നമ്മൾ നാട്ടുകാര് കൈയടിച്ച് പ്രോത്സാഹിപ്പിച്ച, പുകഴ്ത്തിയ പ്രേമഗാനങ്ങളും പ്രേമകഥകളും എണ്ണിയാൽ തീരില്ല. പക്ഷേ അതുംവച്ച് നമ്മുടെ പ്രണയബന്ധങ്ങളോടുള്ള മനോഭാവം വിലയിരുത്താൻ പറ്റുമോ?

Vaisakhan Thampi

February 10 at 3:49 PM

·നമ്മൾ നാട്ടുകാര് കൈയടിച്ച് പ്രോത്സാഹിപ്പിച്ച, പുകഴ്ത്തിയ പ്രേമഗാനങ്ങളും പ്രേമകഥകളും എണ്ണിയാൽ തീരില്ല. പക്ഷേ അതുംവച്ച് നമ്മുടെ പ്രണയബന്ധങ്ങളോടുള്ള മനോഭാവം വിലയിരുത്താൻ പറ്റുമോ? സിനിമ കാണുമ്പോൾ നാട്ടുകാർ കറുത്തമ്മേടേം പരീക്കുട്ടീടേം ഒപ്പമായിരിക്കും. പക്ഷേ ജീവിതത്തിൽ ഇതേ നാട്ടുകാർ തന്നെ കമിതാക്കളെ തല്ലിയോടിക്കുകയും ചെയ്യും.

ഇതിന്റെ മറുപുറമാണ് അഴിമതിയുടെ കാര്യത്തിൽ. നിലപാടിൽ നമ്മൾ കട്ട അഴിമതി വിരുദ്ധരാണ്. പക്ഷേ പരിസ്ഥിതിദിനാഘോഷത്തിന്റെ ഫ്ലക്സ് ബാനറടിക്കുന്നതുപോലുള്ള ഒരു പരിപാടിയാണത്. പ്രവൃത്തിയിൽ പറച്ചിലിന്റെ സ്വാധീനമൊന്നുമില്ല. അഴിമതിയെ നമ്മൾ നാട്ടുകാർ വലിയൊരു കുഴപ്പമായൊന്നും കാണുന്നില്ല എന്നതാണ് സത്യം. എന്റെ അച്ഛൻ വില്ലേജോഫീസറാണ് എന്ന് പറയുമ്പോൾ ''ഉം, നല്ല കൈക്കൂലി കിട്ടുന്നുണ്ടാവുമല്ലോ!'' എന്ന മട്ടിൽ പകുതി തമാശയും പകുതി പരിഹാസവുമൊക്കെയായി പ്രതികരിച്ചിരുന്നവരെയേ എനിക്ക് ഓർമയുള്ളൂ. അവരിലൊന്നും കൈക്കൂലി വാങ്ങുന്നൊരാൾ വെറുക്കപ്പെടേണ്ട ആളാണെന്ന ഒരു ധാരണ ഞാൻ കണ്ടിട്ടില്ല. അവനവന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനോടുള്ള കലിപ്പോ, കൈക്കൂലി കൊണ്ട് ധനികരാവുന്നവരോടുള്ള അസൂയയോ ഒക്കെയാണ് ആത്യന്തികമായി നമ്മുടെ അഴിമതിവിരുദ്ധത. പത്ത് രൂപയുടെ പാലിൽ വെള്ളം ചേർത്ത് രണ്ട് രൂപ ലാഭം ഉണ്ടാക്കുന്നത് നിസ്സാരവിഷയമായും നൂറ് കോടിയുടെ പദ്ധതിയിൽ രണ്ട് കോടി കൈക്കൂലി വാങ്ങുന്നത് വലിയ ധാർമ്മിക പ്രശ്നമായും തോന്നും. കാരണം ആദ്യത്തേത് നമുക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ കഴിയുന്നതും നമ്മളും ചെയ്യാൻ സാധ്യതയുള്ളതുമായ കാര്യമാണ്. രണ്ടാമത്തെ കാര്യം ഒരു സാധാരണവ്യക്തിയ്ക്ക് ഒരിയ്ക്കലും ചെയ്യാൻ അവസരമില്ലാത്തതാണ്. അതുകൊണ്ട് തന്നെ സെയ്ഫായി ഉച്ചത്തിൽ ഇകഴ്ത്താം. ഒരിയ്ക്കലും അത് സ്വന്തം തലയിലേയ്ക്ക് തിരിയാൻ സാധ്യതയില്ല. പത്ത് കോടി രൂപയുടെ അഴിമതിയിൽ ഒരു സ്ത്രീ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഉറപ്പിയ്ക്കാം; ചർച്ച കൊഴുക്കാൻ പോകുന്നതും നാളെ അതോർമ്മിക്കപ്പെടാൻ പോകുന്നതും ഒരു 'പെണ്ണുകേസ്' എന്ന പേരിലാണ്. എത്ര രൂപ പൊതു ഖജനാവിൽ നിന്ന് പോയി എന്നതല്ല, ഏതൊക്കെ നേതാവ് ആരുടെയൊക്കെ കൂടെ കിടന്നു എന്നതാണ് പ്രശ്നം! ഈ മനുഷ്യർക്ക് ശരിയ്ക്കും അഴിമതി ഒരു പ്രശ്നമാണെന്നാണോ?

ഈ ചോദ്യത്തിന് ഒരു പശ്ചാത്തലമുണ്ട്. കെ. എം. മാണി എത്ര അഴിമതിക്കാരനാണെന്ന് പറഞ്ഞാലും നിരന്തരമായി വോട്ടെടുപ്പിലൂടെ ഒരു മണ്ഡലത്തിലെ ജനങ്ങൾ തെരെഞ്ഞെടുത്ത് തങ്ങളെ പ്രതിനിധീകരിക്കാൻ വിട്ട ആളാണ്. ആ മണ്ഡലത്തിലെ ഭൂരിപക്ഷവും വിഡ്ഢികളാണെന്നും നിങ്ങൾ അവരെക്കാൾ പ്രബുദ്ധതയുള്ള ആളാണെന്നും കരുതുന്ന ആളാണോ നിങ്ങൾ? എന്നാൽ നിങ്ങളെപ്പോലെ തന്നെയാണ് എല്ലാവരും ചിന്തിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ (മാത്രം) എല്ലാവരുടേയും ആ ചിന്ത ശരിയാണ് താനും.

കെ. എം. മാണി അഴിമതിക്കാരനെങ്കിൽ കക്ഷിയെ അമ്പത് കൊല്ലത്തോളം മുടങ്ങാതെ തെരെഞ്ഞെടുത്തിരുന്ന ജനത്തിന് അഴിമതി ഒരു വലിയ പ്രശ്നമായി തോന്നിയില്ല എന്നാണർത്ഥം. നിങ്ങൾക്ക് അഴിമതി ഒരു പ്രശ്നമായി തോന്നാത്തത് അത് നിങ്ങൾക്കനുകൂലമായോ നിങ്ങൾക്ക് വേണ്ടിയോ നടക്കുമ്പോഴാണ്. അത് പാലാക്കാരുടെ മാത്രം പ്രശ്നമല്ല. ഞാനും നിങ്ങളും ഉൾപ്പടെ ഇന്നാട്ടിലെ സകലർക്കും ആ പ്രശ്നമുണ്ടെന്നാണ് പറഞ്ഞുവന്നത്. അഴിമതി എന്നത് നിയമവ്യവസ്ഥയോടുള്ള കൂറില്ലായ്മയിൽ നിന്ന് വരുന്നതാണ്. സ്വന്തം സൗകര്യത്തിന് റോഡിലെ വൺവേ തെറ്റിയ്ക്കുന്നതുൾപ്പടെ അതിൽ വരും. പക്ഷേ ശീലം കൊണ്ടും ചിരപരിചിതത്വം കൊണ്ടും നമുക്കതൊക്കെ 'ജസ്റ്റ് ഓക്കേ' ആണ്. അതുകൊണ്ട് തന്നെ അഴിമതി കാണിക്കാത്ത നേതാക്കളും ഉദ്യോഗസ്ഥരും ഉണ്ടാകുന്നതാണ് നമ്മുടെ സമൂഹത്തിൽ അസ്വാഭാവികം. മുഴങ്ങിക്കേൾക്കുന്ന അഴിമതി വിരുദ്ധതയിൽ എനിക്ക് വല്യ വിശ്വാസമില്ലച്ചോ!

(കറുപ്പെന്ന് കണ്ടാലുടൻ കീഴിൽ കാക്കയെക്കുറിച്ച് ചർച്ച തുടങ്ങുന്നവർക്കുള്ള NB : മാണിയ്ക്ക് സ്മാരകം വേണോ വേണ്ടയോ എന്നതല്ല ഇവിടത്തെ വിഷയം)