March 19, 2020

കൊറോണയെ പ്രതിരോധിക്കാന്‍ പ്ലേഗ് കാലത്തെ ബ്രിട്ടീഷ് നിയമം ഉപയോഗപ്പെടുത്തുമ്പോള്‍

1855-ൽ ചൈനയിലെ യൂനാൻ പ്രവിശ്യയിൽ ആരംഭിച്ച ബ്യൂബോണിക് പ്ലേഗ് പകർച്ചവ്യാധി ഇന്ത്യയിലെത്തിയപ്പോഴാണ് ബോംബെ പ്രസിഡൻസി ആശങ്കയിലായത്. പ്ലേഗ് ബാധയെ തടയാൻ പരിശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം പകരാനായി ഒരു കൊച്ചു നിയമം തയ്യാറാക്കി. ദി എപിഡമിക്ക് ഡിസീസ് ആക്ട് 1897, അഥവാ പകർച്ചവ്യാധി നിയന്ത്രണ നിയമം.

കേവലം രണ്ട് പുറത്തിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ ഭരണകൂടം ഉദ്യോഗസ്ഥരിലൂടെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി ജനതയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന് പറഞ്ഞു വച്ചു ആ നിയമം. അക്കാലത്ത് പ്ലേഗ് പ്രധാനമായും കപ്പലുകൾ വഴിയാണ് പടരുന്നതെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. ബോംബെ തുറമുഖത്തടുത്ത കപ്പലുകളെല്ലാം കർശന പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പുണെയിലും സമീപ പ്രദേശങ്ങളിലും മരണം വിതച്ച ബ്ലാക്ക് ഡെത്ത് കൊളോണിയൽ കാലത്തെ ഇന്ത്യയെ ഒരുതരത്തിൽ പുനർനിർവചിച്ചു.

അല്പം ചരിത്രത്തിലേക്കും ഈ നിയമത്തിന്റെ പശ്ചാത്തലത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾക്ക് പ്രത്യേകിച്ച് ബോംബെ പ്രസിഡൻസിക്ക് കീഴിൽ സംഘടിക്കാനും ബ്രിട്ടീഷുകാർക്കെതിരെ പോരാടാനും ഈ നിയമം ഒരുതരത്തിൽ സാഹചര്യമൊരുക്കുകയായരുന്നു.

പൂനയിലെ പ്ലേഗ് ബാധയ്ക്ക് തടയിടാൻ പ്രത്യേക ഉദ്യോഗസ്ഥനെത്തി. പ്ലേഗ് കമ്മറ്റി ചെയർമാൻ ഡബ്ല്യൂ.സി. റാൻഡ്. പ്ലേഗിന്റെ കൈവിട്ട പോക്കിൽ ലക്ഷകണക്കിന് പേർ മരിക്കുന്നതും കണ്ട് ബംഗ്ലാവിൽ തന്നെയിരുന്നു റാൻഡ്. പൂനെയിലെ അൻപതു ശതമാനത്തോളം പേർ നഗരം വിട്ടു പോയി. ഒടുവിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ തെരുവിലിറങ്ങാൻ നിർബന്ധിതനായി ആ ബ്രിട്ടീഷ് സിവിൽ സർവ്വീസ് ഓഫീസറും സംഘവും.

പുതിയ നിയമത്തിനു കീഴിൽ റാൻഡ് കർശന നിർദ്ദേങ്ങൾ നൽകിയതുമായി ജനങ്ങൾക്ക് പൊരുത്തപ്പെടാനായില്ല. പൊതു സ്ഥലങ്ങൾ, ആശുപത്രികൾ, വേർതിരിക്കൽ ക്യാംപുകൾ, അണുബാധയുണ്ടെന്ന് സംശയിക്കുന്ന സ്വകാര്യ വസ്തുക്കൾ അല്ലെങ്കിൽ വാഹനങ്ങൾ കണ്ടു കെട്ടൽ, നീക്കം ചെയ്യൽ, നശിപ്പിക്കൽ, നഗരത്തിൽ നിന്നുള്ള ചലനത്തെ തടഞ്ഞുനിർത്തൽ തുടങ്ങിയവയെല്ലാം നിർബന്ധിതമായി നടത്തുകയായിരുന്നു റാൻഡും മറ്റ് ഉദ്യോഗസ്ഥരും.

