പ്രകാശവർഷം ഒരു വർഷമാണോ?
Vaisakhan Thampi
February 17 2019
പ്രകാശവർഷം ഒരു വർഷമാണോ?
പ്രപഞ്ചകൗതുകങ്ങളെ കുറിച്ച് വായിക്കാൻ ശ്രമിക്കുന്നൊരാൾക്ക് സുപരിചിതമായ ഒരു വാക്കായിരിക്കും, പ്രകാശവർഷം അഥവാ Light year. ആയിരം കോടി പ്രകാശവർഷം അകലെയുള്ള ഗാലക്സി കണ്ടെത്തിയതുപോലുള്ള സംഭവങ്ങൾ ഇടക്കിടെ പ്രാധാന്യത്തോടെ വാർത്തകളിൽ നിറയാറുണ്ടല്ലോ. വിചിത്രമായ ആ പദവിന്യാസം കൊണ്ടാകണം, പലപ്പോഴും സാധാരണക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നൊരു പ്രയോഗമാണ് ‘പ്രകാശവർഷം’.
കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലിന് മനുഷ്യൻ സാർവത്രികമായി ഉപയോഗിക്കുന്ന ഏകകമാണ് ‘വർഷം’. ഭൂമി സൂര്യന് ചുറ്റുമുള്ള അതിന്റെ ഭ്രമണപഥത്തിൽ ഒരു തവണ വലംവെക്കാനെടുക്കുന്ന സമയമാണത്. ഒരു വർഷത്തിന്റെ വലിപ്പമുള്ള കഷണങ്ങളായി നാം മനുഷ്യചരിത്രത്തെ വീതിച്ചിരിക്കുന്നു. അതിൽ ഓരോ കഷണത്തിനും ക്രമനംബർ നൽകി, പ്രധാനവും അപ്രധാനവുമായ സകല സംഭവങ്ങളേയും നാം അടയാളപ്പെടുത്തുന്നു. 1947 എന്നടയാളപ്പെടുത്തിയ വർഷത്തിൽ ഇൻഡ്യ സ്വതന്ത്രമായി എന്നും 76 വർഷത്തിലൊരിയ്ക്കൽ ഹാലിയുടെ ധൂമകേതു ആകാശത്ത് പ്രത്യക്ഷപ്പെടുന്നു എന്നുമൊക്കെ നാം പറയുന്നത് ആ അടിസ്ഥാനത്തിലാണ്. പക്ഷേ ഇതോടൊപ്പം ചേർത്ത് നിർത്താവുന്ന ഒരു വാക്കല്ല ‘പ്രകാശവർഷം’ എന്നത്. കാരണം അത് ഒരു കാലയളവല്ല, അതൊരു ദൂരമാണ്. ശാസ്ത്രസാഹിത്യത്തിൽ അതിബൃഹത്തായ ദൂരങ്ങൾ സൂചിപ്പിക്കുന്നതിനുള്ള ഒരു ഏകകമായിട്ടാണ് പ്രകാശവർഷത്തെ ഉപയോഗിക്കുന്നത്.
പ്രകാശമെന്ന സന്ദേശവാഹകൻ
നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെ കുറിച്ച് നമുക്കിന്ന് ഒരുപാട് കാര്യങ്ങൾ അറിയാം. നാം വാസമുറപ്പിച്ചിരിക്കുന്നത് ഭൂമി എന്നൊരു ഗോളത്തിലാണ്, അത് സൂര്യൻ എന്നൊരു നക്ഷത്രത്തെ ചുറ്റുകയാണ്, സൂര്യനിൽ നടക്കുന്ന ന്യൂക്ലിയർ ഫ്യൂഷനാണ് നമ്മുടെ ആത്യന്തികമായ ഊർജസ്രോതസ്സ്, സൂര്യനെപ്പോലെ പത്തിരുന്നൂറ് കോടി നക്ഷത്രങ്ങൾ ചേർന്ന മിൽക്കീവേ എന്ന ഗാലക്സിയുണ്ട്, അതുപോലെ ഇരുന്നൂറ് കോടിയോളം ഗാലക്സികൾ അടങ്ങിയതാണീ പ്രപഞ്ചം, അത് വികസിച്ചുകൊണ്ടിരിക്കുകയാണ്, എന്നിങ്ങനെ നാം സ്വരുക്കൂട്ടി വെച്ചിരിക്കുന്ന അറിവുകളുടെ ഏതാണ്ട് മുഴുവൻ ഭാഗവും പ്രകാശം എന്ന ഒറ്റ മാധ്യമത്തിലൂടെയാണ് ലഭിച്ചത്. നക്ഷത്രങ്ങളിൽ നിന്നും വിദൂരഗാലക്സികളിൽ നിന്നുമൊക്കെ വരുന്ന വളരെ ദുർബലമായ പ്രകാശത്തെ ശക്തമായ ദൂരദർശിനികൾ ഉപയോഗിച്ച് സ്വീകരിച്ച്, അവയെ ശാസ്ത്രീയമായി