വൈശാഖന്‍ തമ്പിഎഴുതുന്നു:
August 5, 2020

മാസ്കുകൾ, തെറ്റിദ്ധാരണകൾ

Vaisakhan Thampi

July 24 ·

രോഗാണുബാധയും അതിന്റെ പകർച്ചയും തടയാൻ നിലവിലുള്ള ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാർഗമെന്ന നിലയിൽ മാസ്കുകൾ ഇന്ന് ഹീറോ പരിവേഷത്തിലാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവയുടെ ലാളിത്യം നമ്മളെ കബളിപ്പിക്കാൻ സാധ്യതയുണ്ട്. ഒറ്റനോട്ടത്തിൽ, രോഗാണുക്കളെ തടഞ്ഞ് വായുവിനെ മാത്രം അകത്തേയ്ക്കെടുക്കുന്ന (അല്ലെങ്കിൽ പുറത്തേയ്ക്ക് വിടുന്ന) ഒരു അരിപ്പ പോലെയാണ് മാസ്കുകൾ പ്രവർത്തിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷേ സത്യത്തിൽ അത്ര ലളിതമല്ല കാര്യങ്ങൾ.

ഒരു അരിപ്പ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? അതിൽ നിശ്ചിത വലിപ്പമുള്ള അസംഖ്യം ദ്വാരങ്ങളുടെ ഒരു നിരയാണ് ഉള്ളത്. അതിലൂടെ പല വലിപ്പമുള്ള കണികകൾ കടത്തിവിടാൻ നോക്കിയാൽ അരിപ്പയിലെ ദ്വാരത്തിനെക്കാൾ ചെറിയ കണികകളെ മാത്രം കടത്തിവിടുകയും, അതിനെക്കാൾ വലിപ്പമുള്ളവയെ തടയുകയും ചെയ്യും. ഇനി വൈറസുകളെ ഇതുപോലെ അരിയ്ക്കണമെങ്കിൽ അരിപ്പയിലെ ദ്വാരത്തിന് എന്ത് വലിപ്പം വേണം? നാം ഭയക്കുന്ന കോവിഡ് വൈറസിന്റെ വലിപ്പം കഷ്ടിച്ച് 150 നാനോമീറ്ററാണ്. ഒരു തലമുടിനാരിന് ഇതിന്റെ 700 മടങ്ങ് വലിപ്പം വരുമെന്ന് ഓർക്കണം. ഈ വലിപ്പമുള്ള വൈറസിനെ തടയാൻ മാത്രം ചെറിയ ദ്വാരമുള്ള ഒരു അരിപ്പ ഉണ്ടാക്കുക തീരെ എളുപ്പമല്ല. അത്രയും അടുത്തടുത്ത ഇഴകൾ സാധിച്ചെടുക്കാൻ പാടുപെടും. അഥവാ ഇനി സാധിച്ചെടുത്താൽ തന്നെ, അത്രേം ഞെരുക്കമുള്ളയൊരു മാസ്ക്കിലൂടെ മതിയായ അളവിൽ പ്രാണവായു എടുക്കാൻ നമ്മുടെ ശ്വാസകോശത്തിന്റെ വലിവ് (pull) പോരാതെവരും.