പൂനെയിലെ ജനങ്ങൾ ഈ നടപടികൾ അടിച്ചമർത്തലായി കണക്കാക്കി. അരയ്ക്ക് മുകളിൽ ഉടുതുണിമാറ്റി കക്ഷത്തിലെ കഴല നോക്കി പ്ലേഗ് കണ്ടു പിടിക്കാൻ എളുപ്പ മാർഗ്ഗം തേടിയ റാൻഡിന്റെയും കൂട്ടരുടേയും നടപടിയിലുണ്ടായ മനോവിഷമം മൂലം പെൺകൊടി ആത്മഹത്യ ചെയ്ത സംഭവം ജനവികാരം ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരാക്കി. ഛത്രപതി ശിവാജി മഹാരാജാവിന്റെ വരികൾ കടമെടുത്ത ബാലഗംഗാധര തിലകിന്റെ പ്രസംഗം പൂനയിൽ നടന്നു.സ്വരാജിനായി കൊതിച്ച് എത്തി തിലകിന്റെ പ്രസംഗം കേട്ട യുവാക്കളിൽ ചപേക്കർ സഹോദരൻമാരുമുണ്ടായിരുന്നു.

1897 ജൂൺ 22-ന് ചപേക്കർ സഹോദരന്മാർ ഡബ്ല്യൂ. സി. റാൻഡിനെയും സൈനിക സഹായിയെയും വെടിവച്ചു കൊലപ്പെടുത്തി.
ബാലകൃഷ്ണ ഹരി, വാസുദേവ് ഹരി, ദാമോദർ ഹരി എന്നീ മൂവരേയും പിന്നീട് ബ്രിട്ടീഷുകാർ തൂക്കിലേറ്റി. ഇതിനിടെ ബാല ഗംഗാധര തിലകനെതിരെ ദേശദ്രോഹത്തിന് ആദ്യത്തെ കേസും. പറഞ്ഞു വന്നത് കൊളോണിയൽ ഇന്ത്യയിലെ രാഷ്ട്രീയത്തിൽ പ്ലേഗും പകർച്ചവ്യാധി നിയമവും സ്വാധീനം ചെലുത്തിയതിനെപ്പറ്റിയാണ്.

ഇനി നിയമത്തിലേക്ക് കടക്കാം.. കോളറയും, മലേറിയയും, ഡെങ്കിപനിയും, പക്ഷി പനിയുമെല്ലാം വന്നപ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ വിവിധ കാലങ്ങളിൽ കൊച്ചു ഭേദഗതികളോടെ പഴയ ബോംബെ പ്രസിഡൻസി ഉപയോഗിച്ച ഇതേ നിയമത്തെ അഭയം പ്രാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണാധികാരികൾക്കും പകർച്ച വ്യാധി പടരുന്ന സമയങ്ങളിൽ വിശേഷ അധികാരം നൽകുന്ന ഈ നിയമം കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. നിയമമനുസരിച്ച് പകർച്ചവ്യാധികൾ തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം ഉണ്ടായിരിക്കും. മഹാരാഷ്ട്രയിൽ പ്രത്യേകിച്ച് ലോക്കൽ ട്രെയിൻ ഗതാഗതമുൾപ്പടെ നിയന്ത്രിക്കുന്നതും.
കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അവധി നൽകുന്നതും എല്ലാം ഈ അധികാരത്തിന്റെ കൂടി പിന്തുണയോടെയാണ്.

രാജ്യം ഒന്നടങ്കം കൊറോണയെ പ്രതിരോധിക്കുന്ന ഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങളെ അവഗണിക്കുന്നതും വിരുദ്ധമായി പ്രവർത്തിക്കുന്നതും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188 ആം വകുപ്പിന് കീഴിൽ ഗൗരവ സ്വഭാവത്തിന് അനുസരിച്ച് ഒരു മാസം മുതൽ പരമാവധി ആറു മാസം വരെ ശിക്ഷ ലഭിച്ചേക്കാവുന്നതോ
ഇരുനൂറ് മുതൽ പരമാവധി ആയിരം രൂപ വരെ പിഴ ഈടാക്കാവുന്നതോ ആയ ക്രിമിനൽ കുറ്റ ക്യത്യമാണെന്ന് എടുത്ത് പറയുകയാണ് നിയമത്തിലെ വകുപ്പ് 3.

