌ അന്തമുണ്ടാവുകയില്ല. അവ അവസാനിക്കാതെ നീണ്ടുപോവുകയാണിപ്പോഴും!

‘തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകള്‍’ എന്നു പറഞ്ഞിരിക്കുന്നത്‌ യെഹൂദാ പാരമ്പര്യത്തില്‍ അഭിരമിച്ചുകൊണ്ട് ഓരോരോ കാലത്ത് ഓരോരുത്തര്‍ രചിച്ച കഥകളെക്കുറിച്ചാണെന്നു കാണാന്‍പറ്റും. ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭയുടെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും യെഹൂദന്‍മാരായിരുന്നതുകൊണ്ട്‌ ഇത്തരം കെട്ടുകഥകളെക്കുറിച്ച്‌ അവര്‍ക്കു നല്ല അറിവുണ്ടായിരുന്നു. ഈ തരത്തില്‍പ്പെട്ട വംശാവലികളും കെട്ടുകഥകളും വിശ്വാസികളുടെ ഇടയില്‍ മൌഢ്യതര്‍ക്കവും കലഹവും ഉണ്ടാക്കും എന്നാണ്‌ പരിശുദ്ധാത്മാവ്‌ പറയുന്നത്‌. എന്നാല്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചുള്ള അറിവ്‌ നിഷ്‌പ്രയോജനമോ നിരര്‍ത്ഥകമോ അല്ല. പ്രത്യുത, അര്‍ത്ഥസമ്പുഷ്‌ടവും പ്രയോജനകരവും ആത്മിക വര്‍ദ്ധനക്ക്‌ ഉതകുന്നതുമാണ്‌ എന്നതത്ര യാഥാര്‍ത്ഥ്യം!

നാല്‌ സുവിശേഷരചയിതാക്കളും വ്യത്യസ്‌തമായ നാല്‌ വിധത്തിലാണ്‌ യേശുക്രിസ്‌തുവിനെ വരച്ച്‌ കാണിക്കുന്നത്‌ . ‘സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക്‌ ഇറക്കിക്കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായി’ മത്തായിയും ‘ദൈവത്തെ മനുഷ്യര്‍ എങ്ങനെ അനുസരിക്കണമെന്നുള്ളതിന്‍റെ ഉത്തമ മാതൃകയെന്ന നിലയില്‍ ദൈവത്തിന്‍റെ ദാസനായി’ മര്‍ക്കോസും യവന വൈദ്യനായ ലൂക്കോസ്‌ ‘(പാപ,ശാപ)രോഗങ്ങളൊന്നുമില്ലാത്ത ഒരു സമ്പൂര്‍ണ്ണ മനുഷ്യനായും’ യേശുക്രിസ്‌തുവിന്‍റെ മാറിനോട്‌ ചാരിയിരുന്നിട്ടുള്ള യോഹന്നാന്‍ ‘സമ്പൂര്‍ണ്ണ ദൈവമായും’ യേശുക്രിസ്‌തുവിനെ തങ്ങളുടെ സുവിശേങ്ങളിലൂടെ അവതരിപ്പിക്കുന്നു. മത്തായിയും ലൂക്കോസും മാത്രമേ യേശുക്രിസ്‌തുവിന്‍റെ വംശാവലി നല്‍കുന്നുള്ളൂ. മറ്റു രണ്ടുപേര്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടുകളഞ്ഞത്‌ യാദൃശ്ചികമല്ല,. ഒരു ദാസനെ സംബന്ധിച്ചിടത്തോളം അവന്‌ പാരമ്പര്യമോ വംശാവലിയോ അവകാശപ്പെടാനില്ല; അവന്‍ വെറും അടിമ മാത്രമാണ്‌ . അതുകൊണ്ടാണ്‌ യേശുക്രിസ്‌തുവിനെ ദാസനായി അവതരിപ്പിക്കുന്ന സുവിശേഷത്തില്‍ ദാസന്‍റെ വംശാവലി പരാമര്‍ശിക്കാതെ പോയത്‌ .

