March 3, 2020

പുത്തൻ കാർ മണം!

Vaisakhan Thampi

2018

പുത്തൻ കാർ മണം!

പുതിയ കാർ (അല്ലെങ്കിൽ, അതുപോലൊരു അടഞ്ഞ വാഹനം) വാങ്ങിയിട്ടുള്ളവർക്ക് പരിചിതമായ ഒരു ഗന്ധമുണ്ട്. പലപ്പോഴും അതല്പം റൊമാന്റിക്കായ സുഗന്ധമായിരിക്കാം. അധ്വാനിച്ച കാശ് കൊണ്ട് സ്വന്തമാക്കിയ വാഹനത്തിന്റെ പുതുമയുടെ ഗന്ധം.

പക്ഷേ, സ്വഭാവം പരിഗണിക്കുമ്പോൾ ഈ പുത്തൻ മണം അത്ര സുഖമുള്ള ഒന്നല്ല. എന്താണതിന്റെ ഉറവിടം എന്നറിയാമോ? വണ്ടിയുടെ ഇന്റീരിയറിന്റെ മിക്ക ഭാഗവും പ്ലാസ്റ്റിക്കും അതിനെ ഒട്ടിച്ചും സീൽ ചെയ്തും നിർത്തുന്ന രാസവസ്തുക്കളും ചേർന്നാണ് നിർമ്മിക്കപ്പെടുന്നത്. ഇവകളിൽ പലതും വളരെ ചെറിയ താപനിലയിൽ തന്നെ ബാഷ്പീകരിക്കപ്പെടുന്ന ഓർഗാനിക് സംയുക്തങ്ങൾ (Volatile Organic Compounds, VOC) പുറത്തേയ്ക്ക് വിടും. വാതക ബഹിർഗമനം (Outgassing) എന്നാണ് അതിനെ വിളിക്കുക. ഇത് നമുക്ക് ചുറ്റും സദാ നടക്കുന്ന പ്രതിഭാസമാണ്. വായുസഞ്ചാരം ഉള്ളയിടങ്ങളിൽ ഈ വാതകങ്ങൾ പെട്ടെന്ന് നീങ്ങിപ്പോകുന്നതിനാൽ ഗന്ധം ശ്രദ്ധിക്കപ്പെടുന്ന വിധത്തിലുള്ള ഗാഢതയിലേയ്ക്ക് അവ എത്താറില്ല എന്നേയുള്ളൂ. ഒരു മരക്കഷണം പോലും ഒരു അടഞ്ഞ പെട്ടിയിൽ മാസങ്ങളോളം അടച്ചുവെച്ചാൽ രൂക്ഷഗന്ധം ഉണ്ടാക്കിയേക്കും.

ഇനി പുത്തൻ കാറിലേയ്ക്ക് തിരിച്ച് വന്നാൽ, കാറിലെ പ്ലാസ്റ്റിക് അനുബന്ധ ഭാഗങ്ങളിൽ നിന്നുള്ള വാതകങ്ങൾ അതിനുള്ളിൽ തങ്ങിനിന്നാണ് ടി പുത്തൻ മണം ഉണ്ടാകുന്നത്. അതും, ഒന്നും രണ്ടുമൊന്നുമല്ല, അറുപതിൽ പരം വ്യത്യസ്ത ഓർഗാനിക് വാതകങ്ങളുടെ സാന്നിദ്ധ്യം വരെ റിപ്പോർട്ട് ചെയ്ത ശാസ്ത്രീയ പഠനങ്ങൾ ഉണ്ട്. ബെൻസീൻ, സൈക്ലോ ഹെക്സനോൺ, സ്റ്റൈറീൻ, എന്നിങ്ങനെ അതിൽ പലതും ആരോഗ്യത്തിന് ഹാനികരവുമാണ്. ജപ്പാനിലും ഓസ്ട്രേലിയയിലും ഒക്കെ ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നിട്ടുണ്ട്. ജപ്പാനിലെ മിനി വാനുകളിൽ ഡെലിവറിയുടെ പിറ്റേന്ന് സുരക്ഷിതമായ പരിധിയുടെ 35 മടങ്ങ്

ഓർഗാനിക് സംയുക്തങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അതുകൊണ്ട് തന്നെ പുത്തൻ മണം സന്തോഷത്തോടെ മൂക്കിൽ വലിച്ചു കയറ്റുന്നതിന് പകരം, ആദ്യത്തെ ഒരു മാസമെങ്കിലും വാഹനം വിൻഡോ താഴ്ത്തി ഓടിയ്ക്കുന്നതാണ് നല്ലതെന്ന് കരുതണം. പ്രത്യേകിച്ച് ചൂട് സമയത്ത്.