Telegram
March 5, 2020

എന്തുകൊണ്ട് നിങ്ങള്‍ ടെലിഗ്രാം ഉപയോഗിക്കണം ?

എന്തുകൊണ്ട് നിങ്ങള്‍ ടെലിഗ്രാം ഉപയോഗിക്കണം ?

നമുക്കറിയാം, ഇപ്പോള്‍ ടെക് ലോകത്ത് മെസേജിങ്ങ് ആപ്പുകളുടെ ഒരു മലവെള്ളപ്പാച്ചിലാണ്. (ഇപ്പോഴും ആശയവിനിമയത്തിന് SMS ഉപയോഗിക്കുന്ന അമേരിക്കയെ ഒഴിച്ചു നിര്‍ത്താം :p) ഉദാഹരണത്തിന്ചില ആപ്പുകള്‍ താഴെ കൊടുക്കുന്നു. (ക്രമത്തില്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഇല്ല).

Different Types of Messaging apps
 • ഫേസ്ബുക്ക് മെസെഞ്ചര്‍
 • വാട്ട്സപ്പ് ( ഫേസ്ബുക്കിന്റെ കൈയ്യില്‍ത്തന്നെ )
 • സിഗ്നല്‍
 • ടെലിഗ്രാം
 • ബ്ലാക്ക്ബെറി മെസെഞ്ചര്‍
 • ഐമെസേജ്

ഈ ലിസ്റ്റ് ഒരുപാട് നീളുന്നു...(വൈബര്‍, വി ചാറ്റ്, ..) കൂടാതെ മെസേജിങ്ങ് ഒരു സെക്കന്‍ഡറി ഫീച്ചറായി നല്‍കുന്ന മറ്റ് ആപ്പുകളും ധാരാളമാണ്. ഉദാഹരണം: റ്റ്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ്,..

ഒരാളെ സംബന്ധിച്ച് SMS ഉപേക്ഷിച്ച് അഡ്വാന്‍സ്ഡ് മെസെഞ്ചറുകളുടെ ലോകത്തേക്ക് വരാന്‍ കാരണങ്ങളൊരുപാടുണ്ട്. ഒന്ന് കൂടുതല്‍ സുരക്ഷ. ഇത്തരം ആപ്പുകളെല്ലാം കുറഞ്ഞ പക്ഷം വണ്‍ ലെവല്‍ എന്ക്രിപ്ഷന്‍‍ എങ്കിലും നമുക്ക് നല്‍കുന്നു. പലതും എന്‍ഡ്-റ്റു-എന്‍ഡ് എന്‍ക്രിപ്ഷനും ഓഫര്‍ ചെയ്യുന്നു. മെസേജ് കമ്യൂണിക്കേഷന്റെ ചെലവ് അടിസ്ഥാനമാക്കി നോക്കുമ്പോളും ഈ ആപ്പുകള്‍ SMS നെ മുന്നെടുക്കുന്നു. പക്ഷേ നമ്മുടെ വിഷയം അതല്ല.

ഈ ആപ്പുകലില്‍ നിന്ന് ടെലിഗ്രാം എങ്ങനെ 'ഏറ്റവും മികച്ചതായി' ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണ്.

TELEGRAM : A New Era of Messaging

ടാഗ് ലൈൻ നിർദ്ദേശിക്കുന്നത് പോലെ, സന്ദേശമയയ്ക്കലിന്റെ പുതിയ യുഗം ആണ് ടെലിഗ്രാം. WhatsApp അല്ലെങ്കിൽ Hike പോലെയുള്ള ഒരു ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനാണ് 2013 ഓഗസ്റ്റിൽ പുറത്തിറക്കിയ ടെലിഗ്രാം. വേഗതയിലും സുരക്ഷിതത്വത്തിലും ആണ് ടെലിഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, അവയുടെ പ്രകടനവും സവിശേഷതകളും ഇപ്പോഴും വളരെ മികച്ചതാണ്. മറ്റേതൊരു മെസേജിംഗ് ആപ്ലിക്കേഷനെയും അപേക്ഷിച്ച്, ടെലിഗ്രാം ഇൻസ്റ്റന്റ് മെസ്സേജിങ് സേവനങ്ങളിൽ അതിവേഗം വളരുന്ന നെറ്റ്വർക്കിൽ ഒന്നാണ്. രണ്ടര വർഷത്തിനുള്ളിൽ 100 ദശലക്ഷം സജീവ ഉപയോക്താക്കൾ ആണ് പുതുതായി ടെലിഗ്രാമിലേക്ക് കടന്നിരിക്കുന്നത്. ഡ്യൂറോവ് സഹോദരങ്ങളായ നിക്കോളായ് ഡ്യൂറോവ്, പാവൽ ഡ്യൂറോവ് എന്നിവരാണ് ടെലിഗ്രാം സ്ഥാപിച്ചത്.

