March 3, 2020

അനങ്ങാൻ വയ്യാത്ത സാഹചര്യത്തിൽ ശരീരത്തിന് സ്വയം തീപിടിച്ചാൽ എങ്ങനുണ്ടാവും?

Vaisakhan Thampi

2018

അനങ്ങാൻ വയ്യാത്ത സാഹചര്യത്തിൽ ശരീരത്തിന് സ്വയം തീപിടിച്ചാൽ എങ്ങനുണ്ടാവും? ഒരു ഹൊറർ സിനിമയുടെ തിരക്കഥയിൽ തിരുകാൻ പറ്റിയ രംഗമാണ് അല്ലേ? എന്നാൽ വെറുമൊരു കല്പിത സാഹചര്യമായി കണക്കാക്കപ്പെടുന്ന ഒന്നല്ല അത്. സ്വാഭാവിക മനുഷ്യജ്വലനം (Spontaneous Human Combustion, SHC) എന്ന് വിളിക്കപ്പെടുന്ന അത്തരം സംഭവങ്ങൾ പല തവണ, പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകൾക്കുള്ളിൽ ഇരുന്നൂറിലധികം സ്വാഭാവിക മനുഷ്യജ്വലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1823-ൽ പ്രസിദ്ധീകരിക്കപ്പെട്ട L. A. Parry-യുടെ പുസ്തകത്തിൽ ഇത്തരം കേസുകളിൽ പൊതുവായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ചില പ്രത്യേകതകൾ വിവരിക്കുന്നു:

1. ഇരകളെല്ലാം ഒന്നാന്തരം മദ്യപാനികളായിരുന്നു.

2. മിക്കവരും അല്പം പ്രായം ചെന്ന സ്ത്രീകൾ

3. അജ്ഞാതമായ ഒരു ജ്വാല സ്രോതസ്സുമായി സമ്പർക്കത്തിൽ വന്നതിന്റെ ലക്ഷണമുണ്ട്

4. കാലുകളും കൈകളും അടർന്നുവീണതായി കാണാം

5. തീപിടുത്തത്തിൽ, തൊട്ടടുത്ത് കത്താൻ സാധ്യതയുള്ള വസ്തുക്കൾക്ക് പോലും കേടുപാടുകളില്ല

6. അവശേഷിച്ച ഗ്രീസ് പോലുള്ള ചാരത്തിൽ അതിരൂക്ഷമായ ഗന്ധമുണ്ടായിരുന്നു

മിക്കതും പഴയ സംഭവങ്ങളായതിനാൽ പക്ഷപാതമില്ലാത്ത വിവരണങ്ങളാണ് എന്ന് പറയാനാകില്ല. അപ്പോഴും SHC-യുടെ കാരണങ്ങൾ ഫോറൻസിക് അന്വേഷണങ്ങൾക്ക് ഇപ്പോഴും നൂറ് ശതമാനം തീർപ്പുകൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ അവ്യക്തമാണ്.

പൂർണമായും സ്വാഭാവികമായ തീപിടിക്കലല്ലെന്നും വെളിപ്പെട്ട് കിട്ടാത്ത എന്തോ ബാഹ്യസ്രോതസ്സ് ഓരോന്നിന്റെയും പിന്നിലുണ്ടാവുമെന്നും കണക്കാക്കപ്പെടുന്നു. സിഗരറ്റാണ് സംശയിക്കപ്പെടുന്ന പ്രധാന പ്രതി. പ്രായാധിക്യമോ പൊണ്ണത്തടിയോ രോഗമോ കാരണം ചലനപരിമിതി ഉള്ളവരായിരുന്നു മിക്ക ഇരകളും. വസ്ത്രം തീപിടിച്ച് നീറിത്തുടങ്ങുമ്പോൾ തൊലി പൊട്ടുകയും പുറത്തുവരുന്ന കൊഴുപ്പ് തുണിയിലേയ്ക്ക് ഊർന്ന് കയറി ഒരു തിരി പോലെ കത്തുകയും ചെയ്തതാകാം എന്നൊരു സാധ്യത ഉണ്ട്. മാംസം കത്തുമ്പോൾ പുറത്തുവരുന്ന ഊർജം താരതമ്യേന കുറവായതിനാൽ അത് ചുറ്റുമുള്ള വസ്തുക്കളെ തീപിടിപ്പിക്കാൻ സാധ്യത കുറവാണ്.

എന്തായാലും നിരവധി ശാസ്ത്രീയ പഠനങ്ങളും അവലോകനങ്ങളും ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്. അല്പം കാല്പനിക സാധ്യതകൾ കൂടി ഉള്ള വിഷയം ആയതുകൊണ്ട് അതീന്ദ്രിയ കാരണങ്ങൾ ഉൾപ്പെട്ട കപടശാസ്ത്ര വിശദീകരണങ്ങളും കുറവല്ല.

കൂടുതൽ വായനയ്ക്ക്:

https://en.m.wikipedia.org/wiki/Spontaneous_human_combustion