അവാർഡുകൾ പ്രതിഭകൾക്കുള്ള അംഗീകാരമാണെന്നാണ് വെയ്പ്പ്. അതേസമയം, അവാർഡുകൾ എന്നാൽ സ്വാധീനം ചെലുത്തി സ്വന്തമാക്കി സ്വയം മഹാനാകാനുള്ള ഉഡായിപ്പുകളാണെന്ന് ഒരു പൊതുസംസാരവുമുണ്ട്.
Vaisakhan Thampi
January 26 2019
അവാർഡുകൾ പ്രതിഭകൾക്കുള്ള അംഗീകാരമാണെന്നാണ് വെയ്പ്പ്. അതേസമയം, അവാർഡുകൾ എന്നാൽ സ്വാധീനം ചെലുത്തി സ്വന്തമാക്കി സ്വയം മഹാനാകാനുള്ള ഉഡായിപ്പുകളാണെന്ന് ഒരു പൊതുസംസാരവുമുണ്ട്. സത്യം രണ്ടിനുമിടയിലാണ്; കാലാകാലങ്ങളിൽ അവാർഡുകളാൽ ആദരിയ്ക്കപ്പെട്ട പ്രതിഭകളുണ്ട്, സ്വാധീനത്തിന്റെ പുറത്ത് വളഞ്ഞ വഴിയിൽ അവ നേടിയവരുമുണ്ട്. അവാർഡുകൾ പൊതുജനത്തിന്റെ വോട്ടെടുപ്പിലൂടെയല്ല, ഒരു ചെറിയ സംഘം ആളുകൾ ചേർന്ന ഒരു കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. സ്വാധീനിക്കേണ്ടവർക്ക് അവരെ മാത്രം സ്വാധീനിച്ചാൽ മതി. സ്വാധീനമില്ലാത്ത തെരെഞ്ഞെടുപ്പുകൾ ആ ചെറിയ സംഘത്തിന്റെ മാത്രം അഭിപ്രായമായിരിക്കുകയും ചെയ്യും. രണ്ടായാലും ഇത് മറ്റെല്ലാവർക്കും സ്വീകാര്യമായിക്കോളണമെന്നില്ല.
ഇന്ന് ന്യൂസ്ഫീഡിൽ മോഹൻലാലിന് പത്മഭൂഷൺ ലഭിച്ചതിലുള്ള അമർഷം നിരവധി കണ്ടതുകൊണ്ടാണ്ട് പഴയ അവാർഡ് ജേതാക്കളുടെ ഒരു ലിസ്റ്റ് നോക്കിയത്. ദശാബ്ദങ്ങളായി ഏറ്റവും കൂടുതൽ പത്മഭൂഷൺ അവാർഡുകൾ നൽകപ്പെടുന്ന മേഖലകളിൽ ഒന്നാം സ്ഥാനത്ത് കലയും, രണ്ടാം സ്ഥാനത്ത് സാഹിത്യവുമാണ്. ഇൻഡ്യയിലെ കലാപ്രതിഭകളുടെ കണക്കെടുത്താൽ, അതിന്റെ മേൽത്തട്ടിൽ മോഹൻലാൽ പെടില്ല എന്ന് കരുതുന്നവർ എത്രപേരുണ്ട്? ഞാൻ അങ്ങനെ കരുതുന്നില്ല. പ്രശ്നം മോഹൻലാൽ എന്ന വ്യക്തിയുടെ രാഷ്ട്രീയമാണെങ്കിൽ എത്ര മുൻ ജേതാക്കളുടെ രാഷ്ട്രീയം നിങ്ങൾക്ക് സ്വീകാര്യമായിരുന്നു എന്നൊന്ന് നോക്കുന്നത് നന്നായിരിക്കും. എന്നുവച്ച് മോഹൻലാലിന്റെ ഇപ്പോഴത്തെ അവാർഡിൽ രാഷ്ട്രീയസ്വാധീനമില്ലാന്നോ ഉണ്ടെന്നോ പറയുന്നില്ല. രണ്ടായാലും രാഷ്ട്രീയം വച്ച് യോഗ്യത അളക്കുന്നില്ലായെന്നേ ഉള്ളൂ. ഹിന്ദി സിനിമയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ട് നടൻമാരാണ് അനുപം ഖേറും പരേഷ് റാവലും. രണ്ടും സംഘിപാളയത്തിലാണ് താനും. പക്ഷേ അതുകൊണ്ട് അവരുടെ അഭിനയപ്രതിഭ കുറയുമോ? നാളെ അവരുടെയൊക്കെ പേരും അവാർഡ് ലിസ്റ്റുകളിൽ വരും. അന്നും അതിനെ ഇപ്പോ കാണുന്ന ഗൗരവത്തിലേ കാണാനാകൂ. Nothing more, nothing less.