വൈശാഖന്‍ തമ്പിഎഴുതുന്നു:
August 5, 2020

മരുന്ന് മാഫിയ

Vaisakhan Thampi

July 28 ·

നമ്മൾ നിരന്തരം കേൾക്കുന്ന ഒരു വാക്കാണ് മരുന്ന് മാഫിയ. ഇംഗ്ലീഷിൽ തത്തുല്യമായ അർത്ഥത്തിൽ Big Pharma എന്നൊരു വാക്കാണ് പൊതുവിൽ കാണാറുള്ളത്. നമ്മുടെ നാട്ടിൽ മരുന്നുമാഫിയ എന്ന വാക്കിനെ പോപ്പുലറാക്കിയത് ഇതരവൈദ്യങ്ങളുടെ വക്താക്കളാണ്. തങ്ങളുടെ അശാസ്ത്രീയവാദങ്ങളുടെ പൊള്ളത്തരം അടിസ്ഥാന ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിമർശിക്കപ്പെടുമ്പോൾ, മഴയത്ത് കടത്തിണ്ണയിലേക്കെന്നപോലെ അവർ ഓടിക്കയറുന്ന ഒരു തണലാണ് മരുന്നുമാഫിയ. അത്തരം സംവാദങ്ങളിലൊക്കെ, പണ്ട് ഇത്തിരി കള്ള് അകത്തുചെന്നപ്പോൾ എന്റെയൊരു ചങ്ങാതി പണ്ട് പറഞ്ഞൊരു ഡയലോഗ് ഓർമവരും: "അന്തരീക്ഷവായുവിന്റെ 0.1 ശതമാനം പോലുമില്ല കാർബൺ ഡയോക്സൈഡ്, അതുകൊണ്ട് ഡി.എൻ.ഏ.യ്ക്ക് ഡബിൾ ഹെലിക്സ് സ്ട്രക്ചറാണല്ലോ!" ലഹരിപ്പുറത്ത്, സംസാരത്തിനിടെയിൽ വിഷയം മാറിപ്പോകുന്നതാണ് സംഭവം. പക്ഷേ ഇവിടെ മെഡിക്കൽ സംവാദത്തിൽ സ്വബോധത്തോടെയാണ് ഇത് സംഭവിക്കുന്നത്. "നേർപ്പിക്കുംതോറും മരുന്നിന്റെ വീര്യം കൂടും, കാരണമെന്തെന്നാൽ അലോപ്പതി മൊത്തം മരുന്നുമാഫിയയാണ് നിയന്ത്രിക്കുന്നത്". അലോപ്പതിയിലെ മരുന്നുമാഫിയയോടുള്ള ധാർമികരോഷം കാരണം നേർപ്പിക്കുമ്പോൾ വീര്യം കൂടിയേക്കാം എന്ന് ഹോമിയോമരുന്ന് സ്വയം തീരുമാനിക്കുന്നതാണ് എന്ന് തോന്നും. ഇജ്ജാതി ലോജിക്കില്ലായ്മ കാരണം അവിടെ ഇത് അഡ്രസ് ചെയ്യാറേയില്ല. അവർക്കില്ലേലും നമുക്ക് ഉളുപ്പ് വേണ്ടേ?

ഇവിടെ ആ വിഷയം മാത്രമായിട്ടൊന്ന് പൊക്കിയേക്കാം എന്ന് കരുതി. സത്യത്തിൽ ഈ മരുന്നുമാഫിയ എന്നൊരു സാധനമുണ്ടോ?

