March 3, 2020

പാട്ട് പഠിക്കുമ്പോൾ തെറ്റിച്ച് പഠിച്ചാൽ പിന്നെ ശരിയാക്കാൻ പാടാണ് എന്ന് പറയാറുണ്ട്

Vaisakhan Thampi

September 30, 2019

·പാട്ട് പഠിക്കുമ്പോൾ തെറ്റിച്ച് പഠിച്ചാൽ പിന്നെ ശരിയാക്കാൻ പാടാണ് എന്ന് പറയാറുണ്ട്. പാട്ടിന് മാത്രമല്ല മറ്റ് പലതിനും അത് ബാധകമാണെന്ന് തോന്നിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വണ്ടിയോടിക്കൽ.

ജ്യോഗ്രഫി, ഹിന്ദി എന്നീ വിഷയങ്ങൾ പോലെ പഠിയ്ക്കലും പഠിപ്പിക്കലും ദുരന്തങ്ങളായി കാണപ്പെടുന്ന മേഖലയാണ് ഡ്രൈവിങ്. ഒരു ഡ്രൈവിങ് സ്കൂളുണ്ടാകും. ഒരു വണ്ടി നിറയെ വിദ്യാർത്ഥികളുമായി ഒരു ആശാൻ റോഡിലിറങ്ങും. ഇടക്കിടെ നിർത്തി വീൽ പിടിക്കുന്ന ആളിനെ മാറ്റും. വിദ്യാർത്ഥി ആരായാലും ആശാൻ തിരിക്കാൻ പറയുമ്പോ തിരിക്കണം, ചവിട്ടാൻ പറയുമ്പോ ചവിട്ടണം. തെറ്റിച്ചാൽ ആശാന്റെ പൂരപ്പാട്ടും കേൾക്കണം. മാരുതി, ടൊയോട്ട തുടങ്ങിയ കമ്പനികൾ പ്രൊഫഷണലായി ഇത് ചെയ്യുന്നുണ്ട് എങ്കിലും ഫീസിലെ വ്യത്യാസം കാരണമാകണം, ഇപ്പോഴും കൺവെൻഷണൽ ഡ്രൈവിങ് സ്കൂളുകൾക്ക് തന്നെയാണ് ഡിമാൻഡ്. ഇത് വായിക്കുന്നവരിൽ നല്ലൊരു പങ്ക് അങ്ങനെ പഠിച്ചവരാകും.

നിങ്ങളിലാരെങ്കിലും, ഹമ്പ് (സ്പീഡ് ബ്രേക്കർ) വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ആശാൻ പറഞ്ഞുതന്നത് ഓർക്കുന്നുണ്ടോ? ഡ്രൈവിങ് ബുദ്ധിമുട്ടാണെന്ന് പറയുന്ന കുറേ പേരോട് ഞാനിത് ചോദിച്ചിട്ടുണ്ട്. അതൊരു കോംപ്ലക്സ് ടാസ്കാണത്രേ. ഹമ്പിനോട് അടുക്കുമ്പോൾ ആശാൻ പറയും, "ആക്സിലറേറ്ററീന്ന് കാലെട്" (എടുത്തു) "ചെറുതായിട്ട് ബ്രേക്ക് കൊട്"(കൊടുത്തു) "ക്ലച്ച് ചവിട്ട്" (ചവിട്ടി) "ഗിയർ ഡൗൺ ചെയ്" (ചെയ്തു) "ഇനി ക്ലച്ചൊന്ന് താങ്ങിക്കൊട്..." ഇങ്ങനെ കംപ്യൂട്ടറിന് അൽഗോരിഥം എഴുതിക്കൊടുക്കുംപോലെയാണ് നിർദ്ദേശം. വിദ്യാർത്ഥി ഈ ക്രമം വള്ളിപുള്ളി വിടാതെ പഠിച്ചെടുക്കണം. പിന്നെ അതൊക്കെ എന്ത്, രണ്ട് റിയർവ്യൂ മിററും അന്തസ്സായി മടക്കിവെച്ചിട്ട്, കൊണ്ടുപിടിച്ച ഡ്രൈവിങ് പഠനം നടത്തുന്ന എത്രയോ ഡ്രൈവിങ് സ്കൂൾ വണ്ടികൾ റോഡിൽ കണ്ടിട്ടുണ്ട്. അക്ഷരമാല പോലും അറിയാതെയാണ് ഉള്ളൂരിന്റെ കവിത വായിക്കാനിറങ്ങുന്നത്!

