March 3, 2020

നിങ്ങളെല്ലാവരും പൊതുവേദികളിൽ ആളുകൾ മൈക്കിലൂടെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടാകും. എണ്ണത്തിൽ അത്രയുമില്ലെങ്കിലും കുറച്ചുപേരെങ്കിലും അത്തരം വേദികളിൽ നിന്ന് അതുപോലെ പ്രസംഗിച്ചിട്ടുമുണ്ടാകും. പക്ഷേ നിങ്ങളിലെത്രപേർ വേദിയിൽ നിന്നുകൊണ്ട് അതേ വേദിയിൽ നിന്ന് മൈക്ക

Vaisakhan Thampi

2019

നിങ്ങളെല്ലാവരും പൊതുവേദികളിൽ ആളുകൾ മൈക്കിലൂടെ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടാകും. എണ്ണത്തിൽ അത്രയുമില്ലെങ്കിലും കുറച്ചുപേരെങ്കിലും അത്തരം വേദികളിൽ നിന്ന് അതുപോലെ പ്രസംഗിച്ചിട്ടുമുണ്ടാകും. പക്ഷേ നിങ്ങളിലെത്രപേർ വേദിയിൽ നിന്നുകൊണ്ട് അതേ വേദിയിൽ നിന്ന് മൈക്കിലൂടെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളുടെ പ്രസംഗം കേട്ടെഴുതാൻ ശ്രമിച്ചിട്ടുണ്ട്? എത്രപേർ അതേ സാഹചര്യത്തിൽ അന്യഭാഷയിലെ പ്രസംഗം കേട്ട് തത്സമയം പരിഭാഷ ചെയ്ത് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്? തീരെ എളുപ്പമുള്ള പണിയല്ല അത്.

ക്ലാസിൽ പഠിപ്പിക്കുമ്പോൾ ടീച്ചർ മുന്നിൽ നിന്ന് കുട്ടികളെ നോക്കി സംസാരിക്കുമ്പോഴും, ടീച്ചർ പിന്നിൽ ചെന്നുനിന്ന് ബോർഡിലേയ്ക്ക് നോക്കി സംസാരിക്കുമ്പോഴും കുട്ടികൾ ഒരുപോലെയല്ല അത് കേൾക്കുന്നത്. പിന്നിൽ നിന്ന് സംസാരിക്കുമ്പോൾ കുട്ടികൾ അല്പം കൂടി ബുദ്ധിമുട്ടിയാണ് കേട്ടുമനസിലാക്കുന്നത്. കാരണം അവരുടെ ചെവിയുടെ മുന്നിൽ നിന്ന് കിട്ടുന്നത്, മുന്നിലെ ചുവരിൽതട്ടി പ്രതിഫലിക്കുന്ന ടീച്ചറുടെ ശബ്ദമാണ്. എന്നാൽ ടീച്ചറുടെ ശബ്ദം പിന്നിൽ നിന്നും നേരിട്ടും ചെവികൾ സ്വീകരിക്കുന്നുണ്ട്. ചെവിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്ന ശബ്ദങ്ങൾ ഒരേ തീവ്രതയിലല്ല നമുക്ക് കേൾക്കുക. മാത്രമല്ല, ക്ലാസിന്റെ വലിപ്പമനുസരിച്ച് ഇത് രണ്ടും തമ്മിൽ ചെറിയൊരു കാലതാമസവും ഉണ്ടാകും. ഇത് കൂടിക്കുഴഞ്ഞാണ് ശബ്ദത്തിൽ ഒരു അവ്യക്തത ഉണ്ടാകാറുള്ളത്. അക്കൗസ്റ്റിക്സ് വേണ്ടത്ര പരിഗണിക്കാത്ത ചില ഹോളുകളിൽ ശബ്ദം അവിടന്നും ഇവിടന്നുമൊക്കെ പ്രതിഫലിച്ച്, കൂടിക്കുഴഞ്ഞ് ആകെ കുളമാകുന്ന എത്രയോ ഉദാഹരണങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും.

