മമ്മൂട്ടീടെ 'ദി ട്രൂത്ത്' എന്ന സിനിമയിൽ ഒരു രംഗമുണ്ട്. നടന്ന് തന്റെ ഓഫീസ് മുറിയിലേയ്ക്ക് കയറാൻ തുടങ്ങവേ പെട്ടെന്ന് നായകൻ കൂടെയുള്ള ഉദ്യോഗസ്ഥനോട് ചോദിക്കുന്നു - "Where is 'i'?"
Vaisakhan Thampi
·മമ്മൂട്ടീടെ 'ദി ട്രൂത്ത്' എന്ന സിനിമയിൽ ഒരു രംഗമുണ്ട്. നടന്ന് തന്റെ ഓഫീസ് മുറിയിലേയ്ക്ക് കയറാൻ തുടങ്ങവേ പെട്ടെന്ന് നായകൻ കൂടെയുള്ള ഉദ്യോഗസ്ഥനോട് ചോദിക്കുന്നു - "Where is 'i'?"
എന്താണെന്ന് മനസ്സിലാവാതെ വണ്ടറടിച്ച് നിന്ന ഉദ്യോഗസ്ഥനോട് നായകൻ വിശദീകരിക്കുന്നു, 'investigation' എന്ന വാക്ക് 'investigaton' എന്ന് എഴുതിവെച്ചിരിക്കുന്നതിലെ തെറ്റാണ് താൻ ഉദ്ദേശിച്ചത് എന്ന്. ഒരു ചെറിയ 'i' പോയാൽ പോലും അത് കണ്ണിൽ പെടുന്ന വേന്ദ്രനാണ് നായകൻ എന്ന് എസ്റ്റാബ്ലിഷ് ചെയ്യലാണെന്ന് തോന്നുന്നു ആ സീനിന്റെ ഉദ്ദേശ്യം.
എന്നാൽ ആ സീനിൽ നിന്ന് നായകന് ഭയങ്കര നിരീക്ഷണ പാടവമാണെന്ന് ഉറപ്പിക്കാനൊന്നുമാവില്ല. കക്ഷി ഒരു 'സ്പെല്ലിങ് നാസി' ആയാലും സീൻ കറക്റ്റായിരിക്കും.
ഗ്രാമർ നാസി അല്ലെങ്കിൽ സ്പെല്ലിങ് നാസി എന്നത് ഒരു അവസ്ഥയാണ്. ഒരാൾ നിങ്ങളോട് സംസാരത്തിലോ എഴുത്തിലോ ഒരു കാര്യം പറയുമ്പോൾ, അതിന്റെ ഉള്ളടക്കം ശ്രദ്ധിക്കും മുൻപ് അതിലെ ഗ്രാമർ (സ്പെല്ലിങ്) പിഴവുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയും അത് തിരുത്തിയശേഷം മാത്രം മുന്നോട്ട് പോകുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ലൈനെങ്കിൽ, നിങ്ങളൊരു ലക്ഷണമൊത്ത നാസിയാണ്.
വേദനയോടെ തുറന്നുപറയട്ടെ, ഞാൻ സ്വയം തളച്ചിട്ടിരിക്കുന്ന ഒരു നാസിയാണ്. എത്രത്തോളമെന്ന് വെച്ചാൽ, ഒരാൾ പ്രണയാഭ്യർത്ഥന നടത്തിയാൽ പോലും അതിലെ ഗ്രാമർ/സ്പെല്ലിങ് പിഴവ് ആദ്യം ശ്രദ്ധയിൽ പെടുന്ന തരത്തിൽ. അത് എത്രത്തോളം വെറുപ്പീരായിരിക്കും എന്ന് കൃത്യമായി തിരിച്ചറിയുന്നതുകൊണ്ട്, പല തവണ 'കൺട്രോൾ.. കൺട്രോൾ!' എന്ന് സ്വയം പറഞ്ഞ് ഞാനതിനെ പുറത്തറിയാതെ ഒളിപ്പിക്കുന്നുവെന്നേയുള്ളൂ. സ്ഥാപനമേധാവി സഹപ്രവർത്തകരെ 'Dear faculties' എന്ന് അഭിസംബോധന ചെയ്യുമ്പോൾ "ശ്ശെ! faculties അല്ലല്ലോ, faculty members അല്ലെങ്കിൽ members of faculty എന്നല്ലേ പറയേണ്ടത്" എന്ന് അസ്വസ്ഥനാകുക, അത്യധികം രസകരമായ ഒരു പ്രഭാഷണം കേട്ടുകൊണ്ടിരിക്കേ പ്രഭാഷക(ൻ) 'informations' എന്നോ മറ്റോ പറഞ്ഞാൽ പെട്ടെന്ന് ചാണകം ചവിട്ടിയപോലെ തോന്നുക, നന്നായി പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിൽ 'vaccum' എന്നെഴുതിയിരിക്കുന്നത് കണ്ടാൽ പുരികം വളയുക, 'ടാ തടിയാ' എന്ന സിനിമാപ്പേര് കാണുമ്പോൾ തന്നെ അക്ഷരത്തെറ്റിന്റെ പേരിൽ മാത്രം സിനിമ കാണേണ്ട എന്ന് തോന്നുക, എന്നിങ്ങനെ 'നാസിപ്രസ്ഥാന'ത്തിന് വെളിയിൽ ഒരാൾക്ക് മനസിലാവാത്ത നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് എന്നെപ്പോലുള്ളവർ കടന്നുപോകുന്നത്. കൂനിൻമേൽകുരു എന്നുപറഞ്ഞതുപോലെയാണ് ഇത്തരമൊരു നാസിയ്ക്ക് എന്റേത് പോലൊരു പേര്; Vaishakhan thampi, vysakhan thampi, vaishakhan thampy, vysakhan thambi, ... എന്നിങ്ങനെ എനിയ്ക്ക് തിരുത്തേണ്ടിവരുന്ന സ്പെല്ലിങ്ങുകൾക്ക് കൈയും കണക്കുമില്ല.
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിയ്ക്ക് ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്; സ്പെല്ലിങ്ങിന്റെയോ ഗ്രാമറിന്റെയോ കാര്യത്തിൽ ഭയങ്കര വൈദഗ്ദ്ധ്യമുണ്ട് എന്ന അഹങ്കാരം കൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. നമുക്കറിയാവുന്ന കാര്യം തെറ്റിയ്ക്കപ്പെട്ടുകാണുമ്പോൾ തോന്നുന്ന അസ്വസ്ഥത മാത്രമാണത്.
PS: 'ദി ട്രൂത്ത്' എന്ന സിനിമയുടെ ഓഫീഷ്യൽ പേര് ശരിയ്ക്കും 'ദ് ട്രൂത്ത്' എന്നാണ് വരേണ്ടത് എന്ന കാര്യം അവിടെ തുടക്കത്തിലേ പറയാതെ പിടിച്ചുവെക്കുന്നതും ഗ്രാമർ നാസിയ്ക്ക് ഒരു വെല്ലുവിളിയാണ്!
PPS: ഇവിടത്തെ നാസി പ്രയോഗം സത്യത്തിൽ ഒരു അനൗദ്യോഗിക പദമാണ്. ചരിത്രത്തിലെ നാസിസം എന്ന ഭീകരതയെ അത് നിസ്സാരവൽക്കരിക്കുന്നു എന്നൊരു വിമർശനം നിലവിലുണ്ട്.