March 19, 2020

ഉപയോക്താക്കളുടെയെല്ലാം കോള്‍ റെക്കോര്‍ഡുകള്‍ ശേഖരിച്ച് സര്‍ക്കാര്‍; പരാതിയുമായി ടെലികോം കമ്പനികള്‍

രാജ്യത്തുടനീളമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഫോണ്‍വിളി രേഖകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന നീക്കണമാണിതെന്നും സര്‍ക്കാര്‍ രഹസ്യനിരീക്ഷണം നടത്തുകയാണെന്നുമുള്ള വിമര്‍ശനമുയരുന്നുണ്ട്. 


കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ചില പ്രത്യേക ദിവസങ്ങളില്‍ ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ ഫോണ്‍വിളി രേഖകളാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്താവിതരണ വകുപ്പിന്റെ പ്രാദേശിക യൂണിറ്റുകള്‍ വഴിയാണ് വിവിധ സര്‍ക്കിളുകളിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് മന്ത്രാലയം ഈ അസാധാരണ നിര്‍ദേശം നല്‍കിയത്. 
കുറച്ച് മാസങ്ങളായി ഇത് സംഭവിക്കുന്നുണ്ടെന്നും എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഫോണ്‍വിളി വിവരങ്ങള്‍ക്കായുള്ള അപേക്ഷകള്‍ വ്യാപകമായി ലഭിച്ചതെന്നും ഒരു ടെലികോം സേവനദാതാവിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് പറയുന്നു. 


വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ പരിധിവിട്ടതോടെ ടെലികോം കമ്പനികള്‍ പരാതി ഉന്നയിച്ചു. ഇങ്ങനെ വിവരങ്ങള്‍ നല്‍കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 12ന് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കള്‍ ഉള്‍പ്പെടുന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) ടെലികോം വകുപ്പ് സെക്രട്ടറി ആന്‍ഷു പ്രകാശിന് പരാതി നല്‍കി. 
ഡല്‍ഹി പോലെ നിരവധി മന്ത്രിമാരും എംപിമാരും ഉദ്യേഗസ്ഥരും താമസിക്കുന്നയിടങ്ങളിലെ ഫോണ്‍വിളി രേഖകള്‍ പുറത്തുവിടുന്നത് രഹസ്യനിരീക്ഷണം  നടത്തുന്നുവെന്ന ആരോപണങ്ങളിലേക്ക് നയിക്കുമെന്നും വിവരങ്ങള്‍ കൈമാറുന്നത് വ്യക്തി സ്വകാര്യതയുടെ ലംഘനമാണ് എന്ന് സിഒഎഐ പരാതിയില്‍ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 
ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയ്യതികളിലെ ഫോണ്‍ വിളി രേഖകള്‍ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎഎ പ്രതിഷേധ സമരങ്ങള്‍, ഡല്‍ഹി തിരഞ്ഞെടുപ്പ് എന്നിവയുടെ സമയമായിരുന്നു അത്. 


ഓപ്പറേറ്റര്‍മാരുമായുള്ള ടെലികോം മന്ത്രാലയത്തിന്റെ കരാര്‍ അനുസരിച്ച് ഫോണ്‍ വിളി രേഖകളും ഐപി വിവരങ്ങളും ഒരു വര്‍ഷത്തേക്കെങ്കിലും സൂക്ഷിച്ചുവെക്കണം. സുരക്ഷാ കാരണങ്ങള്‍ക്ക് വേണ്ടിയുള്ള സൂക്ഷ്മപരിശോധനകള്‍ക്ക് വേണ്ടിയാണ് ഇത്. ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കാനും ടെലികോം മന്ത്രാലയത്തിന് അധികാരമുണ്ട്. പ്രത്യേകം നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ കോടതികള്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും ഈ വിവരങ്ങള്‍ നല്‍കണമെന്നും പ്രോട്ടോക്കോള്‍ ഉണ്ട്. 


2013 ല്‍ ഫോണ്‍ വിളി രേഖകള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് യുപിഎ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ല മന്ത്രാലയത്തിന്റെ ഫോണ്‍വിളി രേഖകള്‍ ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു പ്രത്യേക വ്യക്തിയുടെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അസ്വാഭാവികതയില്ല. എന്നാല്‍ ഒരു പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും ഫോണ്‍വിളി രേഖകള്‍ ശേഖരിക്കുന്നത് അസാധാരണമാണെന്ന് വിലയിരുത്തപ്പെടുകയാണ്.