അതായത്, അരിപ്പ പോലെ പ്രവർത്തിക്കുന്ന ഒരു മാസ്ക് ഉണ്ടാക്കാനാവില്ല. അപ്പോ എന്ത് ചെയ്യും? അരിച്ചെടുക്കാൻ ഉദ്ദേശിക്കുന്ന കണികകളെ മാസ്കിന്റെ ഇഴകളിൽ ഒപ്പിയെടുക്കുക എന്നതാണ് പ്രായോഗിക മാർഗം. അതായത് വായു അതിലൂടെ കടന്നുപോകുമ്പോൾ അതിലെ കണികകൾ മാസ്കിന്റെ നാരുകളിൽ ഒട്ടിപ്പിടിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. നാരുകൾ എന്ന് പറയാൻ കാരണം, അവിടെ ഉപയോഗിക്കുന്നത് ഇഴകൾ നെയ്തുചേർത്തുണ്ടാക്കുന്ന തുണിയല്ല എന്നതാണ്. Melt-blowing എന്നൊരു രീതിയിൽ സവിശേഷമായി ഉണ്ടാക്കുന്ന ഒരുതരം തുണിയാണ് സർജിക്കൽ മാസ്ക് പോലുള്ള പ്രൊഫഷണൽ മാസ്കുകളിൽ ഉപയോഗിക്കുന്നത്. നെയ്തെടുക്കുന്ന തുണികളിൽ സാധിച്ചെടുക്കാവുന്ന പരമാവധി ഇഴയടുപ്പത്തെക്കാൾ ചെറിയ ദ്വാരങ്ങളാകും ഇത്തരം melt-blown fabric ൽ ഉള്ളത്.

തീർന്നില്ല. ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. കണികകൾ എങ്ങനെ മാസ്കിൽ ഒട്ടിപ്പിടിക്കും എന്നതാണ് ചോദ്യമെങ്കിൽ, അതൊരു തടസ്സമല്ല. വളരെ ചെറിയ വലിപ്പമുള്ള വസ്തുക്കളുടെ കാര്യത്തിൽ വാൻഡർ വാൽസ് ബലം എന്നൊക്കെ പേരുള്ള, തന്മാത്രകൾക്കിടയിൽ പ്രവർത്തിക്കുന്ന സവിശേഷതരം ബലങ്ങൾ പ്രബലമാണ്. മാസ്കിന്റെ നാരുകളിൽ ഒന്ന് മുട്ടിക്കിട്ടിയാൽ കണികകൾ അതിൽ ഒട്ടിപ്പിടിച്ചോളും. പ്രശ്നം കണികകൾ എങ്ങനെയാണ് അതുവഴി കടന്നുപോകുന്നത് എന്നതാണ്.

എളുപ്പത്തിന്, മാസ്കിന്റെ നാരുകളിലൂടെ കടന്നുപോകുന്ന വായുവിനെ അടുത്തടുത്ത പാറകളുള്ള സ്ഥലത്തുകൂടെ ഒഴുകുന്ന വെള്ളവുമായി ഒന്ന് താരതമ്യം ചെയ്യാം. വെള്ളം പാറകളെ ചുറ്റിവളഞ്ഞ് ഒഴുകുമെന്നറിയാമല്ലോ. വെള്ളത്തിൽ ഒഴുകിവരുന്ന വലിയ വസ്തുക്കൾ നേരേ വന്ന് പാറയിൽ ഇടിക്കുന്നത് പോലെ, സാമാന്യം വലിയ കണികകൾ (ഏതാണ്ട് ഒരു മൈക്രോണിന് മുകളിൽ വലിപ്പമുള്ള പൊടി പോലുള്ളവ) താരതമ്യേന നേർരേഖയിൽ സഞ്ചരിച്ച് നാരുകളിൽ വന്നിടിക്കും, ഒട്ടിപ്പിടിക്കുകയും ചെയ്യും. കാരണം മാസ്സ് കൂടുതലായതിനാൽ അവയ്ക്ക് ജഡത്വം (inertia) കൂടുതലാണ്, അതുകൊണ്ട് വായു മാറിയൊഴുകുന്നത് പോലെ എളുപ്പത്തിൽ അവ ദിശമാറിയൊഴുകില്ല. ഒന്നിലധികം പാളികൾ (layers) ഉള്ള മാസ്കാണെങ്കിൽ അവ ഏതെങ്കിലും ഒരു പാളിയിലെ നാരിൽ ഒട്ടിപ്പിടിക്കാൻ സാധ്യത കൂടുതലാണ്.