അപഗ്രഥിയ്ക്കുന്നതിലൂടെയാണ് നാം അവിടത്തെ രഹസ്യങ്ങളുടെ ചുരുളഴിച്ചെടുത്തത്. ഇവിടെ ശാസ്ത്രഭാഷയിൽ പ്രകാശം എന്ന വാക്ക് സാമാന്യഭാഷയിലേതിനെക്കാൾ അല്പം കൂടി വിശാലമായ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. മനുഷ്യനേത്രങ്ങൾക്ക് കാണാനാകുന്ന ദൃശ്യപ്രകാശത്തെ മാത്രമല്ല, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് എന്നിങ്ങനെയുള്ള വൈദ്യുതകാന്തികവികിരണങ്ങളെ മൊത്തത്തിൽ ഒരുമിച്ചാണ് ശാസ്ത്രം പ്രകാശം എന്ന് വിളിക്കുന്നത്. അതായത് ബൾബിൽ നിന്ന് വരുന്ന വെട്ടവും മൊബൈൽ ഫോൺ ടവറിൽ നിന്ന് വരുന്ന സിഗ്നലും, ക്യാൻസർ കോശങ്ങളെ റേഡിയോതെറപ്പിയിലൂടെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഗാമാ വികിരണങ്ങളും ഒക്കെ പ്രകാശം എന്ന നിർവചനത്തിൽ പെടും. (റേഡിയോ തെറപ്പിയെ ചില നാട്ടുമ്പുറങ്ങളിൽ 'ലൈറ്റടിപ്പിക്കുക' എന്ന പ്രയോഗത്തോടെ വിശേഷിപ്പിച്ച് കേട്ടിട്ടുണ്ട്).
പ്രകാശത്തിന്റെ വേഗതയ്ക്ക് ശാസ്ത്രലോകത്ത് ഒരു സവിശേഷ സ്ഥാനമാണ് ഉള്ളത്. പ്രകാശം അടിസ്ഥാനപരമായി ഒരു വൈദ്യുതകാന്തിക തരംഗമാണ് എന്ന് സൂചിപ്പിച്ചല്ലോ. അതായത്, ഒരിടത്ത് പ്രകാശമുണ്ട് എന്നുവെച്ചാൽ അവിടെ പരസ്പരബന്ധിതമായി തരംഗം പോലെ ഏറ്റക്കുറച്ചിലുകൾ പ്രകടിപ്പിക്കുന്ന ഒരു വൈദ്യുതമണ്ഡലവും കാന്തികമണ്ഡലവും ഉണ്ടെന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകുമ്പോൾ അതുവഴി, ജലോപരിതലത്തിൽ ഓളങ്ങൾ എന്നപോലെ വൈദ്യുതമണ്ഡലവും കാന്തികമണ്ഡലവും കടന്നുപോകുകയാണ്. എല്ലാ വസ്തുക്കളും ഒരുപോലെയല്ല വൈദ്യുത-കാന്തിക മണ്ഡലങ്ങളെ കടന്നുപോകാൻ അനുവദിയ്ക്കുന്നത്. അതുകൊണ്ട് പ്രകാശത്തിനും എല്ലാ മാധ്യമത്തിലൂടെയും ഒരേ വേഗതയിൽ കടന്നുപോകാനാകില്ല. പക്ഷേ ഒരു പ്രത്യേക മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിയ്ക്കുന്ന വേഗത എല്ലായ്പ്പോഴും സ്ഥിരമായിരിക്കും. ആ പദാർത്ഥത്തിന്റെ വൈദ്യുത-കാന്തിക ഗുണങ്ങളാണ് അതിലൂടെയുള്ള പ്രകാശവേഗത നിശ്ചയിക്കുന്നത്. ശൂന്യതയിലൂടെയാണ് പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്, സെക്കന്റിൽ ഏതാണ്ട് മൂന്ന് ലക്ഷം കിലോമീറ്റർ. ഈ വേഗതയിൽ പോയാൽ ഒരു സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് ഭൂഗോളത്തെ എട്ട് തവണ വലംവെക്കാം. ഇതൊരു സാർവത്രിക സ്പീഡ് ലിമിറ്റ് (universal speed limit) ആണെന്ന് പറയാറുണ്ട്. കാരണം, പ്രകാശത്തെക്കാൾ വേഗതയിൽ നാം ജീവിക്കുന്ന ഭൗതികലോകത്തിലെ ഒന്നിനും ഒന്നിലൂടെയും സഞ്ചരിയ്ക്കാനാകില്ല.