യോഹന്നാന്‍ യേശുക്രിസ്‌തുവിനെ സത്യദൈവമായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌ . ദൈവത്തിന്‌ വംശാവലിയില്ല. അവന്‍ അന്നും ഇന്നും എന്നും മാറ്റമില്ലാത്തവനാണ്‌ . ആദിമധ്യാന്തരഹിതനും പുരാതനനുമാണ്‌ . അതുകൊണ്ടത്ര യോഹന്നാന്‍റെ സുവിശേഷത്തില്‍ പരിശുദ്ധാത്മാവ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടത്‌ !

വംശാവലി പൊതുവെ വിരസത ഉളവാക്കുന്ന ഒന്നായിട്ടാണ്‌ ആദ്യവായനയില്‍ നമുക്ക്‌അനുഭവപ്പെടുന്നത്‌ . എന്നാല്‍ വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന യെഹൂദന്‍മാര്‍ക്ക്‌ അത്‌ വളരെ താല്‌പര്യജനകമാണ്‌ . വംശാവലിരേഖ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു യെഹൂദന്‍ സ്വസമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകും. തെളിവുകള്‍ പഴയ നിയമത്തിലുണ്ട്‌ . നെഹ.7:61-ല്‍നാം ഇപ്രകാരം വായിക്കുന്നു: “തേല്‍മേലെഹ്‌, തേല്‍പര്‍ശാ, കെരൂബ്‌, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്ന്‌ മടങ്ങി വന്നവര്‍ ഇവര്‍ തന്നെ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നെയോ എന്ന്‌ തങ്ങളുടെ പിതൃഭവനവും വംശോല്‌പത്തിയും കാണിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.’ നെഹ.7:64-ല്‍ ഈ കൂട്ടരെക്കുറിച്ചു പ്രകാരം പറയുന്നു: “ഇവര്‍ വംശാവലി രേഖ അന്വേഷിച്ചു, കണ്ടില്ല താനും; അതു കൊണ്ട്‌ അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തില്‍ നിന്ന്‌ നീക്കിക്കളഞ്ഞു.’ ഇതേ സംഭവം എസ്രാ.2:59,62 എന്നീ ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നത്‌ വംശാവലി രേഖയുടെ പ്രാധാന്യം നല്ലവണ്ണം വ്യക്തമാക്കുന്നു.

ഒരു യെഹൂദനെ സംബന്ധിച്ചിടത്തോളം ‘ദൈവത്താല്‍ തിരഞ്ഞടുക്കപ്പെട്ട ജനം’ എന്ന വിശുദ്ധവും ഉന്നതവുമായ പദവിയില്‍ ജീവിക്കാനുള്ള അവകാശപത്രമാണ്‌ വംശാവലിരേഖ. സ്വദേശം വിട്ട്‌ വിദേശത്ത്‌ എത്തിപ്പെട്ട ഒരുവന്‌ പാസ്സ്‌പോര്‍ട്ട്‌ എത്ര പ്രധാനമാണോ അതിനേക്കാള്‍ ഒട്ടും കുറയാത്ത പ്രാധാന്യമാണ്‌ ഒരു യെഹൂദന്‍റെ ജീവിതത്തില്‍ വംശാവലി രേഖക്കുള്ളത്‌ . അതുകൊണ്ടു തന്നെ അവനത്‌ യാതൊരു കേടും കൂടാതെ സംരക്ഷിക്കുകയും ചെയ്യും. വംശാവലിരേഖയേക്കാള്‍ ഒരു യെഹൂദന്‌ വിലപിടിപ്പായിട്ടുള്ളത്‌ സ്വന്തം ജീവന്‍മാത്രമാണ്‌ . മറ്റുള്ളവയെല്ലാം അവനെ സംബന്ധിച്ചിടത്തോളം വംശാവലി രേഖയേക്കാള്‍ താഴെയാണ്‌ . ഇന്ന്‌ ലോകത്തില്‍ ഏറ്റവും പുരാതനമായ വംശാവലിരേഖയുള്ളത്‌ യെഹൂദന്മാര്‍ക്കു മാത്രമാണ്‌ . ക്രി.വ.70-ലെ യെരുശലേം നാശത്തില്‍ യെഹൂദ്യയിലും ഗലീലയിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിന്‌ യെഹൂദന്മാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതോടൊപ്പം തന്നെ ജീവനോടെ അവശേഷിച്ചവര്‍ക്ക്‌ വംശാവലിരേഖകളും നഷ്‌ടപ്പെട്ടു. എന്നാല്‍ യിസ്രായേലിനു പുറത്ത്‌ താമസിച്ചിരുന്ന യെഹൂദന്മാര്‍ക്ക്‌ തങ്ങളുടെ വംശാവലി രേഖകള്‍ നാശത്തില്‍നിന്ന്‌ സംരക്ഷിക്കാന്‍ കഴിഞ്ഞു.

