വൈശാഖന്‍ തമ്പിഎഴുതുന്നു:
June 1, 2020

ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരാണോ ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞാരാവുന്നത്?

Vaisakhan Thampi

May 2 at 8:56 AM ·

ആകാം, പക്ഷേ ആയിക്കോളണമെന്നില്ല. ഒരു മേഖലയിലെ പ്രാഗത്ഭ്യവും അതിലെ പ്രശസ്തിയും തമ്മിൽ സാരമായ വ്യത്യാസമുണ്ട്. പ്രാഗത്ഭ്യം നിങ്ങളുടെ തനതായ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അളക്കപ്പെടുന്നത്. പ്രശസ്തി നിങ്ങളെ എത്രപേർക്ക് അറിയാമെന്നതാണ് തീരുമാനിക്കുന്നത്.

മൂന്ന് സമകാലീന ശാസ്ത്രജ്ഞരെ പരിഗണിക്കാം, സ്റ്റീഫൻ ഹോക്കിങ്ങും സ്റ്റീവൻ വെയ്ൻബെർഗും, കിപ് തോണും. ആദ്യത്തെയാളെ അറിയാത്ത ആരും ഇത് വായിക്കുന്നുണ്ടാവില്ല. മറ്റ് രണ്ടുപേരെ എത്രപേർക്ക് അറിയാം? മൂന്നുപേരും തിയററ്റിക്കൽ ഫിസിക്സിലെ പ്രഗത്ഭരായ വ്യക്തികളാണ്. ഹോക്കിങ്ങിനൊഴികേ മറ്റ് രണ്ടാൾക്കും ഫിസിക്സിലെ നോബൽ പ്രൈസ് കിട്ടിയിട്ടുണ്ട്. പക്ഷേ പ്രാഗത്ഭ്യം അവരെ പ്രശസ്തരാക്കിയിട്ടില്ല.

ഇൻഡ്യയിലേയ്ക്ക് വന്നാൽ, നിങ്ങൾക്കറിയാവുന്ന ഒരു പ്രഗത്ഭ ഇൻഡ്യൻ സയന്റിസ്റ്റിന്റെ പേര് പറയാൻ പറഞ്ഞാൽ* തൊണ്ണൂറ് ശതമാനത്തിന് പുറത്ത് സാധ്യത എ.പി.ജെ. അബ്ദുൾ കലാമിന്റെ പേര് കേൾക്കാനാണ്. സി. വി. രാമൻ, ജെ. സി. ബോസ്, തുടങ്ങിയ ചില പേരുകൾ കൂടി കേട്ടേക്കാം. മേഘനാദ് സാഹ, സത്യേന്ദ്രനാഥ് ബോസ്, ജയന്ത് നാർലിക്കർ തുടങ്ങിയ പേരുകൾ എത്രപേർക്ക് അറിയാം? ഏ. പി. ജെ. അബ്ദുൾ കലാമിന്റെ പ്രാഗത്ഭ്യം ഒരു ടെക്നോക്രാറ്റ് എന്ന നിലയിലായിരുന്നു. മറ്റ് പേരുകളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകൾ എത്രയോ ചെറുതാണ്. പക്ഷേ മറ്റുള്ളവർക്കില്ലാത്ത ഒരു നാഷണൽ സയന്റിസ്റ്റ് ഇമേജ് അദ്ദേഹത്തിന് പൊതുജനത്തിനിടയിൽ കിട്ടിയിട്ടുണ്ട്. കാരണം വളരെ ലളിതമാണ്, പ്രശസ്തി പ്രാഗത്ഭ്യത്തിന് ആനുപാതികമല്ല.

ഒരാളുടെ പ്രശസ്തിയിൽ അയാളുടെ തനതായ സംഭാവനകൾക്ക് ഒരു പങ്കുണ്ടാകും. പക്ഷേ അതിനപ്പുറം ഒരുപാട് ഘടകങ്ങൾ പ്രശസ്തിയെ തീരുമാനിക്കുന്നുണ്ട്. ഒരാൾക്ക് എത്രത്തോളം ആളുകളിലേയ്ക്ക് എത്താനാകുന്നുണ്ട് എന്നതാണല്ലോ പ്രശസ്തിയുടെ മാനദണ്ഡം. അത് വിലയിരുത്താൻ താരതമ്യേന എളുപ്പമാണ്. നിങ്ങൾ ഒരു പേര് വ്യത്യസ്തരായ പല ആളുകളുടെ കൂട്ടങ്ങളിൽ ഉപയോഗിച്ചുനോക്കിയിട്ട്, അതിൽ എത്രയിടത്ത് ആ ആളെ മറ്റ് പരിചയപ്പെടുത്തൽ ഇല്ലാതെ പരാമർശിക്കാൻ കഴിയുന്നുണ്ട് എന്ന് നോക്കൂ. എനിയ്ക്ക് മോഹൻലാൽ എന്ന പേര് ഏത് കൂട്ടത്തിലും നേരിട്ട് ഉപയോഗിക്കാം. അതാരാ എന്നാരും ചോദിക്കില്ല എന്നുറപ്പാണ്. ഞാൻ പോകുന്ന ശാസ്ത്രപ്രഭാഷണവേദികളിൽ സി. വി. രാമൻ എന്ന പേര് നേരിട്ട് പറയാം. പക്ഷേ അതേപോലെ നേരിട്ട് എസ്. എൻ. ബോസ് എന്ന പേര് ഉപയോഗിക്കാൻ പറ്റില്ല. രാമന് ബോസിനെക്കാൾ പ്രശസ്തിയുണ്ട് എന്നതിന്റെ നേരിട്ടുള്ള തെളിവാണത്.

