സയൻസും രാഷ്ട്രീയവും
Vaisakhan Thampi
·സയൻസും രാഷ്ട്രീയവും
------------------------
അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി.
ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു."
ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി വ്യവഹാരങ്ങളിൽ. ഏതെങ്കിലും സമൂഹ്യപ്രശ്നത്തിന് പരിഹാരം ചോദിച്ചാൽ അവർ പ്രധാനമായും പറയുന്നത്, "ആദ്യം നമ്മൾ മതവിശ്വാസം (/അന്ധവിശ്വാസം) ഇല്ലാതാക്കണം'' എന്നായിരിക്കും. ആദ്യം പറഞ്ഞ സിനിമാരംഗത്തിലെ "ഗുണ്ടകളെ മൊത്തം അടിച്ച് നിരപ്പാക്കണം" എന്ന ഡയലോഗ് പോലെ നേരിട്ടങ്ങ് പറയലല്ല. പക്ഷേ മൊത്തം വാദങ്ങളുടെ ആകെത്തുക ഏതാണ്ട് അങ്ങനെ വരും. തീർച്ചയായും അതിലൊരു യുക്തിയുണ്ട്. ഗുണ്ടകളാണല്ലോ അവിടത്തെ പ്രധാന തടസ്സം, അതുകൊണ്ട് ഗുണ്ടകളെ തോൽപ്പിച്ചാലേ നായികയെ കടത്തിക്കൊണ്ട് വരാൻ പറ്റൂ എന്ന ലോജിക്ക് പോലെയാണ്. അന്ധവിശ്വാസം ഇങ്ങനെ നിൽക്കുന്നതുകൊണ്ടാണല്ലോ ഈ പ്രശ്നങ്ങളെല്ലാം, അപ്പോ അത് ഇല്ലാതായാലല്ലേ ഈ പ്രശ്നത്തിന് പരിഹാരമുള്ളൂ! പക്ഷേ സിനിമയിലേത് തമാശയാകുന്നത്, ഗുണ്ടകൾ എന്ന യാഥാർത്ഥ്യം മുന്നിലുള്ളപ്പോൾ നായികയെ കടത്തിക്കൊണ്ട് വരിക എന്ന അടിയന്തിര പ്രശ്നത്തിനുള്ള പ്രായോഗികപരിഹാരമാണ് സാഹചര്യത്തിനാവശ്യം എന്നതുകൊണ്ടാണ്. ഗുണ്ടകൾ എന്നത് ഒരു വലിയ പ്രശ്നമാണ് എന്നതുപോലെ അന്ധവിശ്വാസവും വലിയ പ്രശ്നമാകുന്നു. പക്ഷേ തത്കാലത്തെ ആവശ്യം നടക്കാൻ ഗുണ്ടകളെ അടിച്ചുനിരപ്പാക്കുന്നത് പോലെ, സമൂഹത്തിൽ നിന്ന് ചുമ്മാ അങ്ങ് ഇല്ലാതാക്കാവുന്നതാണോ ഈ അന്ധവിശ്വാസം എന്ന ചോദ്യം അവിടെക്കിടക്കുന്നുണ്ട്. അത് കഴിഞ്ഞ് മാത്രം നടക്കാവുന്ന രീതിയിൽ കാത്തിരിക്കാവുന്നതാണോ മറ്റ് പ്രശ്നങ്ങളുടെ പരിഹാരം? ഇപ്പോഴുള്ള വിവേചനത്തെ റദ്ദാക്കാനുള്ള ജാതിസംവരണത്തെക്കുറിച്ച് പറയുമ്പോൾ, "ആദ്യം നമ്മൾ ജാതിവിശ്വാസം എടുത്തുകളയണം" എന്ന് വാദിക്കുന്നവരുടേതും ഇതേ വാദമാണ്. യുക്തിവാദ മൂവ്മെന്റുകളിൽ എനിയ്ക്ക് പ്രതീക്ഷ നഷ്ടപ്പെടാനും, മടുപ്പ് തോന്നാനും ഇതൊക്കെ കാരണമായിട്ടുണ്ട്.
