March 18, 2020

വര്‍ക്ക് ഫ്രം ഹോം; ബ്രിട്ടനില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ താളം തെറ്റി, ഇന്ത്യയില്‍ അതിലേറെ കഷ്ടം

കൊറോണ ഭീതിയെ തുടര്‍ന്ന് ഐടി വ്യവസായ മേഖല വര്‍ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കിവരികയാണ്. ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് പണിയെടുക്കാന്‍ ആവശ്യപ്പെട്ടതോടെ പല രാജ്യങ്ങളിലും ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചത് നേരിടാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതര്‍.

യുകെയില്‍ നിന്നാണ് അത്തരമൊരു വാര്‍ത്ത വരുന്നത്. കോറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ പരമാവധി വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു.  ഇത് മൂലം ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തുടര്‍ച്ചയായി തടസം നേരിടുന്ന അവസ്ഥ വന്നു. 
എല്ലാ ഓപ്പറേറ്റര്‍മാരും ഇതേ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കില്‍ തടസം നേരിടുന്നതും ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും തമ്മില്‍ ബന്ധമൊന്നുമില്ലെന്നാണ് ടെലികോം സേവന ദാതാവായ ഇഇ പറയുന്നത്. 


സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചതും ആളുകള്‍ പരമാവധി വീട്ടില്‍ ചിലവഴിവഴിക്കാന്‍ തുടങ്ങിയതും ഇതിനിടയില്‍ ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നതും ഇന്റര്‍നെറ്റില്‍ തടസം നേരിടാന്‍ കാരണമായിട്ടുണ്ടാവണമെന്ന് വിലയിരുത്തപ്പെടുന്നു. 


കോറോണ ഏറ്റവും ആദ്യം പൊട്ടിപ്പുറപ്പെടുകയും നിരവധി പേരെ ബാധിക്കുകയും ചെയ്ത ചൈനയില്‍ ഈ കാലയളവില്‍ ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഓടിടി സേവനങ്ങളും ഗെിയിമിങ് സേവനങ്ങളും വലിയ നേട്ടമുണ്ടാക്കി. എങ്കിലും ഇക്കാരണം കൊണ്ട് ജനസംഖ്യയേറിയ ചൈനയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളില്ല. 


അതേസമയം ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ അപര്യാപ്തതമൂലം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യിക്കാന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പ്രയാസപ്പെടുകയാണ്. അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും 'വര്‍ക്ക് ഫ്രം ഹോം' നടപ്പിലാക്കിയ ഗൂഗിള്‍, മൈക്രോ സോഫ്റ്റ് പോലുള്ള കമ്പനികള്‍ ഇന്ത്യയില്‍ അത് നടപ്പാക്കാന്‍ വെല്ലുവിളി നേരിടുന്നുണ്ട്. ചെറുകിട കമ്പനികളുടെ കാര്യം അതിലും കഷ്ടമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുന്ന ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിനും മറ്റുമായി സൂം, സ്‌കൈപ്പ്, ഹാങ്ഔട്ട് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, ഫ്‌ലോക്ക് പോലുള്ള സേവനങ്ങള്‍ ആശ്രയിക്കേണ്ടതായിവരും. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോടൊപ്പം തടസമില്ലാത്ത വൈദ്യുതി ബന്ധവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമാണ്.  


അതിവേഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന കൊറോണ വൈറസിനെ തടയാന്‍ ആളുകള്‍ പരസ്പരം ഇടപഴകുന്ന സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കുകയും, വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യുകയാണ് ആദ്യത്തെ മാര്‍ഗം. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏകാന്തവാസം കര്‍ശനമാക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തവരും ഉപകരണങ്ങളും മറ്റ് ജീവനില്ലാത്ത വസ്തുക്കളും വൈറസ് വാഹകരാകുമെന്നതും  ഭീഷണി വര്‍ധിപ്പിക്കുന്നു.

courtesy: mathrubhumi

courtesy : mathrubhumi