April 17, 2020

COVID 19| ജറുസലേമിലെ മസ്ജിദുൽ അഖ്സ റമദാനിലും തുറക്കില്ല

ജറുസലേം: കോവിഡ് ഭീതിയെ തുടർന്ന് ഇസ്ലാം മതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ അൽ അഖ്സ പള്ളി റമദാൻ മാസത്തിലും അടഞ്ഞുതന്നെയിരിക്കും. മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ തീർത്ഥാടന കേന്ദ്രമാണ് അൽ അഖ്സ.

ഏറ്റവും വേദനാജനകമായ തീരുമാനം എന്നാണ് പുണ്യമാസത്തിൽ മസ്ജിദ് അടിച്ചിടുമെന്ന് അറിയിച്ച് ജറുസലേം ഇസ്ലാമിക് വഖഫ് പ്രതികരിച്ചത്. റമാദാനിൽ വിശ്വാസികൾ വീടുകളിൽ തന്നെ പ്രാർത്ഥന നടത്തണമെന്നും സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതകർ അറിയിച്ചു.

പ്രതിവർഷം റംസാനിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ദിവസേന മസ്ജിദിൽ പ്രാർത്ഥനയ്ക്ക് എത്താറുള്ളത്. ഏപ്രിൽ 23 നാണ് റമദാൻ ആരംഭിക്കുന്നത്.

മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്‍ജിദുൽ നബവി എന്നിവ കഴിഞ്ഞാൽ മുസ്ലീങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണ് ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന അൽ അഖ്സ. കോവിഡ് ഭീതിയെ തുടർന്ന് പള്ളി നേരത്തേ അടച്ചുപൂട്ടിയിരുന്നു.

Copied from news18