അതിന്റെ പറയപ്പെടുന്ന ഗുണവിശേഷങ്ങൾ കൊണ്ട് തന്നെ, ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് പറയാൻ കഴിയില്ല എന്നതാണ് ആദ്യത്തെ പ്രശ്നം. കാരണം, ആഗോളതലത്തിലുള്ള, ബില്യൺ കണക്കിന് ഡോളറുകൾ ഒഴുകുന്ന, സംഘടിതമായ, എന്നാൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു സാധനമെന്നാണ് ഇതേപ്പറ്റി പൊതുവേ പറയപ്പെടുന്നത്. മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്കും, 'ഇംഗ്ലീഷ് മരുന്ന്' വിൽക്കുന്ന കരുണാ മെഡിക്കൽ സ്റ്റോറിലെ ജോസപ്പേട്ടനെപ്പോലുള്ളവർക്കും ഈ മാഫിയ വാരിക്കോരി കൊടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഉറപ്പില്ല. പിന്നെ, ഹോമിയോ-സിദ്ധ-ആയുർവേദാദികളെ വിമർശിക്കുന്നവർക്കും ഇവർ പണം കൊടുക്കുന്നുണ്ട് എന്നും കേട്ടിട്ടുണ്ട്. പക്ഷേ അതും ഉറപ്പില്ല. ഉണ്ടായിരുന്നെങ്കിൽ ഞാനീ തൊണ്ട കീറുന്ന പണിയൊക്കെ വിട്ട് ഫുൾടൈം അതിന് ഇറങ്ങിയേനെ. ഇതിപ്പോ മാഫിയേടെ പറമ്പിലെ പുല്ലും കണ്ട് നമ്മൾ കഷ്ടപ്പെട്ട് കിട്ടിയ ജോലി കളഞ്ഞ് പശൂനെ വാങ്ങാൻ പോയാൽ പണി പാളുമല്ലോ എന്നതുകൊണ്ട് അതിന് ധൈര്യമില്ല.

അതുകൊണ്ട് മരുന്നുമാഫിയ ഉണ്ടോ എന്ന് എന്നോട് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ...

മരുന്ന് മാഫിയ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചാൽ, എന്റെ ഉത്തരം തോന്നുന്നുണ്ട് എന്നാണ്. ഇത്രേം കാലം ജീവിച്ചതുകൊണ്ട് കിട്ടിയ അനുഭവത്തിന്റേയും, പഠിച്ച കാര്യങ്ങളുടേയും അടിസ്ഥാനത്തിൽ മരുന്നുമാഫിയ പോലെ ഒരു സെറ്റപ്പ് ഉണ്ടാകാൻ ചാൻസുണ്ട് എന്നാണ് തോന്നുന്നത്. പക്ഷേ തെറ്റിദ്ധരിക്കാതിരിക്കാൻ ആദ്യമേ പറയട്ടെ, മുള്ളൻകൊല്ലി വേലായുധന്റെ അരയിലെ കത്തിയെക്കുറിച്ചുള്ള വിവരണം പോലെ, പത്ത് പേരെ ഒറ്റക്കുത്തിന് കൊല്ലാൻ പോന്ന സാധനമെന്ന മട്ടിലുള്ള ഒന്നുമല്ല അത്. 'ആഗോളതലത്തിൽ, പൂർണമായും രഹസ്യമായി പ്രവർത്തിക്കുന്ന ഭീകരസംഘം' എന്ന മട്ടിലുള്ള വിവരണങ്ങളൊക്കെ, നാട്ടിലിതുവരെ ഒരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ രഹസ്യപ്ലാനിങ്ങിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ടീമുകളേ വിശ്വസിക്കൂ. രഹസ്യപ്ലാനിൽ ഉൾപ്പെടുന്ന ആളുകളുടെ എണ്ണം കൂടുന്തോറും അത് പൊളിയാനുള്ള സാധ്യതയും കൂടും. അതേപ്പറ്റി മനശാസ്ത്ര പഠനങ്ങൾ തന്നെ നടന്നിട്ടുണ്ട്. ഗൂഢാലോചനാസിദ്ധാന്തത്തിന്റെ ബലത്തെ പറ്റിയുള്ള അത്തരമൊരു പഠനം അനുസരിച്ച്, മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് വെറുമൊരു ഗൂഢാലോചനാനാടകം ആയിരുന്നെങ്കിൽ, 4,11,000 ആളുകൾ ചേർന്ന് അമ്പത് വർഷം ആ രഹസ്യം സൂക്ഷിക്കേണ്ടിവരും! (Ref: https://journals.plos.org/plosone/article…) അതൊരു ഉദാഹരണം മാത്രം. പറഞ്ഞുവന്നത്, 'ആഗോളതലത്തിൽ, രഹസ്യമായി, പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മരുന്നുമാഫിയ' എന്ന ചിത്രമൊക്കെ മനസ്സിൽ കൊണ്ടുനടക്കുന്നവർ ഈ എഴുത്ത് ഇതുവരെ വായിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ അധികപ്പറ്റാണ്. അത്തരക്കാർ ദയവായി സമയം പാഴാക്കാതെ സ്റ്റാൻഡ് വിട്ടുപോകുക.