ടെലിഗ്രാം വേഗതയും സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നതിന് Distributed നെറ്റ് വർക്ക് ഉപയോഗിക്കുന്നു. ടെലിഗ്രാം MTProto പ്രോട്ടോക്കോൾ ഉപയോഗിക്കുന്നു, പ്രോഗ്രാമറും ഗണിത ശാസ്ത്രതജ്ഞനും ടെലഗ്രാം സ്ഥാപകരിലൊരാളുമായ നിക്കോളായ് ഡ്യൂറോവ് ആണ് ഈ പ്രോട്ടോകോൾ വികസിപ്പിച്ചെടുത്തത്. അവരുടെ ഇഷ്ടാനുസൃതമായി രൂപകൽപ്പന ചെയ്ത എൻക്രിപ്ഷൻ പ്രോട്ടോകോൾ തകർക്കാൻ സാധ്യമല്ലെന്നു അവകാശപ്പെടുന്ന ടെലിഗ്രാം, ഹാക്കർമാർക്ക് അവരുടെ സുരക്ഷയെ തകർക്കാൻ തുറന്ന വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു.. ടെലിഗ്രാം എൻക്രിപ്ഷനുകൾ ഭേദിക്കുന്ന ആദ്യ വ്യക്തിക്ക് 200,000 ഡോളർ (ഏകദേശം 1 കോടി രൂപ) ആണ് ടെലിഗ്രാം വാഗ്ദാനം ചെയ്തത്. എന്നാൽ ടെലിഗ്രാം സുരക്ഷ ഇന്നും അഭേദ്യമായി തുടരുന്നു.

ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് ലിസ്റ്റ് പ്രിയം ആണെന്ന് പറയുമല്ലോ..‌ ടെലിഗ്രാം എന്തുകൊണ്ട് മികച്ചതാകുന്നു എന്നത് ഒരു ലിസ്റ്റിലൂടെ പറയാം..

 • സ്വകാര്യത : ഒന്നാമതായി ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാത്ത ഒരു കോര്‍പ്പറേറ്റ് അല്ല ടെലിഗ്രാം ഓപ്പറേറ്റ് ചെയ്യുന്നത്. സ്വകാര്യതയെ മാനിക്കുന്ന ഒരാപ്പ് എന്ന നിലയിലാണ് ടെലിഗ്രാം ഡിസൈന്‍ ചെയ്തിട്ടുള്ളത്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എല്ലാവരും കാണുകയില്ല, പകരം യൂസര്‍നെയിം ഉപയോഗിക്കാം. കൂടാതെ E2E കോളും, E2E ചാറ്റ് വേണ്ടവര്‍ക്ക് അതും, ( സെല്‍ഫ് ഡിസ്ട്രക്ഷന്‍ ടൈമര്‍ ഒക്കെ സെറ്റ് ചെയ്ത മെസേജുകള്‍ അയക്കാം ) ഇവിടെ ഉണ്ട്. കൂടാതെ ടെലിഗ്രാം യൂസര്‍ഡേറ്റ ഗവണ്മെന്റുകള്‍ക്ക് ഇതുവരെ നല്‍കിയില്ല. ഇതിനാല്‍ തന്നെ പല രാജ്യങ്ങളും ടെലിഗ്രാമിനെ നിരോധിച്ചെങ്കിലും അവരുടെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താന്‍ ടെലിഗ്രാം തയ്യാറായില്ല എന്നതും അവരെ മികച്ചതാക്കുന്നു.

 • മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് : ഇടക്കിടക്ക് ഡിവൈസ് മാറി കളിക്കുന്നവര്‍ക്ക് ഇതൊരനുഗ്രഹമാണ്. മൊബൈല്‍ ഫോണ്‍, ഡെസ്ക്ടോപ്പ് , വെബ് വേര്‍ഷനുകളില്‍ ടെലിഗ്രാം ലഭ്യമാണ്. മറ്റു പല ആപ്പുകളേയും പോലെ വെബ് വേര്‍ഷന്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ കണക്റ്റ് ചെയ്യണം എന്ന ഒരു കഥയുമില്ലാത്ത ആവശ്യങ്ങളൊന്നും ഇവക്കില്ല.

 • നൂതന ഗ്രൂപ്പ് ഫീച്ചറുകള്‍ : ഗ്രൂപ്പുകള്‍ ഇവിടെ രണ്ട് തരമാണ്. നോര്‍മല്‍ ഗ്രൂപ്പും , സൂപ്പര്‍ ഗ്രൂപ്പും. നോര്‍മല്‍ ഗ്രൂപ്പില്‍ 200 പേരെ കൊള്ളുമെങ്കില്‍ സൂപ്പര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ ലിമിറ്റ് 200000 [200k] ആണ്. (അതെ, രണ്ടു ലക്ഷം .. പൂജ്യം കൂടുതലില്ല) . ഇങ്ങനെ ഉള്ള ഗ്രൂപ്പുകളില്‍ ചാറ്റ് ചെയ്യുമ്പോള്‍ നമ്മുടെ നമ്പറുകള്‍ ബാക്കി 199999 ആളുകളുടെ അടുത്ത് എത്തും എന്നുള്ള ഭയവും വേണ്ട. കാരണം നിങ്ങൾ ടെലിഗ്രാമിൽ എന്ത് പേരാണ് നല്കിയിട്ടുള്ളത് ആ നെയിം മാത്രമേ നിങ്ങളുടെ ഫോൺ കോണ്ടാക്ട്സിൽ ഇല്ലാത്തവർക്ക് കാണുകയുള്ളു. ഇത് കൂടാതെ, ഗ്രൂപ്പിൽ ഒരു പ്രധാനമായ മെസ്സേജ് പിന്‍ ചെയ്‌തു വെക്കാം, അയച്ച മെസേജ് എഡിറ്റ് ചെയ്യാനും, അറിയാതെ അയച്ചു പോയ മെസേജ് ഡെലീറ്റ് ചെയ്യാനും ഇവിടെ ഓപ്ഷനുണ്ട്. അഡ്മിന് പൂര്‍ണ നിയന്ത്രണമാണ് ടെലിഗ്രാം ഗ്രൂപുകളിൽ ഒരിക്കിയിട്ടുള്ളത്. മറ്റുള്ളവർ അയച്ചു മെസ്സേജ് ഗ്രൂപ്പിന് ആവശ്യമില്ലാത്ത ആണെങ്കിൽ അഡ്മിൻസിനു ഡിലീറ്റ് ചെയ്യാം അത് എല്ലാ മെമ്പേഴ്സിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും, അതായത് ഗ്രൂപ്പിൽ വരുന്ന സ്പാമുകൾ ഒഴിവാക്കാം. ഇതൊക്കെ തന്നെയാണ് മറ്റു പല പ്രമുഖ മെസഞ്ചറുകളേക്കാളും വളരെ നൂതനമാണ് ടെലിഗ്രാം എന്നതു തന്നെ.

