March 14, 2020

വേലിയേറ്റ-വേലിയിറക്കം കാരണം ഭൂമിയുടെ സ്വയം ഭ്രമണ വേഗത കുറയുന്നുണ്ട്.

വേലിയേറ്റ-വേലിയിറക്കം കാരണം ഭൂമിയുടെ സ്വയം ഭ്രമണ വേഗത കുറയുന്നുണ്ട്. ഇപ്പോൾ ഉള്ള കണക്കു പ്രകാരം 20 കോടി വർഷംകൊണ്ട് വേഗത കുറഞ്ഞു കുറഞ്ഞു ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഖ്യം 25 മണിക്കൂർ ആവും !

ദിനോസറുകൾ നാമാവശേഷമായതു ഏതാണ്ട് 6 കോടി വർഷം മുന്നേ ആണ്. ആ സമയത്തു ഭൂമിയിലെ ഒരു ദിവസത്തിനു ഏതാണ്ട് 23 മണിക്കൂർ മാത്രമേ ദൈർഖ്യം ഉണ്ടായിരുന്നുള്ളൂ. അന്ന് ചന്ദ്രൻ ഭൂമിയോടു കൂടുതൽ അടുത്തായിരുന്നു. ഇപ്പോളത്തെ കണക്കു പ്രകാരം ചന്ദ്രൻ ഓരോ വർഷവും ഏതാണ്ട് 4 സെന്റിമീറ്റർ വച്ച് ഭൂമിയിൽനിന്നു അകലുകയാണ്.

ഇനി ഒരു രസകരമായ കാര്യം :)

ചന്ദ്രൻ അകലുമ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റുവാനെടുക്കുന്ന സമയം ( ചന്ദ്ര മാസം ) കൂടുന്നു. അതെ സമയം ഭൂമിയുടെ ദിവസത്തിന്റെ ദൈർഖ്യവും കൂടുന്നു.
കൂടിക്കൂടി ദിവസത്തിന്റെ ദൈർഘ്യം (ചാന്ദ്ര) മാസത്തിന്റെ ദൈർഘ്യത്തിന് തുല്യമാകുമ്പോൾ ഈ പ്രക്രിയ പൂർത്തിയാകുന്നു.

അങ്ങനെ കണക്കു കൂട്ടിയാൽ.. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യാൻ ( ഇപ്പോഴത്തെ കണക്കിലുള്ള ) 45 ദിവസമെടുക്കുമ്പോൾ നിലവിൽ 24 മണിക്കൂർ എടുക്കുന്ന ഒരു ഭ്രമണം പൂർത്തിയാക്കാൻ ഭൂമി 45 ദിവസം എടുക്കും. ആ സമയത്തു ഭൂമിയിലെ ഒരു ദിവസവും, ചന്ദ്രമാസവും ( ഇപ്പോഴത്തെ കണക്കിലുള്ള ) 45 ദിവസം ആവും !

അങ്ങനെ ഭൂമി ചന്ദ്രനുമായി ടൈഡൽ ലോക്കിങ്ങിൽ ആവും. ചന്ദ്രനാണെങ്കിൽ ഇപ്പോൾത്തന്നെ ഭൂമിയുമായി ടൈഡൽ ലോക്കിങ്ങിൽ ആണ്. ഭൂമി സ്വയം കറങ്ങുവാൻ 45 ദിവസം എടുക്കുന്ന കാലത്തു ചന്ദ്രൻ ഭൂമിയിൽനിന്നു നോക്കിയാൽ ഒരിടത്തായിത്തന്നെ കാണപ്പെടും !

അതുകൊണ്ട് ഭൂമിയുടെ ഒരു പകുതിയിൽ ഉള്ള ആളുകൾക്കെ ചന്ദ്രനെ കാണുവാൻ സാധിക്കൂ.

പക്ഷെ അതിനായി ആരും കാത്തിരിക്കേണ്ട.. കാരണം അതിനെല്ലാം മുന്നേ സൂര്യൻ ചുവപ്പുഭീമൻ ആയി ഭൂമിയെ വിഴുങ്ങിയിരിക്കും 😊

കടപ്പാട് : ശാസ്ത്രലോകം