ലോജിസ്റ്റിക്സ് എന്നൊരു വാക്കുണ്ട് ഇംഗ്ലീഷിൽ

Vaisakhan Thampi

April 4 at 5:01 PM

·ലോജിസ്റ്റിക്സ് എന്നൊരു വാക്കുണ്ട് ഇംഗ്ലീഷിൽ. അതിന് മലയാളത്തിൽ തത്തുല്യമായൊരു വാക്കുള്ളതായി അറിയില്ല. ആവശ്യമുള്ള വിഭവങ്ങൾ, ആവശ്യമുള്ളയിടത്ത്, ആവശ്യമുള്ള സമയത്ത്, ആവശ്യമായ അളവിൽ എത്തിക്കലാണ് ലോജിസ്റ്റിക്സ് എന്ന് പറയാം.
ഉദാഹരണത്തിന് ഒരു യൂണിവേഴ്സിറ്റി പരീക്ഷ സങ്കല്പിക്കാം. ഇത് വായിക്കുന്നവരിൽ ഭൂരിപക്ഷവും യൂണിവേഴ്സിറ്റി പരീക്ഷ എഴുതി പരിചയമുള്ള ആളുകളായിരിക്കും (കുറഞ്ഞത് SSLC എങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, കാര്യം മനസിലാവാൻ അത് മതി). എന്നാൽ പരീക്ഷാ നടത്തിപ്പിന്റെ വീക്ഷണകോണിലൂടെ അത് നോക്കിക്കാണാൻ അവസരം ഉണ്ടായിട്ടുള്ളവർ എണ്ണത്തിൽ കുറവായിരിക്കും. പരീക്ഷ എഴുതുന്ന ആളിനെ സംബന്ധിച്ച്, പരീക്ഷയുടെ ലോജിസ്റ്റിക്സ് ഒരു വിഷയമേ അല്ല. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നു, സമയമാകുമ്പോൾ ഹോൾ ടിക്കറ്റ് ലഭിക്കുന്നു, കൃത്യമായ സമയത്ത് പരീക്ഷാഹോളിൽ എത്തുന്നു, അവിടെ ഉത്തരപ്പേപ്പറും ചോദ്യപ്പേപ്പറും കിട്ടുന്നു, അറിയാവുന്നതൊക്കെ എഴുതി ഹോളിൽ നിൽക്കുന്ന ഇൻവിജിലേറ്ററെ ഏൽപ്പിക്കുന്നു, സ്ഥലം വിടുന്നു, പിന്നെ റിസൾട്ട് വരുമ്പോൾ അതിൽ സ്വന്തം നിലവാരം നോക്കി അടുത്ത തീരുമാനം എടുക്കുന്നു.
ഇതിൽ ഓരോ ഘട്ടവും എത്രമാത്രം ആളുകളുടേയും വസ്തുക്കളുടേയും ഏകോപനം കൊണ്ടാണ് നടക്കുന്നത് എന്നതാണ് ലോജിസ്റ്റിക്സിനെ പ്രധാനപ്പെട്ടതാക്കുന്നത്. പരീക്ഷ നടക്കാൻ സാധ്യതയുള്ള സമയത്തിനും എത്രയോ മുന്നേ ചോദ്യപ്പേപ്പർ ഉണ്ടാക്കേണ്ടതുണ്ട്. അതായത്, ഓരോ വിഷയത്തിനും അതാത് വിദഗ്ദ്ധരെക്കൊണ്ട് ചോദ്യങ്ങൾ നിർമിച്ചെടുത്ത്, അത് അച്ചടിച്ച് തയ്യാറാക്കണം. വിദദ്ധരെ കണ്ടെത്തുന്നത് മുതൽ, അവരുടെ ചോദ്യങ്ങൾ വാങ്ങി, പ്രിന്റിങ്ങിന് കൊടുത്ത്, പ്രിന്റ് ചെയ്ത് തിരിച്ച് വന്ന്, പലയിടങ്ങളിലായി സൂക്ഷിച്ച്, പല പല പരീക്ഷാകേന്ദ്രങ്ങളിലായി എത്തിച്ച്, അതത് ഹോളിൽ വിതരണം ചെയ്യുന്നത് വരെ, എത്രയോ പേരിലൂടെ എത്രയോ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈ സാധനത്തിന്റെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കേണ്ടത് കൂടിയാകുന്നു