ദൂരമളക്കാൻ പ്രകാശട്ടേപ്പ്!
നമ്മൾ ദൂരമളക്കാനായി സാഹചര്യത്തിന് യോജിച്ച രീതിയിൽ പല പല യൂണിറ്റുകൾ ഉപയോഗിക്കാറുണ്ട്. ഒരു ബുക്കിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദൂരം പറയാൻ സെന്റിമീറ്റർ എന്ന യൂണിറ്റ് ഉപയോഗിക്കാം. വീടിന്റെ ഉയരമോ റോഡിന്റെ വീതിയോ ഒക്കെ പറയാൻ മീറ്റർ ആണ് കൂടുതൽ നല്ലത്. അവിടെ സെന്റിമീറ്റർ ഉപയോഗിച്ചാൽ, റോഡിന്റെ വീതി 30 മീറ്റർ എന്നതിന് പകരം 3000 സെന്റിമീറ്റർ എന്ന് പറയേണ്ടിവരും. കണക്കുകൂട്ടലുകളിൽ എപ്പോഴും ചെറിയ സംഖ്യകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യം. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ദൂരം 250 കിലോമീറ്റർ എന്ന് പറയുന്നതാണല്ലോ 2,50,00,000 സെന്റിമീറ്റർ എന്ന് പറയുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത്. ഇതുപോലെ മനുഷ്യന്റെ നിത്യജീവിതത്തിൽ ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള പരമാവധി വലിയ ദൂരം പോലും കിലോമീറ്ററിൽ അടയാളപ്പെടുത്താൻ സാധിച്ചേയ്ക്കും. പക്ഷേ ശാസ്ത്ര അന്വേഷണത്തിന്റെ ലോകം, നിത്യജീവിതവ്യവഹാരത്തിന്റെ പരിധികൾക്കും എത്രയോ ഉപരിയാണ് എന്നറിയാമല്ലോ. ഭൂമിയിൽ നിന്നും ചന്ദ്രനിലേയ്ക്കുള്ള ദൂരം 3,84,400 കിലോമീറ്റർ ഉണ്ട്. ഈ വിശാലപ്രപഞ്ചത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത സമീപവാസിയാണ് ചന്ദ്രൻ. തൊട്ടടുത്ത സ്ഥാനത്ത് സൂര്യനാണ്. ഇവിടെ നിന്നും അവിടേയ്ക്ക് ഏതാണ്ട് 15 കോടി കിലോമീറ്ററുണ്ട്. ചന്ദ്രനിലേയ്ക്കുള്ള ദൂരത്തിന്റെ 400 ഇരട്ടിയാണീ ദൂരം. ഇതിനെക്കാൾ 30 മടങ്ങ് ദൂരെയാണ് സൗരയൂഥത്തിലെ അവസാനഗ്രഹമായ നെപ്റ്റ്യൂൺ. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്റോറി സൂര്യനെക്കാൾ രണ്ടരലക്ഷം മടങ്ങ് ദൂരെയാണ്-ഏതാണ്ട് 4,00,00,00,00,00,000 കിലോമീറ്റർ! ഇപ്പോഴും പ്രാപഞ്ചിക ദൂരങ്ങളുടെ കണക്കിൽ നാം ഉമ്മറപ്പടി പോലും കടന്നിട്ടില്ല എന്നോർക്കണം. പക്ഷേ മനുഷ്യൻ ഇന്നുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ വേഗതയിൽ സഞ്ചരിച്ചാൽ പോലും പ്രോക്സിമാ സെന്റോറിയിൽ എത്താൻ ഒന്നേകാൽ ലക്ഷം വർഷം എടുക്കും!