ഇവിടത്തെ വിഷയം മെഡിക്കൽ രംഗത്തെ അധാർമിക പ്രവർത്തികളാണ്. കച്ചവടതാത്പര്യങ്ങൾ എത്തിക്കലായുള്ള, നൈതികമായ ചികിത്സാരീതികളെ ദോഷകരമായി ബാധിക്കുന്നുണ്ടാകുമോ എന്ന ചോദ്യമാണ് പ്രസക്തമായത്. അതിൽ സംശയിക്കേണ്ട കാര്യമില്ല. ആത്യന്തികമായി കച്ചവടങ്ങളെ നയിക്കുന്നത് ലാഭേച്ഛയാണ്. അത് മരുന്നായാലും, പച്ചവെള്ളമായാലും. ആരെങ്കിലും ചൈനയെ ബോയ്കോട്ട് ചെയ്താൽ, ചൈന തന്നെ 'Boycott China' എന്ന പോസ്റ്ററുണ്ടാക്കി അവർക്ക് വിൽക്കും എന്നൊരു തമാശ കേട്ടിട്ടില്ലേ? അത് വെറും തമാശയല്ല. പണം എന്നത് എന്ത് വിറ്റാണ് അത് നേടുന്നത് എന്നതിനനുസരിച്ച് വില മാറുന്ന സാധനമല്ല. വിൽക്കാൻ പറ്റുന്ന എന്തും വിൽക്കുക എന്നതാണ് അവിടത്തെ അടിസ്ഥാനയുക്തി.

ശാസ്ത്രീയമായ രീതിയിൽ, ഏതാണ്ട് എല്ലാ രാജ്യങ്ങളിലും കൃത്യമായി നിലവിലുള്ള കർശനമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു മരുന്ന് നിർമ്മിച്ച് മാർക്കറ്റിൽ എത്തിക്കുക എന്ന് പറയുന്നത് ചെറുകിട സംരംഭകർക്ക് അത്ര എളുപ്പമായ ഒരു കാര്യമല്ല എന്നതാണ് യാഥാർത്ഥ്യം. അതൊരു ബില്യൺ ഡോളർ ഗെയിമാണ്. റിസർച്ച്, പ്രീ-ക്ലിനിക്കൽ ട്രയൽ, പല ഘട്ടങ്ങളായുള്ള ക്ലിനിക്കൽ ട്രയലുകൾ എന്നൊക്കെ പറഞ്ഞ് ആറ് മുതൽ പതിനാല് വർഷം വരെ ശരാശരി നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയുടെ അവസാനമാണ് ഒരു പുതിയ മരുന്ന് വിപണിയിലെത്തുന്നത്. റിസർച്ച് എന്ന ആദ്യ ഘട്ടത്തിൽ പഠനവിധേയമാക്കുന്ന 14,000 കെമിക്കൽ തന്മാത്രകളിൽ ഒരെണ്ണം മാത്രമാണ് അവസാനം വിജയകരമായ മരുന്നായി വിപണിയിലെത്തുന്നത് എന്നാണ് കണക്ക്. അപ്പോ ആ ഒരു മരുന്ന് വിറ്റാൽ കിട്ടുന്ന ലാഭം കൊണ്ട് വേണം, അതിന്റെയും, അതിനോടൊപ്പം റിസർച്ച് ചെയ്യപ്പെട്ട് പല ഘട്ടങ്ങളിൽ പരാജയപ്പെട്ട മറ്റ് പതിനായിരക്കണക്കിന് തന്മാത്രകളുടേയും ചെലവ് മീറ്റ് ചെയ്യാൻ. അതാണ് ചെറുകിട സംരംഭകർക്ക് പരിമിതികളുണ്ടാകും എന്ന് പറഞ്ഞത്.