പകർച്ചവ്യാധിയെ തടയാൻ എടുക്കുന്ന നടപടികളുടെ പേരിലും ഉത്തമവിശ്വാസത്തിൽ ചെയ്യുന്ന കാര്യങ്ങളെ ചൊല്ലിയും ഭാവിയിൽ കേസുകൾ നിലനിൽക്കില്ലെന്ന വകുപ്പ് 4ലെ സംരക്ഷണം സർക്കാർ ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം പകരുന്നു. 1937ൽ പുതുക്കി ചേർത്ത വകുപ്പ് 2A കേന്ദ്രസർക്കാരിന്റെ അധികാരങ്ങളെ അടിവരയിടുന്നു. അപകടകരമായ രീതിയിൽ പകർച്ച വ്യാധി പടർന്നു പിടിക്കുമ്പോൾ രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്നതും അവിടേക്ക് വരുന്നതുമായ എല്ലാ കപ്പലുകളും പരിശോധിക്കുകയും വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യാം. ആവശ്യമെങ്കിൽ പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി പ്രസ്തുത കപ്പലിലെ യാത്രക്കാരുടെ സഞ്ചാരം താൽക്കാലികമായി തടയുകയുമാകാം.

വിമാനങ്ങളുടെയും പ്രൈവറ്റ് ജെറ്റുകളുടേയും 2020ൽ കൊറോണയെ നേരിടുമ്പോൾ നിയമത്തിലെ ഭേദഗതിയോടെയല്ലെങ്കിലും കപ്പലും പായ് വഞ്ചിയും എന്നൊക്കെ വകുപ്പുകളിൽ കുറിച്ചിട്ടയിടത്ത് ജലമാർഗ്ഗത്തിനൊപ്പം വായുമാർഗ്ഗ സഞ്ചാരങ്ങളേയും ഉൾപ്പെടുത്തി വ്യാഖ്യാനം വിപുലപ്പെടുത്താൻ കോടതിക്കു കഴിയും എന്നാണ് ഒരുവിഭാഗം നിയമവിദഗ്ദരുടെ നിരീക്ഷണം.

പകർച്ചവ്യാധി നിയന്ത്രണ നിയമത്തിനൊപ്പം ഇന്ത്യൻ ശിക്ഷാനിയമത്തിലെ തന്നെ 176, 177, 277 എന്നീ വകുപ്പുകളും അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അല്ലെങ്കിൽ നഗരസഭകളുടെ മുനിസിപ്പൽ/കോർപ്പറേഷൻ നിയമങ്ങൾക്കനുസൃതമായി പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിൽ വകുപ്പ് 176 അനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന വിവരശേഖരണത്തിനും നോട്ടീസുകൾക്കും കൃത്യമായി ഉത്തരം നൽകാനുള്ള വ്യക്തികളുടെ നിയമപരമായ ഉത്തരവാദിത്വത്തെ കുറിച്ച് പരാമർശിക്കുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തിന്റെ ഗൗരവമനുസരിച്ച് ഒരു മാസം മുതൽ പരമാവധി ആറു മാസം വരെ തടവോ 500 മുതൽ 1000 രൂപ വരെ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ്.

മനപ്പൂർവം തെറ്റായ വിവരങ്ങൾ അധികൃതരെ ധരിപ്പിച്ചാൽ വകുപ്പ് 177 അനുസരിച്ച് സമാന ശിക്ഷ തന്നെ ലഭിക്കും രോഗബാധിതർ മനപ്പൂർവ്വം പൊതു ജലാശയങ്ങളിലോ ജലസംഭരണികളിലോ പകർച്ചവ്യാധി പടരാനിടയാക്കും വിധം പെരുമാറുന്ന സാഹചര്യം ഒഴിവാക്കാനും ഇന്ത്യൻ ശിക്ഷാ നിയമം ശ്രദ്ധിക്കുന്നുണ്ട്. കുറ്റക്കാർക്ക് 3 മാസം വരെ തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്തും.

കൂട്ടത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ചുള്ള അതത് ജില്ലാ കളക്ടർമാരുടെ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള 144ാം വകുപ്പ് നിരോധനാഞ്ജകളും ഫലപ്രദമായി ഉപയോഗിക്കാം.
തൽക്കാലം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനായി രാജ്യത്തെ നിയമരംഗം തയ്യാറെടുത്തു കഴിഞ്ഞെന്നും കോടതികൾ ഈ അവസരത്തിൽ ദി എപിഡമിക്ക് ഡിസീസ് നിയമത്തിന്റെ വിപുലമായ വ്യാഖ്യാനത്തിലൂടെ പ്രതിസന്ധികൾ മറികടക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.