രാജ്യാതിർത്തി, നയതന്ത്രബന്ധം, സൈനികനീക്കം
Vaisakhan Thampi
March 7 2019
രാജ്യാതിർത്തി, നയതന്ത്രബന്ധം, സൈനികനീക്കം എന്നൊക്കെ പറഞ്ഞാൽ സർവേക്കല്ലിന്റെ പേരും പറഞ്ഞുള്ള അതിരുതർക്കവും, വേലിപൊളിച്ച് തല്ലുകൂടലും പോലീസ് കേസാകലും പോലെയുള്ള സിമ്പിൾ കാര്യങ്ങളാണെന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. ആ ബലത്തിലാണ് വാഗ്വാദങ്ങളും അഭിപ്രായ പ്രകടനങ്ങളും പരിഹാര നിർദ്ദേശങ്ങളുമൊക്കെ സംഭവിക്കുന്നത്. അതേ കാരണം കൊണ്ട് തന്നെയാണ് ഈ പ്രൊഫൈലിൽ അതേപ്പറ്റി അഭിപ്രായങ്ങളൊന്നും കാണാത്തതും.
ഡേറ്റ എന്നൊരു സാധനമുണ്ട്. എന്ത് അഭിപ്രായത്തിനും വാദത്തിനും അടിസ്ഥാനമായി അങ്ങനെയൊരു സംഗതി ഉണ്ടാകേണ്ടതുണ്ട്. (അതില്ലാതെ വെറും ഊഹാപോഹം പറയുന്നത് തെറ്റാണെന്നല്ല, പക്ഷേ അത് ഊഹാപോഹമായിട്ട് തന്നെ വേണം പറയാൻ). രാജ്യാതിർത്തിയിലെ നുഴഞ്ഞുകയറ്റം, അതീവസുരക്ഷാ മേഖലയിലെ ഭീകരാക്രമണം, അയൽരാജ്യത്തെ ഭീകരതാവളം നശിപ്പിക്കൽ, തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായം പറയാൻ എന്താണ് ഒരു സാധാരണവ്യക്തിയുടെ ഡേറ്റ? പത്രങ്ങളും, ചാനലുകളും പറയുന്ന കാര്യങ്ങളല്ലാതെ വേറൊന്നും തന്നെ അവിടില്ല. ഇനി, ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ എവിടുന്നാണ് വരുന്നത്? മിക്കതും ബന്ധപ്പെട്ട സർക്കാർ-ഉദ്യോഗസ്ഥ പ്രതിനിധികളുടെ ബ്രീഫിങ്ങിൽ നിന്ന് കിട്ടുന്നതാണ്. അല്ലാതെ സൈഡിൽ മീഡിയാ ക്യാമറയും മൈക്കും റെഡിയാക്കി നിർത്തിയിട്ട് ചെയ്യാൻ അവിടെ റിയാലിറ്റി ഷോയിലെ ബലൂൺ പൊട്ടിക്കൽ മത്സരമല്ലല്ലോ നടക്കുന്നത്. അവിടെ ഗ്രൗണ്ടിലിറങ്ങി കളിക്കുന്ന കളിക്കാരെ മാത്രമേ കടത്തിവിടാൻ പറ്റൂ, ഗാലറിയിൽ ആളിനെയിരുത്താൻ പറ്റില്ല. അപ്പോപ്പിന്നെ, ജനങ്ങളെ എന്ത് അറിയിക്കണം, എന്ത് മറച്ചുപിടിക്കണം എന്ന ബോധപൂർവമായ ഒരു തെരെഞ്ഞെടുപ്പിന്റെ ഫലമായി ഉണ്ടാകുന്ന വാർത്തകളാണ് ഈ വിഷയങ്ങളിൽ നാം കാണുന്നതും കേൾക്കുന്നതും. ചാനലുകളിൽ വിളിച്ചുപറയുന്നവർക്കും പത്രങ്ങളിൽ എഴുതിപ്പിടിപ്പിക്കുന്നവർക്കും ഒക്കെ ഡേറ്റ എന്ന് വിളിക്കാൻ അതേയുള്ളൂ.
പക്ഷേ മട്ട് കണ്ടാൽ തോന്നില്ല. ഫീൽഡിൽ നിന്ന് നേരിട്ടുള്ള ചൂടൻ വാർത്തയാണെന്ന് തോന്നിക്കുന്ന രീതിയിലായിരിക്കും റിപ്പോർട്ടുകൾ. അതേ മട്ടിലായിരിക്കും ചർച്ചകളും. പൊതുവിൽ ദേശഭക്തി എന്നത് നല്ല വില്പനസാധ്യതയുള്ള ഒരു വികാരമാണ്. അപ്പോപ്പിന്നെ വാർത്തയെഴുതുന്നവർക്കും ചർച്ച ചെയ്യുന്നവർക്കും ഒരു നിലപാടെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ദേശസ്നേഹം ആളിക്കത്തിക്കുന്ന രീതിയിൽ രാജ്യത്തേയും സൈന്യത്തേയുമൊക്കെ പ്രകീർത്തിച്ചും ശത്രുരാജ്യത്തെ തകർക്കണമെന്ന മട്ടിലുമായിരിക്കും അവയെല്ലാം. ഡേറ്റ? ഒരു കൊല്ലം മുൻപ് തുടങ്ങിയ കൊച്ചി മെട്രോ പോലും ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത ഒരു മാപ്പ് വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് വെച്ച് പത്ത് ദിവസം മുൻപ് നടന്ന സൈനികനീക്കത്തിൽ തകർന്ന ഭീകരത്താവളത്തിന്റെ തെളിവ് കെട്ടിയെഴുന്നള്ളിച്ചത് ഒരു പ്രമുഖ മാധ്യമമായിരുന്നു. അത്രയ്ക്കുണ്ട് ഡേറ്റയോടുള്ള പ്രതിബദ്ധത.
