March 3, 2020

ബ്ലാക്ഹോൾ

Vaisakhan Thampi

April 11 at 10:42 AM

2019

ബ്ലാക്ഹോൾ എന്നും ഒരു കാല്പനികഭംഗിയുള്ള വിഷയമായിരുന്നു. ഒരുപക്ഷേ ശാസ്ത്രജ്ഞരെക്കാളും കൂടുതലായി സാഹിത്യകാരും സിനിമാക്കാരും കൈകാര്യം ചെയ്തിട്ടുള്ള ഒന്ന്. അതിനകത്തെന്താണ് എന്നത് മുതൽ അങ്ങനെയൊന്ന് ശരിയ്ക്കും ഉണ്ടോ എന്നത് പോലും തർക്കവിഷയമായ ദുരൂഹതയായിരുന്നു. ഇപ്പോ ദാ കിടക്കുന്നു... ബ്ലാക് ഹോൾ പിടിയിൽ!

വാർത്തയുടെ അടിസ്ഥാനത്തിൽ ഒരു വിശദീകരണക്കുറിപ്പ് പല സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമയക്കുറവ് കാരണം സാധിക്കുമെന്ന് തോന്നുന്നില്ല. ചില പൊടിവിവരങ്ങൾ മാത്രം പങ്ക് വെക്കാം;

1.

ആൽബർട് ഐൻസ്റ്റൈന്റെ നൂറ് വർഷം പഴക്കമുള്ള ആപേക്ഷികതാ സിദ്ധാന്തം പ്രവചിച്ച ഒന്നാണ് ബ്ലാക്ഹോൾ. അതായത്, ആ സിദ്ധാന്തം ശരിയാണെങ്കിൽ, അത്യധികം വലിയ മാസ് ഒരു ചെറിയ വ്യാപ്തത്തിലേയ്ക്ക് (volume) ചുരുങ്ങിയിരുന്നാൽ, അതിൽ നിന്നും പ്രകാശവേഗതയിൽ ഉയർന്നാൽ പോലും അതിന്റെ വലിവ് മറികടക്കാൻ കഴിയാത്തവിധം ശക്തമായ ഗുരുത്വശേഷിയുള്ള ചില വിചിത്രവസ്തുക്കൾ രൂപപ്പെടാമെന്നും, പ്രപഞ്ചത്തിൽ പലയിടത്തും അവ ഉണ്ടാകാമെന്നുമാണ് അതിന്റെ അർത്ഥം. ഗണിതപരമായ നിരവധി കണക്കാക്കലുകൾ പിന്നീട് പല തരം ബ്ലാക്ഹോളുകളേയും അവയുടെ സ്വഭാവസവിശേഷതകളേയും വിവരിച്ചിരുന്നു. പരോക്ഷമായ പ്രപഞ്ച നിരീക്ഷണങ്ങളും അവയുടെ അസ്തിത്വത്തിന് തെളിവായി നിരീക്ഷിച്ചിരുന്നു എങ്കിലും, ആദ്യമായാണ് നേരിട്ട് ബ്ലാക്ഹോളുകളെ ചിത്രത്തിൽ പതിപ്പിക്കാൻ നമുക്ക് കഴിഞ്ഞത്. ഇത് ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അതിശക്തമായ ഒരു സ്ഥിരീകരണമാണ്. (എന്നാൽ ഐൻസ്റ്റൈന്റെ അഭിപ്രായത്തിൽ ബ്ലാക് ഹോളുകൾ അസാദ്ധ്യമായിരുന്നു :) )

2.

പ്രകാശത്തിന് പോലും പുറത്തേയ്ക്ക് വരാനാകാത്ത ബ്ലാക്ഹോളുകളുടെ 'ശരീര'ത്തിന്റെ ചിത്രം അസാധ്യമാണ്. തിരിച്ചുവരവില്ലാത്ത വിധം ഗുരുത്വവലിവിൽ പെട്ടുപോകുന്ന ഒരു അതിരുണ്ട് ബ്ലാക്ഹോളിന് ചുറ്റും- ഇവന്റ് ഹൊറൈസൺ. അതിന് തൊട്ടുവെളിയിൽ ബ്ലാക്ഹോളിന് ചുറ്റും അതിവേഗതയിൽ കറങ്ങുന്ന വസ്തുക്കൾ ഉയർന്ന താപനിലയിലെത്തി പുറത്തുവിടുന്ന പ്രകാശമാണ് ഫോട്ടോയിൽ കാണുന്നത്. അതിൽ കറക്കത്തിന്റെ ദിശ നമ്മുടെ നേരേ ആയിരിക്കുന്ന ഭാഗത്ത് തിളക്കം കൂടുതലായിരിക്കും.

3.

ഈ ചിത്രം (ഇതെന്നല്ല പ്രപഞ്ചശാസ്ത്രത്തിലെ മിക്കതും) സാമ്പ്രദായികരീതിയിലുള്ള 'ഫോട്ടോഗ്രാഫ്' എന്ന വാക്കിന്റെ അർത്ഥത്തിലല്ല ഫോട്ടോ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അത്തരം ഫോട്ടോഗ്രാഫി ടെക്നിക് ഇവിടെ തീരെ പ്രായോഗികമല്ല. ഭൂമിയുടെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പുകൾ ഒരേ നിമിഷം ഒരേ ദിശയിലേയ്ക്ക് ചൂണ്ടി ശേഖരിച്ച ഭീമമായ ഡേറ്റ, സൂപ്പർകംപ്യൂട്ടറുകളിൽ കയറ്റി അതിൽ നിന്നും ബ്ലാക്ഹോളിന്റേതായ വിവരം മാത്രം കുറുക്കിയെടുത്ത് വർണം നൽകി രൂപപ്പെടുത്തിയെടുത്തതാണ്. ഓരോ ടെലിസ്കോപ്പും 5,000 TB-യോളം ഡേറ്റയാണ് ഉണ്ടാക്കിയത്. അതിനെ നെറ്റ്വർക്ക് വഴി പങ്കിടുക അസാധ്യമാണ്. നൂറുകണക്കിന് ഹാർഡ് ഡിസ്കുകളിലായി ഈ ഡേറ്റ വിമാനത്തിൽ കയറ്റി ഒരിടത്തേയ്ക്ക് എത്തിക്കുകയായിരുന്നു. ഒരേസമയം പല ടീമുകൾ ആ ഡേറ്റ സ്വതന്ത്രമായി ചിത്രവൽക്കരിക്കുകയും ഒരേ ചിത്രം തന്നെ എല്ലാവർക്കും കിട്ടുകയും ചെയ്തപ്പോഴാണ് ഇതിന് സ്ഥിരീകരണം ഉണ്ടായത്.

4.

ചിത്രത്തിൽ ആ നടുക്ക് കാണുന്ന ഇരുണ്ട ഭാഗത്ത് വേണേൽ രണ്ടോ മൂന്നോ സൗരയൂഥങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയും.

5.

ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത് നാസ അല്ല!