വിദ്യാഭ്യാസം എന്നാൽ ആദ്യം അടിസ്ഥാന ആശയങ്ങൾ പഠിച്ചിട്ട്, മറ്റ് വിശദാംശങ്ങൾ അതിന് മുകളിലാണ് കയറ്റിവെക്കേണ്ടത്. അത് ഏത് വിഷയമായാലും. നേരത്തെ പറഞ്ഞ ഹമ്പ് കയറ്റത്തിന്റെ കാര്യം പറഞ്ഞാൽ, ഹമ്പ് കടക്കുമ്പോൾ സ്പീഡ് കുറയ്ക്കണം (അതിനാണല്ലോ ഹമ്പ്!), സ്പീഡ് കുറയുമ്പോൾ കൂടുതൽ പവർ** വേണ്ടിവരുന്നതിനാൽ ഗിയർ താഴ്ത്തേണ്ടിവരും- ഇത്രേ ഉള്ളൂ കാര്യം. പക്ഷേ ആശാൻ പറഞ്ഞുവരുമ്പോൾ റോക്കറ്റുവിക്ഷേപണം പോലൊരു പ്രവൃത്തിയായിട്ട് തോന്നിയേക്കാം. ഇതിൽ തന്നെ 'ക്ലച്ച് താങ്ങൽ' നമ്മുടെ ഡ്രൈവിങ് പഠനത്തിലെ ഒരു മാസ്റ്റർ ആർട്ടാണ്. (വണ്ടിയുടെ ആരോഗ്യത്തിന് ഹാനികരമായ ഈ പരിപാടി, തെറ്റിച്ച് പഠിച്ചുപോയതിന്റെ പേരിൽ ഇന്നും തിരുത്താൻ പാടുപെടുന്ന ആളാണ് ഞാൻ). അതുപോലെ ഒരു മോട്ടോർ വാഹനം, സഞ്ചാരത്തിന് മനുഷ്യന്റെ ആയാസം ഒഴിവാക്കിക്കൊണ്ട് അതിന്റെ തന്നെ ശക്തി കൊണ്ട് ഓടാൻ വേണ്ടി രൂപകല്പന ചെയ്യപ്പെട്ട ഉപകരണമാണ്. അവിടെ അതോടിക്കുന്ന ആളിന്റെ മസിൽ പവർ ഉപയോഗിക്കേണ്ടി വരില്ല. പക്ഷേ ടൂ വീലർ ഓടിച്ചുവരുന്ന ചിലർ നിർത്താൻ പോകുമ്പോൾ വിമാനത്തിന്റെ ലാൻഡിങ് ഗിയർ വിടരുന്നതുപോലെ കാലുകൾ നിവർത്തി ചവിട്ടിയുരച്ച് കഷ്ടപ്പെട്ട് നിർത്തുന്നതും, കുറഞ്ഞ സ്പീഡിൽ നീങ്ങേണ്ടിവരുമ്പോൾ ചിലർ ആക്സിലറേറ്റർ ഉപയോഗിക്കാതെ കാലുകൊണ്ട് വള്ളംതുഴയുന്നതുപോലെ തള്ളിനീക്കുന്നതും ധാരാളം കാണാറുണ്ട്. കാറിന്റെ ഫ്രണ്ട് ബംപർ വരെ കാണാനെന്നപോലെ സ്ഥിരമായി കഴുത്ത് ഉയർത്തിപ്പിടിച്ച് തളരുക, ബൈക്കിന്റെ ഹാൻഡിൽ ബാറിൽ അനാവശ്യമായി മുറുകെപ്പിടിച്ച് കൈകൾ പെട്ടെന്ന് ക്ഷീണിപ്പിക്കുക തുടങ്ങി പല പരിപാടികളും ഈ ലിസ്റ്റിൽ പെടുത്താം. ഇതൊക്കെ ശീലിച്ചുപോയാൽ തിരുത്തുക ബുദ്ധിമുട്ടുമാണ്.

ഇതിനൊക്കെ പുറമേയാണ് ഡ്രൈവിങ് എന്നാൽ 'യന്ത്രങ്ങളുടെ പ്രവർത്തനം പഠിയ്ക്കൽ' മാത്രമാണ് എന്ന തെറ്റിദ്ധാരണ. കൈവെക്കുന്ന യന്ത്രം എന്തിനുള്ളതാണ്, അതുവെച്ച് എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്നൊക്കെ കൃത്യമായി പഠിച്ചശേഷമാണ് അതിന്റെ പ്രവർത്തനം പഠിക്കുന്നതിന് പ്രസക്തിയുള്ളത്. ഇരുപത് വർഷത്തിലധികം കാറോടിച്ചിട്ട്, കാറിൽ ഹെഡ് ലാമ്പിന് ഹൈ ബീം- ലോ ബീം (ഡിമ്മും ബ്രൈറ്റും!) എന്നിങ്ങനെ രണ്ട് വ്യത്യസ്ത അവസ്ഥകളുള്ളത് പോലും അറിയാത്ത ആളുകളെ പരിചയമുണ്ട്. റോഡിലെ പെരുമാറ്റരീതികളെക്കുറിച്ച് ലവലേശം ധാരണയില്ലാതെ യന്ത്രങ്ങളെക്കുറിച്ചുള്ള പോളിടെക്നിക് അറിവുമായി പുറത്തിറങ്ങുന്നവരാണ് കൊല്ലാനും ചാവാനുമുള്ള മരണക്കെണിയാക്കി റോഡിനെ മാറ്റിയിരിക്കുന്നത്.

** കൃത്യമായി പറഞ്ഞാൽ പവറല്ല, ടോർക്ക് അഥവാ തിരിക്കാനുള്ള ബലമാണ് അവിടെ കൂടുതൽ വേണ്ടിവരുന്നത്.