 • ചാനലുകൾ : One Way Communication നടത്തുന്ന പ്ലാറ്റ്ഫോം ആണ് ചാനലുകള്‍. ഒരു ചാനലിൽ അൺലിമിറ്റഡ് മെമ്പേഴ്സിന് ജോയിൻ ചെയ്യാം. സിനിമ, പുസ്തകങ്ങള്‍, ട്രോളുകള്‍, അറിവുകള്‍, പാട്ടുകള്‍ തുടങ്ങിവ ലഭിക്കുന്ന അനേകം ചാനലുകള്‍ ഉണ്ട്. ദിനേന പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഞമ്മൾ ഏതൊക്കെ ചാനലിൽ ജോയിൻ ചെയ്തു എന്ന് വേറൊരാൾക്ക് അറിയാൻ കഴിയില്ല. ചാനലിലെ അഡ്മിൻസിനു മാത്രമേ ചാനൽ മെംബേർസ്നെ കാണാൻ കഴിയു [പക്ഷെ 200 ഇൽ കൂടുതൽ കാണാൻ കഴിയില്ല]. പബ്ലിക് ചാനലുകളില്‍ ജോയിന്‍ ചെയ്യാതെ തന്നെ നമുക്ക് വിവരങ്ങള്‍ കാണാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിയും.

 • ബോട്ടുകള്‍ : ടെലിഗ്രാമിനകത്ത് വര്‍ക്ക് ചെയ്യുന്ന മറ്റ് പ്രോഗ്രാമുകളെ ബോട്ടുകള്‍ എന്ന് വിളിക്കാം. ഈ ബോട്ടുകള്‍ കാരണം മറ്റ് പല ആപ്പുകളും ഉപേക്ഷിക്കാന്‍ നമുക്കാവും. യൂറ്റ്യൂബ് വീഡിയോ ഡൌണ്‍ലെഡ് ചെയ്യാന്‍ വേറെ ഒരാപ്പും വേണ്ട, @utubebot എന്ന ബോട്ട് മതി. നിങ്ങളുടെ ഇമെയില്‍ വായിക്കാന്‍ ഇമെയില്‍ ആപ്പ് വരെ പോവേണ്ട ആവശ്യമേ ഇല്ല, അത് മൊത്തം നിയന്ത്രിക്കാന്‍ @gmailbot ധാരാളം. സ്റ്റിക്കറുകളുണ്ടാക്കാന്‍ @Stickers , ബോട്ടുണ്ടാക്കാന്‍ @botfather തുടങ്ങി ലക്ഷക്കണക്കിന് ബോട്ടുകള്‍ ടെലിഗ്രാമില്‍ അവൈലബിള്‍ ആണ്. ഇതൊക്കെ എവിടുന്ന് വരുന്നു എന്നല്ലേ? നിങ്ങളെപ്പോലുള്ള യൂസര്‍മാര്‍ ഉണ്ടാക്കുന്നതാണ് ഇവയില്‍ പലതും. അക്ഷരാര്‍ഥത്തില്‍ Bots Make Life Easier.

 • എന്‍ക്രിപ്റ്റഡ് വോയിസ് കോളിങ്ങ് : ടെലിഗ്രാമില്‍ ഈയിടെ വന്ന ഫീച്ചർ ശരിക്കും എല്ലാവരേയും ഞെട്ടിച്ചു. ടെലിഗ്രാം പ്രൊവൈഡ് ചെയ്യുന്ന കോളിങ്ങ് ക്രിസ്റ്റല്‍ ക്ലിയര്‍ ഉള്ളതാണ്. കൂടാതെ എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്റ്റഡും. അതായത് ഗവണ്‍മെന്റുകള്‍ക്കൊന്നും നിങ്ങളുടെ കോളുകള്‍ ഒളിഞ്ഞ് കേള്‍ക്കാന്‍ പറ്റില്ല. ഈ കോളിങ്ങ് , മെഷീന്‍ ലേണിങ്ങ് വഴി സ്വയം മെച്ചപ്പെടുകയും ചെയ്യും.