കോടികളുടെ മുടക്കുള്ള ഈ പരിപാടിയ്ക്ക് അതുകൊണ്ട് തന്നെ പോരായ്മകളുണ്ട്. മലേരിയ എന്ന രോഗത്തിന്റെ ഉദാഹരണം എടുക്കൂ. അതിന് നിലവിലുള്ള മരുന്നുകളെക്കാൾ ഫലപ്രദമായ മരുന്നുകൾ നിർമിക്കാനുള്ള ഗവേഷണങ്ങൾ വളരെ കുറച്ചേ നടക്കുന്നുള്ളൂ എന്നാണറിവ്. എന്താണ് കാരണം? മലേറിയ പ്രധാനമായും ബാധിക്കുന്നത് സമൂഹത്തിൽ താഴെക്കിടയിലുള്ള മനുഷ്യരെയാണ്. ഇത്രേം വർഷങ്ങൾ കൊണ്ട്, ഇത്രയും കോടികൾ മുടക്കി മരുന്ന് ഉണ്ടാക്കിയെടുത്താൽ, അതിനെ പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലയ്ക്ക് വിൽക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് സ്വകാര്യ മരുന്നുകമ്പനികൾ ആ രംഗത്ത് വലിയ താത്പര്യമെടുക്കില്ല. അപ്പോഴാണ് സർക്കാരുകൾ ഇത്തരം ഗവേഷണങ്ങൾക്ക് പണം ചെലവാക്കേണ്ടതിന്റെ ആവശ്യം ഉറക്കെ പറയേണ്ടത്. (കോവിഡിന് ഈ പ്രശ്നം വരില്ല, കാരണം അത് ശതകോടീശ്വരൻമാരെ വരെ ബാധിക്കാം എന്ന് നാം കാണുന്നുണ്ട്)

ഇനി ഈ ചർച്ചയുടെ മർമപ്രധാനമായ ഭാഗത്തേയ്ക്ക് വരാം. കോടികളുടെ ബിസിനസ് ആണ് മരുന്നുനിർമ്മാണം എന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടാണ് ഈ കുത്തക കമ്പനികളെല്ലാം അലോപ്പതി എന്ന പരിഹാസപ്പേരിൽ വിളിക്കപ്പെടുന്ന ആധുനികവൈദ്യത്തിൽ മാത്രം നോട്ടമിടുന്നത്? (മറ്റിടത്തൊന്നും കുത്തകകളില്ല എന്നത് തന്നെ കള്ളത്തരമാണ്, അത് വേറെ) നിങ്ങൾ ഒരു കുത്തകമുതലാളി ആണെന്ന് കരുതുക. നിങ്ങൾക്ക് മരുന്ന് നിർമിക്കാൻ ഒരു പ്ലാനുണ്ട്. മുന്നിലുള്ള ഓപ്ഷൻസ് പരിശോധിക്കാം:

