May 3, 2020

ലോജിസ്റ്റിക്സ് എന്നൊരു വാക്കുണ്ട്-തുടർച്ച

Vaisakhan Thampi

April 5 at 6:59 AM

·...ഇന്നലെ പറഞ്ഞുവന്നതിന്റെ തുടർച്ച:

കമ്യൂണിറ്റി ട്രാൻസ്മിഷൻ, അഥവാ ആളുകളിൽ നിന്ന് ചുറ്റുമുള്ളവരിലേയ്ക്കുള്ള രോഗത്തിന്റെ സമൂഹവ്യാപനം, തടയുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിന് അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നതും, കൂട്ടം കൂടുന്നതും തടയേണ്ടതുണ്ട്. പറയുമ്പോൾ സത്യത്തിൽ ഇത്രേ ഉള്ളൂ.

നിങ്ങളൊരു സുപ്രീം ലീഡറാണെങ്കിൽ എളുപ്പമാണ്. എല്ലാ നിരത്തിലും പട്ടാളക്കാരെ തോക്കുമായി നിയോഗിക്കുക. ആര് പുറത്തിറങ്ങിയാലും വെടിവെക്കുക. മൂന്നാഴ്ച കൊണ്ട് വൈറസ് വ്യാപനം നിൽക്കും. വെടിയേറ്റും പട്ടിണി കിടന്നും ആളുകൾ ചത്തുപോയേക്കാം എങ്കിലും, വൈറസ് കാരണം ആരും മരിച്ചില്ല എന്നുറപ്പിക്കാം. പക്ഷേ, ദൗർഭാഗ്യവശാലോ ഭാഗ്യവശാലോ, നമ്മുടെ നാട്ടിൽ അങ്ങനൊരു സെറ്റപ്പല്ല ഉള്ളത്. പിന്നെന്ത് ചെയ്യും!

ഒരു ദിവസം രാത്രി, നാളെ മുതൽ ആരും അനാവശ്യമായി പുറത്തിറങ്ങരുത് എന്നൊരു അറിയിപ്പ് കൊടുക്കാം. അവിടെത്തന്നെ ഒറ്റയടിക്ക് രണ്ട് പ്രശ്നങ്ങൾ കാണാൻ പറ്റും. ഒന്ന്, ഇക്കാര്യം ആ നാട്ടിലെ എല്ലാവരും അറിയണം. എല്ലാവർക്കും ടീവിയോ ഇന്റർനെറ്റോ ഇല്ല, ഉള്ളവർ തന്നെ അന്ന് തന്നെ ആ അറിയിപ്പ് കണ്ടെന്നും വരില്ല. രണ്ട്, നമ്മൾ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്ന ജനം ഏതെങ്കിലും ഭരണാധികാരിയോ നിയമസ്ഥാപനമോ എന്തെങ്കിലും പറഞ്ഞാലുടനെ അതങ്ങ് സമ്മതിക്കുന്ന, വകവെക്കുന്ന സ്വഭാവക്കാരല്ല. അവരെ അതിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടി വരും. അമ്പത് പേര് ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ ഇത്തരമൊരു അടിയന്തിര തീരുമാനം നടപ്പിലാക്കാൻ ശ്രമിച്ച പരിചയമെങ്കിലും ഉണ്ടെങ്കിൽ, മൂന്നരക്കോടി മനുഷ്യരുള്ള ഒരു സംസ്ഥാനത്തോ, നൂറ്റിമുപ്പത് കോടിയുള്ള ഒരു രാജ്യത്തോ ഇതെങ്ങനെ നടപ്പാക്കും എന്നാലോചിച്ചാൽ തലകറങ്ങാൻ സാധ്യതയുണ്ട്. റോബോട്ടുകളാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്യാമായിരുന്നു! ഇതോ?