 • സ്റ്റിക്കറുകള്‍ : നമ്മുടെ സംഭാഷണങ്ങളിലെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ സ്റ്റിക്കറുകളിലും ശക്തി മറ്റെന്തിനാണ് ? ടെലിഗ്രാം ഇത് അക്ഷരാര്‍ഥത്തില്‍ മനസ്സിലാക്കുന്നു. ഇമോജിയുമായി ലിങ്ക് ചെയ്തിട്ടുള്ള സ്റ്റിക്കറുകള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഹൈക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍ തുടങ്ങിയ മെസെഞ്ചറുകളില്‍ സ്റ്റിക്കറുകള്‍ ഉണ്ടെങ്കിലും ടെലിഗ്രാം ഒരുപടി കൂടെ കടന്ന് യൂസര്‍ക്ക് സ്റ്റിക്കറുകള്‍ ആഡ് ചെയ്യാനുള്ള സൌകര്യവും നല്‍കുന്നു. അതായത് നിങ്ങള്‍ക്കും സ്റ്റിക്കറുകള്‍ ഉണ്ടാക്കാം എന്ന്. ഇത് ശരിക്കും ഏറ്റവും മികച്ച ഫീച്ചറുകളില്‍ ഒന്നാണ്.

 • ഇന്‍-ലൈന്‍ ബോട്ടുകള്‍ : ടെക്നോളജി പരിചയം ഉള്ളവര്‍ക്ക് പരിചിതമായ വാക്കായിരിക്കും ഇത്. ഇതിന്റെ പ്രസക്തി എന്തെന്ന് മനസ്സിലാകാത്തര്‍ക്ക് ടെലിഗ്രാം അത് കാണിച്ചുതരും. ചാറ്റ് ചെയ്തു കൊണ്ടിരിക്കെ തന്നെ ഒരു തേഡ് പാര്‍ട്ടി സോഫ്റ്റ്വെയറിനെ ഉപയോഗിക്കാനുള്ള വഴി ആണ് ഇന്‍ലൈന്‍ ബോട്ടുകള്‍. ഗിഫ് സെര്‍ച്ച് ചെയ്ത് അയക്കാന്‍ @gif , യൂറ്റ്യൂബ് സെര്‍ച്ച് ചെയ്ത് അയക്കാന്‍ @vid , ഒരു സിനിമയെ പറ്റി ഉള്ള IMDB ഇന്‍ഫോ ലഭിക്കാന്‍ @imdb , തുടങ്ങി ഇമേജ് സെര്‍ച്ചിനും പോളുണ്ടാക്കാനും എന്തിനും ഏതിനും ഇന്‍ലൈന്‍ ബോട്ടുകള്‍ ഉണ്ട്. (അതായത്, ചാറ്റ് ചെയ്യുമ്പോള്‍ വിക്കി തപ്പാനോ ഇമേജ് സെര്‍ച്ച് ചെയ്യാനോ മ്യൂസിക്ക് നോക്കാനോ നമുക്ക് വെറെ ഒരാപ്പിന്റെയും ആവശ്യമില്ല.)

 • കസ്റ്റമൈസേഷന്‍ : ആപ്പിനെ നിങ്ങളുടെ രീതിയില്‍ ഭംഗി ആക്കാന്‍ ഇഷ്ടമുണ്ടോ? എങ്കില്‍ ടെലിഗ്രാം നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ്. ആപ്പിനെ നിങ്ങളുടെ രീതിയില്‍ നിങ്ങളുടെ ഇഷ്ടപെട്ട കളർ നൽകി ഭംഗി ആക്കാം. നിങ്ങള്‍ക്ക് ബാക്ക്ഗ്രൌണ്ട് മാറ്റല്‍ തുടങ്ങി സ്വന്തം തീം ഉണ്ടാക്കല്‍ വരെ സാധ്യമാണ്.

