March 3, 2020

ഭീകരവാദം ഒരു സങ്കീർണ പ്രശ്നമാണ്.

Vaisakhan Thampi

March 17 2019

ഭീകരവാദം ഒരു സങ്കീർണ പ്രശ്നമാണ്. നിരപരാധികളെ പ്രകോപനമില്ലാതെ കൂട്ടക്കൊല ചെയ്യുക എന്ന തീരുമാനത്തിലേയ്ക്ക് കുറച്ച് മനുഷ്യർ എത്തിച്ചേരുമ്പോൾ അതിന് പിന്നിൽ വിവിധ മാനസിക, സാമ്പത്തിക, സാമൂഹിക കാരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതുമുതൽ ഭീകരവാദത്തിന്റെ കൃത്യമായ നിർവചനം പോലും വിദഗ്ദ്ധരുടെ ഇടയിൽ ഒരു തർക്കവിഷയമാണ്. അദ്ധ്യാപകരെക്കുറിച്ചോ സൈനികരെ കുറിച്ചോ പഠിക്കുന്നത് പോലെ, പിൻപോയിന്റ് ചെയ്ത് സൂക്ഷ്മപരിശോധന നടത്താൻ സാധിയ്ക്കും വിധം പ്രാപ്യമായ ഒരു വിഭാഗമല്ല ഭീകരർ എന്നത് തന്നെ പ്രധാന കാരണം. നടന്നുകഴിഞ്ഞ ഭീകരാക്രമണങ്ങളുടെ സ്വഭാവം, ജീവനോടെ പിടിയിലായിട്ടുള്ള ഭീകരരുമായുള്ള അഭിമുഖങ്ങൾ എന്നിങ്ങനെ പരിമിതമായ ഡേറ്റയിൽ നിന്ന് വേണം സിദ്ധാന്തങ്ങൾ രൂപീകരിക്കാൻ.

പക്ഷേ ഇവിടെ ഫെയ്സ്ബുക്ക് ന്യൂസ്ഫീഡ് ഭീകരവാദ നിവാരണത്തിൽ വൈദഗ്ദ്ധ്യം സിദ്ധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭീകരവാദത്തിന്റെ കാരണം, പരിഹാരം എന്നിവയെ പറ്റിയെല്ലാം അവർക്ക് അത്ഭുതകരമായ തിട്ടമാണ്. 'മതം കാരണം ഭീകരർ ഉണ്ടാകുന്നു, മതവിശ്വാസം ഇല്ലാതാകുമ്പോൾ ഭീകരവാദം അവസാനിക്കുന്നു'- ഇതാണ് സിദ്ധാന്തം. ജലദോഷം മുതൽ എയ്ഡ്സ് വരെ ചികിത്സിക്കുന്ന ഒറ്റമൂലിക്കാരെ പോലെയാണ് ഇത്തരം വിദഗ്ദ്ധർ. കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിന് സങ്കീർണപ്രശ്നങ്ങളെ അമിതമായി ലളിതവൽക്കരിച്ച് അതിന് മേൽ കാല്പനിക പരിഹാരമാർഗങ്ങൾ ഉണ്ടാക്കുക!

ഭീകരാക്രമണങ്ങളുടെ ചരിത്രത്തിൽ മതസംഘടനകൾ, രാഷ്ട്രീയ സംഘടനകൾ, അതിദേശീയതാവാദികൾ, സ്വതന്ത്ര വ്യക്തികൾ, എന്നുവേണ്ട ഗവൺമെന്റുകൾ വരെ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. അവരെ ഭീകരവാദത്തിലെത്തിച്ച കാരണങ്ങളും അവർ മുന്നിൽ കണ്ട ലക്ഷ്യങ്ങളും വിവിധങ്ങളായിരുന്നു. 168 പേരെ കൊന്ന, 1995-ലെ ഓഖ്ലഹോമ ബോംബിങ്ങിന് പിന്നിലെ പ്രതി തിമോത്തി മക്വെയ്ക്ക് പൗരൻമാരെ സർക്കാർ കൈകാര്യം ചെയ്യുന്നതിലെ അനീതിയായിരുന്നു കാരണം! സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങളിൽ നല്ലൊരു പങ്കും ഐ.എസ്., ബോകോ ഹറാം, താലിബാൻ തുടങ്ങിയ ഇസ്ലാമിക് ഗ്രൂപ്പുകളുടേതായിരുന്നു എന്നത് വ്യക്തമാണ്. ഇസ്ലാമിന്റെ മതസംഹിതകളിൽ ഹിംസയ്ക്കുള്ള പ്രോത്സാഹനവും കണ്ടെത്തിയേക്കാം. പക്ഷേ അതിൽ നിന്ന് ലളിതമായ കാര്യ-കാരണബന്ധം ഉണ്ടാക്കിയെടുക്കുമ്പോൾ ബുദ്ധിസ്റ്റ് ബിൻ ലാദൻ എന്നറിയപ്പെടുന്ന വിരാതുവിനേയും ഇൻഡ്യയിൽ ശക്തി പ്രാപിക്കുന്ന ഹിന്ദുത്വ ഭീകരരേയും മറക്കരുത്. ഭീകരവാദം=ഇസ്ലാം എന്ന സമവാക്യം പൊതുബോധത്തിൽ വരുന്നത് ഒരു വിഷമവൃത്തമാണ് സൃഷ്ടിക്കുന്നത് എന്ന് വിദഗ്ദ്ധാഭിപ്രായങ്ങളുണ്ട്; ഇസ്ലാമിസ്റ്റ് ഭീകരർ കാരണം സാധാരണ മുസ്ലീങ്ങൾ സംശയത്തിന്റെ നിഴലിൽ കഷ്ടതകൾ അനുഭവിക്കുന്നു, ആ സാഹചര്യത്തെ ഭീകരവാദത്തിലേയ്ക്ക് കൂടുതൽ മുസ്ലീം ചെറുപ്പക്കാരെ ആകർഷിക്കാൻ ഇസ്ലാമിസ്റ്റ് ഭീകരർ ഉപയോഗിക്കുന്നു. ഫലത്തിൽ നഷ്ടം സമൂഹം എന്ന നിലയിൽ എല്ലാവർക്കും കൂടിയാണ്.

ഭീകരാക്രമണങ്ങളുടെ ലിസ്റ്റിൽ ഇതുവരെ അവസാനത്തേത് ന്യൂസീലാൻഡിലാണിപ്പോൾ നടന്നിരിക്കുന്നത്. അവിടെ ഇസ്ലാം ഇരയുടെ സ്ഥാനത്താണ്. ഇരകളെ ചേർത്തുപിടിച്ച അവിടത്തെ പ്രധാനമന്ത്രിയുടെ ചിത്രം ആശ്വാസകരമായിരുന്നു. അവരാ പ്രശ്നത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ സന്ദേശമാണ് അതിൽ നിന്ന് ലഭിക്കുന്നത്. ആയിരങ്ങളുടെ ജീവൻ ഉൾപ്പെട്ട കലാപത്തെ 'കാറിനടിയിൽ പെട്ട പട്ടിക്കുട്ടി'യോട് ഉപമിച്ച ഒരാളെയാണ് അത് കണ്ടപ്പോൾ ഓർമ്മ വന്നത്. നമ്മൾ പേടിയ്ക്കണം.