പ്രകൃതിനിയമങ്ങൾ വളരെ ലളിതമാണ്. ഒരുപക്ഷേ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തതെന്ന് ആദ്യം തോന്നിയാൽ പോലും, ഒന്ന് ഇരുത്തി മനസിലാക്കിയാൽ പിന്നെല്ലാം നേരേ വാ നേരേ പോ എന്ന മട്ടിലാണ്.
Vaisakhan Thampi
2018
ഒരു പ്രകൃതിശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ പ്രകൃതിനിയമങ്ങളാണ് മനുഷ്യനിർമ്മിത നിയമങ്ങളേക്കാൾ പരിചയം. പ്രകൃതിനിയമങ്ങൾ വളരെ ലളിതമാണ്. ഒരുപക്ഷേ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തതെന്ന് ആദ്യം തോന്നിയാൽ പോലും, ഒന്ന് ഇരുത്തി മനസിലാക്കിയാൽ പിന്നെല്ലാം നേരേ വാ നേരേ പോ എന്ന മട്ടിലാണ്. പക്ഷേ സാമൂഹ്യനിയമങ്ങളും അതിൻപ്രകാരം നടക്കുന്ന സംഭവവികാസങ്ങളും അങ്ങനല്ല. ആളുകളുടെ പിടിവാശികൾ, ഇഷ്ടാനിഷ്ടങ്ങൾ, കാലാവസ്ഥ, സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾ എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ കൂടിപ്പിണഞ്ഞാണ് പലതും സംഭവിക്കുന്നത്. അതൊന്നുമറിയാതെ പിന്നീടെപ്പോഴെങ്കിലും അവയെ ഒറ്റയ്ക്ക് പരിശോധിച്ചാൽ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് വണ്ടറടിക്കും!
ഉദാഹരണത്തിന്, ദഹലാ ഖഗരാബാരി എന്ന സ്ഥലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പശ്ചിമ ബംഗാളിലെ കൂഛ് ബേഹാർ ജില്ലയുടെ ഭാഗമായ, ആൾത്താമസമില്ലാത്ത സ്ഥലമായിരുന്നു അത്. കഷ്ടിച്ച് രണ്ട് ഏക്കർ വിസ്തൃതിയുള്ള ഒരു കൃഷിസ്ഥലം. അത്രയും കേൾക്കുമ്പോൾ 'ഇതിലിപ്പോ എന്തിരിക്കുന്നു!' എന്ന് തോന്നിയേക്കാം. പക്ഷേ ദഹലാ ഖഗരാബാരി എന്ന ഇൻഡ്യൻ സ്ഥലം ഉപൻചൗക്കി ഭജ്നി എന്ന ബംഗ്ലാദേശി ഗ്രാമത്തിനുള്ളിലായിരുന്നു. ആ ബംഗ്ലാദേശി ഗ്രാമം പക്ഷേ ബൽപരാ ഖഗരാബാരി എന്ന, അല്പം കൂടി വലിയ ഇൻഡ്യൻ ഗ്രാമത്തിനകത്തായിരുന്നു! തീർന്നില്ല! ആ ഇൻഡ്യൻ ഗ്രാമം പക്ഷേ ബംഗ്ലാദേശിലെ രംഗ്പൂർ ഡിവിഷനിലെ ദേബീഗംജിന് അകത്തായിരുന്നു! അതായത് ബംഗ്ലാദേശിലെ ഒരു ഇൻഡ്യൻ ഗ്രാമത്തിനകത്തെ ഒരു ബംഗ്ലാദേശി ഗ്രാമത്തിനകത്തെ ഇൻഡ്യൻ കൃഷിസ്ഥലമായിരുന്നു ദഹലാ ഖഗരാബാരി! കിളി പോയോ?
ഒരു രാജ്യത്തിന്റെ കീഴിലുള്ള, പൂർണമായും മറ്റൊരു രാജ്യത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളെ എൻക്ലേവ് (enclave) എന്നാണ് വിളിക്കുന്നത്. അവ തീരെ അപൂർവമല്ല. ഇത്തരത്തിൽ എൻക്ലേവുകളായി കിടക്കുന്ന രാജ്യങ്ങൾ തന്നെയുണ്ട്. ഉദാഹരണത്തിന് വത്തിക്കാൻ സിറ്റിയും സാൻ മാരിനോയും പൂർണമായും ഇറ്റലി എന്ന രാജ്യത്തിനകത്ത് കിടക്കുന്ന രണ്ട് സ്വതന്ത്ര രാജ്യങ്ങളാണ്. അതുപോലെ ദക്ഷിണാഫ്രിക്കയുടെ അകത്താണ് ലെസോതോ എന്ന രാജ്യം സ്ഥിതി ചെയ്യുന്നത്. മറ്റ് എൻക്ലേവുകളുടെ കണക്കെടുത്താൽ നൂറ്റിക്കണക്കിനുണ്ട്. ജർമനിയ്ക്ക് ബൽജിയത്തിനകത്ത്, ഇറ്റലിയ്ക്ക് സ്വിറ്റ്സർലാൻഡിനകത്ത്, സ്പെയിനിന് ഫ്രാൻസിനകത്ത്, എന്നിങ്ങനെ പോകും ലിസ്റ്റ്. പക്ഷേ ദഹലാ ഖഗരാബാരി ഒരു Third-order എൻക്ലേവ് ആയിരുന്നു, എൻക്ലേവിനകത്തെ എൻക്ലേവിനകത്തെ എൻക്ലേവ്! ലോകചരിത്രത്തിൽ അങ്ങനെ ഒന്നേ ഉണ്ടായിട്ടുള്ളൂ. പക്ഷേ 2015 ഓഗസ്റ്റ് 1-ന് ഈ പ്രദേശം ഇൻഡ്യ ബംഗ്ലാദേശിന് വിട്ടുകൊടുത്തു. ഇത് മാത്രമല്ല, ഒപ്പം ഇൻഡ്യയ്ക്ക് ബംഗ്ലാദേശിലും ബംഗ്ലാദേശിന് ഇൻഡ്യയിലുമായി ഉണ്ടായിരുന്ന 162 എൻക്ലേവുകളാണ് അങ്ങോട്ടുമിങ്ങോട്ടും കൈമാറിയത്. പരസ്പരം രസത്തിലല്ലാത്ത രണ്ട് രാജ്യങ്ങളാകുമ്പോൾ, എൻക്ലേവുകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിതം ദുഷ്കരമായിരുന്നു. ഒരു രാജ്യത്തിന്റേയും പൗരരല്ലാതെ, സർക്കാർ സംരക്ഷണയില്ലാത്ത അവസ്ഥ. നൂറ്റാണ്ടുകളായി ഭരണം നടത്തിയിരുന്ന രാജാക്കൻമാരുടേയും പിന്നീട് വന്ന ബ്രിട്ടീഷ് ഭരണാധികാരികളുടേയുമൊക്കെ ഓരോ സമയത്തെ വട്ടുകളുടെ ഫലമായിരുന്നു ഇങ്ങനെ ലക്കും ലഗാനുമില്ലാതെ ചിതറിക്കിടന്ന എൻക്ലേവുകൾ. റെക്കോർഡിൽ പ്രശ്നം പരിഹരിച്ചുവെങ്കിലും, അവിടങ്ങളിലെ ജനങ്ങളെ സംബന്ധിച്ച് ഒരു വീട്ടിൽ രണ്ട് രാജ്യത്തെ പൗരൻമാർ ഉണ്ടാകലും, സർവേകളിൽ പെടാതെ പോകലും ഒക്കെയായി പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു എന്നാണറിവ്.