മനുഷ്യമസ്തിഷ്കത്തിന് നേരിട്ട് കൈകാര്യം ചെയ്യാൻ പോലും കഴിയാത്ത അത്രയും വിശാലമായ ഇത്തരം ദൂരങ്ങളെ സൂചിപ്പിക്കാൻ നമുക്ക് സൗകര്യപ്രദമായ ഒരു യൂണിറ്റ് വേണമല്ലോ. ടേപ്പ് വലിച്ചുപിടിച്ച് അളക്കാവുന്ന ദൂരങ്ങളല്ല ഇതൊന്നും. ആ സ്ഥാനത്താണ് പ്രാപഞ്ചികദൂരങ്ങളുടെ ടേപ്പ് വലിയ്ക്കാൻ നാം പ്രകാശത്തിന്റെ സഹായം തേടുന്നത്. കാരണം, പ്രകാശം ശൂന്യതയിലൂടെ സഞ്ചരിയ്ക്കുന്ന വേഗതയാണ് നമുക്ക് ലഭ്യമായതിൽ ഏറ്റവും കൂടിയ വേഗത. സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ എന്ന കണക്കിൽ ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിയ്ക്കുന്ന ദൂരത്തെയാണ് ഒരു പ്രകാശവർഷം എന്ന് വിളിക്കുന്നത്. അതായത്, 60 സെക്കന്റുകൾ ചേർന്ന് ഒരു മിനിറ്റ്, അങ്ങനത്തെ 60 മിനിറ്റുകൾ ചേർന്ന് ഒരു മണിക്കൂർ, അങ്ങനത്തെ 24 മണിക്കൂറുകൾ ചേർന്ന് ഒരു ദിവസം, അങ്ങനത്തെ 365.25 ദിവസങ്ങൾ ചേർന്ന ഒരു വർഷം എന്നിങ്ങനെയുള്ള കണക്കിൽ പ്രകാശം സഞ്ചരിച്ച് തീർക്കുന്ന ദൂരം എത്രയാണോ അതാണ് ഒരു പ്രകാശവർഷം. ഇത് എത്രത്തോളം വലിയ ദൂരമാണെന്ന് ഊഹിക്കാൻ സാധിയ്ക്കുമല്ലോ. പ്രോക്സിമാ സെന്റോറിയിലേയ്ക്ക് നേരത്തേ പറഞ്ഞ 4-ഉം പതിമൂന്ന് പൂജ്യങ്ങളും ചേർന്നത്രയും കിലോമീറ്റർ ദൂരം ഈ യൂണിറ്റിൽ 4.2 പ്രകാശവർഷം എന്ന സൗകര്യപ്രദമായ സംഖ്യയിലേയ്ക്ക് ചുരുങ്ങുന്നു.
ജ്യോതിശാസ്ത്ര ദൂരങ്ങളെ ഇങ്ങനെ പ്രകാശവേഗതയുടെ അടിസ്ഥാനത്തിൽ പറയുന്ന രീതി വളരെ പഴക്കമുള്ളതാണ്. 1838-ൽ ഒരു വിദൂരനക്ഷത്രത്തിലേയ്ക്കുള്ള ദൂരം ആദ്യമായി അളന്ന ഫ്രഡറിക് ബെസ്സൽ എന്ന ശാസ്ത്രജ്ഞനാണ് ആദ്യം അത് ചെയ്തത്. അളന്ന് കണ്ടെത്തിയ ദൂരത്തോടൊപ്പം ‘ഇത്രയും ദൂരം സഞ്ചരിയ്ക്കാൻ പ്രകാശം ഏതാണ്ട് 10.3 വർഷം എടുക്കും’ എന്നൊരു പ്രസ്താവന കൂടി ചേർത്താണ് അദ്ദേഹം അത് അവതരിപ്പിച്ചത്. പക്ഷേ അന്ന് പ്രകാശത്തിന്റെ വേഗത എത്രയാണെന്നതിനെ പറ്റി കൃത്യമായ ഒരു ധാരണ ഇല്ലായിരുന്നു എന്നതിനാൽ ആ രീതി അത്ര ഗൗരവമായി ആരും കണക്കാക്കിയില്ല.
