നമ്മളെല്ലാം പല കാര്യങ്ങളിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാറുണ്ട്.
Vaisakhan Thampi
നമ്മളെല്ലാം പല കാര്യങ്ങളിൽ മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാറുണ്ട്. ഏത് ഫോൺ മോഡൽ വാങ്ങണം, വിനോദയാത്രയ്ക്ക് ഏത് സ്ഥലം തെരെഞ്ഞെടുക്കണം, ഏത് സിനിമ കാണാൻ പോണം, ഏത് കോഴ്സിന് ചേരണം എന്നിങ്ങനെ പല വിഷയങ്ങളിൽ. വ്യത്യസ്തമായി പല വിധത്തിലുള്ള അഭിപ്രായങ്ങൾ നമ്മൾ കേൾക്കും. അതിൽ ഏതാണ് വിശ്വസിക്കേണ്ടത് എന്ന് എങ്ങനെ തീരുമാനിക്കും?
പലർക്കും പല മാനദണ്ഡങ്ങളുണ്ടായിരിക്കും. എന്റെ മാനദണ്ഡം സംശയം ആണ്. അഥവാ സംശയത്തോടെ പറയുന്ന അഭിപ്രായങ്ങളെ മാത്രമേ ഞാൻ സീരിയസ്സായി എടുക്കാറുള്ളൂ. ഉറപ്പോടെ പറയുന്ന അഭിപ്രായങ്ങൾ, അതിനുള്ള യുക്തിസഹമായ കാരണങ്ങൾ സഹിതമല്ലെങ്കിൽ ശ്രദ്ധിക്കുക പോലും ചെയ്യാറില്ല. പലപ്പോഴും മനസിൽ 'അഭിപ്രായം ചോദിച്ചതിന് മാപ്പ്' എന്ന് പോലും പറഞ്ഞിട്ടുണ്ട്.
ഉദാഹരണത്തിന്, നിങ്ങൾ ഒരു ലാപ്ടോപ് വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏത് മോഡൽ വാങ്ങണം എന്നറിയാനായി അഭിപ്രായം ശേഖരിക്കുമ്പോൾ 'അയ്യോ, എച്ച്.പി. വാങ്ങല്ലേ', 'അസൂസ് കിടിലമാണ്' തുടങ്ങിയ അറുത്തുമുറിച്ച അഭിപ്രായം പറയുന്നവരെ സൂക്ഷിക്കണം. പറയുമ്പോൾ ഗംഭീര കോൺഫിഡൻസ് ആയിരിക്കാം. പക്ഷേ ഒരു സർവീസ് ടെക്നീഷ്യനെയോ മറ്റോ പോലെ നിരന്തരം പല മോഡൽ ലാപ്ടോപ്പുകൾ കൈകാര്യം ചെയ്യുന്ന ആളല്ല ആ പറയുന്നത് എങ്കിൽ സീറോ-വാല്യൂ വിലയിരുത്തലുകളാണ് അത്. ശരിയ്ക്കും വിഷയത്തിൽ എക്സ്പർട്ടീസ് ഉള്ളവർ ഇത്തരം പ്രസ്താവനകൾ നടത്താനും സാധ്യത കുറവാണ്.