അതുപോലെ, ഗാനമേളകൾ കൊഴുക്കുമ്പോൾ, ഉച്ചത്തിൽ പാട്ട് നിങ്ങളിലെത്തിക്കുന്ന കൂറ്റൻ സ്പീക്കറുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ സ്റ്റേജിനകത്തേയ്ക്ക് തിരിഞ്ഞിരിക്കുന്ന സ്പീക്കറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയില്ലെങ്കിൽ പരിപാടിയേ നടക്കില്ല! കാണികൾക്ക്/ശ്രോതാക്കൾക്ക് കേൾക്കാൻ വെച്ചിരിക്കുന്ന സ്പീക്കറിൽ നിന്നുള്ള ശബ്ദം തന്നെയാണ് പാട്ടുകാരും ഓർക്കസ്ട്രാക്കാരും കേൾക്കുന്നത് എങ്കിൽ പരിപാടി അലങ്കോലമാകുമെന്നത് ഗാരന്റിയാണ്. പലപ്പോഴും ഗാനമേള സംഘങ്ങൾ ഓഡിയോ സജ്ജീകരണങ്ങളിൽ കടുംപിടുത്തം പിടിക്കുമ്പോൾ സംഘാടകർ അതിനെ ജാഡയായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ സംഗതി അതല്ല. ശബ്ദവിന്യാസം എന്നത് ഒട്ടേറെ സങ്കീർണതകൾ ഉള്ള ഒരു കാര്യമാണ്. ഏതൊക്കെ ശബ്ദം ഏതൊക്കെ ദിശകളിൽ കേൾക്കുന്നു, അവ എവിടുന്നൊക്കെ എത്രത്തോളം പ്രതിഫലിക്കുന്നു, എന്നിങ്ങനെ പല ഘടകങ്ങളും അവിടെ പ്രധാനമാണ്. ഓർക്കസ്ട്രയൊന്നും വേണ്ട, ചുമ്മാ ഒരു കരോക്കെ ട്രാക്കിട്ട് സ്റ്റേജിൽ കയറി പാടിയിട്ടുണ്ടെങ്കിൽ മനസിലാകും അതിന്റെ ബുദ്ധിമുട്ട്. പാടുന്ന ആളിന് കരോക്കെ മാത്രമായിട്ട് കേൾക്കാൻ പാകത്തിന് ഫീഡ്ബാക്ക് സ്പീക്കർ (സ്റ്റേജിനകത്തേയ്ക്ക് തിരിഞ്ഞിരിക്കുന്ന സ്പീക്കർ) ഇല്ല എങ്കിൽ മിക്കവാറും അത് മൊത്തം കൈയീന്ന് പോകും. കരോക്കേ ചുവരിലും മറ്റും നിന്ന് പ്രതിഫലിച്ചായിരിക്കും പാടുന്നയാൾ കേൾക്കുക. അതിൽ കാലതാമസവും അവ്യക്തതയും ഉണ്ടാകും. മിക്കവാറും പാട്ടും കരോക്കെയും തമ്മിൽ വഴിപിരിഞ്ഞ് പോകാനാണ് സാധ്യത.

തുറന്ന വേദികളിലെ പ്രസംഗങ്ങൾക്കും ഇത് ബാധകമാണ്. ഇവിടെ പ്രസംഗിക്കുന്ന ആളിന്റെ തൊണ്ടയിൽ നിന്ന് നേരിട്ടുള്ള ശബ്ദം, ലൗഡ് സ്പീക്കറിലൂടെ കേൾക്കുന്ന ഉച്ചത്തിലുള്ള ശബ്ദം, അത് ചുവരിലോ മതിലിലോ ഒക്കെ പ്രതിഫലിച്ച് വരുന്ന ശബ്ദം എന്നിങ്ങനെ പല ശബ്ദങ്ങൾ ഉണ്ട്. സദസ്സിലിരിക്കുന്നവരെ സംബന്ധിച്ച് അവർക്ക് നേരെയിരിക്കുന്ന സ്പീക്കറിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദത്തെ അപേക്ഷിച്ച് മറ്റുള്ളവയെല്ലാം വളരെ ദുർബലമാണ്. പക്ഷേ വേദിയിൽ നിൽക്കുന്ന ഒരു പരിഭാഷകനെ സംബന്ധിച്ച് അതല്ല. അയാൾ, തനിക്ക് പുറംതിരിഞ്ഞിരിക്കുന്ന സ്പീക്കറിൽ നിന്ന് വരുന്ന ശബ്ദവും തൊട്ടടുത്ത് നിന്ന് സംസാരിക്കുന്ന ആളിൽ നിന്ന് നേരിട്ട് വരുന്ന ശബ്ദവും പലയിടങ്ങളിൽ നിന്ന് പ്രതിഫലിച്ചെത്തുന്ന ശബ്ദവും ഒക്കെക്കൂടിയാണ് കേൾക്കുന്നത്. അയാൾക്കത് സദസ്യരുടെ അത്ര വ്യക്തമാകാൻ സാധ്യതയില്ല (ഒരു ഫീഡ്ബാക്ക് സ്പീക്കറുണ്ടെങ്കിൽ പ്രശ്നം നല്ലൊരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നു). അതോടൊപ്പം ഞൊടിയിടയിൽ അത് പരിഭാഷപ്പെടുത്തി സംസാരിക്കുക കൂടി ചെയ്യുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള പണി തന്നെയാണ്. അതുകൊണ്ട്, അതിനി ഏത് പാർട്ടിക്കാരനുമായിക്കൊള്ളട്ടെ, അന്യഭാഷാപ്രസംഗം തത്സമയം പരിഭാഷപ്പെടുത്താൻ ശ്രമിച്ച് പാളിപ്പോകുന്ന ഒരാളെ ട്രോൾ ചെയ്യുന്നതിൽ ഒരു ശരികേടുണ്ട്.