ഇവിടെ സ്വാഭാവികമായ ഒരു ചോദ്യമുണ്ട്; അപ്പോപ്പിന്നെ നമ്മളെന്ത് വിശ്വസിക്കണം, എന്ത് നിലപാടെടുക്കണം? ലോകത്ത് നടന്ന യുദ്ധങ്ങളിലെല്ലാം ചരിത്രം എഴുതപ്പെട്ടിട്ടുള്ളത് ജയിച്ച ചേരിയുടെ വെർഷൻ എന്ന രീതിയിലാണ്. പക്ഷേ അടുത്ത കാലത്തായി സോഷ്യൽ മീഡിയ ഒക്കെ വന്നതോടെ യുദ്ധത്തിന്റെ ഇരകൾക്ക്- ഫീൽഡിൽ ചിന്തുന്ന ചോരയുടെ ഉടമകൾക്ക് - പറയാനുള്ളത് കൂടി ലോകത്തിന് കേൾക്കാൻ കഴിഞ്ഞു. യുദ്ധം വീരശൂര പരാക്രമികൾക്ക് സാഹസികചരിത്രമെഴുതാൻ പറ്റിയ വിഷയമല്ല, മറിച്ച് മനുഷ്യജീവനും രാഷ്ട്രങ്ങളുടെ നിലനില്പിനും തന്നെ വൻതോതിൽ ആഘാതം ഏൽപ്പിക്കുന്ന ഒരു മനുഷ്യനിർമിത ദുരന്തമാണ്. അതുകൊണ്ട് നമ്മുടെ നിലപാട് എന്തിന് അനുകൂലമായിട്ടായിരുന്നാലും അത് യുദ്ധത്തിന് എതിരേ ആയിരിക്കണം എന്നാണ് ചരിത്രം വായിച്ചാൽ മനസിലാകുക. അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഭരണകർത്താക്കളുടെ ഒരു സ്ഥിരം തന്ത്രമായിരുന്നു ശത്രുരാജ്യങ്ങളെ സൃഷ്ടിച്ച്, പുറമേ നിന്നുള്ള ഭീഷണി ഉയർത്തിക്കാട്ടി അനുകൂലമായ ജനവികാരം ഉണ്ടാക്കിയെടുക്കൽ.
പാകിസ്ഥാന് ഇൻഡ്യയും ഇൻഡ്യയ്ക്ക് പാകിസ്ഥാനും ശത്രുവായിരിക്കേണ്ടത് രണ്ട് രാജ്യങ്ങളിലേയും അധികാരിവർഗത്തിന്റെ ആവശ്യമായിരുന്നു. താരതമ്യേന ബോധമുള്ള ഭരണാധികാരികളായിരുന്നു നമ്മുടേത് എന്നതുകൊണ്ട്, പാകിസ്ഥാൻ വിരോധം എന്നതിനപ്പുറമുള്ള ലക്ഷ്യങ്ങൾ നമുക്കുണ്ടായിരുന്നു. രണ്ടായി പിറന്നുവീണിടത്തുനിന്ന് ഇൻഡ്യയും പാകിസ്ഥാനും ഇന്ന് രണ്ട് നിലകളിൽ നിൽക്കുന്നതിന് കാരണം അതാണ്. ഇൻഡ്യയ്ക്കെതിരേ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച പാകിസ്ഥാൻ അവരവർ വളർത്തിയ വിഷപ്പാമ്പുകൾ സ്വന്തം പറമ്പിലെ തന്നെ ആളുകളെ കടിക്കുന്ന അവസ്ഥയിലെത്തി. ഇനി പ്രശ്നം ഇവിടന്ന് നമ്മളെങ്ങോട്ടാണ് പോകുന്നത് എന്നതാണ്. ഇപ്പോഴത്തെ അതിർത്തി സംഘർഷങ്ങളിൽ പാകിസ്ഥാന്റെ വിശദീകരണങ്ങൾ അപ്പടി വിശ്വസിക്കാനൊന്നും കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ മീഡിയയോട് അവിടത്തെ നേതൃത്വം എന്ത് പറയുന്നോ അത് മാത്രമേ പുറംലോകം കേൾക്കുന്നുള്ളു. പക്ഷേ അത് നമ്മുടെ നേതൃത്വത്തിനും ബാധകമായ കാര്യമാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, സത്യാവസ്ഥ എന്ത് തന്നെയായാലും സെൻസിബിളാണെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യുന്ന രീതിയിൽ സംസാരിക്കാൻ കഴിയുന്ന ഒരു