8 ഉറക്കം തൂങ്ങാത്തവരുണ്ടാവില്ല. പക്ഷേ ഉറക്കം തൂങ്ങലിനിടെ പെട്ടെന്ന് താഴേയ്ക്ക് വീഴുന്നതായി തോന്നി ഞെട്ടി എഴുന്നേറ്റിട്ടുണ്ടോ?
Vaisakhan Thampi
2018
ഉറക്കം തൂങ്ങാത്തവരുണ്ടാവില്ല. പക്ഷേ ഉറക്കം തൂങ്ങലിനിടെ പെട്ടെന്ന് താഴേയ്ക്ക് വീഴുന്നതായി തോന്നി ഞെട്ടി എഴുന്നേറ്റിട്ടുണ്ടോ? ആ അനുഭവം പല തവണ ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ന്യൂനപക്ഷത്തിലല്ല, ഭൂരിപക്ഷത്തിലാണ്. ആ ഞെട്ടലിന് ഒരു പേരുമുണ്ട്, ഹിപ്നിക് ജെർക്ക്! (Hypnic jerk) ചില പഠനങ്ങൾ പറയുന്നത് ലോകത്തിലെ 60-70 % പേർക്കും ഇങ്ങനെ ഉണ്ടാകാറുണ്ട് എന്നാണ്. പക്ഷേ എന്തുകൊണ്ടാണ് അതുണ്ടാകുന്നത് എന്ന് ഇനിയും പൂർണമായി നാം മനസിലാക്കിയിട്ടില്ല. ഉണർവിൽ നിന്ന് ഉറക്കത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ, രക്തസമ്മർദ്ദം താഴുക, പേശികൾ അയയുക തുടങ്ങിയവ സംഭവിക്കുമ്പോൾ തലച്ചോർ അതിനെ ഒരു വീഴ്ചയായി തെറ്റിദ്ധരിക്കുന്നതാകാം എന്നൊരു അഭ്യൂഹമുണ്ട്. മരച്ചില്ലകളിൽ ഉറങ്ങിയിരുന്ന നമ്മുടെ പൂർവിക ജീവികളെ സംബന്ധിച്ച്, വീഴ്ച മുൻകൂട്ടി കണ്ട് ഞെട്ടിയുണരേണ്ടത് ഒരു അതിജീവന ആവശ്യമായിരുന്നല്ലോ. കിടപ്പ് ചില്ലയിൽ നിന്ന് മെത്തയിലേക്ക് മാറിയിട്ടും തലച്ചോറിലെ പരിണാമപരമായ അവശേഷിപ്പായി ഈ ഞെട്ടൽ തുടരുന്നതാണെന്ന് സംശയിക്കപ്പെടുന്നു.