വളരെ ചെറിയ കണികകളുടെ കാര്യത്തിൽ (0.1 മൈക്രോണിൽ താഴെ) വായുതന്മാത്രകളുടെ നിരന്തര കൂട്ടിയിടി കാരണം വളരെ zig-zag ആയ ഒരു സഞ്ചാരപാതയാകും ഉണ്ടാകുക (ഇതിനെ Brownian motion എന്ന് വിളിക്കും). അതായത് കുഞ്ഞ് കണികകൾ ലക്കില്ലാതെ നടക്കുന്ന ഒരു കുടിയനെപ്പോലെ തെക്കുവടക്ക് തട്ടിത്തടഞ്ഞ് വരുന്നതിനാൽ മിക്കവാറും വന്ന് മാസ്കിലെ നാരുകളിൽ ഇടിക്കുക തന്നെ ചെയ്യും. അങ്ങനെ അവയും കുടുങ്ങും.

ഇതിനിടയിൽ വലിപ്പമുള്ള കണികകളാണ് പ്രശ്നക്കാർ. അവ വലിയ കണികകളെപ്പോലെ നേർരേഖയിൽ വരില്ല, തീരെ ചെറിയ കണികകളെപ്പോലെ തട്ടിത്തടഞ്ഞും വരില്ല. പകരം വായു ഒഴുകുന്നതുപോലെ നാരുകളെ കവച്ചുവെച്ച് പോകും. അതുകൊണ്ട്, പല പാളികൾ ഉണ്ടായാലും അവ അകത്തേയ്ക്ക് നുഴഞ്ഞ് കയറാൻ സാധ്യതയുണ്ട്. N95 ഗണത്തിൽ പെടുന്ന മാസ്കുകൾ ഇതിനെ നേരിടാൻ മറ്റൊരു കനത്ത പ്രയോഗം കൂടി നടത്താറുണ്ട്. ചാർജ് ചെയ്യപ്പെട്ട നാരുകൾ കൊണ്ടൊരു പാളി കൂടി വെക്കുക. ഒരു ഇരുമ്പുകാന്തം കാന്തികത വഹിക്കുന്നത് പോലെ, സ്ഥിരമായി വൈദ്യുതചാർജ് വഹിക്കുന്ന ഒരുതരം സെറ്റപ്പാണത്. Electret എന്ന് വിളിക്കും (Magnet എന്ന് വിളിക്കുന്നത് പോലെ). സ്ഥിതവൈദ്യുതി എന്ന പ്രതിഭാസം കാരണം പോളിസ്റ്റർ തുണികളൊക്കെ ഇസ്തിരിയിടുമ്പോൾ രോമങ്ങൾ അതിലേയ്ക്ക് ആകർഷിക്കപ്പടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ കണികകളെ ഈ ഇലക്ട്രെറ്റ് പാളിയിലേയ്ക്ക് ആകർഷിച്ചുവരുത്തി കുടുക്കുകയാണ് അവിടെ ചെയ്യുക.

ഇത്രയൊക്കെ ചെയ്താൽ പോലും ചില കണികകൾ അകത്തേയ്ക്ക് കടക്കുക തന്നെ ചെയ്യും. N95-ലെ 95 സൂചിപ്പിക്കുന്നത് കടന്നുപോകുന്ന വായുവിലെ 95 ശതമാനം കണികകളെയെങ്കിലും അത് തടയും എന്നാണ്.