എന്നോർക്കണം. പരീക്ഷയ്ക്ക് തീയതി നിശ്ചയിക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം? ഏതൊക്കെ പരീക്ഷകളാണ് ഒരുമിച്ച് നടക്കുന്നത് എന്നറിയണം, ഒരേ വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷകൾ ഒരുമിച്ച് വരാതെ നോക്കണം, അങ്ങനെ പലതുണ്ട്. അതുപോലെ ആരൊക്കെ പരീക്ഷ എഴുതണം എന്ന് തീരുമാനിക്കണം. രജിസ്റ്റർ ചെയ്തവരിൽ ആർക്കൊക്കെ പരീക്ഷ എഴുതാനുള്ളത്ര അറ്റൻഡൻസ് ഉണ്ടെന്ന് നോക്കണം, ആരൊക്കെ കൃത്യമായി പരീക്ഷാഫീസ് അടച്ചു എന്ന് നോക്കണം. അതൊക്കെ വെവ്വേറെ സെക്ഷനുകളിലുള്ള രേഖകളാണ്. അതെല്ലാം ഏകോപിപ്പിച്ചാലേ ആർക്കൊക്കെ ഹോൾ ടിക്കറ്റ് ഇഷ്യൂ ചെയ്യണം എന്ന് തീരുമാനിക്കാനാവൂ. അത് കഴിഞ്ഞാൽ എത്ര കുട്ടികൾ ഓരോ പരീക്ഷാകേന്ദ്രത്തിലും പരീക്ഷ എഴുതുന്നു എന്ന് നോക്കി, എത്രപേരെ പല പല ജോലികൾക്കായി ഡ്യൂട്ടിയ്ക്ക് നിയോഗിക്കണം എന്ന തീരുമാനം വേണം. യൂണിവേഴ്സിറ്റി ഇഷ്യൂ ചെയ്ത ഹോൾ ടിക്കറ്റ് പരീക്ഷ എഴുതുന്ന ഓരോരുത്തരിലും എത്തണം. അതുമായി അവരെത്തുമ്പോൾ അവർക്കിരിക്കാൻ മുറി, ആവശ്യമായ എണ്ണം കസേരമേശകൾ, ഇവ സജ്ജമാകണം. അവർക്ക് ചോദ്യപ്പേപ്പർ കൊടുത്ത്, അവരുടെ യോഗ്യത ഉറപ്പുവരുത്തി, പരീക്ഷ കൃത്യമായി നടത്തി, അത് തിരികെ വാങ്ങാൻ ആവശ്യമായ എണ്ണം ഇൻവിജിലേറ്റർമാരെ നിയോഗിക്കണം. പല മുറികളിൽ നിന്നുള്ള പല വിഷയങ്ങളിലെ പേപ്പറുകൾ കൃത്യമായി അടുക്കി, രഹസ്യസ്വഭാവം ഉറപ്പിച്ച് സീൽ ചെയ്ത്, സർവകലാശാല വരെ എത്തിക്കുന്നതിനുള്ള മറ്റ് സ്റ്റാഫ് അംഗങ്ങളെ നിയോഗിക്കണം. പല കേന്ദ്രങ്ങളിൽ നിന്ന് യൂണിവേഴ്സിറ്റിയിലെത്തിയ പേപ്പറുകൾ, പിന്നേം വിഷയമനുസരിച്ച് വേർതിരിച്ച്, വിദ്യാർത്ഥികളുടെ രജിസ്റ്റർ നംബർ മാറ്റി ഓരോന്നിനും കോഡ് നംബറിട്ട് മൂല്യനിർണയത്തിന് തയ്യാറാക്കണം (ഫാൾസ് നംബറിങ് എന്ന് പറയും. പരീക്ഷാപേപ്പർ നോക്കുന്ന ആളിന് ആരുടെ പേപ്പറാണെന്ന് അറിയാനാവരുതല്ലോ). അതിനും, തീയതി നിശ്ചയിക്കണം, മറ്റ് പരീക്ഷ നടക്കുന്ന സമയത്ത് മൂല്യനിർണയക്യാമ്പ് പറ്റില്ലല്ലോ. കോഡ് നംബറിട്ട് പോയ ഉത്തരപ്പേപ്പർ തിരിച്ചുവരുമ്പോൾ അതോരോന്നും ആരുടെ പേപ്പറാണെന്ന് ക്രോസ് ചെക്ക് ചെയ്ത് മാർക്ക് ടാബുലേറ്റ് ചെയ്യണം...