1. ഒരിടത്ത്, സർക്കാരുകൾ വഴി നൂറുകൂട്ടം നിയന്ത്രണങ്ങൾ ഉള്ള, വർഷങ്ങളുടെ റിസർച്ച് കൊണ്ട് മാത്രം വികസിപ്പിക്കാൻ കഴിയുന്ന, 'പാർശ്വഫലങ്ങൾ' ഒരുപാടുള്ള ആധുനികവൈദ്യത്തിലെ മരുന്നുകൾ.
2. മറുഭാഗത്ത്, ഇന്ന് പുതിയൊരു രോഗം വന്നാൽ നാളെ വിപണിയിലെത്തിക്കാവുന്ന, ഇൻഡ്യപോലുള്ള വലിയ രാജ്യങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ വിൽക്കാവുന്ന, യാതൊരു പാർശ്വഫലവും ഇല്ലാത്ത, രോഗത്തെ 'വേരോടെ പിഴുതുകളയുന്ന', മാജിക്കലായിട്ടുള്ള മരുന്നുകൾ.

നിങ്ങൾ ഇതിൽ ഏത് തെരെഞ്ഞെടുക്കും? ഇത് രണ്ടും കണ്ടിട്ട് നിങ്ങൾ ആദ്യത്തേതാണ് തെരെഞ്ഞെടുക്കുന്നത് എങ്കിൽ, രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ട് കാണാവുന്നത്.
1. നിങ്ങൾക്ക് തലയ്ക്കെന്തോ തകരാറുണ്ട്, പണം പൊട്ടിച്ചുകളയുന്നത് നിങ്ങൾക്കൊരു ഹരമാണ്.
2. മേൽപ്പറഞ്ഞ രണ്ടാമത്തെ ഓപ്ഷൻ വെറും തള്ളാണെന്ന് നിങ്ങൾക്ക് മനസിലായിട്ടുണ്ട്.

മരുന്നുകമ്പനികളെ സംബന്ധിച്ച് ഇതിൽ ഏത് കാരണമാണഅ പ്രസക്തമായത് എന്നെനിക്കറിയില്ല. പക്ഷേ ആദ്യത്തേതാകാൻ സാധ്യതയില്ല, കാരണം അങ്ങനെയെങ്കിൽ നിങ്ങളൊരു കുത്തകക്കമ്പനിയുടെ ഉടമയാവില്ലായിരുന്നു.

കുത്തകകൾ പണം എവിടെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നത് ആഴത്തിലുള്ള പഠനത്തിന് ശേഷമാണ്. നേർപ്പിക്കുമ്പോൾ മരുന്നിന്റെ വീര്യം കൂടും എന്നൊക്കെ കേട്ടാൽ അതിൽ നോട്ടമിടാൻ മാത്രം ഗതികെട്ട കുത്തകകൾ ലോകത്തില്ലാത്തതിന് നമുക്കെന്ത് ചെയ്യാൻ പറ്റും? അഞ്ചാറ് ബന്ധുക്കൾക്കും മൂന്നാല് കൂട്ടുകാർക്കും അരിമ്പാറ മാറിയതിന്റേയും കുട്ടിയുണ്ടായതിന്റേയു അനുഭവം വെച്ചോ, പത്രത്തിൽ വരുന്ന വാർത്ത കണ്ടോ ഇത്തരം വിഡ്ഢിത്തങ്ങളിൽ വിശ്വസിച്ച് കോടികൾ എടുത്ത് വീശാൻ മാത്രം കിളിപോയ കുത്തകകൾ ഇനി ഉണ്ടായാലേ ഉള്ളൂ.