ഇത്രയും മനസിലായിട്ടുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്:

1. ഇതൊക്കെ വായു മാസ്കിലൂടെ കടന്നുപോകുമ്പോൾ ഉള്ള കാര്യമാണ്. താടിയിലിരിക്കുന്ന മാസ്കിന് ഇതൊന്നും ബാധകമല്ല! മാസ്ക് ജപിച്ച ഏലസ് പോലെ 'പ്രവർത്തിക്കുന്ന' ഐറ്റമല്ല.
2. മാസ്ക് കണികകളെ അതിലേയ്ക്ക് ഒട്ടിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതിനാൽ, അത് അകത്തേയ്ക്ക് കടക്കാതെ തടഞ്ഞ എല്ലാ വില്ലൻമാരും അതിൽ തന്നെ ഇരിപ്പുണ്ടാകും. അവർ മടങ്ങിപ്പോകുന്നില്ല. അതുകൊണ്ട് ഇടക്കിടെ മാസ്കിൽ പിടിച്ചിട്ട് അതേ കൈ കൊണ്ട് മൂക്കും കണ്ണുമൊക്കെ ചൊറിയുന്നത്, സെക്യൂരിറ്റി തടഞ്ഞുനിർത്തിയ കള്ളനെ സ്പെഷ്യൽ പാസ്സ് കൊടുത്ത് അകത്തേയ്ക്ക് കയറ്റുന്നത് പോലെയാണ്.
3. മിക്ക രോഗാണുക്കളും സ്വന്തം നിലയ്ക്കല്ല സഞ്ചരിക്കുന്നത്. പകരം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ പുറത്തേയ്ക്ക് തെറിക്കുന്ന സ്രവകണങ്ങളിൽ കയറിയാണ് അവ വരുന്നത്. അതുകൊണ്ട് വൈറസിന്റേയോ ബാക്ടീരിയയുടേയോ വലിപ്പത്തിന് ഇവിടെ വലിയ പ്രസക്തിയില്ല. സ്രവകണങ്ങളുടെ വലിപ്പമാകട്ടെ തീരെ ചെറുത് മുതൽ വളരെ വലുത് വരെയാകാം.
4. N95 മാസ്കുകൾ (വ്യാജനല്ലെങ്കിൽ പോലും) സാധാരണഗതിയിൽ ആവർത്തിച്ച് ഉപയോഗിക്കാനാവില്ല. അവ disposable ആണ്. കാരണം, കഴുകുമ്പോൾ അവയുടെ electret പാളിയുടെ ക്ഷമത കുറയുമെന്നതിനാൽ മാസ്കിന്റെ ഫലപ്രാപ്തിയും കുറയും.
5. ഏത് മാസ്കും അതിന്റെ ഉപയോഗരീതി കൊണ്ട് രോഗാണു-സൗഹൃദ (germ-friendly) സ്വഭാവമുള്ളതായി മാറിയേക്കും. മാസ്ക് മുഖത്ത് ടൈറ്റായി ഇരുന്നില്ല എങ്കിൽ ഇടയിലെ പ്രതിരോധം കുറഞ്ഞ വിടവിലൂടെ വായു സുഖമായി അകത്ത് കടക്കും. പിന്നെ മാസ്കുണ്ടല്ലോ എന്നൊരു വിശ്വാസമായിരിക്കും എല്ലാം!

ഇത്രയും മാസ്കിനെ പറ്റി പൊതുവായുള്ള കാര്യങ്ങളാണ്. ഇനി ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ പ്രസക്തമായ ചില കാര്യങ്ങൾ കൂടി ചേർക്കാനുണ്ട്.

പുറത്തുനിന്ന് വരുന്ന രോഗാണുക്കളെ പ്രതിരോധിക്കാൻ വേണ്ടി മാസ്ക് ഉപയോഗിക്കുന്നതിന് പിന്നിലെ ശാസ്ത്രമാണ് നാം ഇതുവരെ പറഞ്ഞ്. ഇത് മിക്കവാറും ആരോഗ്യപ്രവർത്തകർക്ക് ബാധകമായ കാര്യമാണ്.