പറഞ്ഞത് ഒരു സാധാരണ പ്രവൃത്തിയിലെ ലോജിസ്റ്റിക്സ് എത്ര സങ്കീർണമാണ് എന്ന് വ്യക്തമാക്കാനാണ്. ഇവിടെ ചുരുക്കി പറഞ്ഞതിന്റെ ഇരട്ടിയെങ്കിലും നീളമുള്ള പ്രക്രിയയാണത്. പക്ഷേ അപ്പോഴും പരീക്ഷ പോലുള്ള കാര്യങ്ങൾ ക്രമമായി, നിരന്തരം എത്രയോ കാലമായി നടക്കുന്നതുകൊണ്ട്, എണ്ണയിട്ട് മിനുക്കിയ യന്ത്രം പോലെ ഒരു മെക്കാനിസം അതിനുണ്ട്. അതങ്ങ് നടന്നോളും. ഒരു കോളേജിൽ ഏതൊക്കെ മുറികളിൽ ആരൊക്കെ പരീക്ഷാഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടണം എന്ന് യൂണിവേഴ്സിറ്റി തീരുമാനിക്കില്ല, അതിന് അതാത് കോളേജുകളിൽ ഒരു ചീഫ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടാകും. അവരത് ചെയ്തോളും. വ്യാജ ഹോൾടിക്കറ്റുമായി പരീക്ഷയെഴുതാൻ വന്നെ ആളിനെ കൈകാര്യം ചെയ്യാൻ ചീഫ് സൂപ്രണ്ട് വേണ്ട, അതിന് അതത് മുറിയിൽ നിയോഗിക്കപ്പെട്ട ഇൻവിജിലേറ്റർക്ക് കഴിയും. ഇങ്ങനെ കൃത്യമായി ഓരോരോ തലങ്ങളിൽ ആരൊക്കെ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാം എന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ക്രമമുണ്ട്. അതങ്ങ് പിൻതുടരുന്നതുകൊണ്ട്, ചങ്ങലയിലെ എറ്റവും താഴത്തെ കണ്ണിയായ പരീക്ഷാർത്ഥിയ്ക്ക് ഈ ലോജിസ്റ്റിക്സ് ഒന്നുമറിയാതെ പരീക്ഷ എഴുതി സ്വന്തം കാര്യം നോക്കാം.
എന്നാൽ ചില കാതലായ പരീഷ്കാരങ്ങൾ നടപ്പിൽ വരുമ്പോൾ ഇതിൽ വ്യത്യാസം വരും. ഉദാഹരണത്തിന് അച്ചടിച്ച ചോദ്യപ്പേപ്പർ കോളേജുകളിൽ എത്തിക്കുന്നതിന് പകരം, അത് ഓൺലൈനായി അയച്ച് കോളേജുകളിൽ പ്രിന്റെടുക്കുന്ന ഒരു രീതി വരുന്ന കാര്യം പരിഗണിക്കാം. ആദ്യമായി ഇത് ചെയ്യുന്ന മിക്കയിടങ്ങളിലും ആശയക്കുഴപ്പം ഉണ്ടാകും. എത്ര വേഗത്തിൽ പ്രിന്റ് ചെയ്യാനാകും, അപ്പോ എത്ര നേരത്തേ വരെ പ്രിന്റെടുത്ത് വെക്കാം, രഹസ്യസ്വഭാവം എങ്ങനെ ഉറപ്പിക്കാം, എന്നിങ്ങനെ പല സംശയങ്ങളും വരും. മറ്റ് കോളേജുകളിൽ വിളിച്ച് അവരത് എങ്ങനെ കൈകാര്യം ചെയ്തു എന്ന് ചോദിക്കുക, എല്ലാവരും മാറിമാറി യണിവേഴ്സിറ്റിയിലേയ്ക്ക് വിളിച്ച് ചോദിക്കുക, തുടങ്ങിയവയൊക്കെ സ്ഥിരമായി നടക്കും. ചിലപ്പോൾ രണ്ടോ മൂന്നോ പരീക്ഷാനടത്തിപ്പ് കഴിഞ്ഞാലും പുതിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നും വരും.
ആ വെളിച്ചത്തിൽ വേണം, ലോകം മൊത്തം ആദ്യമായി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിന്റെ ലോജിസ്റ്റിക്സിനെ വിലയിരുത്താൻ. പ്രത്യേകിച്ചും ലോക്ഡൗൺ പോലെയുള്ള എക്സ്ട്രീമായ മാർഗങ്ങളിലേയ്ക്ക് പോകുമ്പോൾ. അതിന്റെ ലോജിസ്റ്റിക്സിൽ നേരിട്ട് യാതൊരു പങ്കുമില്ലാത്ത ഒരാൾ എന്ന നിലയിൽ അതെങ്ങനെ നടപ്പാക്കും എന്ന് നമുക്കോരോരുത്തരും ചിന്തിച്ച് നോക്കുന്നത് നല്ലതായിരിക്കും.
(എഴുതിവന്നപ്പോൾ നീണ്ടുപോയി. അതുകൊണ്ട് രണ്ട് ഭാഗമാക്കി പോസ്റ്റ് ചെയ്യുന്നു. തുടരും...)