നിങ്ങൾ ഒരു സമയം ചിന്തയിൽ ഉൾക്കൊള്ളിക്കുന്ന സ്ഥല-കാലങ്ങൾക്ക് എത്ര വലിപ്പമുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
Vaisakhan Thampi
February 1 2019
നിങ്ങൾ ഒരു സമയം ചിന്തയിൽ ഉൾക്കൊള്ളിക്കുന്ന സ്ഥല-കാലങ്ങൾക്ക് എത്ര വലിപ്പമുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
ചോദ്യം വ്യക്തമാക്കാം. നിങ്ങൾ ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള സ്ഥലത്തെ സംബന്ധിച്ച് നിങ്ങളുടെ മനസ്സിൽ ഒരു ആന്തരികഭൂപടം (mental map) ഉണ്ടാകും. എവിടെയാണ് കടകൾ, മരങ്ങൾ, ഏത് ദിശയിലാണ് ഓരോ സ്ഥലത്തേയ്ക്കുമുള്ള ബസ്സുകൾ പോകുന്നത്, എത്രത്തോളം മനുഷ്യർ ചുറ്റുമുണ്ട്, തോടുകളോ കലുങ്കുകളോ ഒക്കെയുണ്ടെങ്കിൽ അവയെവിടെയാണ്... ഇത്തരത്തിലുള്ള വിവരങ്ങൾ ഉൾപ്പെട്ട ഒരു ഭൂപടം. നമ്മൾ വണ്ടിയോടിക്കുമ്പോഴൊക്കെ ഇത്തരം മാപ്പുകൾ നിർണായകമായി പ്രവർത്തിക്കുന്നുണ്ട്. നൂറ് ശതമാനം സമയവും റോഡിൽ നോക്കാതെ, ചിലപ്പോഴൊക്കെ മറ്റ് ആലോചനകൾ നടത്തിക്കൊണ്ട് പോലും വണ്ടിയോടിച്ച് പോകാൻ നമുക്ക് കഴിയുന്നത് ഇതുകൊണ്ടാണ്. നിങ്ങളുടെ മനസിൽ ഇങ്ങനെ രൂപപ്പെടുന്ന മാപ്പിന് എത്ര വലിപ്പമുണ്ട് എന്നതാണ് ചോദ്യത്തിന്റെ പകുതി.
മറ്റേ പകുതി നിങ്ങളുടെ ആലോചന ഒരു സമയം പരിഗണിക്കുന്ന കാലയളവിന്റെ ദൈർഘത്തെ കുറിച്ചാണ്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ നിങ്ങൾക്കൊരു ഉദ്ദേശ്യമുണ്ട്; എങ്ങോട്ട് പോകണം, അവിടെ ചെന്നിട്ട് എന്ത് ചെയ്യണം എന്നിങ്ങനെ. അതുപോലെ ഒരു ഭൂതകാലവും അതിനോട് ചേർന്ന് കിടപ്പുണ്ടാകും. ഉദാഹരണത്തിന് സിനിമ കാണാൻ പോകുകയാണെങ്കിൽ, ടിക്കറ്റ് ബുക്ക് ചെയ്തത്, മറ്റ് കൂട്ടുകാരോട് പദ്ധതികൾ ചർച്ച ചെയ്തത്, സിനിമയുടെ റിവ്യൂ വായിച്ചത് എന്നിവയൊക്കെ അതിൽ വന്നേക്കും. ഇങ്ങനെ സ്ഥലത്തിന്റേയും കാലത്തിന്റേയും മാനങ്ങൾ ഉൾച്ചേർന്ന ഒരു ചതുർമാന ആന്തരിക ഭൂപടം (four-dimensional mental map) നമ്മളെല്ലാം ഉപയോഗിക്കുന്നുണ്ട്. അതിനങ്ങനെ വ്യക്തമായ അതിരുകളൊന്നും ഉണ്ടായിക്കോളണമെന്നില്ല. പക്ഷേ അതിന് ഏതാണ്ടൊരു വലിപ്പം കാണാനാകും.
പല അവസരങ്ങളിൽ നമ്മുടെ ആന്തരികഭൂപടം പല വലിപ്പത്തിലുള്ളതായിരിക്കും. അലക്കിയ തുണി ടെറസിൽ വിരിക്കുന്ന കാര്യത്തിൽ നമ്മുടെ ഭൂപടത്തിന് സ്ഥലമാനത്തിൽ വീടിന്റെ വലിപ്പമായിരിക്കാം. ചിലപ്പോൾ അയൽപ്പക്കത്തെ വലിയ തണൽമരവും ആ മാപ്പിൽ വന്നേക്കാം, പക്ഷേ തൊട്ടടുത്ത ജംഗ്ഷനിലെ വെയ്റ്റിങ് ഷെഡ് അതിന്റെ ഭാഗമാകാൻ വഴിയില്ല. സമയമാനത്തിൽ ആ തുണി ഉപയോഗിച്ച് മുഷിഞ്ഞതുമുതൽ, അലക്കിയുണക്കി അത് പിന്നേയും ഉപയോഗിക്കുന്നത് വരെയുള്ള വലിപ്പമായിരിക്കാം. ചിലപ്പോൾ ആ ഷർട്ട് ധരിച്ച് ഇനി പങ്കെടുക്കാൻ പോകുന്ന ഒരു ചടങ്ങ് ആ മാപ്പിൽ കയറിയേക്കാം, പക്ഷേ അത് ഭാവിയിൽ ഉപയോഗശൂന്യമായാൽ എന്ത് ചെയ്യണമെന്നതൊന്നും അതിൽ വരാറില്ല.