പൊതുജനത്തോട് മാസ്ക് ഉപയോഗിക്കാൻ സർക്കാരുകൾ പറയുന്നത് ആ ലോജിക്കിലല്ല. നിങ്ങളിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് രോഗം പകർന്ന്, സമൂഹത്തിലെ രോഗികളുടെ എണ്ണം ലഭ്യമായ ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറത്തേയ്ക്ക് പോകാതിരിക്കാനാണ്. അഞ്ച് പേർക്ക് കേറാവുന്ന വള്ളത്തിൽ ഇരുപത് പേർ കയറുമ്പോൾ, അധികം കയറുന്ന പതിനഞ്ച് പേർക്ക് മാത്രമല്ല അപകടമുണ്ടാകുന്നത്. ഇരുപത് പേർക്കും കൂടിയാണ്. അതായത്, സാധാരണഗതിയിൽ സുരക്ഷിതരായി പോകുമായിരുന്ന അഞ്ച് പേർ കൂടി അതിൽ പെട്ടുപോകും. കോവിഡ് ഇന്നീ കാണുന്ന പ്രശ്നങ്ങൾ ഉണ്ടാക്കിയത്, അതുണ്ടാക്കുന്ന രോഗാവസ്ഥയുടെ കാഠിന്യം കൊണ്ടല്ല, മറിച്ച് അത് ബാധിക്കുന്ന ആളുകളുടെ എണ്ണം കൊണ്ടാണ്. സാധാരണഗതിയിൽ സുരക്ഷിതരാകുമായിരുന്ന ആളുകൾ കൂടി എണ്ണം കൂടുമ്പോൾ ഇരകളാകും. രോഗികളുടെ എണ്ണം കൂടുന്നതിനെയാണ് അതുകൊണ്ട് നാം ഭയക്കേണ്ടത്. ലോക്ഡൗണുകളുടെ പ്രാഥമിക ഉദ്ദേശ്യവും അത് തന്നെ. അല്ലാതെ ലോക്ഡൗൺ വൈറസിനെ ഇല്ലാതാക്കുന്നൊന്നുമില്ല. ഒരേസമയം രോഗികളാകുന്ന ആളുകളുടെ എണ്ണം കുറച്ചുനിർത്തുക എന്നതാണ് അടിസ്ഥാനലക്ഷ്യം. അതിനാണ് ഓരോരുത്തരും അവരവരിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന കണികകളെ തടഞ്ഞുനിർത്താൻ അഭ്യർത്ഥിക്കുന്നത്. അതിന് പല വില കൂടിയ മാസ്കുകൾ ഒരുപക്ഷേ വാങ്ങാനായില്ലെങ്കിൽ കൂടി, തുണികൊണ്ടുള്ള മാസ്കെങ്കിലും ഉപയോഗിക്കേണ്ടതുണ്ട്. സംസാരിക്കാൻ നേരത്ത് അത് താഴ്ത്തി താടിയിലോട്ട് വെക്കുന്നത്, പകൽ മുഴുവൻ വീട് പൂട്ടിയിട്ടിട്ട് രാത്രി ഉറങ്ങുന്നതിന് മുൻപ് കതക് തുറന്നിടുന്നത് പോലെയാണ്.

അവസാനമായി ഒരു കാര്യം കൂടി. അനാവശ്യമായി N95 മാസ്ക് ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. കാരണം, വാൾവുകൾ പിടിപ്പിച്ച N95 മാസ്കുകൾ അകത്തേയ്ക്കുള്ള വായുപ്രവാഹത്തെ മാത്രമേ ഫിൽട്ടർ ചെയ്യുന്നുള്ളൂ. പുറത്തേയ്ക്കുള്ള വായു സ്വതന്ത്രമായാണ് വരുന്നത്. ഇത് ഒരു രീതിയിലും രോഗപ്പകർച്ചയെ തടയുന്നില്ല. ഓർക്കുക, നാം രോഗബാധിതരാകാതെ ഇരിക്കുന്നതിനൊപ്പമോ, അതിലധികമോ പ്രധാനമാണ് രോഗം പകരാതെ നോക്കുന്നത്.