ഒന്നാംനൂറ്റാണ്ടിലെ യെഹൂദ ചരിത്രകാരനായ യോസീഫസിന്‍റെ ‘ആന്റിക്വിറ്റീസ്‌’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതു പ്രകാരം രണ്ടു തരത്തിലുള്ള വംശാവലിരേഖകള്‍ യെഹൂദന്മാര്‍ക്കുണ്ടായിരുന്നു. സിനഗോഗുകളിലോ ദൈവാലയത്തിലോ സൂക്ഷിക്കപ്പെട്ടിരുന്ന പൊതുവംശാവലികളും വീടുകളില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യവംശാവലികളും. പൊതുവംശാവലികള്‍ കുടുംബ കേന്ദ്രീകൃതമായിരുന്നു. ഒരു കുടുംബത്തില്‍നിന്ന്‌അടുത്ത കുടുംബമുണ്ടായി, അതില്‍നിന്ന്‌ അടുത്ത കുടുംബം എന്ന നിലയില്‍ വിവരിക്കപ്പെടുന്ന ഈ വംശാവലികളില്‍ കുടുംബനാഥന്‍റെ പേരിനാണ്‌ പ്രാധാന്യമുണ്ടായിരുന്നത്‌ . എന്നാല്‍ വീടുകളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന സ്വകാര്യ വംശാവലികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളുടേയും പേരുകള്‍ ഉണ്ടായിരുന്നു.

ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും വംശാവലികളുണ്ട്. ആരോഹണ ക്രമത്തിലെ വംശാവലി പരാമര്‍ശ വിധേയനായ വ്യക്തിയില്‍നിന്ന്‌ അയാളുടെ പൂര്‍വ്വ പിതാമഹനിലേക്ക്‌ നീളുന്നു. അവരോഹണ ക്രമത്തിലെ വംശാവലി പൂര്‍വ്വ പിതാമഹനില്‍നിന്ന്‌ ഇങ്ങേയറ്റത്തുള്ള പരാമര്‍ശ വിധേയനായ കൊച്ചുമകനില്‍ചെന്നെത്തുന്നു. സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്ന വംശാവലി അവരോഹണ ക്രമത്തിലുള്ളതും വീടുകളിലേത്‌ ആരോഹണക്രമത്തിലുള്ളതും ആയിരുന്നു. സുവിശേഷങ്ങളില്‍ മത്തായി അവരോഹണക്രമത്തിലെ വംശാവലി ഉപയോഗിക്കുമ്പോള്‍ ലൂക്കോസ്‌ ആരോഹണക്രമത്തിലെ വംശാവലിയാണ്‌ ഉപയോഗിക്കുന്നത്‌ .

വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന ഈ രണ്ട്‌ സുവിശേഷ രചയിതാക്കളും എന്തുകൊണ്ടാണ്‌ തങ്ങള്‍ ചരിത്രമെഴുതാന്‍ തുനിഞ്ഞ വ്യക്തിയുടെ രണ്ട്‌ വ്യത്യസ്‌ത വംശാവലികള്‍ ഉപയോഗപ്പെടുത്തിയത്‌? തങ്ങള്‍ എഴുതുന്ന ചരിത്രത്തിന്‍റെ വിശ്വാസ്യതയെ അത്‌ ബാധിക്കുമെന്ന് അവര്‍ക്ക്‌ അറിഞ്ഞുകൂടായിരുന്നോ? എന്തു വിലകൊടുത്തും ‘ക്രിസ്‌ത്യാനിത്വം വ്യാജമാണ്‌’ എന്ന്‌ തെളിയിക്കുവാന്‍ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനേയും അവരുടെ എഴുത്തുകളേയും യെഹൂദന്മാര്‍ സൂക്ഷ്‌മനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ വിശേഷിച്ചും അതവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? തീര്‍ച്ചയായും ആ ഇരു സുവിശേഷ രചയിതാക്കള്‍ക്കും അതറിയാമായിരുന്നു. “ആദിമുതല്‍സകലവും സൂക്ഷ്‌മമായി പരിശോധിച്ചിട്ട്‌ അത്‌ ക്രമമായി എഴുതുന്നു’ (ലൂക്കോ.1:1-4) എന്ന്‌ ലൂക്കോസ്‌ പറയുന്നുമുണ്ട്‌. എന്നിട്ടും മത്തായിയില്‍നിന്ന്‌ വ്യത്യസ്‌തമായ വംശാവലിരേഖ ലൂക്കോസ്‌ സ്വീകരിച്ചു!!

യഥാര്‍ത്ഥത്തില്‍ ‘ബൈബിളിന്‍റെ ദൈവനിശ്വാസീയത അഥവാ ബൈബിള്‍ രചയിതാക്കളുടെ പരിശുദ്ധാത്മനിയോഗം’ എന്ന അവകാശവാദത്തെ അരക്കിട്ടുറപ്പിക്കുകയാണ്‌ ഈ വ്യത്യസ്‌തതകള്‍ . തുറന്നതും നിഷ്‌പക്ഷവുമായ മനസ്സോടെ ഈ കാര്യം പഠിക്കുന്ന ആര്‍ക്കും അത്‌ ബോധ്യമാകും. സുവിശേഷ രചയിതാക്കള്‍ ‘തങ്ങളുടെ മനുഷ്യബുദ്ധിക്കൊത്തവിധം രൂപപ്പെടുത്തിയതല്ല സുവിശേഷം’ എന്ന്‌ ഈ വിധമുള്ള വ്യത്യസ്‌തതകള്‍ അഥവാ വൈവിധ്യങ്ങള്‍ നമുക്ക്‌തെളിവു തരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍, അവര്‍ നാലുപേരും ഒരുമിച്ചു കൂടി തങ്ങളുടെ രചനകളെ പരസ്‌പരം താരതമ്യപ്പെടുത്തി വൈവിധ്യമുണ്ടെന്ന്‌ കാണുന്നതെല്ലാം ഒഴിവാക്കുകയോ തിരുത്തി ശരിയാക്കുകയോ ചെയ്യുമായിരുന്നു. എന്നാല്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ച എഴുത്തുകാരോട്‌ രേഖപ്പെടുത്തിവെക്കണമെന്ന്‌ ദൈവാത്മാവ്‌ ആവശ്യപ്പെട്ട സംഗതികളെയെല്ലാം രേഖപ്പെടുത്തിവെക്കുകയാണ്‌ അതിന്‍റെ എഴുത്തുകാര്‍ ചെയ്‌തതെന്ന ബൈബിളിന്‍റെ അവകാശവാദത്തെ (2.പത്രാ.1:21) ഈ വ്യത്യസ്‌തതകള്‍ സാധൂകരിക്കുന്നു. ഈ വ്യത്യസ്‌തതകള്‍ ബൈബിള്‍ തിരുത്തപ്പെട്ടു എന്നതിനല്ല, അതിന്‍റെ എഴുത്തുകാര്‍പോലും അത്‌ തിരുത്താന്‍ ധൈര്യപ്പെട്ടില്ല എന്ന വസ്‌തുതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌ . ഇനി നമുക്ക്‌ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വംശാവലിയിലെ ഈ വൈവിധ്യങ്ങളെ വിലയിരുത്താം. (തുടരും….)