March 3, 2020

എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം എന്നാരും കരുതുന്നുണ്ടാവില്ല. പക്ഷേ ചില ആളുകൾക്ക് ചില കാര്യങ്ങൾ അറിയില്ല എന്നത് ചിലപ്പോൾ കൗതുകകരമായി തോന്നിയിട്ടുണ്ട്.

Vaisakhan Thampi

2018

എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം എന്നാരും കരുതുന്നുണ്ടാവില്ല. പക്ഷേ ചില ആളുകൾക്ക് ചില കാര്യങ്ങൾ അറിയില്ല എന്നത് ചിലപ്പോൾ കൗതുകകരമായി തോന്നിയിട്ടുണ്ട്.

ഉദാഹരണം, കൊച്ചി എയർപോർട്ടിലെ ഇമിഗ്രേഷൻ ചെക്കിങ് വകുപ്പിൽ ഇരുന്ന ഒരു ഉദ്യോഗസ്ഥൻ. ഓസ്ട്രേലിയയിലേക്കുള്ള യാത്രയുടെ ഭാഗമായി ഒന്നോ രണ്ടോ ഘട്ടം സെക്യൂരിറ്റി ചെക്ക് കഴിഞ്ഞാണ് ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ എത്തുന്നത്. ടിക്കറ്റും പാസ്പോർട്ടും വിസയുമൊക്കെ നോക്കിയ ശേഷം പുള്ളി ഒരു ചോദ്യം- "ഇത് എങ്ങോട്ടാണ് പോകുന്നത്?"

"പെർത്ത്"- ഞാൻ പറഞ്ഞു. ടിക്കറ്റും വിസയും കണ്ടശേഷമുള്ള ആ ചോദ്യം കേട്ടപ്പോൾ തന്നെ ഇത്തിരി കൺഫ്യൂഷൻ ആയി. അപ്പഴാണ് അടുത്ത ചോദ്യം,

"ഒരുപാട് പേർ ഈ പെർത്തിലോട്ട് പോകുന്നുണ്ടല്ലോ! ഇത് ഏത് രാജ്യത്താ?"

കൺഫ്യൂഷൻ കടുത്തിട്ടും അത് മറച്ചുവെച്ച് ഞാൻ മറുപടി കൊടുത്തു - ''ഓസ്ട്രേലിയ"

അപ്പോ ദാ തന്നോട് തന്നെയും എന്നോടുമായും അടുത്ത ഡയലോഗ് - "ഓഹ്! പെർത്ത് ഓസ്ട്രേലിയയിൽ ആണല്ലേ. അല്ലാ, സിഡ്‌നിയാണ് തലസ്ഥാനം എന്നറിയാമായിരുന്നു. ഇത്..."

സിഡ്‌നിയല്ല, കാൻബെറയാണ് തലസ്ഥാനം എന്ന് തിരുത്തണമെന്നുണ്ടായിരുന്നു. ഇനി എങ്ങാനും ക്ലിയറൻസ് റദ്ദാക്കുമോ എന്ന് പേടിച്ച് മിണ്ടിയില്ല. എന്തായാലും എന്റെ കൺഫ്യൂഷൻ ഇന്നും മാറിയിട്ടില്ല- എന്നാലും, ഒരു ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ ട്രാൻസിറ്റ് നടക്കുന്ന ഇടത്തെ ഉത്തരവാദിത്വപ്പെട്ട കസേരയിൽ ഈ മനുഷ്യൻ എങ്ങനെ എത്തിപ്പെട്ടു!

പിന്നീടൊരിയ്ക്കൽ, തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു ഔദ്യോഗിക പരിപാടിയിൽ വെച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. കൂട്ടത്തിൽ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന ചോദ്യത്തിന്, ചേർത്തല എന്ന മറുപടിയും കൊടുത്തു. അല്പം ആലോചിച്ച ശേഷം അദ്ദേഹം ചോദിച്ചു, "ചേർത്തല... എന്ന് പറയുമ്പോ കൊല്ലം ജില്ല അല്ലേ?''

"അല്ല, ആലപ്പുഴ"

"ഓ... ചേർത്തല ആലപ്പുഴയാണല്ലേ?" എന്ന മറുചോദ്യത്തിൽ കണ്ട അതിശയഭാവം കണ്ടപ്പോൾ എനിയ്ക്കും ഏതാണ്ടതേ അതിശയം വന്നു -ഇതറിയാതെയും പോലീസ് ഫോഴ്സിൽ എത്തിപ്പെടാം അല്ലേ!