ചില കഴിവുകൾ പ്രശസ്തിയ്ക്ക് കൂടുതൽ സഹായകമാകും. അഭിനയമികവ്, ആലാപനമികവ് തുടങ്ങി എല്ലാവർക്കും (ഏതൊണ്ടൊക്കെ) ഒരുപോലെ വിലയിരുത്താൻ സാധിക്കുന്ന സ്കില്ലുകൾ പ്രശസ്തിയ്ക്ക് പെട്ടെന്ന് ഉപകരിക്കും. വിനോദമേഖലയിൽ പ്രശസ്തിയുടെ സ്കെയിൽ മറ്റ് മേഖലകളെക്കാൾ പല മടങ്ങാവുന്നത് അതുകൊണ്ടാണ്. അമർത്യാ സെന്നിനെ അറിയാവുന്നതിന്റെ എത്രയോ മടങ്ങ് ആളുകൾക്ക് ഷാരൂഖ് ഖാനെ അറിയാമായിരിക്കും. അതുപോലെ പ്രഭാഷണമികവും പാണ്ഡിത്യവും രണ്ട് സ്കില്ലുകളാണ്. പക്ഷേ ഇതിൽ ആദ്യത്തേതിനെയാണ് കൂടുതൽ ആളുകൾ രണ്ടാമത്തേതായി തെറ്റിദ്ധരിക്കുന്നത്, കാരണം അതാണ് പ്രശസ്തിയ്ക്ക് കൂടുതൽ യോജിച്ചത്. പാണ്ഡിത്യമുള്ളയാളിന് പ്രഭാഷണമികവില്ലെങ്കിൽ അത് അധികമാരും അറിയാൻ വഴിയില്ല.

പ്രാഗത്ഭ്യം വിലയിരുത്തുക തീരെ എളുപ്പമല്ല. കാരണം പെട്ടെന്ന് മറികടക്കാനാകാത്ത ഒരു കടമ്പയുണ്ട് അവിടെ. ഒരു മേഖലയിൽ ഒരാൾ നൽകിയ തനതായ സംഭാവനകളെ വിലയിരുത്തണമെങ്കിൽ നിങ്ങൾക്കാ മേഖലയിൽ ഒരു ജഡ്ജ്മെന്റ് നടത്താനുള്ള മിനിമം പിടിപാട് ഉണ്ടാകണം. വിശേഷിച്ചും അക്കാദമിക രംഗങ്ങളിൽ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ ഫിസിസിസ്റ്റുമാർ ആരൊക്കെയാണ് എന്ന് ചോദിച്ചാൽ നീൽ ഡിഗ്രാസ് ടൈസന്റെയോ മിച്ചിയോ കാകുവിന്റെയോ പേരാകില്ല ഞാൻ ആദ്യം പറയുക. കാരണം ഭൗതികശാസ്ത്രമാണ് എന്റെ വിഷയം എന്നതുകൊണ്ട് അവരെക്കാൾ കനപ്പെട്ട ശാസ്ത്രസംഭാവനകൾ നൽകിയവരെ എനിയ്ക്ക് പരിചയമുണ്ട്. ആ പേരുകൾ പൊതുജനത്തിന് കേട്ടുപരിചയമുണ്ടാവില്ല എന്നേയുള്ളു. പക്ഷേ ഇതേ ചോദ്യം വെച്ച് ഒരു വിശാലമായ സർവേ നടത്തിയാൽ ആദ്യം പറഞ്ഞ പേരുകളായിരിക്കും ഏറ്റവും കൂടുതൽ കേൾക്കുക. കാരണം അവരെയാണ് കൂടുതൽ പേർക്ക് പരിചയമുള്ളത്, അവർക്കാണ് പ്രശസ്തി കൂടുതൽ (സ്റ്റീഫൻ ഹോക്കിങ്ങിന്റെ പേര് ഇതിൽ പൊതുവായി കേൾക്കാൻ സാധ്യതയുണ്ട്, പക്ഷേ അതിൽ വേറെയും ഘടകങ്ങൾ ഉണ്ട്). ഇനി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ ബയോളജിസ്റ്റുമാരെ കുറിച്ച് ചോദിച്ചാൽ എനിയ്ക്ക് പേരുകളൊന്നും പറയാൻ കഴിഞ്ഞെന്ന് വരില്ല, പറഞ്ഞാൽ ബയോളജി വിദഗ്ദ്ധർ എന്നോട് യോജിക്കാനും സാധ്യതയില്ല. കാരണം എന്റെ വിഷയമല്ലാത്ത ബോട്ടണിയിലെ പ്രാഗത്ഭ്യം വിലയിരുത്താൻ ഞാനാളല്ല.

പറഞ്ഞുവന്നതിന്റെ ഗുണപാഠം ഇത്രയേ ഉള്ളൂ; ഒരാളെ കൂടുതൽപേർക്ക് അറിയാം എന്നത് ഏതെങ്കിലും ഒരു മേഖലയിലെ പ്രാഗത്ഭ്യത്തിന്റെ നേരിട്ടുള്ള അടയാളപ്പെടുത്തലല്ല. അത് സയന്റിസ്റ്റായാലും, ഐ.റ്റി. എക്സ്പർട്ടായാലും, ഡോക്ടറായാലും, സാഹിത്യകാരാനായാലും, യുക്തിവാദിയായാലും ഒക്കെ ബാധകവുമാണ്.