 • പാക്ക്ഡ് ടെക്സ്റ്റിങ്ങ് : ഏതൊരു നല്ല മോഡേണ്‍ മെസഞ്ചറിനേയും പോലെ ടെലിഗ്രാമും ക്വോട്ട് / റിപ്ലൈ റ്റു മെസേജ് ഓപ്ഷനുകള്‍ തരുന്നു. ഒരുപാട് മെസേജുകള്‍ വരുന്ന ഗ്രൂപ്പില്‍ ഇതെത്ര ആവശ്യമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാകും. ഇത് കൂടാതെ, അയച്ച മെസേജ് എഡിറ്റ് ചെയ്യാനും (ടൈപ്പോ വരാത്തവരായി ആരുമില്ല :P) , അറിയാതെ അയച്ചു പോയ മെസേജ് ഡെലീറ്റ് ചെയ്യാനും ഇവിടെ ഓപ്ഷനുണ്ട്. ഇതും പിന്നീട് പല മെസഞ്ചറുകളിലും വരിക ഉണ്ടായി. സ്പെഷല്‍ ഫോര്‍മാറ്റിങ്ങ് (ബോള്‍ഡ്, ഇറ്റലികസ്, കോഡ്, ഹൈപ്പർലിങ്ക്) സാധ്യമാണ്. മുഴുവന്‍ ചാറ്റ് ഹിസ്റ്ററിയിലും സെര്‍ച്ച് ചെയ്യാനും ഓപ്ഷന്‍ ഉണ്ട്.

 • ഷെയറിങ്ങ് : മതിലിനകത്തെ പൂന്തോട്ടമല്ല എന്നതിനാല്‍ തന്നെ പുറം ലോകവുമായി ഫയല്‍ ഷെയറിങ്ങിന് ഇവിടെ നല്ല ഓപ്ഷനുകളുണ്ട്. ഗ്രൂപ്പുകളുടേയും ചാനലുകളുടേയും വ്യക്തികളുടേയും URL കള്‍ നമുക്ക് ഷെയര്‍ ചെയ്യാം. ഏത് തരം ഫയലും ലിമിറ്റേഷനുകളില്ലാതെ സെന്‍ഡ് ചെയ്യാം. അയക്കാവുന്ന പരമാവധി ഫയല്‍ സൈസ് 1.5 ജിബി ആണ്. അതായത് ഏകദേശം 1500 MB, പല പ്രമുഖ സര്‍വീസുകളും നല്‍കുന്ന 16 MBയുടെ നൂറിരട്ടി.

 • പേഴ്സണല്‍ സ്റ്റോറേജ് : മറ്റുള്ളവയില്‍ നിന്ന് ടെലിഗ്രാം എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് പറയുമ്പോള്‍ ആദ്യം പറയേണ്ട ഒരു കിടിലന്‍ ഫീച്ചറാണ് സ്വയം മെസേജ് അയക്കുക എന്നത്. ഇതിനെ ഒരു ക്ലൌഡ് സ്റ്റോറേജ് ആയി ഉപയോഗിക്കാം. നമുക്ക് ആവശ്യമുള്ള ഫയലുകളും, അല്ലെങ്കില്‍ സ്വന്തം ഡിവൈസുകളില്‍ നിന്നുള്ള ഫയല്‍ ട്രാന്‍സ്ഫറിങ്ങും ഇത് വഴി സ്മൂത്ത് ആയി നടക്കും. ഗൂഗിള്‍ ഡ്രൈവും വണ്‍ ഡ്രൈവും ഒക്കെ ഉപയോഗിക്കുന്നതിനേക്കാള്‍ വേഗം പരിപാടി നടക്കുമെന്ന് മാത്രമല്ല, ഇവിടെ ക്ലൌഡ് സ്റ്റോറേജ് സ്പേസ് അണ്‍ലിമിറ്റഡ് ആണ്..!!