ഇനി, പ്രാധാന്യം മനസിലാവയവർക്ക് തന്നെ, അങ്ങനെ ചുമ്മാ വീട്ടിലിരിക്കാൻ പറ്റില്ല എന്നറിയണം. കാരണം ആഹാരമോ അതിനുള്ള വസ്തുക്കളോ വീട്ടിലുണ്ടാകുന്നതല്ല. ഏതൊരാളും വൈറസ് എന്ന നേരിട്ട് പരിചയമില്ലാത്ത സാധനത്തെക്കാൾ ഗൗരവമായി കാണുക വിശപ്പിനെയാണ്. അത് പുറത്തൂന്ന് വരണം. അതിന് പുറത്തിറങ്ങണം. അത് വിൽക്കുന്ന കട തുറക്കേണ്ട ആളും ഇറങ്ങണം. അപ്പോ ആളുകൾ പുറത്തിറങ്ങിയേ പറ്റൂ. പക്ഷേ എല്ലാവരും പാടില്ല. അപ്പോ പാടുള്ളവരേയും പാടില്ലാത്തവരേയും എങ്ങനെ തിരിച്ചറിയും? വെറുതേ ഒരു രസത്തിന്, 'അത്യാവശ്യമുള്ളവർ അത് വണ്ടിയിൽ എഴുതിവെച്ചിട്ട് പുറത്തിറങ്ങിക്കോളൂ' എന്നൊരു നിർദ്ദേശം കൊടുക്കുന്നതായി സങ്കല്പിക്കൂ. വല്യച്ചന്റെ വീട്ടിൽ പ്ലാവീന്ന് വീണ വരിയ്ക്കച്ചക്ക എടുക്കാൻ പോകുന്നവരുടെ വണ്ടി വരെ 'അത്യാവശ്യം' ബോർഡും വെച്ച് ഇറങ്ങും. കോടതിയിൽ ന്യായത്തിന് പകരം 'അന്യായം' ഫയൽ ചെയ്യുന്ന നാടാണ് നമ്മുടേത്. നമുക്കാർക്കും തന്നെ പരസ്പരം വിശ്വാസമില്ല. അതുകൊണ്ട് നമ്മുടെ സംവിധാനങ്ങളെല്ലാം തന്നെ, പൗരരെ സംശയത്തോടെ കണ്ടുകൊണ്ടുള്ളതാണ്. എവിടെ ചെന്നാലും നിങ്ങൾ പറയുന്നത് സത്യമാണ് എന്നല്ല, 'കള്ളമല്ല' എന്ന് തെളിയിക്കേണ്ട രേഖകൾ ആവശ്യപ്പെടുന്നതാണ് നമ്മുടെ രീതി.

അപ്പോ, ആവശ്യമുള്ളവരേയും ഇല്ലാത്തവരേയും തിരിച്ചറിയുക എന്ന പണി മാന്വലായി ചെയ്യേണ്ടിവരുമെന്നർത്ഥം. അതിന് നമ്മുടെ നിയമപാലകസംവിധാനത്തെ ആശ്രയിക്കണമല്ലോ. അവിടെ പരിഹാരമല്ല, പുതിയ പ്രശ്നമാണ് ഉണ്ടാവുന്നത്. നമ്മൾ നേരത്തെ പറഞ്ഞ, വിശ്വസിക്കാൻ കൊള്ളാത്ത ആളുകളിൽ നിന്ന് തന്നെയാണ് നമ്മുടെ നിയമപാലകരും ഉണ്ടാകുന്നത് എന്നത് ഒന്നാമത്തെ പ്രശ്നം. രണ്ടാമത്തെ പ്രശ്നം, അനാവശ്യമായി പുറത്തിറങ്ങാൻ സാധ്യതയുള്ള ആളുകളുടെ എണ്ണത്തെക്കാൾ എത്രയോ കുറവാണ് പോലീസുകാരുടെ എണ്ണം. ആളുകൾ എപ്പോ വേണേലും പുറത്തിറങ്ങാം. അപ്പോ പോലീസ് സദാസമയവും റോഡിൽ നിൽക്കേണ്ടിവരും. അല്ലെങ്കിൽ തന്നെ സ്വന്തം കല്യാണം കൂടാനുള്ള സാവകാശം ഇല്ലാത്തൊരു വിഭാഗമാണ് പോലീസ് എന്നുകൂടി ഓർക്കണം. ഇനി ചട്ടം ലംഘിച്ച് പുറത്തിറങ്ങുന്നവരെ എന്ത് ചെയ്യണം? നിയമലംഘനമാണ്. കേസ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടണമെന്ന് പറയാം. വല്ലപ്പോഴും ഒന്നോ രണ്ടോ പേര് ചട്ടവിരുദ്ധമായി പുറത്തിറങ്ങുന്നിടത്ത് അതിനുവേണ്ടി വാശിപിടിക്കാം. എന്നാൽ കാര്യഗൗരവം ബോധ്യപ്പെട്ടിട്ടില്ലാത്ത ആളുകൾ തേരാപ്പാരാ പുറത്തിറങ്ങുന്നെങ്കിലോ? (ഇവിടെ മാത്രമല്ല, ലോകത്തെല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ട്) ഇരുട്ടെവെളുക്കെ റോഡിൽ നിന്ന് ഓരോരുത്തരേയും തടഞ്ഞ് ആവശ്യം ചോദിച്ച്, ന്യായമായവരെ കടത്തിവിടാനും അല്ലാത്തവരെ തിരിച്ചുവിടാനും നാടൊട്ടുക്ക് പോലീസിനെ നിർത്തണം. ശ്രദ്ധിക്കുക, മെഡിക്കൽ സംവിധാനങ്ങളുടെ പരിമിതിയെക്കുറിച്ച് നാമൊരുപാട് സംസാരിച്ചുകഴിഞ്ഞു. ആശുപത്രികൾക്ക് ഒരേ സമയം കൈകാര്യം ചെയ്യാവുന്ന രോഗികളുടെ എണ്ണത്തിന് പരിമിതിയുണ്ട്. അതുപോലെ തന്നെയാണ് നിയമപാലനത്തിന്റെ കാര്യവും. നമുക്ക് ഒരേസമയം കൈകാര്യം ചെയ്യാവുന്ന നിയമലംഘനങ്ങൾക്ക് ഒരു പരിധിയുണ്ട്. ആളുകൾ എല്ലാവരും കൂടി പെട്ടെന്ന് നിയമലംഘകരാവുന്നതല്ല. എല്ലാവരും എപ്പോഴും ചെയ്തിരുന്ന ഒരു പ്രവൃത്തി പെട്ടെന്ന് നിയമവിരുദ്ധമായതാണ്. ചുരുക്കിപ്പറഞ്ഞാൽ, അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുക എന്നത് തന്നെ അത്യാവശ്യം വലിയൊരു ജോലിയാണ്.

