ഹൈദരാബാദി ബിരിയാണി
Vaisakhan Thampi
2018
എന്റെ ഒരു സുഹൃത്തിന്റെ കമ്പനിയിൽ നടന്ന സംഭവമാണ്, ഹൈദരാബാദിൽ. അവിടെ കമ്പനിയുടെ ഒരു വിജയാഘോഷത്തിന്റെ ഭാഗമായി അവർ ഹൈദരാബാദി ബിരിയാണി ഒരുക്കാൻ തീരുമാനിച്ചു. തനത് രുചിയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലാന്നും ഹൈദരാബാദി ബിരിയാണിയിൽ നഗരത്തിലെ ഏറ്റവും പേരുകേട്ട കുക്ക് തന്നെ വേണമെന്നും അവർക്ക് നിർബന്ധമായിരുന്നു. അങ്ങനൊരാളെ കണ്ടുപിടിയ്ക്കുകയും ചെയ്തു. അരി മുതൽ വിറക് വരെ ഉൾപ്പെട്ട വിശദമായ ഒരു കുറിപ്പടി കുക്ക് അവർക്ക് മുൻകൂട്ടി നൽകി. കമ്പനി സാധനങ്ങൾ റെഡിയാക്കുന്നു, കുക്ക് സ്പോട്ടിലെത്തി ബിരിയാണി പാചകം ചെയ്യുന്നു- അങ്ങനെയാണ് പരിപാടി.
സംഭവദിവസം രാവിലെ കൃത്യസമയത്ത് തന്നെ കുക്കെത്തി. പക്ഷേ വാങ്ങി വെച്ചിരുന്ന സാധനങ്ങൾ കണ്ട ആളിന്റെ മുഖം കറുത്തു. "ഞാൻ കുറിച്ചുതന്ന വിറകല്ലല്ലോ ഇത്" എന്നായി കക്ഷി. "ആ മരത്തിന്റെ വിറക് കിട്ടിയില്ല, അതുകൊണ്ട് കിട്ടിയത് വാങ്ങി" എന്നായിരുന്നു ബന്ധപ്പെട്ട സ്റ്റാഫിന്റെ മറുപടി. പക്ഷേ കുക്ക് ഇടഞ്ഞു. താൻ കുറിച്ചുകൊടുത്ത തടിവിറക് തന്നെ കിട്ടിയില്ലെങ്കിൽ ബിരിയാണി ഉണ്ടാക്കാൻ തന്നെ കിട്ടില്ലെന്ന് പുള്ളി കട്ടായം പറഞ്ഞു. ഇതുണ്ടാക്കാവുന്ന പ്രതികരണം ഊഹിക്കാമല്ലൊ. തീരെ നിസ്സാര കാര്യം പറഞ്ഞ് ഉടക്കുണ്ടാക്കുന്ന ആളുടെ ജാഡ സഹിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഭൂരിപക്ഷത്തിന്റേയും മനോഭാവം. പക്ഷേ കമ്പനി തലവൻ കുഴഞ്ഞു. ബിരിയാണി വല്ലാതെ കൊതിച്ചിട്ട്, അവസാന നിമിഷം ഇനി വേറെ കുക്കിനെ സംഘടിപ്പിക്കാൻ പറ്റില്ല. എങ്ങനെങ്കിലും അയാൾ ആവശ്യപ്പെട്ട വിറക് സംഘടിപ്പിക്കാൻ പുള്ളി സ്റ്റാഫിനോട് പറഞ്ഞു. അങ്ങനെ രണ്ടുപേർ കുക്കിനേയും കൂട്ടിപ്പോയി സംഗതി ഒപ്പിയ്ക്കുക തന്നെ ചെയ്തു.