 • IFTTT ഇന്റെഗ്രേഷന്‍ : (IFTTT – If This Then That) ഇന്‍ലൈന്‍ ബോട്ടുകളോളം ചര്‍ച്ച ചെയ്യപ്പേടണ്ട ഒന്നല്ലെങ്കിലും പറയാതെ പോകാന്‍ വയ്യ. ടെലിഗ്രാം ഉപരിതലത്തില്‍ ലഘുവായ , എന്നാല്‍ അടിത്തട്ടില്‍ വിസ്തൃതമായ ഒരു കടലു പോലെ ആണ്. IFTTT ഇന്റഗ്രേഷന്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. IFTTT എന്നാല്‍ സെര്‍വീസുകളെ കണക്റ്റ് ചെയ്യുന്ന ഒരു സെര്‍വീസ് ആണ്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് കാലാവസ്ഥാ റിപ്പോര്‍ട്ട് അപ്ഡേഷന്‍ അപ്പപ്പോള്‍ ടെലിഗ്രാമില്‍ കിട്ടണോ.. വഴി ഉണ്ട്. അതുപോലെ മഴ പെയ്യുവാന്‍ സാധ്യത ഉണ്ടെങ്കില്‍ ആ വിവരം അപ്പപ്പോള്‍ ടെലിഗ്രാമില്‍ ലഭിച്ചാല്‍ നന്നാകില്ലേ ? ഇതിനൊക്കെ വഴി ആണ് @IFTTT ഇന്റഗ്രേഷന്‍. ഫേസ്ബുക്ക്, ബ്ലോഗ് പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യുന്ന മുറക്ക് ഒരു ടെലിഗ്രാം ചാനല്‍ വഴി ബ്രോഡ്കാസ്റ്റ് ചെയ്യുന്നതും IFTTT ക്ക് ഉദാഹരണം തന്നെ. ഇങ്ങനെ നൂറു കണക്കിന് ഉദാഹരണങ്ങള്‍ നിരത്താം.

 • വെബ്സൈറ്റുകളുടെ ഇന്‍സ്റ്റന്‍റ് വ്യൂ, Telegra.ph എന്ന ബ്ലോഗിങ്ങ് ഓപ്ഷന്‍ , ഗെയിമീ എന്ന HTML5 ഗെയിമിങ്ങ് പ്ലാറ്റ്ഫോം, വീഡിയോ മെസ്സേജ് , Telesco.pe (ഉദാ: Click here) തുടങ്ങി പറഞ്ഞാല്‍ തീരാത്ത ഫീച്ചറുകള്‍ ടെലിഗ്രാമിലുണ്ട്.

 • ടെലിഗ്രാം ഫ്രീ സോഫ്റ്റ്വെയറാണ്. ( ഫ്രീ – സ്വതന്ത്രം ) . അതായത് ഇതിന്റെ ക്ലയന്റ് സൈഡ് സോഴ്സ് കോഡ് ആര്‍ക്കും ലഭ്യമാണ്. നിങ്ങള്‍ക്ക് പ്രോഗ്രാമിങ്ങ് കഴിവുണ്ടെങ്കില്‍ നിങ്ങളുടേതായ ടെലിഗ്രാം ക്ലയന്റ് ഉണ്ടാക്കാം. ഇത്തരം ഉള്ളതില്‍ മോബോഗ്രാം , പ്ലസ് മെസഞ്ചന്‍ , എന്നിവ പ്രസിദ്ധമാണ്.

മറ്റേതൊരു ഇൻസ്റ്റന്റ് മെസ്സേജിങ് സേവനവുമായി താരതമ്യം ചെയ്യുമ്പോഴും ടെലിഗ്രാമിന് സവിശേഷതകളുടെയും സുരക്ഷയുടെയും കാര്യത്തിൽ ഒരു പടി മുകളിൽ ആണ്. ഇതെല്ലാം കേൾക്കുമ്പോൾ ടെലിഗ്രാം ഒന്ന് ഉപയോഗിച്ചു നോക്കണം എന്ന് തോന്നുന്നുണ്ടോ? മടിച്ചു നിൽക്കാതെ ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യൂ. ടെലിഗ്രാം നിങ്ങളെ കാത്തിരിക്കുന്നു. മാറ്റത്തിന്റെ ഭാഗമാവൂ!

നിങ്ങളുടെ ഇഷ്ടപെട്ട ഏതെങ്കിലും ഫീച്ചർ ഞാൻ മിസ് ചെയ്തോ?
അത് എന്താണ്? ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിംഗ് അപ്ലിക്കേഷൻ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ താഴെ കമന്റ് ബോക്സിൽ ചേർക്കുക .

NB: എടുത്തു പറയേണ്ട ചില ഫീച്ചേഴ്സ് മാത്രമേ ഇവിടെ നൽകിയിട്ടൊള്ളു.

Keralagram

കൂടുതല്‍ വിവരങ്ങള്‍ക്ക് @KeralaGram ടെലിഗ്രാം ഗ്രൂപ്പ് സന്ദര്‍ശിക്കുക..