പക്ഷേ അത് മാത്രമല്ലല്ലോ വിഷയം. അന്നന്നത്തെ കൂലി കൊണ്ട് ജീവിക്കുന്നവർ, അതായത് അവശ്യസാധനങ്ങൾ നേരത്തേ വാങ്ങി സ്റ്റോക്ക് ചെയ്യാൻ കഴിയാത്തവർ, എന്ത് ചെയ്യും? എന്തായാലും എല്ലാവർക്കും പുറത്തിറങ്ങേണ്ട ആവശ്യങ്ങളുള്ളതിനാൽ, അവരുടെ ആവശ്യങ്ങൾ വീട്ടിലെത്തിക്കാൻ എന്തുചെയ്യാം? പക്ഷേ ആരെത്തിയ്ക്കും?
ഇതിനകം രോഗം ബാധിച്ചുകഴിഞ്ഞവരുടെ എണ്ണം കൂടിക്കൂടി ആശുപത്രികളിൽ സ്ഥലമില്ലാതെ വന്നാൽ എന്തുചെയ്യും? ഡോക്ടർമാരും നഴ്സുമാരും എണ്ണത്തിൽ പോരാതെവന്നാൽ എന്ത് ചെയ്യും? ജോലിയ്ക്കായി അന്യദേശങ്ങളിൽ നിന്ന് വന്നവർ, ജോലിയും പൊതുഗതാഗതവും ഇല്ലാതിരുന്നാൽ എന്ത് ചെയ്യും? സാധാരണ ഗതിയിൽ പുറത്തിറങ്ങുന്നവർ അകത്തിരുന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയാൽ മുട്ടിടിയ്ക്കാൻ സാധ്യതയുള്ള ബാൻഡ് വിഡ്ത്ത് എങ്ങനെ കൈകാര്യം ചെയ്യും? എന്ന് വേണ്ട, ആളുകൾ പുറത്തിറങ്ങാതെ വന്നാൽ ആഹാരം കിട്ടാതെ പ്രശ്നക്കാരാകാൻ സാധ്യതയുള്ള തെരുവുനായകളെ കുറിച്ച് കൂടി മുൻകൂട്ടി കാണേണ്ടിവരും. എന്ന് മാത്രമല്ല, വിശപ്പ് തട്ടിക്കഴിഞ്ഞാൽ, അതിജീവനം അപകടമാവുമെന്ന് കരുതിയാൽ, നമ്മളീ കാണുന്ന പരിഷ്കൃതസമൂഹമല്ല അവിടന്നങ്ങോട്ട് കാണുക. ആളുകൾ തട്ടിപ്പറിക്കാനും കൊല്ലാനും വരെ തയ്യാറാവും. അതൊഴിവാക്കണമെങ്കിൽ ആ സാഹചര്യം മുൻകൂട്ടി കാണണം. അവരെ കൃത്യമായി കാര്യങ്ങളുടെ ഗതിവിഗതികൾ അറിയിക്കുകയും, കാര്യങ്ങൾ തീർത്തും നിയന്ത്രണവിധേമാണെന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇതിനെല്ലാം തന്നെ, പുതിയതായി ഉണ്ടാകുന്ന ആവശ്യങ്ങൾ പുതിയ ജോലികളാകുന്നു എന്ന് കാണണം. ആ ജോലികളിൽ ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന തീരുമാനം വേണം. ക്യാബിനറ്റ് തലം മുതൽ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നുതുടങ്ങി ഓരോ വീട്ടിലും അതെത്തണം. ഒരേ ജോലി ഒന്നിലധികം കൂട്ടർ ചെയ്യാതെയും, ഒരു ജോലി ആരും ചെയ്യാത്ത അവസ്ഥ വരാതെയും കൃത്യമായ ഏകോപനം ഉണ്ടാകണം...

