March 3, 2020

ഒരു സിനിമാ തീയറ്ററിൽ കയറി ചെല്ലുമ്പോൾ, ടിക്കറ്റ് നോക്കി നിങ്ങളുടെ സീറ്റ് കാണിച്ചുതരാൻ ഒരു സ്റ്റാഫിന്റെ സഹായം ആവശ്യമുണ്ടോ?

Vaisakhan Thampi

2018

ഒരു സിനിമാ തീയറ്ററിൽ കയറി ചെല്ലുമ്പോൾ, ടിക്കറ്റ് നോക്കി നിങ്ങളുടെ സീറ്റ് കാണിച്ചുതരാൻ ഒരു സ്റ്റാഫിന്റെ സഹായം ആവശ്യമുണ്ടോ? പല തീയറ്ററുകളിലും കസ്റ്റമറെ സഹായിക്കാൻ ഇങ്ങനെ ആളെ നിർത്തിയിരിക്കുന്നത് കണ്ടിട്ടുണ്ട്. അല്ലാത്തയിടങ്ങളിൽ പലരും ടിക്കറ്റും കൈയിൽ പിടിച്ച് വട്ടം ചുറ്റുന്നതും കണ്ടിട്ടുണ്ട്. എന്നാൽ അല്പസ്വല്പം കണക്ക് പഠിച്ചവർക്ക് ഇതൊരു വിഷയമേ ആകാനുള്ള സാധ്യതയില്ലാത്തതാണ്.

നിങ്ങൾക്ക് തീയറ്റർ പോലെ ഒരിടത്ത് സീറ്റുകൾ ക്രമീകരിക്കണമെങ്കിൽ ഉറപ്പായും അതൊരു പ്രത്യേക ക്രമത്തിലായിരിക്കുമല്ലോ ചെയ്യുക. എല്ലാ തീയറ്ററുകളും അതങ്ങനെയാണ് ചെയ്യുന്നത്. വരിയും നിരയും സൂചിപ്പിക്കാൻ ഒരു അക്ഷരവും ഒരു അക്കവും ഉപയോഗിക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നത്. അതായത് ഒരേ നിരയിലെ സീറ്റുകളെല്ലാം ഒരേ അക്ഷരത്തിലായിരിക്കും. A1 മുതൽ A25 വരെ ഒരു നിര, B1 മുതൽ B25 വരെ അടുത്ത നിര, എന്നിങ്ങനെ. ചില സ്ഥലങ്ങളിൽ ഏറ്റവും പിന്നിലെ നിരയായിരിക്കും A, ചിലയിടങ്ങളിൽ മുന്നിലത്തെ നിരയായിരിക്കും A. നിരകൾക്ക് കുറുകേ ഇടനാഴികൾ ഉള്ളതാണ് ശ്രദ്ധിക്കേണ്ട അടുത്ത കാര്യം. അതായത്, ഉദാഹരണത്തിന്, ചിലപ്പോൾ വരി 8-നും വരി 9-നും ഇടയിലൂടെയും, വരി 15-നും 16-നും ഇടയിലൂടെയും ആകും ആളുകൾക്ക് തീയറ്ററിന്റെ പിന്നിലേയ്ക്കോ മുന്നിലേയ്ക്കോ നീങ്ങാനുള്ള ഇടവഴി. ഈ ഒരു പാറ്റേൺ മനസിലാക്കുക എന്നതാണ് സീറ്റ് കണ്ടുപിടിക്കലിന്റെ ആദ്യ പടി. തീയറ്ററിന്റെ അകത്തേയ്ക്ക് കടന്ന ഉടൻ, ഒരു മൂലയിൽ നിന്നുകൊണ്ട് ഒന്ന് നിരീക്ഷിച്ചാൽ ഈ ക്രമം പിടികിട്ടും. പിന്നിലേയ്ക്കാണോ മുന്നിലേയ്ക്കാണോ A-B-C-D... നീങ്ങുന്നത്, ഇടത്തേയ്ക്കാണോ വലത്തേയ്ക്കാണോ 1-2-3... നീങ്ങുന്നത്, എവിടെയാണ് ഇടനാഴി വരുന്നത് എന്നീ കാര്യങ്ങൾ നോക്കിയാൽ കിറുകൃത്യം നിങ്ങളുടെ സീറ്റ് എവിടെയാണ് എന്ന് നിന്ന നില്പിൽ സ്പോട്ട് ചെയ്യാൻ പറ്റും. അവിടെ എളുപ്പത്തിലെത്താൻ ഏത് ഇടനാഴിയിലൂടെ നടക്കണം എന്ന് തീരുമാനിക്കാനും പറ്റും. കഷ്ടിച്ച് ഒരു മിനിറ്റ് പോലും വേണ്ടിവരില്ല ഇതിന്. മിക്ക തീയറ്ററുകളിലും ഈ ക്രമം എൽ.ഇ.ഡി.വെളിച്ചത്തിൽ എഴുതിയും വച്ചിട്ടുണ്ടാകും. പക്ഷേ പലരും അത് കാണാനുള്ള ക്ഷമ കാണിക്കാറില്ല. തീയറ്ററിൽ കടന്ന ഉടൻ സീറ്റുകൾക്കിടയിലേക്ക് കയറും, പിന്നെ അവിടെ നിന്ന് ചുറ്റും നോക്കും. അനുയോജ്യമല്ലാത്ത ഇടനാഴിയിലൂടെ കയറി പത്തും ഇരുപതും സീറ്റുകളേയും ആളുകളേയും തട്ടിമറിഞ്ഞ്, ചാടിക്കടന്ന് സ്വന്തം സീറ്റിൽ വന്ന് വീഴുന്നവരുണ്ട്. നിങ്ങൾ അക്കൂട്ടത്തിൽ പെടില്ലാന്നുണ്ടെങ്കിൽ, ഇപ്പറഞ്ഞത് നിങ്ങൾക്ക് മനസിലാവാൻ സാധ്യതയില്ല