ലാപ്ടോപ്പിന്റെ ഉദാഹരണം തന്നെ എടുത്താൽ, നിങ്ങൾ വീഡിയോ എഡിറ്റിങ്ങിങ്, ഓഫീസ് വർക്ക്, ഗെയിമിങ്ങ് എന്നിങ്ങനെ എന്താവശ്യത്തിനാണ് വാങ്ങുന്നത്, അതുമായി ഒരുപാട് യാത്ര ചെയ്യുമോ അതോ കൂടുതലും വീട്ടിലിരുന്നുള്ള ഉപയോഗമാണോ, ഒരേ സമയം ഒരുപാട് ആപ്പിക്കേഷൻ ഉപയോഗിക്കുമോ അതോ ഒരു സമയം ഒരു ജോലി മാത്രമേ ചെയ്യുകയുള്ളോ എന്നിങ്ങനെ ഉപയോഗരീതി അനുസരിച്ച് ഒരാൾക്ക് അനുയോജ്യമായ ലാപ്ടോപ് കോൺഫിഗറേഷൻ (മെമ്മറി, പ്രോസസർ, സ്ക്രീൻ സൈസ് etc.) മാറും. നിങ്ങൾക്ക് ഒരുപക്ഷേ ഇതിനെ പറ്റി ധാരണയുണ്ടായെന്ന് വരില്ല. പക്ഷേ നിങ്ങളെ ഉപദേശിക്കുന്ന ആൾ ഇതൊന്നും ചോദിക്കാതെയാണ് അഭിപ്രായം പറയുന്നത് എങ്കിൽ ആ ചേട്ടനും ഇതേപ്പറ്റി വല്യ ധാരണയൊന്നും ഇല്ല എന്ന് വേണം മനസിലാക്കാൻ. (ബ്രാൻഡുകൾ തമ്മിലുള്ള താരതമ്യം കുറച്ചുകൂടി ബുദ്ധിമുട്ടാണ്. ഒരാളുടെ ഒന്നോ രണ്ടോ ലാപ്ടോപ് ഉപയാഗിച്ച പരിചയം വെച്ച് അത് വിലയിരുത്താൻ കഴിയില്ല. ഒരു സർവേ തന്നെ വേണ്ടിവരും)
ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ അതിന് കീഴിലെ റിവ്യൂ വായിക്കുമ്പോഴും ഇതേ മാനദണ്ഡമാണ് ഞാൻ ഉപയോഗിക്കുക. ഒറ്റവാക്കിൽ "worst product..." എന്നെഴുതി 1* റേറ്റിങ്ങും കൊടുത്തിട്ടുള്ള റിവ്യൂസ് പരിഗണിക്കാറേയില്ല. കൊറിയർ ബോയ് ഡെലിവറിയിൽ വരുത്തിയ വീഴ്ചയ്ക്ക് പോലും പ്രോഡക്റ്റിന് 1* അടിക്കുന്ന ടീമുകൾ ഉണ്ട്. മറ്റൊരു ക്യാച്ച് കൂടിയുണ്ട് അതിൽ. ഒരു പ്രോഡക്റ്റ് ഒരാൾക്ക് ഇഷ്ടപ്പെട്ടാൽ റിവ്യൂവോ റേറ്റിങ്ങോ കൊടുക്കാൻ താത്പര്യപ്പെടണമെന്നില്ല. മറിച്ച് ദുരനുഭവമാണെങ്കിൽ ആ കലിപ്പ് തീർക്കാനുള്ള ആദ്യ വേദി റിവ്യൂ/റേറ്റിങ് സെക്ഷനാണ്. അത് മനസിൽ വെച്ച് വേണം റിവ്യൂ നോക്കാൻ.
ഇത് സിനിമയോ ടൂറിന് പോകാനുള്ള സ്ഥലമോ എന്നിങ്ങനെ മിക്ക തെരെഞ്ഞെടുപ്പിലും ബാധകമാണ്. നിങ്ങൾക്ക് ഒരു സാധനമോ സേവനമോ നല്ലതായി തോന്നുമോ എന്നത് നിങ്ങളുടെ അഭിരുചി, മുൻഗണന, ഇഷ്ടാനിഷ്ടങ്ങൾ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അതൊന്നും പരിഗണിക്കാതെയുള്ള അഭിപ്രായങ്ങൾ അക്ഷരാർത്ഥത്തിൽ നിഷ്പ്രയോജനമാണ്. (അതൊന്നും പറയാതെ അഭിപ്രായം പ്രതീക്ഷിക്കുന്നതും അങ്ങനെ തന്നെ).