എന്നാൽ എല്ലായ്പ്പോഴും ഇങ്ങനെയാകണമെന്നില്ല. ഇതരസംസ്ഥാനത്തേയ്ക്ക് ഒരു വിനോദയാത്ര ആസൂത്രണം ചെയ്യുമ്പോൾ മാപ്പിന് വലിപ്പം കൂടുതലാണ്. കൂടുതൽ വലിയ പ്രദേശവും കൂടുതൽ നീണ്ട കാലയളവും മനസിൽ കാണുകയും കൈകാര്യം ചെയ്യുകയും വേണ്ടിവരും. ഇനി ഒരു അന്താരാഷ്ട്ര യുദ്ധത്തിൽ പങ്കെടുക്കുന്ന ഒരു പട്ടാള കമാൻഡർ കൈകാര്യം ചെയ്യുന്ന മാപ്പിനെ കുറിച്ച് ആലോചിച്ച് നോക്കൂ. വെയ്റ്റിങ് ഷെഡും മരവും കലുങ്കുമൊന്നുമല്ല, പർവതങ്ങളും നദികളും വനങ്ങളും ഒക്കെ അപ്പാടെയാണ് അദ്ദേഹത്തിന്റെ മാപ്പിൽ കൈകാര്യം ചെയ്യേണ്ടത്. അത് നമ്മളിൽ പലരും ഒരുകാലത്തും ചിന്തിക്കാൻ സാധ്യതയില്ലാത്തയത്രയും വലിപ്പമുള്ള ഒന്നാണ്.
ലോകത്തിൽ നിർണായക സ്വാധീനം ചെലുത്തിയ മിക്ക മനുഷ്യരും വലിയ മെന്റൽ മാപ്പുകൾ കൈകാര്യം ചെയ്തിരുന്നവരാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിലേയ്ക്കും റഷ്യയിലേയ്ക്കുമൊക്കെ അധിനിവേശം നടത്തിയ ഹിറ്റ്ലർ എന്തുമാത്രം വലിയ സ്കെയിലിലാകും ചിന്തിച്ചിട്ടുണ്ടാകുക! മഹാത്മാ ഗാന്ധി ഒരു രാജ്യത്തെ ജനങ്ങളെ മൊത്തം സ്വാധീനിച്ചതും ആ സ്കെയിലിൽ ചിന്തിക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ്. രാഷ്ട്രപുരോഗതിയിൽ സ്വാധീനം ചെലുത്തണമെങ്കിൽ, വലിയ പ്രദേശങ്ങളെയും വലിയ കാലയളവുകളേയും ചിന്തയിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന നേതാക്കൾ തന്നെ വേണം. അങ്ങനെയുള്ളവരേ എന്തെങ്കിലും ചെയ്തിട്ടുള്ളൂ.
അവസാനമായി ഒരു കാര്യം കൂടി. വലിയ മെന്റൽ മാപ്പുകൾക്ക് വളരെയധികം പ്രാധാന്യമുള്ള മറ്റൊരു മേഖലയാണ് ശാസ്ത്രം. ഒരു കോസ്മോളജിസ്റ്റാക്കെ (പ്രപഞ്ചവിജ്ഞാന ശാസ്ത്രം) കൈകാര്യം ചെയ്യുന്നത് സാധാരണ മനുഷ്യന്റെ തലച്ചോറിന് വഴങ്ങാത്തയത്ര വലിപ്പമുള്ള മാപ്പായിരിക്കും. ഗണിതസഹായത്താൽ വളഞ്ഞ വഴിയിലാണ് അത് ചെയ്യുന്നത്. അതുപോലെ ജീവപരിണാമം പല മനുഷ്യർക്കും അവിശ്വസനീയമായി തോന്നുന്നതിന് പിന്നിലും പ്രവർത്തിക്കുന്നത് അതിലുൾപ്പെട്ട നീണ്ട കാലയളവുകൾ (കോടിക്കണക്കിന് വർഷങ്ങൾ) കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടാണ്.
PS: ഡ്രൈവിങ് സീറ്റിലിരുന്ന് ട്രാഫിക് ബ്ലോക്കിനെ പഴിക്കുന്ന മിക്കവർക്കും നിരവധി പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുണ്ടാവും. പക്ഷേ നടപ്പാക്കിയാൽ അവയിൽ പലതും നടപ്പിലുള്ളതിനെക്കാൾ വലിയ ദുരന്തമാകുകയും ചെയ്യും. അതിന്റെ സീക്രട്ടും ടി മാപ്പ് തന്നെ! അതേപ്പറ്റി വിശദമായി പിന്നീടൊരിയ്ക്കൽ ചർച്ച ചെയ്യാം.