അല്പം വൈകിയെങ്കിലും ആഘോഷം ബിരിയാണിയോടൊപ്പം തന്നെ നടന്നു. രസമെന്തെന്നാൽ, ബിരിയാണി കഴിച്ചതോടെ കുക്കിനോടുള്ള ദേഷ്യം ആളുകൾ മറന്നുപോയി. അത്രയ്ക്കും ഗംഭീരം. പലരും പുള്ളിയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. അതോടെ കുക്ക് അല്പം മയപ്പെട്ട് അവരെ അടുപ്പിനടുത്തേയ്ക്ക് കൊണ്ടുപോയി- "നിങ്ങൾ ഒറിജിനൽ ഹൈദരാബാദി ബിരിയാണി കഴിയ്ക്കാനാണ് എന്നെ വിളിപ്പിച്ചത് അല്ലേ? അപ്പോ നിങ്ങൾക്ക് ആ ടേസ്റ്റ് തന്നെ തരാൻ ഞാൻ ബാധ്യസ്ഥനല്ലേ?"
ആളുകൾ തലകുലുക്കി.
എന്നിട്ട് കുക്ക് അദ്ദേഹം കുറിച്ച വിറകിന്റെയും കമ്പനി സ്റ്റാഫ് ആദ്യം വാങ്ങിച്ച വിറകിന്റേയും ഓരോ കഷണം എടുത്ത് കത്തിച്ച് രണ്ട് കൈയിലായി പിടിച്ചു - "ഇത് രണ്ടും കത്തുന്നത് തമ്മിൽ വ്യത്യാസമുണ്ടോ എന്ന് നോക്കൂ"
വ്യക്തമായിരുന്നു, രണ്ടും രണ്ട് വേഗത്തിലാണ് കത്തിപ്പിടിക്കുന്നത്. കുക്ക് തുടർന്നു -"ഞാൻ ഉദ്ദേശിക്കുന്ന രുചി കിട്ടണമെങ്കിൽ ഞാൻ ഉദ്ദേശിക്കുന്ന വേഗത്തിൽ കത്തുന്ന വിറക് തന്നെ വേണം. അതില്ലെങ്കിൽ ഞാനീ പണി ചെയ്തിട്ട് കാര്യമില്ല"
ഈ സംഭവം വിവരിച്ചിട്ട് എന്റെ സുഹൃത്ത് പറഞ്ഞത്, ചെറിയ കാര്യങ്ങളിൽ പോലും നമുക്കറിയാത്ത ഒരുപാട് അടിസ്ഥാന പാഠങ്ങൾ പഠിയ്ക്കാനുണ്ടാകും എന്നൊരു ഗുണപാഠം അതിൽ നിന്ന് പഠിച്ചു എന്നാണ്. ഒരു ശാസ്ത്രവിദ്യാർത്ഥി എന്ന നിലയിൽ ഞാൻ അതേ കാര്യം പല ആവർത്തി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിവിടെ പറഞ്ഞത് ഒരു നയം വ്യക്തമാക്കലിന്റെ ഭാഗമായാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിരന്തരം എഴുതിക്കൊണ്ടിരുന്നത്. പല കാര്യങ്ങൾ പറഞ്ഞുവെങ്കിലും ഏതാണ്ടെല്ലാറ്റിന്റേയും സത്ത ഒന്നുതന്നെയായിരുന്നു. അത് പക്ഷേ പലർക്കും തിരിച്ചറിയാൻ പറ്റിയിട്ടില്ല. ഡാം പണിഞ്ഞതാണോ, ഷട്ടർ തുറന്നതാണോ, മഴ കനത്തതാണോ, പുഴക്കരയിൽ വീടുവെച്ചതാണോ,... അങ്ങനെ എന്താണ് പ്രളയത്തിന് കാരണമായത് എന്ന തർക്കമാണ് കഴിഞ്ഞ കുറേ നാളായി ന്യൂസ്ഫീഡ് മൊത്തം. എന്നെ അലട്ടിയ കാര്യം, പറയുന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല എന്നതാണ്. ഡാം മാനേജ്മെന്റും അസാധാരണ കാലാവസ്ഥയും ഒക്കെ ഇത്ര ലളിതമായ വിഷയങ്ങളായിരുന്നോ! ടീവീ ചർച്ചകളും പത്രവാർത്തകളും കണ്ട് പഠിച്ചെടുത്ത് ആർക്കും ആധികാരിക കുറ്റാന്വേഷണം നടത്തി വിധി പ്രസ്താവിക്കാവുന്ന സങ്കീർണതകളേ, മലയും കുന്നും തീരവും താഴ്വരയും ഒക്കെയായി മുപ്പതിനായിരത്തോളം ചതുരശ്ര കിലോമീറ്റർ പരന്ന് കിടക്കുന്ന ഒരു പ്രദേശത്ത് നടക്കുന്ന ഒരു പ്രളയദുരന്തത്തിൽ ഉള്ളോ? പത്തിരുപത് കൊല്ലമായി ഫിസിക്സും അനുബന്ധ നാച്വറൽ സയൻസുകളും പഠിയ്ക്കുന്ന ആളാണ് ഞാൻ. കോളജ് തലത്തിൽ അത് പഠിപ്പിക്കുന്നുമുണ്ട്. ഈ ദുരന്ത പശ്ചാത്തലത്തിൽ, ഉള്ള അറിവ് ആധാരമാക്കി ഒരു പഠനം നടത്താൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ "ദാ ഇതാണ് സംഭവിച്ചത്, ഇതായിരുന്നു ചെയ്യേണ്ടിയിരുന്നത്" എന്ന മട്ടിലൊരു പ്രസ്താവന നടത്താൻ എനിക്കിനിയും കഴിയില്ല. കാരണം, എനിക്കീ പ്രശ്നം കൃത്യമായി വിശകലനം ചെയ്യുന്നതിനുള്ള സാങ്കേതികജ്ഞാനം ഇല്ല എന്ന് ഞാൻ തന്നെ തിരിച്ചറിയുന്നു എന്നതാണ്. നിങ്ങളിൽ പലർക്കും ഒരു ഇംഗ്ലീഷ് പത്രവും ഫ്രെഞ്ച് പത്രവും തമ്മിൽ തിരിച്ചറിയാൻ പറ്റിയേക്കും. പക്ഷേ ഫ്രഞ്ച് കണ്ടാൽ അത് ഇംഗ്ലീഷ് അല്ലായെന്ന് മനസിലാക്കാൻ പോലും ഒരല്പം ഇംഗ്ലീഷ് അറിയേണ്ടതുണ്ട് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? അതില്ലെങ്കിൽ, അക്ഷരം കൂട്ടിപ്പിടിച്ച് വായിക്കാൻ മാത്രമറിയാവുന്ന ഒരാൾ ചിലപ്പോൾ ഇംഗ്ലീഷാണെന്ന് കരുതി ഫ്രഞ്ച് ഉറക്കെ വായിച്ചെന്നിരിക്കും. ന്യൂസ് ഫീഡിൽ കണ്ട പല 'ഡാം മാനേജുമെന്റ് പാഠങ്ങളും' ഇത്തരം ഫ്രഞ്ച് വായനകളാണെന്ന് പറയാതെ വയ്യ. അഭിപ്രായ സ്വാതന്ത്ര്യവും, അതിന്റെ ആവിഷ്കാരത്തിന് സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകളും ഉള്ളതുകൊണ്ട് അതൊന്നും പാടില്ല എന്ന് പറയുന്നില്ല. പറയാനുള്ളത് ഇത്രമാത്രം - ദുരന്തവിശകലനത്തിൽ ആധികാരിക അഭിപ്രായം പറയാനുള്ള അറിവ് എനിക്കില്ല. പക്ഷേ അറിവില്ലാത്ത മറ്റൊരാൾ അഭിപ്രായം പറയുമ്പോൾ അത് അറിയാത്ത കാര്യം പറയുന്നതാണെന്ന് മനസിലാക്കാൻ എന്റെ അറിവ് ഉപകരിക്കുന്നുണ്ട്. അതു തന്നെയാണ്, അത് മാത്രമാണ്, മുൻ പോസ്റ്റുകളിൽ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞതും. ഇനി ഈ വിഷയത്തിൽ അധികമൊന്നും എഴുതാനില്ല.
ഉപഗ്രഹ സംപ്രേഷണം തുടരും..