അപ്പോൾ കുത്തകതാത്പര്യങ്ങൾ കാരണമുള്ള ദോഷങ്ങൾ ബാധിക്കാൻ സാധ്യതയുള്ള ഒരു ചികിത്സാരംഗമുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി മരുന്ന് നിർമിക്കുന്ന, ഫലപ്രദമാണെന്ന് ഉറപ്പുള്ള, ആധുനികവൈദ്യത്തിലേ ഉള്ളൂ. ദൈവം പോലും കൈക്കൂലിയിൽ പ്രവർത്തിക്കുന്ന നമ്മുടെ നാട്ടിൽ, ആ പ്രശ്നം നന്നായി തന്നെ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. (ഞാൻ മെഡിക്കൽ രംഗത്തുള്ള ആളല്ലാത്തതിനാൽ, മറ്റിടങ്ങളിൽ കാണുന്നത് മെഡിക്കൽ രംഗത്തും കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നേ എനിക്ക് പറയാനാകൂ.) അതിന് എന്താണ് പരിഹാരം? നിയമസംവിധാനങ്ങൾ കുറ്റമറ്റതാക്കുക, ശക്തമായ നിരീക്ഷണസംവിധാനങ്ങൾ നടപ്പിൽ വരുത്തുക, എന്നിങ്ങനെ സാമൂഹികമായ മാറ്റങ്ങളിലൂടെ മാത്രമേ അത് നിയന്ത്രിക്കാനാവൂ. അതിനാണ് ഇവിടെ സർക്കാരിനെ തെരെഞ്ഞെടുക്കുന്നത്. അവരത് ചെയ്തില്ലെങ്കിൽ അവരോടത് ചോദിക്കണം, അവരെക്കൊണ്ട് അത് ചെയ്യിക്കണം.

മനസിലാക്കാൻ എളുപ്പമുള്ള ഉദാഹരണം കൊണ്ട് പറഞ്ഞാൽ, അരിയിൽ കല്ലുണ്ട് എന്ന് കണ്ടാൽ, കല്ലില്ലാത്ത അരി ലഭ്യമാക്കാനുള്ള മാർഗങ്ങളാണ് തലയ്ക്ക് വെളിവുള്ളവർ അന്വേഷിക്കുക. അല്ലാതെ, 'എന്നാപ്പിന്നെ ഇനി അരി നിരോധിച്ചിട്ട്, ചാണകം തിന്നുതുടങ്ങാം, അതിലാകുമ്പോൾ മായമില്ലല്ലോ' എന്നല്ല ചിന്തിക്കുക.

പക്ഷേ...

ചാണകം തിന്നാൻ തയ്യാറായ മനുഷ്യരുള്ള ഒരു നാട്ടിൽ അരി നിരോധിച്ച് ചാണകം വില്പിക്കുന്ന മാഫിയയും ഉണ്ടാകും. നേരത്തേ പറഞ്ഞല്ലോ, പണം എന്ന സാധനം അത് എന്തുവിറ്റിട്ട് കിട്ടിയതാണ് എന്നതനുസരിച്ച് വില മാറുന്ന ഐറ്റമല്ല. ലോകത്തെ ഏറ്റവും വലിയ മരുന്നുകമ്പനികളിൽ ഒന്നായ GlaxoSmithKline തങ്ങളുടെ അന്റാസിഡ് ഉൽപ്പന്നമായ Eno, ഇൻഡ്യയിൽ മാത്രം 'Ayurvedic proprietary medicine' എന്ന് ലേബലടിച്ച് വിൽക്കുന്നത് എന്തുകൊണ്ടായിരിക്കും? പതയുള്ള അഞ്ജലിയും താമരകസ്തൂരിയും റോഡ്സൈഡിൽ തട്ടടിച്ച് എൽ.ഈ.ഡി. ബൾബിന്റെ വെട്ടത്തിൽ മരുന്ന് വിൽക്കുന്ന കമ്പനികളല്ലല്ലോ അല്ലേ? ഹോമിയോക്കാര് ക്ഷമിക്കണം. നിങ്ങടെ സിദ്ധാന്തങ്ങൾ വെച്ച് എന്തെങ്കിലും പാങ്ങുണ്ടായിരുന്നെങ്കിൽ, പറയാനെങ്കിലും പരിചയമുള്ള രണ്ട് 'മിനി മാഫിയ'കൾ നിങ്ങൾക്കും കിട്ടിയേനെ. Sorry for that...