നേതാവ് ഇപ്പോൾ പാകിസ്ഥാനുണ്ട് എന്നതാണ്. നമ്മുടെ കാര്യം അതല്ല. സംഘർഷാവസ്ഥ കൊടുമ്പിരിയിൽ നിൽക്കുമ്പോൾ നമ്മുടെ നേതാവ് മൊബൈൽ ആപ്പ് ഉദ്ഘാടനത്തിലും എലക്ഷൻ പ്രചാരണത്തിലുമൊക്കെയായി വലിയ തിരക്കിലായിരുന്നു. നാളിതുവരെ വൺ-വേ റേഡിയോ ഗീർവാണങ്ങളല്ലാതെ ഒരു ചോദ്യം പോലും അഭിമുഖീകരിക്കാതെ, എതിർസ്വരങ്ങളെയെല്ലാം രാജ്യദ്രോഹിപ്പട്ടം ചാർത്തി ഒതുക്കുന്ന രീതിയാണ് പിൻതുടർന്നുവന്നിട്ടുള്ളത്. നോട്ടുനിരോധനം പോലെ, രാജ്യത്തെ ഒന്നടങ്കം യുദ്ധസമാനമായ സാഹചര്യത്തിലേയ്ക്ക് തള്ളിവിടുന്ന കൈവിട്ട കളികൾ മുൻപിൻ നോക്കാതെ ഒറ്റരാത്രി കൊണ്ട് നടപ്പാക്കാനുള്ള ബൗദ്ധിക നിലവാരമേ കാണിച്ചിട്ടുള്ളൂ. ജുഡീഷ്യറിയും റിസർവ് ബാങ്കും പോലുള്ള പ്രീമിയർ സ്ഥാപനങ്ങളുടെ വരെ വിശ്വാസ്യത നശിപ്പിച്ചതാണ് പ്രധാന ഭരണനേട്ടം. പഠാൻകോട്ടും ഉറിയും തുടങ്ങി അവസാനം പുൽവാമ വരെ, അതീവ ഗുരുതരമായ സുരക്ഷാവീഴ്ചകളുടെ നിരയാണ് രാജ്യസ്നേഹി സർക്കാരിന്റെ റെസ്യൂമേയിലെ മുഖ്യ ആകർഷണം. ലോകം മുഴുവൻ കറങ്ങിനടന്ന് 'പ്രയാണമന്ത്രി' സമ്പാദിച്ചുകൂട്ടിയ ഇന്റർനാഷണൽ ഇമേജിന്റെ മേന്മ കാണണമെങ്കിൽ വർത്തമാനകാല സൈനികനടപടിയെ അന്താരാഷ്ട്ര മാധ്യമങ്ങൾ എങ്ങനെ കാണുന്നു എന്ന് നോക്കിയാൽ മതി; റിപ്പോർട്ടുകളെല്ലാം ഇൻഡ്യയ്ക്കെതിരാണ് (എന്നുവെച്ചാൽ എനിയ്ക്കും നിങ്ങൾക്കും എതിരാണ്!). മണ്ടത്തരങ്ങൾ കൊണ്ട് വിവാദമുണ്ടാക്കി അഴിമതികളെ മറച്ചുപിടിക്കുന്ന സ്ഥിരം ട്രിക്ക്, പേപ്പർ വിമാനം പോലും ഉണ്ടാക്കിയ പരിചയമില്ലാത്ത കടക്കെണിയിൽ കിടക്കുന്ന കമ്പനിയ്ക്ക് യുദ്ധവിമാനം ഉണ്ടാക്കാനുള്ള കരാർ വാങ്ങിക്കൊടുത്ത കാര്യത്തിൽ വർക്കൗട്ടായില്ല. അപ്പോൾ ദാ എല്ലാറ്റിനുമൊടുവിൽ പ്രതിരോധ മന്ത്രാലയത്തിലെ രേഖകൾ മോഷ്ടിക്കപ്പെട്ടു എന്ന പരിഹാസ്യമായ ന്യായവുമായി ചമ്മി നാറി നിൽക്കുന്നു. ഇത്രയും വിപുലമായ ട്രാക് റെക്കോഡ് ഉള്ള ഒരു സർക്കാർ ഈ രാജ്യത്തിന്റ ഗുണം മുൻനിർത്തിയുള്ള താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വിശ്വസിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല. പിന്നെ, പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല എന്ന രീതിയിലാണ് സമൂഹത്തിന്റെ ഒരു കിടപ്പുവശം എന്നതുകൊണ്ട് രാഷ്ട്രീയ വിഷയങ്ങൾ അധികം സംസാരിക്കാറില്ല എന്നേയുള്ളൂ. അല്ലേലും അന്താരാഷ്ട്ര പ്രശ്നങ്ങളൊക്കെ പരിശോധിച്ച് പരിഹരിക്കാൻ നമ്മുടെ സംഘിസഹോദരൻമാർ ഉണ്ടല്ലോ...