റാഷണലിസം പോലെ തന്നെ പ്രധാനമാണ് പ്രാഗ്മാറ്റിസം. പ്രായോഗികതാവാദം എന്ന് പറയാം. പ്രശ്നം തിരിച്ചറിഞ്ഞിട്ട് ഒരു പരിഹാരം നിർദ്ദേശിക്കുന്നുവെങ്കിൽ, നിലവിലെ സാഹചര്യത്തിൽ നടപ്പിലാക്കാൻ പറ്റുന്നതാണോ അത് എന്ന ബോധ്യം കൂടി വേണ്ടതുണ്ട്. ഒരുകണക്കിന് അതൊരു ചോയ്സ് ആണ്. നമുക്ക് സൈദ്ധാന്തികമായ ശരികൾക്ക് വേണ്ടി വാദിക്കാം. അവിടെ വേറൊന്നും നോക്കാനില്ല, കാരണം കേവലശരികൾ ഒരുപാടുണ്ടാകും. ജനാധിപത്യം, ശാസ്ത്രബോധം, സമത്വബോധം, അന്ധവിശ്വാസ നിർമാർജനം, എന്നിങ്ങനെ പലതും. ഇവിടെങ്ങും ഒരു തർക്കത്തിനും സാധ്യതയില്ല, എത്ര ഘോരമായിട്ടും വാദിച്ചുകൊണ്ടേയിരിക്കാം. സ്വന്തം വിശ്വാസം വെല്ലുവിളിക്കപ്പെടുംവരെ ശാസ്ത്രബോധം വേണ്ടാന്നോ അന്ധവിശ്വാസം വേണമെന്നോ ആരും വാദിക്കില്ലല്ലോ. പക്ഷേ പ്രശ്നം കണ്ടെത്തലും അതിന് പരിഹാരം കാണലും രണ്ട് വെവ്വേറെ ജോലികളാണ്. അതാണ് ചോയ്സാണ് എന്ന് പറഞ്ഞത്. ഇന്ന് യുക്തിവാദത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന ശാസ്ത്രത്തിനാണെങ്കിൽ നിർദ്ദേശക(prescriptive) സ്വഭാവമില്ല. സിദ്ധാന്തരൂപത്തിൽ വസ്തുതകൾ നിരത്തുക (descriptive) മാത്രമാണ് അത് ചെയ്യുന്നത്. അത് എങ്ങനെ ഉപയോഗിക്കണമെന്നുള്ളത് ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന കാര്യവുമല്ല. സത്യത്തിൽ വസ്തുതകൾ മനസിലാക്കൽ മാത്രമല്ല, മറിച്ച് ഏതൊക്കെ വസ്തുതകളാണ് പ്രസക്തമെന്ന് കൂടി മനസിലാക്കണം. എന്നാലേ പ്രായോഗികമാകൂ.
പാഠപുസ്തകത്തിൽ നിന്ന് കിട്ടുന്ന സൈദ്ധാന്തികമായ അറിവിനൊരു പ്രത്യേകതയുണ്ട്. ഓരോരോ തത്വങ്ങളെയായി വേർതിരിച്ച് നിർത്തിയിട്ടാണ് അവിടെ പരിചയപ്പെടുത്തുക. അതായത് ഗുരുത്വാകർഷണം കാരണം താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ ചലനസമവാക്യം ഒരിടത്ത് പഠിപ്പിക്കും. വായുവിലൂടെ നീങ്ങുന്ന വസ്തുവിൽ വായു ചെലുത്തുന്ന പ്രതിരോധത്തെപ്പറ്റി വേറൊരിടത്ത് പഠിപ്പിക്കും. ഭൂമിയുടെ രൂപത്തിന്റെ പ്രത്യേകത കാരണം പലയിടത്തും ഗുരുത്വാകർഷണം കാരണമുള്ള വേഗവ്യത്യാസം പലതായിരിക്കും എന്ന് മറ്റൊരിടത്ത് പഠിക്കും. ആദ്യം പറഞ്ഞ താഴേയ്ക്ക് വീഴുന്ന വസ്തു വായുവിലൂടെയാണ് വീഴുന്നത്, അപ്പോ വായുപ്രതിരോധവും അവിടെ കണക്കിലെടുക്കണമെന്നും, ഭൂമിയിൽ എവിടെയാണ് വീഴുന്നത് എന്നനുസരിച്ച് തന്നെ അവിടെ വ്യത്യാസം വരുമെന്നും ചിന്തിക്കേണ്ടത് അതൊരു യഥാർത്ഥ സാഹചര്യത്തിൽ ഉപയോഗിക്കുമ്പോൾ മാത്രമാണ്. അതിന് വേറെ തന്നെ പരിശീലനം വേണ്ടിവന്നേക്കും. എം.എസ്.സി. കഴിഞ്ഞ് ഗവേഷണജീവിതത്തിലേയ്ക്ക് കടന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണ് ഇത് തിരിച്ചറിഞ്ഞത്. പല വർഷങ്ങളിൽ പലയിടങ്ങളിൽ ചിതറിക്കിടക്കുന്ന രീതിയിൽ പരിചയപ്പെട്ട തിയറികൾ എല്ലാം കൂടി ഒരുമിച്ച് പ്രയോഗിക്കേണ്ടിവരും. അതിൽ തന്നെ ഏതാണ് വേണ്ടതെന്നും ഏതാണ് വേണ്ടാത്തതെന്നും മനസിലാക്കാൻ കൂടി കഴിയണം. ഓരോന്നായി പരിഗണിച്ചാൽ എല്ലാം സിമ്പിളായ തിയറികളാണ്. പക്ഷേ എല്ലാം കൂടി ഒരുമിച്ച് പരിഗണിക്കേണ്ടിവരുമ്പോൾ അടിതെറ്റാൻ ചാൻസുണ്ട്.