അതായത്, അടിസ്ഥാനകാരണം ആരോഗ്യപരമായതാണെങ്കിലും മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളേയും ബാധിക്കാൻ പോന്ന പ്രത്യാഘാതങ്ങളാണ് മുൻകൂട്ടി കാണേണ്ടത്. അതൊരു ഹിമാലയൻ പണിയാണ്. പക്ഷേ, കേരളം ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ആദ്യം ആരോഗ്യവകുപ്പിന്റെ മാത്രം പ്രവർത്തനമെന്ന നിലയിലാണ് നമ്മളതിനെ കണ്ടുതുടങ്ങിയത്. എന്നാൽ സാഹചര്യം വഷളായതോടെ, എല്ലാ വകുപ്പുകളേയും ഉൾപ്പെടുത്തിയുള്ള ഒരു വൻ പ്രോജക്റ്റായി അത് മാറി. വാർത്താസമ്മേളനങ്ങൾ ആരോഗ്യന്ത്രിയിൽ നിന്ന് മുഖ്യമന്ത്രിയുടെ കൈയിലേയ്ക്ക് വന്നു. വളരെ വിശദമായി സാഹചര്യത്തിന്റെ കിടപ്പുവശവും, ഓരോരോ പ്രശ്നങ്ങൾക്കും കണ്ടിട്ടുള്ള പരിഹാരങ്ങളും ജനങ്ങളെ കൃത്യമായി അറിയിക്കാനും, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സർക്കാരിന് കഴിയുന്നു. അടിയന്തിര നടപടികൾ കഷ്ടപ്പാടുണ്ടാക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകുകയും, ആ കഷ്ടപ്പാടുകൾ താത്കാലികം മാത്രമാണെന്ന ഉറപ്പ് കൊടുക്കുകയും ചെയ്താൽ തന്നെ അത് സഹിക്കാനുള്ള ഒരു മനസ്സ് ആളുകൾക്കുണ്ടാകും.** അതാണ് നമ്മളെ ഇവിടെ ഒരുമിപ്പിച്ച് നിർത്തുന്നത്. അങ്ങനെയാണ് മറ്റ് പല നാടുകളും പതറിപ്പോയ സ്ഥാനത്ത്, നമ്മൾ ബലംപിടിച്ചാണെങ്കിലും വീഴാതെനിൽക്കുന്നത്.

ഇത്തരം ബൃഹത്തായ ലോജിസ്റ്റിക്സ് നടപ്പാക്കുമ്പോൾ, അതും മുൻമാതൃകകൾ ഇല്ലാതെ ആദ്യമായി നടപ്പാക്കുമ്പോൾ, സംഭവിക്കാവുന്ന പാളിച്ചകൾ ഇവിടേയും ഉണ്ടായിട്ടുണ്ടാകും. അത് ഈ സാഹചര്യം മറികടന്നശേഷം നമുക്ക് വിശകലനം ചെയ്യാവുന്നതേയുള്ളൂ. അതിന് നമ്മളിവിടെ ഇങ്ങനെ തന്നെ ഉണ്ടാകണമല്ലോ. തത്കാലം അതിനാണ് മുൻഗണന നൽകേണ്ടത്.

ഈ സമയത്തല്ല രാഷ്ട്രീയം പറയേണ്ടത് എന്നൊക്കെ എല്ലാവരും പറയുമ്പോഴും, ചിലരൊക്കെ അത് മാത്രമായിട്ട് പറഞ്ഞോണ്ടും ചെയ്തോണ്ടും ഇരിക്കുന്നുണ്ട്. കുത്തിത്തിരിപ്പിനും കുറവില്ല. അതുകൊണ്ട് ജീവിക്കുന്നവർ വേറെന്തോ ചെയ്യാനാ! അതും ദുരന്തത്തിന്റെ ഒരു ഭാഗമായിട്ടങ്ങ് കാണാനേ നിർവാഹമുള്ളൂ.

(**ചുമ്മാ ഒരു റഫറൻസിന്, ലോക് ഡൗണിന്റെ ലോജിസ്റ്റിക്സ് അങ്ങ് ഡല്ലീന്ന് കേന്ദ്രൻ എങ്ങനെയാണ് നടപ്പാക്കിയത് എന്നൊന്ന് പരിശോധിക്കാവുന്നതാണ്. ഏറ്റവുമൊടുവിലായി, ലൈറ്റണച്ച് വിളക്കുകത്തിച്ച് വൈറസിനെ ഓടിക്കുന്നതിനുള്ള ഒരു സ്ട്രാറ്റജി പ്രഖ്യാപിക്കപ്പെട്ടു. അത് നാഷണൽ പവർ ഗ്രിഡിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതത്തെക്കുറിച്ച് അവിടത്തെ വിദഗ്ദ്ധർക്കുള്ള വേവലാതിയുടെ വാർത്ത പിന്നാലെ വന്നിട്ടുണ്ട്. എന്താ ഒരു ഉൾക്കാഴ്ച!)