വളരെ അടുത്തകാലത്താണ് പ്രകാശവേഗത കൃത്യമായി നിജപ്പെടുത്താൻ സാധിച്ചത്. അതോടെ പ്രകാശവർഷം എന്ന ദൂരത്തിനും നിശ്ചിതമായ ഒരു പരിമാണം പറയാനായി.
അതിദൂരവും ഭൂതകാലവും
നിത്യജീവിതത്തിൽ പ്രകാശം എന്നാൽ ‘ഒരു നിശ്ചിതവേഗതയിൽ സഞ്ചരിക്കുന്ന’ ഒന്നാണെന്ന തോന്നൽ നമുക്കുണ്ടാകാൻ വഴിയില്ല. നമ്മൾ ബൾബ് ഓൺ ചെയ്യുന്നു, അതാ എല്ലായിടത്തും പ്രകാശം! അല്ലാതെ ബൾബ് ഓൺ ചെയ്ത്, അതിൽ നിന്നും പ്രകാശം പുറപ്പെട്ട് തറയിലെത്താൻ വേണ്ട സമയദൈർഘ്യമൊന്നും നമുക്ക് ഇന്ദ്രിയഗോചരമായ ഒന്നല്ലല്ലോ. എന്നാൽ ജ്യോതിശാസ്ത്രത്തിലും പ്രപഞ്ചഭൗതികത്തിലുമൊക്കെ കൈകാര്യം ചെയ്യേണ്ട ബൃഹത്തായ ദൂരങ്ങൾ പരിഗണിക്കുമ്പോൾ പ്രകാശം, വളരെ വലിയതെങ്കിൽ പോലും അനന്തമല്ലാത്ത, പരിമിതമായ വേഗതയുള്ള ഒരു അസ്തിത്വമാണെന്നത് അവഗണിക്കാനാകില്ല. ഒരു ഉദാഹരണം നോക്കാം. നാം സൂര്യനെ കാണുന്നത് സൂര്യനിൽ നിന്നുള്ള പ്രകാശം സഞ്ചരിച്ച് നമ്മുടെ കണ്ണിലെത്തുമ്പോഴാണല്ലോ. സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള 15 കോടി കിലോമീറ്റർ സഞ്ചരിക്കാൻ പ്രകാശത്തിന് ഏതാണ്ട് എട്ട് മിനിറ്റ് വേണം. 10:00 മണിയ്ക്ക് ഞാൻ സൂര്യനെ നോക്കുന്നു എന്ന് സങ്കല്പിക്കുക. ഈ സമയത്ത് സൂര്യനിൽ നിന്ന് പുറപ്പെടുന്ന പ്രകാശം 10:08-നേ ഭൂമിയിലെത്തൂ. അപ്പോ 10:00 മണിയ്ക്ക് ഞാൻ കാണുന്ന സൂര്യപ്രകാശമോ? അത് എട്ട് മിനിറ്റ് മുൻപ് 9:52-ന് അവിടെ നിന്ന് പുറപ്പെട്ടതാണ്, ചുരുക്കത്തിൽ, എട്ട് മിനിറ്റ് പഴയ സൂര്യനെയാണ് നമ്മൾ എപ്പോഴും കാണുന്നത്.
സൂര്യനെ വിട്ട് വിദൂരനക്ഷത്രങ്ങളിലേയ്ക്ക് പോകുമ്പോൾ പ്രകാശത്തിന്റെ ക്ലിപ്തമായ വേഗത കൂടുതൽ ഗൗരവമുള്ള ഫലങ്ങൾ ഉളവാക്കുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ തിരുവാതിര എന്ന നക്ഷത്രമെടുക്കാം. ഇംഗ്ലീഷിൽ Betelgeuse എന്ന് വിളിക്കപ്പെടുന്ന ഇത് ഒരു ചുവപ്പുഭീമനാണ്. (ഒരു നക്ഷത്രത്തിന്റെ പരിണാമചക്രത്തിലെ അവസാനഘട്ടമാണ് ചുവപ്പ് ഭീമൻ എന്നറിയപ്പെടുന്നത്). ഈ നക്ഷത്രം ഏതാണ്ട് 600 പ്രകാശവർഷം അകലെയാണ്. അതായത്, അവിടന്ന് പ്രകാശം ഇവിടെയെത്താൻ 600 വർഷമെടുക്കും. അതുകൊണ്ട് 600 വർഷം മുൻപത്തെ തിരുവാതിരയെ മാത്രമേ നമുക്ക് കാണാൻ നിർവാഹമുള്ളു. ഇന്ന് ഞാൻ രാത്രി തിരുവാതിര നക്ഷത്രത്തെ നോക്കി നിൽക്കുമ്പോൾ എന്റെ കണ്ണിൽ വീഴുന്ന പ്രകാശം അവിടെ നിന്ന് പുറപ്പെടുമ്പോൾ, ഇവിടെ ഷെയ്ക്സ്പിയർ ജനിച്ചിരുന്നില്ല എന്നോർക്കുന്നത് കൗതുകകരമല്ലേ? നാം കാണുന്നത് 600 വർഷം മുൻപത്തെ തിരുവാതിരയെയാണ്. ഇക്കാലത്തിനിടെ തിരുവാതിരയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ യാതൊരു നിർവാഹവും ഇല്ല. അത് ഇപ്പോഴും അവിടുണ്ടോ എന്നുപോലും ഉറപ്പില്ല. ഇതുപോലെ ആയിരവും രണ്ടായിരവും പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളുടെ ആയിരവും രണ്ടായിരവും വർഷം പഴക്കമുള്ള ദൃശ്യങ്ങൾ നമുക്ക് വെറും കണ്ണുകൊണ്ട് ആകാശത്ത് കാണാനാകും. പക്ഷേ നാം കാണുന്നതെല്ലാം, നമ്മുടെ തന്നെ ഗാലക്സിയിലെ തൊട്ടടുത്തുള്ള നക്ഷത്രങ്ങളാണ്. മിൽക്കീവേ ഗാലക്സിയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് പ്രകാശമെത്താൻ ഒരുലക്ഷം വർഷമെടുക്കും. രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തെക്കാൾ ഇരുപത് മടങ്ങ് വലുതാണ് ആ കാലഘട്ടം എന്നോർക്കണം.
പ്രപഞ്ചത്തിലെ വിശാലദൂരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ദൂരെയുള്ള ദൃശ്യം, പഴക്കമുള്ള ദൃശ്യം കൂടി ആയി മാറുന്നു എന്ന കാര്യം ശ്രദ്ധിച്ചില്ലേ? എത്രത്തോളം ദൂരേയ്ക്ക് നാം കാണുന്നുവോ, അത്രത്തോളം പിന്നിലുള്ള ഒരു ഭൂതകാലദൃശ്യമാണ് നാം നോക്കിക്കാണുന്നത്. നാം നിരീക്ഷിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൂരെയുള്ള വസ്തു GN-z11 എന്ന് പേരിട്ടിരിക്കുന്ന ഒരു ഗാലക്സിയാണ്. 1340 കോടി പ്രകാശവർഷം അകലെയാണത്. അപ്പോൾ, 1340 കോടി വർഷം മുൻപ് ഉണ്ടായിരുന്ന അവസ്ഥയിലാണ് ആ ഗാലക്സി നമുക്ക് കാണപ്പെടുന്നത് എന്നർത്ഥം. നമ്മുടെ പ്രപഞ്ചത്തിന് ഇന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന പ്രായം 1380 കോടി വർഷമാണ്. അങ്ങനെയെങ്കിൽ GN-z11, പ്രപഞ്ചത്തിന് വെറും 40 കോടി വർഷം പ്രായമുള്ള സമയത്തെ (നൂറ് വയസ്സുള്ള ആളിന് 2 വയസ്സുണ്ടായിരുന്നപ്പോൾ എന്നപോലെ) ഒരു ചിത്രമാണ് നമുക്ക് നൽകുന്നത് എന്നൂഹിക്കാമല്ലോ. അങ്ങനെ പ്രപഞ്ചത്തിന്റെ ഉല്പത്തിസമയത്തെ അവസ്ഥ മനസിലാക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കാൻ ഇത്തരം വിദൂരവസ്തുക്കൾക്ക് സാധിയ്ക്കുന്നു. ആ അർത്ഥത്തിൽ, പ്രകാശവർഷങ്ങൾ ദൂരേയ്ക്ക് കാണുന്തോറും വർഷങ്ങൾ പിന്നിലേയ്ക്ക് നാം എത്തിനോക്കുകയാണ്. ഇനിയുമറിയാത്ത പ്രപഞ്ചരഹസ്യങ്ങളിൽ പലതും അത്തരം അതിദൂരക്കാഴ്ചകളിൽ വെളിപ്പെടാനുണ്ട്.