1986-ൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തമുണ്ടായി. ആ റോക്കറ്റ് സിസ്റ്റത്തിലെ ലക്ഷക്കണക്കിന് ഘടകഭാഗങ്ങളിൽ ഒന്നായ, ഒരു റബ്ബർ വളയം (O-ring) കണക്കാക്കിയിരുന്നതിനെക്കാൾ താഴ്ന്ന താപനിലയിലായിരുന്നു എന്നതാണ് കാരണം. ഒരു റബ്ബർ വളയവും അതിന്റെ താപനിലയുമൊന്നും ക്വാണ്ടം മെക്കാനിക്സും റിലേറ്റിവിറ്റിയും വച്ച് മനസിലാക്കേണ്ട കാര്യമൊന്നുമല്ലല്ലോ. പക്ഷേ അത് സംഭവിച്ചു. കാരണം ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് പരിഗണിക്കേണ്ടിയിരുന്നു. സയൻസിലായാൽ പോലും ഒരു വർക്കബിൾ സൊല്യൂഷൻ അഥവാ പ്രായോഗിക പരിഹാരം എന്നത് ലളിതയുക്തികളിലൂടെ ഉണ്ടാവില്ല എന്നതാണ് കാണേണ്ടത്. അപ്പോപ്പിന്നെ സാമൂഹ്യ വിഷയങ്ങളുടെ കാര്യത്തിലോ!
ഇനി രാഷ്ട്രീയത്തിലേയ്ക്ക് വരാം. സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ച്, സമൂഹത്തിന്റെ പൊതുനടത്തിപ്പുമായി ബന്ധപ്പെട്ട ഭരണനിർവഹണമാണ് രാഷ്ട്രീയം. ഭരണനിർവഹണത്തിന് ഇവിടെയൊരു സംവിധാനമുണ്ട്. ജനാധിപത്യം എന്നാണതിന് പേര്. ജനങ്ങളുടേതായി, ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനം എന്നാണത് പറയപ്പെടുന്നത്. എന്നുവച്ചാൽ, അതിന്റെ അടിസ്ഥാനരൂപകല്പന തന്നെ ഓരോ വ്യക്തിയേയും ഒരു രാഷ്ട്രീയക്കാരനായി, രാഷ്ട്രീയക്കാരിയായി കണ്ടുകൊണ്ടുള്ളതാണ്. "ഓ, എനിയ്ക്ക് രാഷ്ട്രീയമൊന്നുമില്ല" എന്ന പറച്ചിൽ അതുകൊണ്ട് തന്നെ മേനി പറയാനുള്ള യോഗ്യതയല്ല, മറിച്ച് പരിഹാസ്യമായ ഏറ്റുപറച്ചിലാണ്. "രാഷ്ട്രീയമില്ല" എന്നുപറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ ജീവിക്കുന്ന സമൂഹത്തിൽ എന്ത്, എങ്ങനെ നടക്കുന്നു എന്നത് എന്റെ വിഷയമേയല്ല എന്നാണ്. ഞാൻ കൂടി ഇടപെട്ട് ചലിപ്പിക്കേണ്ട ഒരു സംവിധാനത്തിൽ നിന്ന് മാറിനിന്നിട്ട്, വേറെ ആരെങ്കിലും ഇതൊക്കെ എന്റെ സൗകര്യത്തിനനുസരിച്ച് നടത്തിക്കോളും എന്ന കരുതലിനോളം പോന്ന അശ്ലീലം വേറെയില്ല. പക്ഷേ ദൗർഭാഗ്യവശാൽ നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെയാണ് ചിന്തിക്കുന്നത്. "എനിയ്ക്ക് രാഷ്ട്രീയമില്ല, ഈ രാഷ്ട്രീയക്കാരൊന്നും ഞാനുദ്ദേശിക്കുന്ന രീതിയിൽ ഭരിക്കാത്തതുകൊണ്ട് അവരൊന്നും ശരിയല്ല" എന്നതാണ് നമ്മുടെ ചിന്താഗതി.
(നീളക്കൂടുതൽ കാരണം, ബാക്കി പിന്നെ തുടരാം...)